Month: July 2018

ഫഹദിന്റെ വരത്തന്‍ ഓഗസ്റ്റ് 22ന് തിയറ്ററിലെത്തും

ഗായത്രി-
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 22ന് ചിത്രം തിയറ്ററുകളിലെത്തും. ഇയോബിന്റെ പുസ്തകത്തിന് ശേഷം ഫഹദും അമലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വരത്തന്‍. ഐശ്വര്യ ലക്ഷ്മി നായികയാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫഹദ് തന്നെയാണ്.
രണ്ട് വ്യത്യസ്ത രൂപത്തിലാണ് ഫഹദ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ലിറ്റില്‍ സ്വയമ്പാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.
അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’ എന്നിവയാണ് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മറ്റ് ഫഹദ് ഫാസില്‍ ചിത്രങ്ങള്‍.

സ്‌റ്റോമി ഡാനിയലിന് മൂന്നാം വിവാഹമോചനം

അളക ഖാനം-
വാഷിംഗ്ടണ്‍: മുന്‍ പോണ്‍താരം സ്‌റ്റോമി ഡാനിയല്‍ വിവാഹമോചിതയാകുന്നു. സ്‌റ്റോമിയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. 2010ലായിരുന്നു 41കാരനായ ഗ്ലെണ്ടന്‍ ക്രെയിനനും 39കാരിയായ സ്‌റ്റോമിയും തമ്മിലുള്ള വിവാഹം. നീലച്ചിത്ര നായകനും സംഗീതജ്ഞനും കൂടിയാണ് ക്രെയിന്‍.
തന്റെ കക്ഷി സ്‌റ്റോമി ഡാനിയലും അവരുടെ ഭര്‍ത്താവ് ഗ്ലെനും വിവാഹമോചിതരാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് സ്‌റ്റോമിയുടെ അഭിഭാഷകന്‍ മൈക്കല്‍ അവനേട്ടി തന്റെ ട്വിറ്ററില്‍ കുറിച്ചത്. ക്രെയിനുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ രണ്ട് തവണ സ്‌റ്റോമി വിവാഹിതയായിരുന്നു. ഇതില്‍ ഒരുമകളുമുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന പ്രസ്താവനയോടെയാണ് സ്‌റ്റോമി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. 2006ല്‍ നവേദയിലെ താഹോ ലേക്കില്‍ വച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗികമായി ഉപയോഗിച്ചിരുന്നുവെന്നാണ് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റോമി വെളിപ്പെടുത്തിയത്.

ജിഎസ്ടി; ഇനി 35 ഇനങ്ങള്‍ക്ക് മാത്രം ഉയര്‍ന്ന നികുതി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ടെലിവിഷന്‍, റഫ്രിജറേറ്റര്‍, വാഷിംഗ്‌മെഷീന്‍ ഉള്‍പ്പെടെ ഗാര്‍ഹികോപകരണങ്ങളുടെയും മറ്റും നികുതികൂടി ജി.എസ്.ടി കൗണ്‍സില്‍ കുറച്ചതോടെ ഇനി 28 ശതമാനം എന്ന ഉയര്‍ന്ന നികുതി നല്‍കേണ്ട പട്ടികയിലുള്ളത് 35 ഇനങ്ങള്‍ മാത്രം. ജൂലൈ 27 മുതല്‍ പരിഷ്‌കരിച്ച നികുതി പ്രാബല്യത്തില്‍ വരും.
സിമന്റ്, എ.സി, ഡിജിറ്റല്‍ക്യാമറ, വിഡിയോ റെക്കോര്‍ഡര്‍, മോട്ടോര്‍ വാഹനങ്ങള്‍, പുകയില, വിമാനം, ഓട്ടോമൊബൈല്‍ പാര്‍ട്‌സ്, ടയര്‍ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി നല്‍കേണ്ടത്. ഒരുവര്‍ഷത്തിനിടെ ജി.എസ്.ടി കൗണ്‍സില്‍ 28 ശതമാനത്തിന്റെ പട്ടികയിലുള്ള 191 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി കുറച്ചത്. 2017 ജൂലൈ ഒന്നിന് ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്നപ്പോള്‍ 226 ഇനങ്ങള്‍ക്കായിരുന്നു 28 ശതമാനം നികുതി.
ഉയര്‍ന്ന നികുതിനിരക്കുള്ള ആഡംബര ഉല്‍പന്നങ്ങളുടെ എണ്ണം വീണ്ടും ചുരുക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. അത്യാഡംബര സാധനങ്ങള്‍ മാത്രം ഇതില്‍ ഉള്‍പ്പെടുത്താനാകും സര്‍ക്കാര്‍ ആലോചിക്കുകയെന്നാണ് വിലയിരുത്തല്‍. സാനിറ്ററി നാപ്കിന്‍, മാര്‍ബിളിലും കല്ലിലും മരത്തിലുമുള്ള വിഗ്രഹങ്ങള്‍, സംസ്‌കരിച്ച പാല്‍, രാഖി, സ്മാരക നാണയങ്ങള്‍ എന്നിവക്ക് പൂര്‍ണ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
27 ഇഞ്ചുവരെയുള്ള ടെലിവിഷന്‍, വാഷിംഗ് മെഷീന്‍, വാക്വം ക്ലീനര്‍, ഷേവിംഗ് ഉപകരണങ്ങള്‍, വാട്ടര്‍ ഹീറ്റര്‍, ഇലക്ട്രിക് ഇസ്തിരിപ്പെട്ടി, പെയിന്റ്, തുകല്‍ ഉല്‍പന്നങ്ങള്‍, വാര്‍ണിഷ്, വാട്ടര്‍ കൂളര്‍, വാട്ടര്‍ ഹീറ്റര്‍, വിഡിയോ ഗെയിം, ഹെയര്‍ ഡ്രെയര്‍, മിക്‌സര്‍ െ്രെഗന്‍ഡര്‍, ജ്യൂസര്‍ തുടങ്ങിയവക്കാണ് 28 ശതമാനം നികുതി 18 ശതമാനമായി കുറച്ചത്.

കുരുമുളക് വില കൂടി

ഗായത്രി-
കുരുമുളകിന്റെ തിരിച്ചുവരവ് കാര്‍ഷികമേഖലയില്‍ ആവേശമുളവാക്കി. ഏതാണ്ട് എട്ടാഴ്ച്ചയോളം വിലത്തകര്‍ച്ചയുടെ പിടിയില്‍ അകപ്പെട്ട കുരുമുളക് പിന്നിട്ടവാരം ക്വിന്റലിന് 900 രൂപ ഉയര്‍ന്നു. വില കുറഞ്ഞ വിദേശ കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രിക്കുമെന്ന പ്രസ്താവനകള്‍ക്കിടെ വിദേശ ചരക്കുവരവ് തടയാനാവില്ലെന്ന പുതിയ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയെ കാര്യമായി സ്വാധീനിച്ചു. കിലോ 500 രൂപയില്‍ കൂടിയ മുളകു മാത്രമേ ഇറക്കുമതി നടത്താനാകൂവെന്നാണ് വ്യവസ്ഥ. താഴ്ന്ന വിലക്കുള്ള ചരക്ക് എത്തുന്നുണ്ടെങ്കില്‍ അത് തടയുമെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ മുളകുവില ഉയര്‍ത്തി. അതേസമയം, ഇറക്കുമതി നിയമപരമായി തടയാനാവില്ലെന്ന വാദവുമായി വ്യവസായികളും രംഗത്തുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള വടംവലി കണക്കിലെടുത്താല്‍ വരും ദിനങ്ങളില്‍ കുരുമുളകുവിലയില്‍ വന്‍ ചാഞ്ചാട്ടത്തിനിടയുണ്ട്.
വ്യാപാരികള്‍ കൂടിയ വിലക്ക് ചരക്ക് സംഭരിച്ചതോടെ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 32,000 രൂപയില്‍നിന്ന് 32,900ലേക്കു കയറി. ഉത്പാദകമേഖലകളിലെ ആവേശം കണക്കിലെടുത്താല്‍ നിരക്ക് വീണ്ടും ഉയരാം. അതേസമയം, വിദേശ കുരുമുളകിന്റെ ഇറക്കുമതി തടയാനാവില്ലെന്ന സൂചനകള്‍ വ്യവസായികളെ പുതിയ ഇറക്കുമതികള്‍ക്കു പ്രേരിപ്പിക്കാം.
രാജ്യത്തെ പല വന്‍കിട ഇറക്കുമതിക്കാരും വിപണിസാധ്യത നേട്ടമാക്കാന്‍ ശ്രമം തുടങ്ങിതോടെ കുരുമുളകിന് ടണ്ണിന് 2500 ഡോളറില്‍നിന്ന് 2800 ഡോളറാക്കി വിയറ്റ്‌നാം ഉയര്‍ത്തി. ശ്രീലങ്കന്‍ വില 3800 ഡോളറാണ്. രൂപയുടെ ചാഞ്ചാട്ടം ശക്തമായതോടെ ടണ്ണിന് 5100 ഡോളര്‍ വരെ താഴ്ന്ന ശേഷം 5200 ഡോളറിലാണ്.

അമലാ പോള്‍ ബോളിവുഡിലേക്ക്

ഫിദ-
തെന്നിന്ത്യന്‍ സിനിമാ ലോകത്തു നിന്നും ബോളിവുഡിന്റെ നായികയാകാന്‍ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അമലാ പോള്‍. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന അര്‍ജുന്‍ രാംപാല്‍ ചിത്രത്തിലാണ് അമലയുടെ അരങ്ങേറ്റം.
ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന സിനിമയുടെ ഏറിയ പങ്കും ചിത്രീകരിക്കുന്നത് ഹിമാലയത്തിലാണ്. ഏറെ നാള്‍ ഡല്‍ഹിയില്‍ ആയിരുന്നതിനാല്‍ തന്നെ ഭാഷ തനിക്ക് പ്രശ്‌നമാകില്ലെന്ന് അമല പറഞ്ഞു.
തമിഴ് ചിത്രം ‘അതോ അന്ത പറവൈയിലാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതവും താന്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണെന്ന് അമലപോള്‍ വ്യക്തമാക്കി.

സ്ത്രീ പ്രാതിനിധ്യമില്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാവില്ല

അളക ഖാനം-
മനില: തൊഴിലിടങ്ങളിലും വ്യാപാരരംഗത്തും സ്ത്രീകള്‍ക്കുള്ള അവസരങ്ങള്‍ തടയുന്നത് ആഗോളവളര്‍ച്ചയെയും സാമ്പത്തികസമത്വത്തെയും ഗുരുതരമായി ബാധിക്കുമെന്ന് ലോകബാങ്ക് പഠനം. ഗാര്‍ഹികപീഡനം, തൊഴിലിടങ്ങളിലെ ലൈംഗികഅതിക്രമങ്ങള്‍ എന്നിവയില്‍നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് മതിയായ വ്യവസ്ഥകള്‍ ഇല്ലാത്തത് സ്ത്രീകളുടെ അപരവത്കരണത്തിന് കാരണമായിട്ടുണ്ടെന്ന് കഴിഞ്ഞദിവസം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 189 രാജ്യങ്ങളിലാണ് ലോകബാങ്ക് നിയോഗിച്ച വിദഗ്ധര്‍ പഠനം നടത്തിയത്.
തൊഴില്‍കരാര്‍, വായ്പകരാര്‍, വസ്തുകൈമാറ്റ കരാര്‍ തുടങ്ങിയവക്ക് സ്ത്രീകള്‍ക്ക് സ്വന്തം നിലക്ക് ഒപ്പുവെക്കാന്‍ അവകാശമില്ലാത്ത ഒട്ടേറെ രാജ്യങ്ങള്‍ ഇന്നുമുണ്ട്. സ്ത്രീകള്‍ക്ക് രാത്രികാലങ്ങളില്‍ ജോലി ചെയ്യാന്‍ 104 രാജ്യങ്ങള്‍ അനുമതി നല്‍കുന്നില്ല. ഇതുമൂലം 270 കോടി സ്ത്രീകള്‍ക്ക് തൊഴിലവസരം നഷ്ടപ്പെടുന്നു.
ബ്രിട്ടന്‍, ന്യൂസിലന്‍ഡ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് സ്ത്രീസൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നില്‍. വികസ്വരരാജ്യങ്ങളാണ് സ്ത്രീപുരുഷ അസമത്വം മൂലമുള്ള നഷ്ടം ഏറ്റവും കൂടുതല്‍ നേരിടുന്നത്.

 

പുതിയ 100 രൂപ; എടിഎം ക്രമീകരണത്തിന് വേണം 100 കോടി

രാംനാഥ് ചാവ്‌ല-
മുംബൈ: വലുപ്പം കുറഞ്ഞ പുതിയ 100 രൂപ നോട്ടുകള്‍ ലഭ്യമാക്കാന്‍ എ.ടി.എമ്മില്‍ മാറ്റം വരുത്തുന്നതിന് 100 കോടി രൂപയെങ്കിലും ചെലവുവരുമെന്ന് എ.ടി.എം ഓപറേറ്റര്‍മാരുടെ സംഘടന. രാജ്യത്ത് 2.4 ലക്ഷം എ.ടി.എമ്മുകളുണ്ട്. വലുപ്പം മാത്രമല്ല, നിറത്തിലും പുതിയ നോട്ടില്‍ വ്യത്യാസമുണ്ട്. ഇതിനായി യന്ത്രത്തില്‍ ക്രമീകരണം നടത്താനാണ് വന്‍ ചെലവ് വരുന്നത്.
പഴയ നോട്ടുകള്‍ എ.ടി.എമ്മില്‍നിന്ന് പിന്‍വലിക്കുന്നതിനനുസരിച്ച് പുതിയ നോട്ടുകള്‍ നിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രശ്‌നമാവുമെന്ന് എ.ടി.എം അനുബന്ധ സര്‍വിസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ രാധ രാമദുരെ പറഞ്ഞു.
പുതിയ നോട്ടുകളുടെ വിതരണം ഉറപ്പാക്കിയാല്‍ മാത്രമേ പരിഹാരമാവൂ. 2.4 ലക്ഷം യന്ത്രങ്ങളില്‍ മാറ്റം പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം വേണ്ടിവരുമെന്ന് ഹിറ്റാചി പേമന്റെ് സര്‍വിസസ് മാനേജിങ് ഡയറക്ടര്‍ ലോണി ആന്റണി പറഞ്ഞു.

പുന്നെല്ലിന്റെ മണവുമായി ‘പൂമാതൈ പൊന്നമ്മ ‘

ഫിദ-
അജ്ഞാത കാവ്യമായ ‘പൂമാതൈ പൊന്നമ്മ’ സിനിമായവുന്നു. വാമൊഴിയായി പാടി വന്ന കാവ്യ ശില്‍പ്പത്തിന്റെ തനിമ ഒട്ടും ചോരാതെയാണ് ഈ കാവ്യശില്‍പ്പം അഭ്രപാളിയിലെത്തിക്കുന്നത്. ഏറനാടന്‍ മണ്ണില്‍ പേരും പെരുമയും നിറഞ്ഞതാണ് പൂമാതൈ പൊന്നമ്മയുടെ കഥ. അറിയുന്തോറും വിസ്മയമേകുന്നതാണ് തമുറകളായി കൈമാറിക്കൊണ്ടിരിക്കുന്ന ആ കഥയുടെ ഇതിവൃത്തമെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് പാണന്റെ നാവിന്‍ തുമ്പില്‍ നിന്നും പിറന്നു വീണ ഈ കാവ്യകന്യക കത്തിച്ചുവെച്ച വിളക്ക് പോലെ മലയാള മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന നാടുവാഴിത്തത്തിന്റെ പ്രതാപം മുറ്റിയകാലം അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ഉറ്റം കൊണ്ട തമ്പ്രാക്കന്‍മാര്‍ക്ക് അരുതാത്തതായി ഒന്നുമില്ല. നാടുവാഴി തമ്പ്രാക്കന്‍മാര്‍ പറയുന്നത് ന്യായവും ചെയ്യുന്നത് നീതിയുമായി കണ്ടിരുന്ന കാലം. അക്കാലത്തു പകലന്തിയോളം ചെളിക്കണ്ടത്തില്‍ പുഴുക്കളെ പോലെ പണിയെടുക്കുന്ന പുള്ളുവന്‍മാരോടും അവരുടെ പെണ്‍ജാതികളോടും നാടുവാഴികള്‍ കാട്ടിയ ക്രൂരത കാലം മറന്നാലും മായ്ചുകളയാനാവാത്ത കരുവാളിപ്പായി നില്‍പ്പുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് സിനിമ നല്‍കുന്ന സന്ദേശം.
പുന്നെല്ലിന്റെ മണവും നിറവും ഉള്ള പെണ്ണാണ് പൂമാതൈ. അനാഥയാണെങ്കിലും മെയ്യഴകുള്ള തന്റേടിയായ യൗവ്വനയുക്തയായാണ് പൂമാതൈ പൊന്നമ്മ വളര്‍ന്നത്. ആടാനും പാടാനും മാത്രമല്ല മേലനങ്ങി കണ്ടതില്‍ പണിയെടുക്കാനും മുമ്പിലായിരുന്നു പൂമാതൈ. കൊയ്ത്തിലും മെതിയിലും മുന്നിലായിരുന്നു അവള്‍. ഈ വര്‍ത്തമാന സാമൂഹിക ജീവിതത്തിലും ദളിത് ജന വിഭാഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെയും പീഡനങ്ങളുടെയും നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് പൂമാതൈ പൊന്നമ്മ എന്ന ചല ചിത്ര ആവിഷ്‌കാരം.
ജയേന്ദ്രനാഥ് ഫിലിംസിന്റെ ബാനറില്‍ ജയേന്ദ്രനാഥ് മുക്കാട്ടിലാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ സംഭാഷണം ഗാനരചന, സംവിധാനം എന്നിവ സജീവ് കിളികുലംമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ഫെമിനിച്ചിയെന്ന് വിളിച്ചോളു, എന്നാലും സ്വഭാവം മാറ്റില്ല

ഗായത്രി-
താന്‍ ഒരിക്കലും ഒരു പുരുഷ വിരോധി അല്ലെന്ന് നടി പാര്‍വതി. അഭിപ്രായം തുറന്ന് പറയുന്നതില്‍ തനിക്ക് ഒട്ടും ഭയമില്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഒരു സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയുന്ന ആളാണ് പാര്‍വതി. ഫെമിനിച്ചിയെന്നും അഹങ്കാരിയെന്നും മറ്റുമുള്ള വിളിപ്പേരുകളും ട്രോളുകളും കിട്ടിയിട്ടും തന്റെ സ്വഭാവം ഇതാണെന്ന നിലപാടില്‍ അവര്‍ ഉറച്ചുനിന്നു.
എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ അച്ഛനും സഹോദരനുമാണ്. ഒരു സ്ത്രീ എന്നതിനെക്കാള്‍ വ്യക്തി എന്ന നിലയില്‍ അവര്‍ എന്നെ മനസിലാക്കുന്നു. അതു തന്നെയാണ് സമൂഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഞാനൊരിക്കലും ഒരു പുരുഷവിരോധിയല്ല.
പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയാണ് എന്റെ പ്രശ്‌നം. എന്റെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട ഫെമിനിസ്റ്റ് എന്റെ അച്ഛനാണ്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും അറിയില്ല താനൊരു ഫെമിനിസ്റ്റാണെന്ന്. സ്ത്രീകളെയും പുരുഷന്മാരെയും ബഹുമാനിക്കാന്‍ മാത്രമറിയുന്ന ഒരാളാണ് അദ്ദേഹം.
അംഗീകാരങ്ങളെയെന്ന പോലെ വിമര്‍ശനങ്ങളെയും സ്വീകരിക്കുന്ന ആളാണ് ഞാന്‍. സിനിമയാണ് എന്നെ പ്രേക്ഷകരുമായി കൂട്ടിയിണക്കുന്നത്. അതുകൊണ്ടു തന്നെ എന്നിലെ നടിയെ രാകിമിനുക്കേണ്ട ഉത്തരവാദിത്തം എനിക്കു തന്നെയാണ്. ശരിയെന്ന നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനും തെറ്റ് വിളിച്ചുപറയാനും ധൈര്യമുണ്ട്. അതിനിയും ഉണ്ടാകുമെന്നും പാര്‍വതി പറയുന്നു.

രൂപക്ക് റെക്കോര്‍ഡ് മൂല്യതകര്‍ച്ച

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപക്ക് റെക്കോര്‍ഡ് മൂല്യതകര്‍ച്ച. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.13ലേക്ക് എത്തുകയായിരുന്നു. ചൈനീസ് കറന്‍സിയായ യുവാന്റെ തകര്‍ച്ച രൂപയേയും പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം അഭ്യന്തര ഓഹരി വിപണികളില്‍ സംഭവങ്ങളും തകര്‍ച്ചക്ക് കാരണമായി.
ഇന്നല ഡോളറിനെതിരെ 69.0650ത്തിനായിരുന്നു രൂപ ക്ലോസ് ചെയ്തത്. ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.0950ത്തിലെത്തിയിരുന്നു. രൂപക്കൊപ്പം മറ്റ് ഏഷ്യന്‍ കറന്‍സികളുടെയും മൂല്യം ഇടിയുകയാണ്.
അതേ സമയം, ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. ബോംബെ സൂചിക സെന്‍സെക്‌സ് 62 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. ദേശീയ സൂചിക നിഫ്റ്റിയും നേട്ടത്തിലാണ്.