ഇന്ത്യക്കും യുഎഇക്കും ഇനി സ്വന്തം കറന്‍സിയില്‍ വിനിമയമാവാം

ഇന്ത്യക്കും യുഎഇക്കും ഇനി സ്വന്തം കറന്‍സിയില്‍ വിനിമയമാവാം

അളക ഖാനം-
അബുദാബി: ഇന്ത്യയും യു.എ.ഇയും കറന്‍സി സ്വാപ് കരാറില്‍ ഒപ്പിട്ടു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സ്വന്തം കറന്‍സിയില്‍ വിനിമയം സാധ്യമാക്കുന്നതാണ് കരാര്‍. ഇന്ത്യയു.എ.ഇ ജോയിന്റ് കമീഷന്‍ യോഗത്തിലാണ് കരാര്‍ ഒപ്പിട്ടത്. ഡോളര്‍ പോലുള്ള കറന്‍സികള്‍ അടിസ്ഥാനമാക്കാതെ തന്നെ ഇടപാട് സാധ്യമാകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് ആല്‍ നഹ്‌യാനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചത്.
ഇന്ത്യന്‍ രൂപയും യു.എ.ഇ. ദിര്‍ഹവും തമ്മില്‍ കൈമാറാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെയും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കിനെയും അനുവദിക്കുന്നതാണ് സ്വാപ് കരാര്‍. ഇത് പ്രാബല്ല്യത്തിലാകുന്നതോടെ ഡോളറിന്റെ ഇടനിലയില്ലാതെ രൂപയിലും ദിര്‍ഹത്തിലും ഇറക്കുമതിയും കയറ്റുമതിയും സാധ്യമാകും. സാമ്പത്തികഫസാങ്കേതിക സഹകരണത്തിനുള്ള ഇന്ത്യ, യു.എ.ഇ. സംയുക്ത സമിതിയുടെ 12ാം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തിങ്കളാഴ്ച വൈകിട്ടായിരുന്നു ഉന്നതതല സംഘത്തോടൊപ്പം സുഷമ യു.എ.ഇയില്‍ എത്തിയത്.
ഡോളറിന്റെ ഉയര്‍ച്ചയും താഴ്ചയും ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ല. യു.എ.ഇ. വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിലെ സാമ്പത്തിക, വാണിജ്യ വിഭാഗം സഹ മന്ത്രി മുഹമ്മദ് ഷറഫും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക വിഭാഗം സെക്രട്ടറി ടി.എസ്. തിരുമൂര്‍ത്തിയുമാണ് ഇരുരാജ്യങ്ങള്‍ക്കും വേണ്ടി ധാരണാപത്രം ഒപ്പിട്ടത്.
ആഫ്രിക്കയുടെ വികസനത്തില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് രണ്ടാമത്തെ കരാര്‍. ഇതിന് പുറമെ ഊര്‍ജം, സുരക്ഷ, വാണിജ്യം, നിക്ഷേപം, ബഹിരാകാശ ഗവേഷണം, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ചടങ്ങില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ സായിദ് അല്‍ ഫലാസി, യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എന്നിവരും സന്നിഹിതരായിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.