Month: July 2018

ഇന്ത്യന്‍ പഴം, പച്ചക്കറികള്‍ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

അളക ഖാനം-
ദോഹ: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ പടര്‍ന്ന് പിടിച്ച നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഖത്തര്‍ നീക്കി. നിപ്പ നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണ് നിരോധനം പിന്‍വലിച്ചത്. മേയ് അവസാനം മുതല്‍ തുടങ്ങിയ നിരോധനം 45 ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്‍വലിക്കുന്നത്.
ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള പഴം, പച്ചക്കറികളുടെ ഇറക്കുമതിക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. നേരത്തെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യു.എ.ഇ നീക്കിയിരുന്നു. എന്നാല്‍ ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇളവ് വരുത്തിയിട്ടില്ല.
സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150 ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിഅയക്കുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി നടക്കുന്നുണ്ട്. ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റാണ്. കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്. നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു.

ഇനി വോഡഫോണ്‍ – ഐഡിയ

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: വോഡഫോണ്‍ ഇന്ത്യയും ബിര്‍ള ഗ്രൂപ്പിലെ ഐഡിയയും ഒന്നിക്കുന്നതിനു ടെലികോം വകുപ്പ് അനുമതി നല്‍കി. ഇതോടെ രൂപംകൊള്ളുന്ന കമ്പനി വോഡഫോണ്‍ഐഡിയ എന്നറിയപ്പെടും. 43 കോടി വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയുമാകും. 34.4 കോടി വരിക്കാരുള്ള ഭാരതി എയര്‍ടെല്‍ രണ്ടാംസ്ഥാനത്തേക്കു താഴും.
കുമാര്‍ മംഗളം ബിര്‍ള സംയുക്ത കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനാകും. ബലേശ് ശര്‍മയാണു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍. ബ്രിട്ടീഷ് കമ്പനിയായ വോഡഫോണിനു സംയുക്ത കമ്പനിയുടെ 45.1 ശതമാനം ഓഹരി ഉണ്ടാകും. ആദിത്യ ബിര്‍ള ഗ്രൂപ്പിന് 26 ശതമാനവും ഐഡിയ സെല്ലുലര്‍ ഓഹരിയുടമകള്‍ക്ക് 28.9 ശതമാനവും ഓഹരി ഉണ്ടാകും.

ബിക്കിനി വേഷത്തില്‍ റിച്ച

ഫിദ-
നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന ചിത്രത്തില്‍ ഷക്കീലയുടെ വേഷത്തില്‍ അഭിനയിക്കുന്ന റിച്ച ഛദ്ദയുടെ ബിക്കിനി വേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു. മുമ്പ് സില്‍ക്ക് സ്മിതയുടെ ജീവിതം ബോളിവുഡ് സിനിമയാക്കിയിരുന്നു. ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തില്‍ വിദ്യാ ബാലനാണ് സില്‍ക്ക് സ്മിതയുടെ വേഷം ചെയ്തത്. അതിനു പിന്നാലെയാണ് ബോളിവുഡ് ഇപ്പോള്‍ ഷക്കീലയുടെ ജീവിതവും സിനിമയാക്കുന്നത്.
ഒരു വനത്തിനുള്ളില്‍ നടന്ന ചിത്രീകരണത്തിനിടെയാണ് റിച്ച തന്റെ ബിക്കിനി വേഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇന്ദ്രജീത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിനു പേരിട്ടിട്ടില്ല. കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ഷക്കീല പിന്നീട് മലയാള സിനിമയില്‍ ഒരു തരംഗ മായി മാറുകയായിരുന്നു.

 

ജിഎസ്ടി; ഓണ്‍ ലൈന്‍ വ്യാപാരത്തിലും അന്വേഷണം വേണം

ഫിദ-
കൊച്ചി: ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനങ്ങള്‍ ചരക്കു സേവന നികുതിയിനത്തില്‍ കൂടുതല്‍ ഈടാക്കിയ തുക ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കിയോ എന്ന കാര്യം അന്വേഷിക്കണമെന്ന് ‘ദേശീയ കൊള്ളലാഭവിരുദ്ധ അതോറിറ്റി’ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസിലെ ഓഡിറ്റ് വിഭാഗത്തിനാണ് അതോറിറ്റി നിര്‍ദേശം നല്‍കിയത്. ഫഌപ്കാര്‍ട്ടുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി.
ഓണ്‍ലൈന്‍ കമ്പനികളില്‍നിന്ന് സാധനങ്ങള്‍ വാങ്ങാനായി ഓര്‍ഡര്‍ നല്‍കുന്ന സമയത്ത് ഈടാക്കിയ ചരക്കു സേവന നികുതി ഉപഭോക്താവിന് ലഭ്യമാകുന്ന കാലയളവില്‍ കുറഞ്ഞതുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ഓര്‍ഡര്‍ നല്‍കുന്ന സമയത്ത് അധിക നികുതിയടക്കമാണ് ഉപഭോക്താവ് സാധനങ്ങള്‍ക്ക് വിലയായി നല്‍കുന്നത്.
ഇത്തരത്തില്‍ അധികമായി നികുതിയിനത്തില്‍ ഈടാക്കിയ പണം ഉപഭോക്താക്കള്‍ തിരികെ നല്‍കണമെന്നാണ് ചട്ടം.

ആളുകള്‍ എന്നെ അഭിസാരികയെ പോലെ കാണുന്നു

ഫിദ-
തന്നെ അഭിസാരിക എന്ന് വിളിക്കുന്നവര്‍ക്ക് മറുപടിയുമായി തെന്നിന്ത്യന്‍ താരം ശ്രീറെഡ്ഡി രംഗത്ത്. ‘കരയാനല്ലാതെ വേറൊന്നും എനിക്ക് ചെയ്യാനാകുന്നില്ല. കോളിവുഡില്‍ പോലും ആളുകള്‍ എന്നെ അഭിസാരികയെന്നാണ് വിളിക്കുന്നത്. ഞാന്‍ അഭിസാരികയല്ല. കഴിഞ്ഞ രണ്ട് ദിവസമായി അതെന്നെ വല്ലാതെ വേട്ടയാടുന്നു. എന്റെ കുടുംബം ഇതെങ്ങനെയാണ് ഉള്‍ക്കൊള്ളുക. ഞാന്‍ ഒരു ഇരയാണ്. ആത്മഹത്യ ചെയ്യാനാണ് എനിക്ക് തോന്നുന്നത്’ ശ്രീറെഡ്ഡി പറഞ്ഞു.
‘എല്ലാ ഭാഷകളിലും പ്രതിഷേധമുയര്‍ന്നിട്ടും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിമാരെ പീഡിപ്പിക്കുന്നത് തുടരുകയാണ്. തെലുങ്ക്, തമിഴ് സിനിമാ മേഖലകളില്‍ ഇരകളാകുന്ന നടിമാര്‍ക്ക് നീതി ലഭിക്കുന്നില്ല. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടപ്പോള്‍ ഇരയോടോപ്പം നില്‍ക്കുകയാണ് എല്ലാവരും ചെയ്തത്. ടോളിവുഡിലും കോളിവുഡിലും ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. നടികര്‍ സംഘത്തില്‍ നിന്നും നീതി ലഭിച്ചില്ല. ഞാനൊരു സ്ത്രീയാണ്. എന്നെ പിന്തുണക്കാന്‍ എനിക്ക് രക്ഷിതാക്കളില്ല’. തനിക്കെതിരെ എന്തിനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി.
നടന്മാരും സംവിധായകരും ഉള്‍പ്പടെ നിരവധി പേര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തലുകള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സൃഷ്ടിച്ച ഞെട്ടല്‍ ചെറുതായിരുന്നില്ല.

രാജ്യത്തെ 74 ശതമാനം എ.ടി.എമ്മുകളിലും തട്ടിപ്പ് നടക്കാന്‍ സാധ്യതയെന്ന്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകളുടേത് ഉള്‍പ്പടെ 74 ശതമാനം എ.ടി.എമ്മുകളിലും തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. കാലാവധി കഴിഞ്ഞ സോഫ്റ്റ്‌വെയറാണ് ഇത്തരം എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്നത്. ഇത് തട്ടിപ്പ് നടക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് പഠനം.
25 ശതമാനം പൊതുമേഖല ബാങ്കുകളുടെ എ.ടി.എമ്മുകളും പ്രവര്‍ത്തിക്കുന്നത് കാലാവധികഴിഞ്ഞ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ്. പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് പൊതുമേഖല ബാങ്കുകളാണ് സോഫ്റ്റ്‌വെയറുകളെ കുറിച്ച് മറുപടി നല്‍കിയത്.
2018 ജൂലൈക്കും 2018 ജൂണിനും ഇടയില്‍ ബാങ്കിംഗ് ഓംബുഡ്‌സ്മാന് 25,000ലധികം പരാതികളാണ് ലഭിച്ചത്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ടവയാണ് മിക്കവാറും പരാതികള്‍. ഉപയോക്താകളുടെ പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് സോഫ്റ്റ്‌വെയറുകള്‍ പുതുക്കുന്നതിനായി ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്.

കെഎഫ്‌സി വായ്പാമേള കൊച്ചിയില്‍

ഫിദ-
തിരു: 500 കോടി രൂപയുടെ വായ്പാ അനുമതി ലക്ഷ്യമിട്ട് കെഎഫ്‌സി കൊച്ചിയില്‍ സെപ്റ്റംബര്‍ ആദ്യവാരം വായ്പാമേള സംഘടിപ്പിക്കുന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്താകെ ലോണ്‍ കാന്‍വാസിംഗ് ആരംഭിച്ചു. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പ്രോസസിംഗ് ഫീസില്‍ 50 ശതമാനം ഇളവ് അനുവദിക്കും. കൂടാതെ മികച്ച ക്രെഡിറ്റ് റേറ്റിംഗ് ഉള്ള സംരംഭങ്ങള്‍ക്ക് 0.5 ശതമാനം കൂടുതല്‍ പലിശയിളവും അനുവദിക്കും.
ഈ കാലയളവില്‍ ലഭിക്കുന്ന അപേക്ഷകള്‍ക്ക് അതിവേഗത്തില്‍ അനുമതി നല്‍കും. തുടക്കത്തില്‍ ഈടാക്കുന്ന പ്രോസസിംഗ് ഫീസ് ഒഴികെ കെഎഫ്‌സി, സംരംഭകരില്‍നിന്നും ലോണ്‍ കാലയളവില്‍ മറ്റൊരു തരത്തിലുമുള്ള ചാര്‍ജും ഈടാക്കുകയില്ല. വായ്പകള്‍ കാന്‍വാസ് ചെയ്യാന്‍ എല്ലാ ഓഫീസുകളിലും ഉദ്യേഗസ്ഥരുടെ പ്രത്യേക ടീമിനെ കൂടാതെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവുകളെയും റിട്ടയേര്‍ഡ് ബാങ്ക് ഉദ്യോഗസ്ഥരെ മാര്‍ക്കറ്റിംഗ് ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്. മൂന്നു വര്‍ഷമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്പാദന സേവന മേഖലയിലെ സംരംഭങ്ങള്‍ക്കാണ് മുന്‍ഗണന. വ്യവസായ സംരംഭങ്ങള്‍, മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹോസ്പിറ്റലുകള്‍, തിയറ്ററുകള്‍, ഐടി, ബയോടെക്‌നോളജി അധിഷ്ഠിത വ്യവസായം എന്നീ മേഖലകളിലാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കുന്നത്. ഇക്കൊല്ലം കെഎഫ്‌സി 1500 കോടിയുടെ പുതിയ വായ്പകളാണ് ലക്ഷ്യമിടുന്നത്, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്.

 

വിശ്വരൂപം 2 ഉടന്‍ തിയറ്ററുകളിലെത്തും

ഗായത്രി-
ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കമലഹാസന്‍ ചിത്രം വിശ്വരൂപം 2 തിയറ്ററുകളിലെക്ക്. ഓഗസ്റ്റ് 10 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേ സമയമാണ് റിലീസ്. പൊളിറ്റിക്കല്‍ സ്‌പൈ ത്രില്ലറായ ചിത്രത്തില്‍ രാഹുല്‍ ബോസ്, പൂജ കുമാര്‍, ആന്‍ഡ്രിയ ജെര്‍മിയ, ശേഖര്‍ കപൂര്‍, വഹീദ റഹ്മാന്‍, നാസര്‍, ആനന്ദ് മാധവന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കമലഹാസന്‍ തന്നെയാണ്. സംവിധായകന്‍ രോഹിത് ഷെട്ടിയും റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് വിശ്വരൂപം 2 ഹിന്ദിയില്‍ അവതരിപ്പിക്കുന്നത്. മുസ്ലിം വിരുദ്ധ പരാമര്‍ശം ഉണ്ടെന്ന ചില സംഘടനകളുടെ ആരോപണത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ ആദ്യ ഭാഗം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ആണ് കമലിന്റെ അടുത്ത പ്രോജക്ട്.

 

ഏഴുകമ്പനികളുടെ മൂലധന വര്‍ധന 53,799.78 കോടി

രാംനാഥ് ചാവ്‌ല-
മുംബൈ: മുന്‍നിരയിലുള്ള പത്ത് കമ്പനികളില്‍ ഏഴ് സ്ഥാപനങ്ങള്‍ വിപണി മൂലധനത്തിലുണ്ടാക്കിയ വര്‍ധന 53,799.78 കോടി രൂപ.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവയാണ് വിപണിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.
അതേസമയം, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുടെ വിപണി മൂലധനത്തില്‍ കുറവുമുണ്ടായി. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയിലെ കണക്കാണിത്.
മികച്ച നേട്ടമുണ്ടാക്കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി വിഹിതം 20,162.14 കോടി വര്‍ധിച്ച് 7,15,106.70 കോടിയായി.
എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൂലധനത്തില്‍ 11,010.5കോടി രൂപയുടെ വര്‍ധനവാണുണ്ടായത്. 5,78,899.21 കോടിയായാണ് വിഹിതമുയര്‍ന്നത്.
ഇന്‍ഫോസിസിന്റേത് 8,572.72 കോടി രൂപ ഉയര്‍ന്ന് 2,94,496.80 കോടിയായും ടിസിഎസിന്റെ മൂല്യം 5,628 കോടി ഉയര്‍ന്ന് 7,64,164.46 കോടിയായും ഐടിസിയുടേത് 4,041 കോടി വര്‍ധിച്ച് 3,34,129.43 കോടിയാകുകയും ചെയ്തു.
എസ്ബിഐയുടെ വിഹിതം 2,989.74 കോടി കൂടി 2,32,887.11 കോടിയായി. എച്ച്ഡിഎഫിയുടേത് 1,395 കോടി വര്‍ധിച്ച് 3.33,851.32 കോടിയുമായി.
ഈ കാലയളവില്‍ ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ വിഹിതം 3,58,506.65 കോടിയായും കൊട്ടക് മഹീന്ദ്ര ബാങ്കിന്റേത് 2,54,173.16 കോടിയായും മാരുതിയുടേത് 2,83,555 കോടി രൂപയായും കുറയുകയാണുണ്ടായത്.

പുതിയ നോട്ടുകള്‍ കീറിയാല്‍ തിരിച്ചെടുക്കില്ല

ഫിദ-
കൊച്ചി: റിസര്‍വ് ബാങ്കിന്റെ നോട്ട് തിരിച്ചെടുക്കല്‍ നയത്തില്‍ തിരുത്തല്‍ വരുത്താത്തതിനാല്‍ പുതിയ കറന്‍സി നോട്ടുകള്‍ കീറിയാല്‍ മാറ്റിക്കൊടുക്കേണ്ടതില്ലെന്ന് ബാങ്കുകള്‍. ഇതിനാല്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ മഹാത്മ ഗാന്ധി സീരീസില്‍പ്പെട്ട 2000, 500, 200, 50, 10 രൂപ നോട്ടുകള്‍ കീറുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ മാറ്റിവാങ്ങാനാവില്ല.
റിസര്‍വ് ബാങ്ക് 2009ല്‍ പ്രഖ്യാപിച്ച നോട്ട് റീഫണ്ട് റൂളില്‍ ഈ നോട്ടുകള്‍ ഉള്‍പ്പെടാത്തതാണ് തിരിച്ചെടുക്കലിനെ ബാധിച്ചത്. ആവശ്യമായ തിരുത്തല്‍ വരുത്താന്‍ റിസര്‍വ് ബാങ്ക് തയാറായിട്ടില്ല. ഇതിന്റെ പഴി കേള്‍ക്കുന്നത് ബാങ്ക് ജീവനക്കാരാണ്. നടപടി ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിനെ സമീപിക്കുന്നവര്‍ക്ക് തിരുത്തിയ നയം ഉടന്‍ വരുമെന്ന മറുപടി കിട്ടിത്തുടങ്ങിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
ചളി പിടിച്ചതോ ഒറ്റക്കീറലുള്ളതോ ആയ നോട്ടുകള്‍ മാറ്റിനല്‍കാന്‍ 2009ലെ നോട്ട് റീ ഫണ്ട് റൂളില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍, പുതിയ നോട്ടുകള്‍ ബാങ്കുകള്‍ സ്വീകരിച്ചാലും റിസര്‍വ് ബാങ്ക് തിരിച്ചെടുക്കുന്നില്ല. ഇത്തരത്തില്‍ വിവിധ ബാങ്കുകള്‍ സ്വീകരിച്ച ലക്ഷക്കണക്കിന് രൂപ ബ്രാഞ്ചുകളില്‍ കെട്ടിക്കിടക്കുകയാണ്. അതിനാല്‍ ഇത്തരം നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയാല്‍ മാറ്റിനല്‍കല്‍ പ്രോത്സാഹിപ്പിക്കേണ്ടെന്ന തീരുമാനത്തിലാണ് ബ്രാഞ്ചുകള്‍.
ഒന്നില്‍ കൂടുതല്‍ കീറലുള്ള നോട്ടുകളുടെ മൂല്യം നിര്‍ണയിക്കുന്നതിന് പ്രത്യേക മാനദണ്ഡമുണ്ട്. വലിയ കഷ്ണത്തിന്റെ വലിപ്പമനുസരിച്ചാണ് മൂല്യം നിര്‍ണയിക്കുക. പുതിയ നോട്ടുകളുടെ കീറിയ കഷ്ണങ്ങളുടെ മൂല്യം സംബന്ധിച്ച അറിയിപ്പ് കിട്ടിയിട്ടില്ല. നോട്ട് റീ ഫണ്ട് റൂള്‍ തിരുത്തി വരുന്നതിന്റെ ഒപ്പമേ ഇതുസംബന്ധിച്ച അറിയിപ്പും ബാങ്കുകള്‍ക്ക് ലഭിക്കൂ. തങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞാലും ഇടപാടുകാര്‍ക്ക് ബോധ്യപ്പെടുന്നില്ലെന്ന് ജീവനക്കാര്‍ പറയുന്നു.