വഴുതന കിലോക്ക് 20 പൈസ; രണ്ടേക്കര്‍ വഴുതനപ്പാടം വെട്ടിനശിപ്പിച്ച് കര്‍ഷകന്‍

വഴുതന കിലോക്ക് 20 പൈസ; രണ്ടേക്കര്‍ വഴുതനപ്പാടം വെട്ടിനശിപ്പിച്ച് കര്‍ഷകന്‍

രാംനാഥ് ചാവ്‌ല-
മുംബൈ: ആശിച്ച് കൃഷിചെയ്ത വഴുതന വിളവെടുത്തപ്പോള്‍ കിട്ടിയ തുച്ഛവിലയില്‍ മനംനൊന്ത് രണ്ടേക്കര്‍ പാടത്തെ കൃഷി കര്‍ഷകന്‍ വെട്ടിനശിപ്പിച്ചു. മറ്റൊരു കര്‍ഷകന്‍ ഏഴര ക്വിന്റല്‍ ഉള്ളി വിറ്റു കിട്ടിയ നിസ്സാരതുക, പ്രധാനമന്ത്രിക്ക് അയച്ചു കൊടുത്ത് പ്രതിഷേധിച്ചതിന് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ പുതിയ സംഭവം.
അഹമ്മദ് നഗര്‍ ജില്ലയിലെ സാകുരി ഗ്രാമത്തില്‍ രാജേന്ദ്ര ബാവക്കെ എന്ന കര്‍ഷകനാണ് വഴുതനക്കൃഷി നശിപ്പിച്ചത്. മൊത്തവ്യാപാരകേന്ദ്രത്തില്‍ വഴുതന വില്‍ക്കാനെത്തിച്ചപ്പോള്‍ കിലോയ്ക്ക് 20 പൈസ നിരക്കിലാണ് കിട്ടിയത്. രണ്ടു ലക്ഷം രൂപ മുതല്‍മുടക്കി കൃഷിചെയ്തിട്ട് നേടാനായത് 65,000 രൂപ മാത്രമാണെന്ന് രാജേന്ദ്ര പറയുന്നു. നിരാശനായ ഇദ്ദേഹം അടുത്ത വിളപ്പെടുപ്പിനായി നട്ട വഴുതനച്ചെടികള്‍ മുഴുവന്‍ വെട്ടിനശിപ്പിക്കുകയായിരുന്നു.
ആധുനിക കൃഷിരീതികള്‍ അവലംബിച്ചാണ് കൃഷി തുടങ്ങിയത്. വളവും മരുന്നും വാങ്ങിയ വകയില്‍ കടക്കാരന് 35,000 രൂപ നല്‍കാനുണ്ട്. കടം എങ്ങനെ വീട്ടുമെന്ന ആധിയിലാണ് താനെന്നും രാജേന്ദ്ര പറയുന്നു.
നാസിക്ക്, സൂറത്ത് എന്നിവിടങ്ങളിലെ മൊത്തവ്യാപര കമ്പോളങ്ങളിലാണ് വഴുതനങ്ങ വില്‍ക്കാന്‍ പോയത്. രണ്ടിടത്തും കിലോക്ക് 20 പൈസ പ്രകാരമാണ് വഴുതനക്കച്ചവടക്കാര്‍ പറഞ്ഞത്. ഇനിയുമൊരു നഷ്ടം സഹിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അടുത്ത വിള നശിപ്പിച്ചതെന്ന് രാജേന്ദ്ര പറയുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close