സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പരത്തുന്നത് തടയും

സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പരത്തുന്നത് തടയും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പരത്തല്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി രഹസ്യകോഡുകളായി സൂക്ഷിച്ചിരിക്കുന്ന (എന്‍ക്രിപ്റ്റഡ്) വിവരങ്ങള്‍ ചുരുളഴിച്ചെടുക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവരുന്നു. ഇതുസംബന്ധിച്ചു തീരുമാനം എടുത്തിട്ടില്ലെങ്കിലും സര്‍ക്കാരും സോഷ്യല്‍ മീഡിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്.
ആള്‍ക്കൂട്ട അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പേരിലാണെങ്കിലും സര്‍ക്കാര്‍ നീക്കത്തില്‍ ദുരൂഹതകളും ദുരുദ്ദേശ്യങ്ങളും പലതുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെയും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരെയും നേരിടാന്‍ നിര്‍ദിഷ്ട നിയമഭേദഗതി സഹായിക്കും.
എന്‍ക്രിപ്റ്റഡ് വിവരങ്ങള്‍ ഡീക്രിപ്റ്റ് ചെയ്‌തെടുക്കുന്നതില്‍ വാട്‌സ് ആപ് വിസമ്മതം അറിയിച്ചു കഴിഞ്ഞു. തങ്ങളുടെ ആധികാരികത നഷ്ടപ്പെടുമെന്നാണ് വാട്‌സ് ആപ് അധികൃതര്‍ പറയുന്നത്.
രഹസ്യ കോഡുകളിലുള്ള മുഴുവന്‍ വിവരങ്ങളും ആവശ്യമില്ലെന്നും സംഘര്‍ഷം പരത്തുന്ന വിദ്വേഷ സന്ദേശങ്ങളുടെ ഉറവിടം മാത്രം കണ്ടെത്തിയാല്‍ മതിയെന്നുമാണു സര്‍ക്കാരിന്റെ പക്ഷം. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം കണ്ടെ ത്താന്‍ മറ്റു പോംവഴികളുണ്ടോ എന്നും സര്‍ക്കാര്‍ സമൂഹ മാധ്യമങ്ങളോടു ചോദിച്ചിട്ടുണ്ട്.
വ്യാജസന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കു മാസത്തില്‍ ഒരു തവണ മുന്നറിയിപ്പ് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍, ഗൂഗിള്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്, ആമസോണ്‍, യാഹൂ, ട്വിറ്റര്‍, ഷെയര്‍ചാറ്റ്, ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ജനുവരി ഏഴിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കാവൂ എന്ന് സോഷ്യല്‍ മീഡിയ കന്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close