കുരുമുളക് വില കൂടി

കുരുമുളക് വില കൂടി

ഗായത്രി-
കുരുമുളകിന്റെ തിരിച്ചുവരവ് കാര്‍ഷികമേഖലയില്‍ ആവേശമുളവാക്കി. ഏതാണ്ട് എട്ടാഴ്ച്ചയോളം വിലത്തകര്‍ച്ചയുടെ പിടിയില്‍ അകപ്പെട്ട കുരുമുളക് പിന്നിട്ടവാരം ക്വിന്റലിന് 900 രൂപ ഉയര്‍ന്നു. വില കുറഞ്ഞ വിദേശ കുരുമുളകിന്റെ ഇറക്കുമതി നിയന്ത്രിക്കുമെന്ന പ്രസ്താവനകള്‍ക്കിടെ വിദേശ ചരക്കുവരവ് തടയാനാവില്ലെന്ന പുതിയ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയെ കാര്യമായി സ്വാധീനിച്ചു. കിലോ 500 രൂപയില്‍ കൂടിയ മുളകു മാത്രമേ ഇറക്കുമതി നടത്താനാകൂവെന്നാണ് വ്യവസ്ഥ. താഴ്ന്ന വിലക്കുള്ള ചരക്ക് എത്തുന്നുണ്ടെങ്കില്‍ അത് തടയുമെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ മുളകുവില ഉയര്‍ത്തി. അതേസമയം, ഇറക്കുമതി നിയമപരമായി തടയാനാവില്ലെന്ന വാദവുമായി വ്യവസായികളും രംഗത്തുണ്ട്. ഇരു കൂട്ടരും തമ്മിലുള്ള വടംവലി കണക്കിലെടുത്താല്‍ വരും ദിനങ്ങളില്‍ കുരുമുളകുവിലയില്‍ വന്‍ ചാഞ്ചാട്ടത്തിനിടയുണ്ട്.
വ്യാപാരികള്‍ കൂടിയ വിലക്ക് ചരക്ക് സംഭരിച്ചതോടെ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 32,000 രൂപയില്‍നിന്ന് 32,900ലേക്കു കയറി. ഉത്പാദകമേഖലകളിലെ ആവേശം കണക്കിലെടുത്താല്‍ നിരക്ക് വീണ്ടും ഉയരാം. അതേസമയം, വിദേശ കുരുമുളകിന്റെ ഇറക്കുമതി തടയാനാവില്ലെന്ന സൂചനകള്‍ വ്യവസായികളെ പുതിയ ഇറക്കുമതികള്‍ക്കു പ്രേരിപ്പിക്കാം.
രാജ്യത്തെ പല വന്‍കിട ഇറക്കുമതിക്കാരും വിപണിസാധ്യത നേട്ടമാക്കാന്‍ ശ്രമം തുടങ്ങിതോടെ കുരുമുളകിന് ടണ്ണിന് 2500 ഡോളറില്‍നിന്ന് 2800 ഡോളറാക്കി വിയറ്റ്‌നാം ഉയര്‍ത്തി. ശ്രീലങ്കന്‍ വില 3800 ഡോളറാണ്. രൂപയുടെ ചാഞ്ചാട്ടം ശക്തമായതോടെ ടണ്ണിന് 5100 ഡോളര്‍ വരെ താഴ്ന്ന ശേഷം 5200 ഡോളറിലാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close