Month: December 2018

ഇന്‍ഡിഗോ ഇന്ത്യയിലെ ഏറ്റവും മോശം വിമാന കമ്പനി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സ്വകാര്യ വിമാനകമ്പനിയായ ഇന്‍ഡിഗോയാണ് ഇന്ത്യയിലെ ഏറ്റവും മോശം വിമാന കമ്പനിയെന്ന് പാര്‍ലമെന്റിറി സമിതി. ലഗേജ് പോളിസിയില്‍ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യ മികച്ച പ്രകടനം നടത്തുന്നുവെന്നും പാര്‍ലമന്റെറി സമിതി കണ്ടെത്തിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ ഒ.ബ്രിയന്‍ ചെയര്‍മാനായ സമിതിയുടേതാണ് കണ്ടെത്തല്‍.
ടൂറിസം, സാംസ്‌കാരികം, റോഡ്, ഷിപ്പിംഗ് ആന്റ്് എവിയേഷന്‍ തുടങ്ങിയ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ചാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ചില വിമാന കമ്പനികള്‍ അധിക തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പാര്‍ലമെന്ററി സമിതി വ്യക്തമാക്കുന്നു.
ഉപഭോക്താക്കളുടെ പരാതികളോട് കൃത്യമായി ഇന്‍ഡിഗോ പ്രതികരിക്കുന്നില്ലെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. സമിതിയിലെ 30 അംഗങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഏകഅഭിപ്രായമാണ് ഉള്ളത്.

സിനിമയെ പോലെ യാത്രയും ഏറെ ഇഷ്ടം: ഭാമ

ഫിദ-
സിനിമയെ പോലെ തന്നെ താന്‍ പ്രണയിക്കുന്ന ഒന്നാണ് യാത്രകളെന്ന് നടി ഭാമ. ഓരു പ്രമുഖ സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ ഇത്തരത്തില്‍ പ്രതികരിച്ചത്. എന്നാല്‍ താന്‍ െ്രെഡവിങ് പഠിച്ചതും ആത്മവിശ്വാസത്തോടെ വണ്ടിയും കൊണ്ട് റോഡിലിറങ്ങാന്‍ തുടങ്ങിയതും ഒരു വാശിയുടെ പുറത്താണെന്നും ഭാമ കൂട്ടിച്ചേര്‍ക്കുന്നു.
ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളാണ്. വീട്ടില്‍ വണ്ടി വന്നപ്പോള്‍ എല്ലാവരും െ്രെഡവിംഗ് പഠിക്കാന്‍ തുടങ്ങി. എന്റെ ചേച്ചിയാണ് എന്നേക്കാള്‍ മുന്നേ പഠിച്ചെടുത്തത്. അതോടെ അവളുടെ ആറ്റിറ്റിയൂഡ് മൊത്തം ചെയ്ഞ്ച് ആയി. ഒരുതരം ആണത്തം വന്നത് പോലെ. ഒരു വാശിപ്പുറത്താണ് ഞാന്‍ െ്രെഡവിംഗ് പഠിച്ചത്. ആദ്യം ടൂ വീലറാണ് പഠിച്ചത്. സിനിമയില്‍ സജീവമായപ്പോള്‍ ഫോര്‍വീലര്‍ പഠിക്കേണ്ടത് ആവശ്യമായി വന്നു. െ്രെഡവിംഗ് പഠിച്ചെങ്കിലും റോഡിലിറക്കാന്‍ ഭയമായിരുന്നു. ഒരു ദിവസം രാത്രി ഞാനും കസിന്‍സും ചേര്‍ന്ന് വല്ലാര്‍പ്പാടം പള്ളിയില്‍ പോയി. ബന്ധുക്കള്‍ വലിയ വണ്ടിയിലും ഞാനും കസിന്‍സും കാറിലുമായിരുന്നു. ചേച്ചിയാണ് വണ്ടി ഓടിച്ചത്. റോഡില്‍ തിരക്കില്ല. ഇനി ഞാന്‍ െ്രെഡവിംഗ് ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ‘വേണ്ട നിനക്കാവില്ലെ’ന്ന് അനുജത്തി പറഞ്ഞു.
അതെനിക്ക് ഭയങ്കര ഇന്‍സള്‍ട്ടായി. പള്ളിയെത്തി എല്ലാവരും ഇറങ്ങിയപ്പോള്‍ ഞാന്‍ കീ വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് സീപോര്‍ട് എയര്‍പോര്‍ട്ട് റോഡിലൂടെ കുതിച്ചു. മനസ് നിറയെ വാശിയായിരുന്നു. എന്റെ പോക്ക് കണ്ട് ചേട്ടന്മാരും മറ്റൊരു വണ്ടിയില്‍ എന്നെ പിന്തുടര്‍ന്നു. നല്ല സ്പീഡിലാണ് യാത്രയെന്നറിയാം. എന്നാലും വാശിപ്പുറത്ത് സ്പീഡ് കുറ്ക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇരുവരും ടോള്‍ബൂത്തിനടുത്ത് എത്തിയപ്പോള്‍ ടോള്‍ കൊടുക്കാന്‍ കാശിന് പേഴ്‌സ് ഇല്ല എന്ന് മനസിലായി. അങ്ങനെ യുടേണ്‍ എടുത്ത് തിരിച്ചു പോന്നു. അതിന് ശേഷമാണ് ഞാന്‍ ധൈര്യത്തോടെ വണ്ടി റോഡിലിറക്കാന്‍ തുടങ്ങിയത്.

ടെലിവിഷന്‍ ചാനലുകളുടെ വരിസംഖ്യ നിരക്ക് മാറിയേക്കും

ഫിദ-
ടെലിവിഷന്‍ ചാനലുകളുടെ വരിസംഖ്യ നിരക്കില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണ ചട്ടം ശനിയാഴ്ച നിലവില്‍ വരാനിരിക്കെയാണ് ഉപയോക്താക്കളില്‍ ആശങ്ക. നിരക്ക് കുറയുമെന്ന് ട്രായ് ഉറപ്പിച്ചുപറയുമ്പോള്‍ നിലവില്‍ കാണുന്ന ചാനലുകള്‍ വീണ്ടും ലഭിക്കാന്‍ കൂടുതല്‍ പണം മുടക്കേണ്ടിവരുമെന്നാണ് കേബിള്‍ ടി.വിഡി.ടി.എച്ച് കമ്പനികളുടെ നിലപാട്. പാക്കേജുകളിലും പ്രതിമാസ നിരക്കുകളിലും കള്ളക്കളിയുണ്ടാവില്ലെന്നത് ഉപയോക്താക്കള്‍ക്ക് നേട്ടമാവും. പുതിയ ചട്ടം വരുന്നതോടെ ചാനലുകള്‍ കിട്ടാതാകുമെന്ന പ്രചാരണം ട്രായ് തള്ളിക്കളഞ്ഞിട്ടുമുണ്ട്. 100 സൗജന്യ ചാനലുകള്‍ നികുതി ഉള്‍പ്പെടാതെ 130 രൂപക്ക് നല്‍കണമെന്നതാണ് ട്രായിയുടെ പ്രധാന നിര്‍ദേശങ്ങളിലൊന്ന്. ഇതില്‍ 24 ചാനലുകള്‍ പ്രസാര്‍ ഭാരതിയുടേതാണ്. കൂടുതല്‍ ആവശ്യമാണെങ്കില്‍ 25 ചാനലിന് 20 രൂപ എന്ന രീതിയില്‍ തെരഞ്ഞെടുക്കാം. കേരള ടെലിവിഷന്‍ ഫെഡറേഷന്‍ ഈ ആനുകൂല്യം സംബന്ധിച്ച പരസ്യം മാധ്യമങ്ങളില്‍ നല്‍കുന്നുണ്ട്.
പുതിയ നിയന്ത്രണം വരുന്നതോടെ പേചാനലുകളുടെ (പ്രത്യേകം പണം കൊടുക്കേണ്ടവ) എണ്ണം കൂടും. നിലവില്‍ രാജ്യത്ത് 873 ചാനലുകളാണ് രജിസ്റ്റര്‍ ചെയ്ത് സംപ്രേഷണം നടത്തുന്നത്. ഇതില്‍ 541ഉം സൗജന്യമാണ്. 332 എണ്ണമാണ് പേ ചാനലുകള്‍. മലയാളത്തില്‍ 14 എണ്ണം പേ ചാനലുകളാണ്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് എച്ച്.ഡി, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ്, സൂര്യ, സൂര്യ എച്ച്.ഡി, സൂര്യ മ്യൂസിക്, സൂര്യ മൂവീസ്, സൂര്യ കോമഡി, കൊച്ചു ടി.വി, ന്യൂസ് 18 കേരളം, സീ കേരളം, സീ കേരളം എച്ച്.ഡി, രാജ് ന്യൂസ് എന്നിവയാണ് അവ. ഒരു പേ ചാനലിന്റെ മാസവരിസംഖ്യ 19 രൂപയില്‍ കൂടരുതെന്ന നിര്‍ദേശം ഉപയോക്താവിന് ഗുണകരമാകുമെങ്കിലും കേബ്ള്‍ ഓപറേറ്റര്‍മാരും ഡി.ടി.എച്ച് കമ്പനികളും നിരക്കുകളും പാക്കേജുകളും പ്രഖ്യാപിച്ചാലേ പൂര്‍ണ ചിത്രം വ്യക്തമാകൂ.
വന്‍ തുക ഈടാക്കിയിരുന്ന സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകള്‍ നിരക്ക് കുറച്ചിട്ടുണ്ട്. 90 രൂപ വരെ ഓരോന്നിനും വരിസംഖ്യയുണ്ടായിരുന്ന സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചാനലുകള്‍ക്ക് പരമാവധി 19 രൂപ നല്‍കിയാല്‍ മതി. സോണിഇ.എസ്.പി.എന്നിന് അഞ്ചും ടെന്‍ വണിന് 19ഉം ടെന്‍ ടുവിന് 15ഉം ടെന്‍ ത്രീക്ക് 17ഉം രൂപ കൊടുത്താല്‍ മതി. വമ്പന്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രത്യേക പാക്കേജിനും (ബൊക്കെ) തുക തീരുമാനിച്ചിട്ടുണ്ട്. സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്റെ മുഴുവന്‍ ചാനലുകള്‍ക്കും 287 രൂപയാണ് പ്രതിമാസ വരിസംഖ്യ. ഏഷ്യാനെറ്റടക്കമുള്ള സ്റ്റാര്‍ മലയാളത്തിന് 39 രൂപയാണ്. കേബ്ള്‍ ഓപറേറ്റര്‍മാരും ഡി.ടി.എച്ച് കമ്പനികളും ശനിയാഴ്ചക്കുമുമ്പ് പാക്കേജ് നിരക്കുകള്‍ പ്രഖ്യാപിക്കണം. ടാറ്റാ സ്‌കൈക്ക് ജനുവരി 10 വരെ കോടതി സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമുള്ള ചാനലുകള്‍ മാത്രം തിരഞ്ഞെടുക്കുന്നതിനാല്‍ നിരക്ക് കുറയുമെന്നാണ് ട്രായ് അധികൃതരുടെ പക്ഷം. ചാനലുകള്‍ കേബ്ള്‍ ടി.വി, ഡി.ടി.എച്ച് നെറ്റ്‌വര്‍ക്കുകളില്‍ ഉള്‍പ്പെടുത്താനുള്ള കാര്യേജ് ഫീസും ശനിയാഴ്ച മുതല്‍ കുറയും.

പുതു ചരിത്രമെഴുതി കെജിഎഫ്

ഗായത്രി-
സിനിമാ ചരിത്രത്തിലെ പുതു ചരിത്രമാകാനൊരുങ്ങുകയാണ് കന്നഡ സിനിമായായ കെജിഎഫ്. വരുമാനമേറിയ കന്നഡ ചിത്രം എന്ന ഖ്യാതിയാണ് ഇതിനകം ഈ സിനിമ നേടിയിരിക്കുന്നത്. യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ ആണ് കെജിഎഫ് സംവിധാനം ചെയ്തത്. കന്നഡ ഒറിജിനല്‍ പതിപ്പിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം പതിപ്പുകളും ഒരുമിച്ചാണ് തിയറ്ററുകളിലെത്തിയത്. ഹിന്ദി ബെല്‍റ്റില്‍ ചിത്രത്തിന് ലഭിക്കുന്ന കളക്ഷന്‍ ബോളിവുഡിനെത്തന്നെ അമ്പരപ്പിക്കുംവിധമാണ്.
അഞ്ച് ഭാഷാ പതിപ്പുകളില്‍ നിന്നുമായി റിലീസ് ദിനത്തില്‍ 18.1 കോടി നേടിയ ചിത്രത്തിന്റെ ആദ്യ അഞ്ച് ദിനങ്ങളിലെ ആഗോള ബോക്‌സോഫീസ് കളക്ഷന്‍ അമ്പരപ്പിക്കുന്നതാണ്. ആദ്യ അഞ്ച് ദിനങ്ങളില്‍ 100 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട് ചിത്രം. കൃത്യമായി പറഞ്ഞാല്‍ 101.8 കോടിയെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട വിവരം. ഇതില്‍ കൂടുതല്‍ തുകയുമെത്തിയത് കര്‍ണാടകയില്‍ നിന്നുതന്നെയാണ്. 62 കോടിയാണ് ചിത്രം ആദ്യ അഞ്ച് ദിനങ്ങളില്‍ കര്‍ണാടകയില്‍ നിന്ന് നേടിയത്. ആന്ധ്രയിലും തെലെങ്കാനയില്‍ നിന്നുമായി 7.3 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 4.5 കോടി, വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5 കോടി, ഒപ്പം കേരളത്തില്‍ നിന്ന് രണ്ട് കോടിയും.

സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പരത്തുന്നത് തടയും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പരത്തല്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി രഹസ്യകോഡുകളായി സൂക്ഷിച്ചിരിക്കുന്ന (എന്‍ക്രിപ്റ്റഡ്) വിവരങ്ങള്‍ ചുരുളഴിച്ചെടുക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നു. ഇതുസംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെങ്കിലും സര്‍ക്കാരും സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.
ആള്‍ക്കൂട്ട അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പേരിലാണെങ്കിലും സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹതകളും ദുരുദ്ദേശ്യങ്ങളും പലതുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെയും നേരിടാന്‍ നിര്‍ദിഷ്ട നിയമഭേദഗതി സഹായിക്കും.
എന്‍ക്രിപ്റ്റഡ് വിവരങ്ങള്‍ ഡീക്രിപ്റ്റ് ചെയ്‌തെടുക്കുന്നതില്‍ വാട്‌സ് ആപ് വിസമ്മതം അറിയിച്ചു കഴിഞ്ഞു. തങ്ങളുടെ ആധികാരികത നഷ്ടപ്പെടുമെന്നാണ് വാട്‌സ് ആപ് അധികൃതര്‍ പറയുന്നത്.
രഹസ്യ കോഡുകളിലുള്ള മുഴുവന്‍ വിവരങ്ങളും ആവശ്യമില്ലെന്നും സംഘര്‍ഷം പരത്തുന്ന വിദ്വേഷ സന്ദേശങ്ങളുടെ ഉറവിടം മാത്രം കണ്ടെത്തിയാല്‍ മതിയെന്നുമാണു സര്‍ക്കാരിന്റെ പക്ഷം. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെ ത്താന്‍ മറ്റു പോംവഴികളുണ്ടോ എന്നും സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളോടു ചോദിച്ചിട്ടുണ്ട്.
വ്യാജസന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കു മാസത്തില്‍ ഒരു തവണ മുന്നറിയിപ്പ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്, ആമസോണ്‍, യാഹൂ, ട്വിറ്റര്‍, ഷെയര്‍ചാറ്റ്, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ജനുവരി ഏഴിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്ന് സോഷ്യല്‍ മീഡിയ കന്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബാങ്കുകള്‍ സ്തംഭിച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കി. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സി(യുഎഫ്ബിയു)ന്റെ നേതൃത്വത്തില്‍ എല്ലാ യൂണിയനുകളുംകൂടിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. പത്തുലക്ഷത്തോളം വരുന്ന ജീവനക്കാരാണ് പണിമുടക്കിയത്.

പുഷ് ബട്ടണോടുകൂടിയ ക്രഡിറ്റ് കാര്‍ഡുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പുഷ് ബട്ടണോടുകൂടിയ ഇന്ററാക്ടീവ് ക്രഡിറ്റ് കാര്‍ഡുമായി പുതുതലമുറ ബാങ്കായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. നെക്സ്റ്റ് (Nexxt) ക്രഡിറ്റ് കാര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ കാര്‍ഡില്‍ മൂന്ന് പുഷ് ബട്ടണുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് എളുപ്പത്തില്‍ പര്‍ച്ചേസ് നടത്താനാകും. ഇഎംഐ, റിവാര്‍ഡ്, സാധാരണ ക്രഡിറ്റ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ പര്‍ച്ചേസ് ചെയ്യുന്ന സമയത്ത് തന്നെ ഉപഭോക്താവിന് തെരഞ്ഞെടുക്കാം. ഇഎംഐ ഉപയോഗിച്ചാണ് ഒരു ഉത്പന്നം വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കാര്‍ഡിലെ ഇഎംഐ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഇഎംഐ കാലാവധി തിരഞ്ഞെടുക്കാനായി ഇടതുവശത്ത് എല്‍ഇഡി ലൈറ്റ് തെളിയും. ബട്ടണ്‍ വീണ്ടും അമര്‍ത്തി അനുയോജ്യമായ കാലാവധിക്ക് നേരെയുള്ള ലൈറ്റ് തെളിയുമ്പോള്‍ കാര്‍ഡ് റീഡറില്‍ ഇന്‍സേര്‍ട്ട് ചെയ്യുക. ഇതോടെ പര്‍ച്ചേസ് അപ്പോള്‍ തന്നെ ഇഎംഐ ആയി മാറ്റപ്പെടും. പര്‍ച്ചേസ് നടത്തിയ ശേഷം ഇഎംഐ ആക്കേണ്ട ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കാം. റിവാര്‍ഡ് ആണ് രണ്ടാമത്തെ ബട്ടണ്‍. കാര്‍ഡ് ഉപയോഗിച്ച് 150 രൂപക്ക് പര്‍ച്ചേസ് ചെയ്യുമ്‌ബോള്‍ ഒരു റിവാര്‍ഡ് പോയിന്റ് ലഭിക്കും. ഇങ്ങനെ കൂടുതല്‍ റിവാര്‍ഡ് പോയിന്റുകള്‍ ആകുമ്‌ബോള്‍ അതില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നം വാങ്ങാന്‍ സഹായിക്കുന്നതാണ് ഈ ബട്ടണ്‍. റിവാര്‍ഡ് ബട്ടണ്‍ അമര്‍ത്തിയ ശേഷം ക്രഡിറ്റ് കാര്‍ഡ് സൈ്വപ് ചെയ്താല്‍ റിവാര്‍ഡ് പോയിന്റില്‍ നിന്നാകും പണം ഡെബിറ്റ് ചെയ്യപ്പെടുക. സാധാരണ രീതിയിലുള്ള ക്രഡിറ്റ് കാര്‍ഡ് ട്രാന്‍സാക്ഷന് വേണ്ടിയുള്ളതാണ് മൂന്നാമത്തെ ബട്ടണ്‍.

ഹോട്ടല്‍ ജീവനക്കാരില്‍ നിന്നും കന്നഡ നടിക്ക് മോശം പെരുമാറ്റം

ഗായത്രി-
മലയാള സിനിമയുടെ ചിത്രീകരണത്തിനിടെ തങ്ങിയ ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും മോശം പെരുമാറ്റവും അപമാനവും ഉണ്ടായെന്ന് ആരോപിച്ച് കന്നഡ നടി അക്ഷത ശ്രീധര്‍ ശാസ്ത്രി. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി പരാതിയും നല്‍കി. ചെന്നൈയിലും കൊച്ചിയിലുമായി ചിത്രീകരിക്കുന്ന ‘കൊച്ചിന്‍ ഷാദി അറ്റ് ചെന്നൈ 03’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
ചിത്രീകരണത്തിനിടെ നടി താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരില്‍ നിന്നുമാണ് ദുരനുഭവം നേരിടേണ്ടി വന്നത്. ഹോട്ടല്‍ മുറി വൃത്തിയാക്കാത്തതില്‍ നടി പ്രതികരിച്ചിരുന്നു. ഇതിനാലാണ് ജീവനക്കാര്‍ മോശമായി പെരുമാറിയതെന്ന് നടി പരാതിയില്‍ പറയുന്നു. മുറി വൃത്തിയാക്കാന്‍ നിങ്ങള്‍ രാജകുമാരിയല്ലല്ലോയെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ ഇരുന്നയാള്‍ തന്നോട് ചോദിച്ചെന്നും ഇതുവരെ താമസിച്ചതിന്റെ പണം നല്‍കിയില്ലെന്ന് പറഞ്ഞ് അപമാനിക്കുകയായിരുന്നെന്നും നടി പറഞ്ഞു.
സംഭവത്തെക്കുറിച്ച സിനിമയുടെ അണിയറപ്രവര്‍ത്തകരോട് സംസാരിച്ചെങ്കിലും അവരും തന്റെ ഭാഗത്തുനിന്നില്ലെന്ന് നടി ആരോപിക്കുന്നു.
ഇതിന് പിന്നാലെ കേരളാ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാഞ്ഞതിനാലാണ് താന്‍ ബംഗളൂരുവിലേക്ക് മടങ്ങിയതെന്നും നടി പറഞ്ഞു.

‘രക്തം… സാക്ഷി’യില്‍ സയനോരയുടെ ശബ്ദംസാക്ഷി

ഫിദ-
ഈ വര്‍ഷത്തെ അഖില കേരള റേഡിയോ നാടകോത്സവത്തിന്റെ നാലാം ദിവസമായ 26-12-18 ന് രാത്രി 9:30ന് പിന്നണിഗായിക സയനോര ഫിലിപ്പ് കേന്ദ്ര കഥാപാത്രത്തിന് ശബ്ദം പകരുന്ന ‘രക്തം… സാക്ഷി’ കേരളത്തില്‍ ആകാശവാണി നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യും. തെന്നിന്ത്യയെ ത്രസിപ്പിച്ച ആലാപനശബ്ദമായ സയനോര ഫിലിപ്പ് ശബ്ദഭാവങ്ങള്‍ പകരുന്ന ആദ്യ റേഡിയോ നാടകമാണ് രക്തം.. സാക്ഷി. ചാരുലതശങ്കര്‍ എന്ന അസാമാന്യ സ്ത്രീ വ്യക്തിത്വത്തിന്റെ വിഭിന്ന ഭാവങ്ങള്‍ക്കാണ് സയനോര ഈ നാടകത്തില്‍ ജീവന്‍ പകരുന്നത്. ശ്യമപ്രസാദ് സംവിധാനം ചെയ്ത ‘ഹേയ് ജ്ജൂഡ് എന്ന സിനിമയില്‍ തൃഷയ്ക്ക് വേണ്ടി ഇതിന് മുന്‍പ് സയനോര ശബ്ദം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ ആകാശവാണി നിലയം അവതരിപ്പിക്കുന്ന ‘രക്തം… സാക്ഷി’ യുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് റേഡിയോ ശ്രോതാക്കള്‍ക്ക് സുപരിചിതനായ കെ. വി. ശരത്ചന്ദ്രനാണ്. ശാന്തസമുദ്രം, ഒറ്റ, വിതയ്ക്കുന്നവന്റെ ഉപമ എന്നീ നാടകങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം നേടിയ ഇദ്ദേഹം കണ്ണൂര്‍ ആകാശവാണിയിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവാണ്. ‘രക്തം… സാക്ഷി’ യില്‍ സയനോരയോടൊപ്പം പ്രശസ്ത നാടക പ്രവര്‍ത്തകരായ പി. ടി. മനോജ്, കുഞ്ഞിക്കണ്ണന്‍ ചെറുവത്തൂര്‍, സുധി കാല്ല്യാശ്ശേരി എന്നിവരും ശബ്ദം പകരുന്നുണ്ട്.

പുതുവര്‍ഷത്തില്‍ ബാങ്കിടപാട് മുടങ്ങിയേക്കാം

ഫിദ-
കൊച്ചി: മാഗ്‌നറ്റിക് സ്ട്രിപ് അടിസ്ഥാനമാക്കിയുള്ള ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ 2018 ഡിസംബര്‍ 31 വരെ മാത്രമേ നടത്താന്‍ കഴിയൂ എന്നാണ് നിര്‍ദേശം. ഡെബിറ്റ് കാര്‍ഡുകളിലെയും ക്രെഡിറ്റ് കാര്‍ഡുകളിലെയും വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് മാഗ്‌നറ്റിക് സ്ട്രിപ് അടിസ്ഥാനമാക്കിയുള്ള കാര്‍ഡുകളുടെ ഉപയോഗത്തിന് 2015 മുതല്‍ റിസര്‍വ്ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത്.
2015 സെപ്റ്റംബര്‍ ഒന്നു മുതല്‍ വിതരണം ചെയ്യുന്ന ബാങ്ക് കാര്‍ഡുകള്‍ ചിപ് അടിസ്ഥാനത്തിലുള്ളത് ആയിരിക്കണമെന്ന് റിസര്‍വ് ബാങ്ക് മൂന്നു വര്‍ഷം മുമ്പാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. അതിനുമുമ്പ് വിതരണം ചെയ്ത മാഗ്‌നറ്റിക് സ്ട്രിപ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ച് അവയും ചിപ് അടിസ്ഥാനത്തിലുള്ളതാക്കി മാറ്റണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 70 ശതമാനം പഴയ കാര്‍ഡുകള്‍ മാത്രമാണ് ഇത്തരത്തില്‍ പുതുക്കി നല്‍കിയത് എന്നാണ് ബാങ്കുകള്‍ വിശദീകരിക്കുന്നത്.മാഗ്‌നറ്റിക് സ്ട്രിപ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകള്‍ കടകളിലും മറ്റും പി.ഒ.എസ് മെഷീനുകളില്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമല്ല.
അതേസമയം, ചിപ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകള്‍ ആണെങ്കില്‍ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍കൂടി ടൈപ് ചെയ്താലേ ഇടപാടുകള്‍ സാധ്യമാവൂ.
അതിനാല്‍തന്നെ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി പണം തട്ടാനാവില്ല. മാത്രമല്ല, മാഗ്‌നറ്റിക് സ്ട്രിപ്അടിസ്ഥാനത്തിലുള്ള കാര്‍ഡുകളില്‍നിന്ന് വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ എളുപ്പവുമാണ്.
മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ക്ക് 2018 ഡിസംബര്‍ 31 വരെ മാത്രമേ കാലാവധിയുള്ളൂ എന്ന് റിസര്‍വ്ബാങ്ക് പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ നെട്ടോട്ടത്തിലാണ്. ഒരു വര്‍ഷത്തിനിടെ സ്ട്രിപ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു പ്രാവശ്യമെങ്കിലും ഇടപാട് നടത്തിയവര്‍ക്കെല്ലാം തങ്ങള്‍ പുതിയ കാര്‍ഡുകള്‍ അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് പ്രമുഖ ദേശസാത്കൃത ബാങ്ക് വിശദീകരിക്കുന്നത്.
എന്നാല്‍, ഇത്തരം കാര്‍ഡ് ഉപയോഗിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എല്ലാ മാസവും ഇടപാട് നടത്തിയിട്ടും ചിപ് കാര്‍ഡായി പുതുക്കി ലഭിച്ചിട്ടില്ലെന്ന് ഇടപാടുകാരും പറയുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ച തീയതിക്ക് ഒരാഴ്ച മാത്രം അവശേഷിക്കെ ബാക്കിയുള്ള മുഴുവന്‍ ഇടപാടുകാര്‍ക്കും കാര്‍ഡ് പുതുക്കിനല്‍കുക സാധ്യമല്ല. അതുകൊണ്ടുതന്നെ തീയതി നീട്ടണമെന്ന ആവശ്യം പൊതുമേഖല ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ മുന്നില്‍ വെച്ചിട്ടുണ്ട്.
എന്നാല്‍, വിവിധ മുന്‍കരുതലുകള്‍ എടുത്തിട്ടും ബാങ്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനിയും കാലപരിധി നീട്ടുന്നത് യുക്തിസഹമല്ല എന്ന നിലപാടിലാണ് റിസര്‍വ്ബാങ്ക്. ഏതായാലും സ്വന്തം കാര്‍ഡ് ഒന്ന് പരിശോധിച്ച് ആവശ്യമെങ്കില്‍ നേരിട്ട് ബാങ്കിലെത്തിയോ ഓണ്‍ലൈനായോ പുതുക്കുന്നതിന് അപേക്ഷ നല്‍കാം.