പുന്നെല്ലിന്റെ മണവുമായി ‘പൂമാതൈ പൊന്നമ്മ ‘

പുന്നെല്ലിന്റെ മണവുമായി ‘പൂമാതൈ പൊന്നമ്മ ‘

ഫിദ-
അജ്ഞാത കാവ്യമായ ‘പൂമാതൈ പൊന്നമ്മ’ സിനിമായവുന്നു. വാമൊഴിയായി പാടി വന്ന കാവ്യ ശില്‍പ്പത്തിന്റെ തനിമ ഒട്ടും ചോരാതെയാണ് ഈ കാവ്യശില്‍പ്പം അഭ്രപാളിയിലെത്തിക്കുന്നത്. ഏറനാടന്‍ മണ്ണില്‍ പേരും പെരുമയും നിറഞ്ഞതാണ് പൂമാതൈ പൊന്നമ്മയുടെ കഥ. അറിയുന്തോറും വിസ്മയമേകുന്നതാണ് തമുറകളായി കൈമാറിക്കൊണ്ടിരിക്കുന്ന ആ കഥയുടെ ഇതിവൃത്തമെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു.
പതിറ്റാണ്ടുകള്‍ക്കുമുമ്പ് പാണന്റെ നാവിന്‍ തുമ്പില്‍ നിന്നും പിറന്നു വീണ ഈ കാവ്യകന്യക കത്തിച്ചുവെച്ച വിളക്ക് പോലെ മലയാള മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു. കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന നാടുവാഴിത്തത്തിന്റെ പ്രതാപം മുറ്റിയകാലം അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും ഉറ്റം കൊണ്ട തമ്പ്രാക്കന്‍മാര്‍ക്ക് അരുതാത്തതായി ഒന്നുമില്ല. നാടുവാഴി തമ്പ്രാക്കന്‍മാര്‍ പറയുന്നത് ന്യായവും ചെയ്യുന്നത് നീതിയുമായി കണ്ടിരുന്ന കാലം. അക്കാലത്തു പകലന്തിയോളം ചെളിക്കണ്ടത്തില്‍ പുഴുക്കളെ പോലെ പണിയെടുക്കുന്ന പുള്ളുവന്‍മാരോടും അവരുടെ പെണ്‍ജാതികളോടും നാടുവാഴികള്‍ കാട്ടിയ ക്രൂരത കാലം മറന്നാലും മായ്ചുകളയാനാവാത്ത കരുവാളിപ്പായി നില്‍പ്പുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് സിനിമ നല്‍കുന്ന സന്ദേശം.
പുന്നെല്ലിന്റെ മണവും നിറവും ഉള്ള പെണ്ണാണ് പൂമാതൈ. അനാഥയാണെങ്കിലും മെയ്യഴകുള്ള തന്റേടിയായ യൗവ്വനയുക്തയായാണ് പൂമാതൈ പൊന്നമ്മ വളര്‍ന്നത്. ആടാനും പാടാനും മാത്രമല്ല മേലനങ്ങി കണ്ടതില്‍ പണിയെടുക്കാനും മുമ്പിലായിരുന്നു പൂമാതൈ. കൊയ്ത്തിലും മെതിയിലും മുന്നിലായിരുന്നു അവള്‍. ഈ വര്‍ത്തമാന സാമൂഹിക ജീവിതത്തിലും ദളിത് ജന വിഭാഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെയും പീഡനങ്ങളുടെയും നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് പൂമാതൈ പൊന്നമ്മ എന്ന ചല ചിത്ര ആവിഷ്‌കാരം.
ജയേന്ദ്രനാഥ് ഫിലിംസിന്റെ ബാനറില്‍ ജയേന്ദ്രനാഥ് മുക്കാട്ടിലാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥ സംഭാഷണം ഗാനരചന, സംവിധാനം എന്നിവ സജീവ് കിളികുലംമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close