ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍; പോലീസ് യോഗം വിളിച്ചു

ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍; പോലീസ് യോഗം വിളിച്ചു

ഗായത്രി-
കൊച്ചി: കൂട്ടത്തോടെ ചോര്‍ന്ന ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്ന അതീവഗൗരവമായ സാഹചര്യത്തെ തുടര്‍ന്ന്, എല്ലാ ബാങ്കുകളുടെയും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം പോലീസ് വിളിച്ചു. ജനുവരി രണ്ടിന് തിരുവനന്തപുരത്താണ് യോഗം. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഒരുതരത്തിലും ചോരാതിരിക്കാന്‍ സോഫ്റ്റ്‌വെയറില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ബാങ്കുകളുടെ ഡേറ്റാബേസില്‍ നിന്നാണ് അക്കൗണ്ടുടമകളുടെ വിവരങ്ങള്‍ ചോരുന്നത്. ഡേറ്റാബേസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ന്നത് മനസിലാക്കിയാലും ബാങ്കുകള്‍ പുറത്തു പറയില്ല. അക്കൗണ്ടിലെ പണം സംരക്ഷിക്കുന്ന ബാങ്കുകള്‍, വിവരങ്ങള്‍ ചോരുന്നത് കണ്ടില്ലെന്ന് നടിക്കും. കാര്‍ഡ് മാറ്റാനോ പാസ്‌വേര്‍ഡ് പുതുക്കാനോ ഉപഭോക്താക്കളോട് നിര്‍ദ്ദേശിക്കാറുമില്ല. ഡേറ്റാ ചോര്‍ന്നാലും തങ്ങള്‍ക്ക് നഷ്ടമുണ്ടാവുന്നില്ലെന്ന മനോഭാവമാണ് ബാങ്കുകള്‍ക്ക്. ഈ സുരക്ഷാപിഴവ് മുതലെടുത്താണ് ബാങ്കിംഗ് തട്ടിപ്പുകള്‍ വ്യാപകമാവുന്നത്. ഈ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് ബാങ്കുകള്‍ക്ക് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കും.
തലസ്ഥാനത്തെ നൂറുകണക്കിന് അക്കൗണ്ട് ഉടമകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളാണ് ഡാര്‍ക്ക് നെറ്റ് വെബില്‍ വില്‍പ്പനക്ക് വച്ചിട്ടുള്ളത്. സുരക്ഷിതമല്ലാത്ത ഇകോമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതും ചെറിയ തുകയ്ക്കു പോലും ക്രെഡിറ്റ് കാര്‍ഡുപയോഗിക്കുന്നതും വിവരങ്ങള്‍ ചോരാനിടയാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളില്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുത്. ഡോട്ട് കോം എന്ന് അവസാനിക്കുന്ന വെബ്‌സൈറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിന് ഒറ്റത്തവണ പാസ്‌വേര്‍ഡ് (ഒ.ടി.പി) ആവശ്യമില്ല.
ക്രെഡിറ്റ് കാര്‍ഡിലേക്കും ബാങ്ക് അക്കൗണ്ടുകളിലേക്കും നുഴഞ്ഞുകയറി ലക്ഷങ്ങള്‍ ഊറ്റിയെടുക്കുന്ന ജാര്‍ഖണ്ഡിലെ ജംതാരയിലെ ഹൈടെക്ക് കൊള്ളക്കാരെ നേരത്തേ സൈബര്‍ഡോം കണ്ടെത്തിയിരുന്നു. ഇവരുടെ വിവരങ്ങള്‍ ജാര്‍ഖണ്ഡ് ഡി.ജി.പിക്കും റിസര്‍വ് ബാങ്കിനും കേന്ദ്രസര്‍ക്കാരിനും കൈമാറിയിരുന്നു. ബാങ്ക് ആപ്ലിക്കേഷനുകളിലെ ഗുരുതരമായ സുരക്ഷാവീഴ്ചകള്‍ ഉടനടി പരിഹരിക്കണമെന്ന് ബാങ്കുകളോടും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് നാല് ബാങ്കുകള്‍ സുരക്ഷാ പിഴവുകള്‍ പരിഹരിച്ചു. തലസ്ഥാനത്ത് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിയെടുത്തെന്ന പരാതികളില്‍ 150ലേറെ കേസുകളുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close