ഇന്ധനത്തിന് ജി.എസ്.ടി വേണ്ട: മന്ത്രി തോമസ് ഐസക്

ഇന്ധനത്തിന് ജി.എസ്.ടി വേണ്ട: മന്ത്രി തോമസ് ഐസക്

ഗായത്രി
തിരു: പെട്രോള്‍, ഡീസല്‍ വില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ കേരളം പിന്തുണക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇന്ധന വിലവര്‍ധന ഒഴിവാക്കാന്‍ കേന്ദ്രം കൂട്ടിയ നികുതി കുറച്ചാല്‍ മതി. ഇതിന്റെ പേരില്‍ പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ധന വിലക്കയറ്റഭാരം കുറക്കാന്‍ കേരളം ഇനി നികുതിയിളവ് നല്‍കില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇന്ധനവില കുറക്കാന്‍ കേന്ദ്രം നികുതി കുറയക്കണം. പെട്രോളിന് 200 ശതമാനത്തില്‍ അധികവും ഡിസലിന് 300 ശതമാനത്തില്‍ അധികവും നികുതി വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അതു വേണ്ടെന്നുവച്ചാല്‍ പെട്രോള്‍ വില 60 രൂപയിലേക്കെത്തും. രാജ്യാന്തര തലത്തില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ ഇന്ധനവില ഉയര്‍ന്നാലും കേരളം ഇനി നികുതിയിളവ് നല്‍കില്ലെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി വന്നതോടെ വാണിജ്യ നികുതി ചെക്ക് പോസ്റ്റുകള്‍ ഇല്ലാതായിട്ടും ക്രമക്കേടുകള്‍ പരിശോധിക്കാനുള്ള നികുതി സ്‌ക്വാഡുകള്‍ ഒരു വര്‍ഷം നിര്‍ജീവമായിരുന്നു. എന്നാല്‍, നികുതി വരുമാനം വര്‍ധിക്കാത്തതിനാല്‍ ധനവകുപ്പ് ഈ നിലപാട് മാറ്റാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. 92 സ്‌ക്വാഡ് എന്നത് കേരളം 200 ആക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും ധനമന്ത്രി വ്യക്തമാക്കി.

Post Your Comments Here ( Click here for malayalam )
Press Esc to close