ഇന്ത്യന്‍ പഴം, പച്ചക്കറികള്‍ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

ഇന്ത്യന്‍ പഴം, പച്ചക്കറികള്‍ക്ക് ഖത്തര്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

അളക ഖാനം-
ദോഹ: സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളില്‍ പടര്‍ന്ന് പിടിച്ച നിപ്പ വൈറസ് ബാധയെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഖത്തര്‍ നീക്കി. നിപ്പ നിയന്ത്രണ വിധേയമായതിന്റെ അടിസ്ഥാനത്തില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗമാണ് നിരോധനം പിന്‍വലിച്ചത്. മേയ് അവസാനം മുതല്‍ തുടങ്ങിയ നിരോധനം 45 ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്‍വലിക്കുന്നത്.
ഫ്രഷ്, ചില്‍ഡ്, ഫ്രോസണ്‍ എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള പഴം, പച്ചക്കറികളുടെ ഇറക്കുമതിക്കുള്ള വിലക്കും നീക്കിയിട്ടുണ്ട്. നേരത്തെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യു.എ.ഇ നീക്കിയിരുന്നു. എന്നാല്‍ ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇളവ് വരുത്തിയിട്ടില്ല.
സാധാരണ ദിവസങ്ങളില്‍ 130 മുതല്‍ 150 ടണ്‍ പച്ചക്കറിയാണ് കൊച്ചിയില്‍ നിന്നു കയറ്റിഅയക്കുന്നത്. ഇതേ രീതിയില്‍ തിരുവനന്തപുരം, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നും കയറ്റുമതി നടക്കുന്നുണ്ട്. ശീതീകരിച്ച കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തില്‍ നിന്ന് കൊണ്ടുപോകുന്ന പച്ചക്കറികള്‍ക്ക് വന്‍ ഡിമാന്റാണ്. കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്. നിപ്പാ വൈറസ് ബാധയെത്തുടര്‍ന്ന് കയറ്റുമതിക്ക് വിലക്കേര്‍പ്പെടുത്തിയത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close