റിസര്‍വ് ബാങ്ക് ധനനയ പ്രഖ്യാപനം 5ന്

റിസര്‍വ് ബാങ്ക് ധനനയ പ്രഖ്യാപനം 5ന്

ഗായത്രി-
കൊച്ചി: റിസര്‍വ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വര്‍ഷത്തെ അഞ്ചാമത്തെ ധനനയം ബുധനാഴ്ച പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അധ്യക്ഷനായ ആറംഗ ധനനയ നിര്‍ണയ സമിതിയുടെ (എം.പി.സി) യോഗം ഇന്നു മുതല്‍ അഞ്ചുവരെ നടക്കും. തുടര്‍ന്ന്, അഞ്ചിന് ഉച്ചയ്ക്ക് 2.30നാണ് ധനനയ പ്രഖ്യാപനം. റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും തമ്മിലെ പോര് മറനീക്കി പുറത്തുവന്ന ശേഷം നടക്കുന്ന, ഈ യോഗത്തെ ഏവരും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ക്രൂഡോയില്‍ വിലക്കുതിപ്പ്, ദുര്‍ബലമായ രൂപ, പലിശ കൂട്ടുന്ന ട്രെന്‍ഡ് സ്വീകരിച്ച മറ്റു പ്രമുഖ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളുടെ നിലപാട് എന്നിങ്ങനെ പലിശനിരക്ക് ഉയര്‍ത്താനുള്ള സര്‍വ സാഹചര്യവുമുണ്ടായിട്ടും ഒക്‌ടോബറിലെ ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യപലിശ നിരക്കുകള്‍ നിലനിറുത്തിയത് ഏവരെയും അമ്പരപ്പിച്ചിരുന്നു. വിപണിയിലെ ചലനങ്ങള്‍ കാത്തിരുന്ന് കാണാമെന്നും ആഗോളഘടകങ്ങളാണ് രൂപയുടെ തകര്‍ച്ചയ്ക്ക് പിന്നിലെന്നുമാണ് അന്ന് ഉര്‍ജിത് അഭിപ്രായപ്പെട്ടത്.
എന്നാല്‍, ഒക്‌ടോബറില്‍ നിന്ന് ഡിസംബറിലേക്ക് എത്തുമ്പോള്‍ കാര്യങ്ങള്‍ നേരെ വിപരീതമാണ്. ഒക്‌ടോബറില്‍ ബാരലിന് 86 ഡോളര്‍ വരെ ഉയര്‍ന്ന ക്രൂഡ് വില കഴിഞ്ഞവാരം 14 മാസത്തെ താഴ്ചയായ 49 ഡോളറിലെത്തി. ഡോളറിനെതിരെ 73 വരെ തകര്‍ന്ന രൂപ, ഇപ്പോഴുള്ളത് 69.58ല്‍. പലിശനിര്‍ണയത്തിന്റെ മുഖ്യഘടകമായ റീട്ടെയില്‍ നാണയപ്പെരുപ്പം നാല് ശതമാനത്തില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. ഇതാകട്ടെ, ഒക്‌ടോബറില്‍ ഒരു വര്‍ഷത്തെ താഴ്ചയായ 3.31 ശതമാനവുമാണ്.
നടപ്പുവര്‍ഷത്തെ ആദ്യപാദമായ ഏപ്രില്‍ജൂണില്‍ 8.2 ശതമാനം ജി.ഡി.പി വളര്‍ച്ച നേടിയ ഇന്ത്യ, രണ്ടാംപാദത്തില്‍ (ജൂലായ്-സെപ്തംബര്‍) 7.1 ശതമാനത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. സാമ്പത്തിക വളര്‍ച്ചയ്ക്ക് കുതിപ്പേകാന്‍ പലിശഭാരം കുറയണമെന്ന ധനമന്ത്രാലയത്തിന്റെ ആവശ്യവും നിലനില്‍ക്കുന്നു. ഫലത്തില്‍, പലിശനിരക്ക് നിലനിറുത്താനല്ല, കുറയ്ക്കാന്‍ തന്നെ അനുകൂലമാണ് സാഹചര്യം. എങ്കിലും, ‘കാത്തിരുന്ന് കാണാം’ എന്ന നിലപാടിലുറച്ച് റിസര്‍വ് ബാങ്ക് ഇക്കുറിയും നിരക്കുകള്‍ നിലനിറുത്താനാണ് സാധ്യത.

Post Your Comments Here ( Click here for malayalam )
Press Esc to close