എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു സാധ്യമായതെല്ലാം ചെയ്യും: മോദി

എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു സാധ്യമായതെല്ലാം ചെയ്യും: മോദി

ഗായത്രി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണത്തിനു സാധ്യമായതെല്ലാം കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡല്‍ഹിയില്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതാദ്യമായാണ് പ്രധാനമന്ത്രി എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണം സംബന്ധിച്ചു പ്രതികരിക്കുന്നത്. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ പദ്ധതിയോട് ആളുകള്‍ താത്പര്യം പ്രകടിപ്പിക്കാത്തതിനെ സര്‍ക്കാരിന്റെ നയസമീപനങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കരുത്.
സ്വകാര്യവത്കരണത്തെ അത്രകണ്ടു സ്വാഗതം ചെയ്യുന്നില്ലെങ്കിലും എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള പല കമ്പനികളും സ്വകാര്യവത്കരിക്കുന്നതിനുള്ള തീരുമാനം കാബിനറ്റ് തലത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ആവശ്യമായ നടപടിക്രമങ്ങള്‍ക്കു ശേഷം ഈ തീരുമാനങ്ങള്‍ നടപ്പിലാകും. സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വില ലഭിക്കാതെ കിട്ടുന്ന വിലക്ക് ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനാവില്ലെന്നും മോദി പറഞ്ഞു.
എയര്‍ ഇന്ത്യയുടെ 70 ശതമാനം ഓഹരികളും എയര്‍ഇന്ത്യ എസ്എടിഎസിന്റെ 50 ശതമാനം ഓഹരികളും വില്‍ക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ പദ്ധതി. ഇതോടൊപ്പം ഇപ്പോള്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സ്വകാര്യവത്കരണവും സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close