മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു

മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു

ഗായത്രി
മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച് (കിടപ്പറ പങ്കിടല്‍) ഉണ്ടായിരുന്നതായി നടിയും സംവിധായകയുമായ രേവതി. ഇത്തരത്തിലുളള അനുഭവം പലരും തന്നോട് പങ്കുവെച്ചിട്ടുണ്ട്. കൂടാതെ താന്‍ സിനിമയില്‍ സജീവമായിരുന്ന കാലത്ത് ഒരു പെണ്‍കുട്ടി കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള അനുഭവം പങ്കുവെച്ചിരുന്നു. പെണ്‍കുട്ടിയുടെ വിഷയത്തില്‍ താന്‍ അന്ന് ഇടപെടുകയും ചെയ്തിരുന്നു. കുട്ടിയോട് മോശമായി പെരുമാറിയ വ്യക്തിയോട് നേരിട്ട് പോയി കാര്യം ചോദിക്കുകയും ചെയ്തു. അന്ന് അത് വലിയ പ്രശ്‌നമാകുകയും ചെയ്തിരുന്നതാണെന്നും രേവതി പറയുന്നു.
ഇപ്പോള്‍ മാത്രമല്ല പണ്ടും സ്ത്രീകളെ ശല്യം ചെയ്യുന്ന ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ താല്‍പര്യമില്ലെന്നു പറഞ്ഞാല്‍ അത് അവിടെ അവസാനിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. നോ എന്ന വാക്കിന് വിലയില്ലാതായി മാറിയിരിക്കുകയാണ്. മൊബൈല്‍ ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും എന്തും പറയാം എന്നുള്ള ധൈര്യം ആളുകള്‍ക്ക് വന്നു കഴിഞ്ഞു. ഇപ്പോഴത്തെ പോലെയുളള അവഹേളനം താന്‍ മുമ്പൊന്നും നേരിട്ടിട്ടില്ല. അതുപോലെ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന പല വാക്കുകളും താന്‍ ഇന്നുവരെ കേട്ടിട്ടില്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ തലമുറയിലെ പല പെണ്‍കുട്ടികളും പറയുന്നത് നോ പറഞ്ഞാലും രക്ഷയില്ലെന്നാണ്. മറ്റു ചില ഉദ്ദേശത്തോടെ സമീപിക്കുന്നവര്‍ക്ക് തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് പറഞ്ഞാലും വിടാതെ പിന്തുടരും. നോ പറഞ്ഞാലും അവിടെ നിര്‍ത്താത്ത അവസ്ഥയാണ് കാണുന്നത്. മൊബൈല്‍ ഫോണ്‍ വഴിയും വാട്‌സ്ആപ്പ് വഴിയുമൊക്കെ ശല്യപ്പെടുത്തി കൊണ്ടിരിക്കും. നോയുടെ അര്‍ഥം താല്‍പര്യമില്ലയെന്നാണെന്ന് ഇവര്‍ക്ക് മനസിലാവില്ലേ എന്നും അവര്‍ ചോദിക്കുന്നുണ്ട്.
സമൂഹത്തില്‍ ലൈംഗിക ചൂഷണത്തിനെതിരെ ശക്തമായ നിലപാടുകളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ സിനിമ മേഖല ചൂഷണത്തെ പിന്തുണക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കും. കാലം മാറി കഴിഞ്ഞു. ഇതു പഴയകാലമല്ല കാലഘട്ടത്തിന്റെ മാറ്റം സിനിമ മേഖലയിലും ഉള്‍ക്കൊള്ളണം.അമ്മയില്‍ സ്ത്രീകള്‍ക്ക് തുറന്നു സംസാരിക്കാനുളള അവസരം ലഭിക്കാറില്ല. നേതൃത്വത്തിനു മുന്നില്‍ ആരും തങ്ങളുടെ ആവശ്യങ്ങള്‍ തുറന്ന് പറയാറുമില്ല. ഭയം മാത്രമല്ല ഇതിനു പിന്നിലുളളത്. സാധരണ ഗതിയില്‍ തൊഴിലിടങ്ങളില്‍ ലൈംഗിക ചൂഷണമോ അത്തരത്തിലുളള എന്തെങ്കിലും കാര്യങ്ങള്‍ തങ്ങള്‍ തുറന്ന് പറയുന്നത് അടുപ്പക്കാരോടൊ കുടുംബാംഗങ്ങളോടൊ ആണ്. ഒരു വേദിയില്‍ ഇത്തരത്തിലുളള കാര്യങ്ങള്‍ തുറന്നു പറയാന്‍ ഭൂരിപക്ഷം പേര്‍ക്കും മടിയായിരിക്കും. വര്‍ഷങ്ങളായി നമ്മള്‍ അത്തരത്തിലുളള ഒരു കണ്ടീഷന്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കേണ്ട, വെറുതെ വിട്ടേക്കൂ എന്നുള്ള മനോഭവമയിരിക്കും എല്ലാവര്‍ക്കും. ഇതേ സാഹചര്യം തന്നെയാണ് അമ്മയിലുമെന്നും രേവതി പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close