Month: December 2018

100 രൂപയുടെ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രമുള്ള 100 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. വാജ്‌പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് പുതിയ നാണയം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.
നാണയത്തിന്റെ ഒരു വശത്തു വാജ്‌പേയിയുടെ ചിത്രവും, ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരും ഉണ്ട്. ചിത്രത്തിനു താഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്.
മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം, സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ, സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ഭാരത് എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ഇന്ത്യ എന്നുമുണ്ട്.
135 ഗ്രാമാണ് നാണയത്തിന്റെ ഭാരം. 50 ശതമാനം വെള്ളി, 40 ശതമാനം ചെമ്പ്, അഞ്ച് ശതമാനം നിക്കല്‍, അഞ്ച് ശതമാനം സിങ്ക് എന്നിവ ഉപയോഗിച്ചാണ് നാണയം നിര്‍മിച്ചിരിക്കുന്നത്.

കേരളത്തെ പുതുക്കിപ്പണിയാന്‍ ജാക്വിലിനൊപ്പം ഋതിക്കും

ഗായത്രി-
കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ നടപ്പിലാക്കുന്ന ‘റീബില്‍ഡ് കേരള’ മിഷനില്‍ ജാക്വിലിന്‍ ഫെര്‍ണ്ടാസിനൊപ്പം ഹൃത്വിക് റോഷനും കൈകോര്‍ക്കും. ജാക്വിലിന്‍ നേതൃത്വം നല്‍കുന്ന പദ്ധതിക്കു വേണ്ടി ‘ജാക്വിലിന്‍ ബില്‍ഡ്‌സ്’ എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ തമിഴ്‌നാട്ടില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനായി നടപ്പിലാക്കിയ ‘ജാക്വിലിന്‍ ബില്‍ഡ്‌സ്’പരിപാടിയുടെ രണ്ടാം ഘട്ടമാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി കേരളത്തില്‍ നടപ്പാക്കുന്നത്.
ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിലാണ് ജാക്വലിന് പിന്തുണയുമായി ഹൃത്വിക് രംഗത്ത് വന്നത്. ശ്രദ്ധ കപൂര്‍, അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ ‘റീബില്‍ഡ് കേരള’ മിഷനില്‍ പങ്കെടുക്കാനുള്ള സന്നദ്ധത നേരത്തേ അറിയിച്ചിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പൂര്‍ണമായോ ഭാഗികമായോ നശിച്ച 6000 വീടുകളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളുമാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്യും.
കേരളത്തിന്റെ പുനര്‍മാണത്തിനായി കൈകോര്‍ക്കാന്‍ ആരാധകരോട് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രളയദുരന്തത്തില്‍ വന്‍തോതില്‍ നാശനഷ്ടം നേരിട്ട കേരളത്തിലെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് രാജ്യത്തിന്റെയാകെ പിന്തുണ ആവശ്യമുണ്ടെന്ന് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ താനും സന്നദ്ധ പ്രവര്‍ത്തകയായി പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചു.
പ്രളയദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടമായി ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ 93,889 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും: കമല്‍ഹാസന്‍

ഫിദ-
ചെന്നൈ: ഈ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം മല്‍സരിക്കുമെന്ന് കമല്‍ഹാസന്‍. തമിഴ്‌നാടിന്റെ വികസനമായിരിക്കും മക്കള്‍ നീതി മയ്യം തെരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണായുധമാക്കുക. തുറന്ന മനസുള്ള പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. തമിഴ് സംസ്‌കാരത്തെ മാറ്റാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
നേരത്തെ തമിഴ്‌നാട്ടിലെ 20 നിയമസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മക്കള്‍ നീതി മയ്യം തയാറാണെന്ന് കമല്‍ഹാസന്‍ അറിയിച്ചിരുന്നു.

 

ഇഷ്ട മീനുകള്‍ ഇനി പാക്കറ്റില്‍

ഫിദ-
തിരു: നെയ്മീനും കരിമീനും ആവോലിയും അടക്കം ഏഴു മത്സ്യവിഭവങ്ങളടങ്ങിയ പാക്കറ്റുമായി മത്സ്യഫെഡ് രംഗത്ത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ക്ക് രുചിയുടെ പുതുമയേകാന്‍ ഏഴു മത്സ്യങ്ങളടങ്ങിയ പാക്കറ്റുകളാണ് ഇന്നു മുതല്‍ ആറു ജില്ലകളിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വിതരണത്തിനായി എത്തിക്കുന്നത്.
നെയ്മീന്‍, ആവോലി, കരിമീന്‍ എന്നിവ കൂടാതെ അയല, വലിയ നത്തോലി, കൊഞ്ച്, ചൂര എന്നീ മത്സ്യങ്ങളടങ്ങിയ പായ്ക്കറ്റുകളാണു ലഭിക്കുന്നത്. ഏഴ് മത്സ്യങ്ങളടങ്ങിയ കിറ്റിന് 2000 രൂപയാണു വില. 500, 1000 രൂപയുടെ മറ്റു കോംബോ കിറ്റുകളും മത്സ്യഫെഡിന്റെ ഫിഷ് മാര്‍ട്ടുകള്‍ വഴി വിതരണം ചെയ്യും. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ച് പായ്ക്കറ്റിനു വില വ്യത്യാസം ഉണ്ടാകും.
തിരുവനന്തപുരം വികാസ്ഭവന്‍, അന്തിപ്പച്ച ഫിഷ്‌റ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട്, കൊല്ലം പൊടിയാടി, പത്തനാപുരം, ശക്തികുളങ്ങര, കോട്ടയം, ഈരാറ്റുപേട്ട, അയര്‍ക്കുന്നം, കഞ്ഞിക്കുഴി, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട്, പുതുപ്പള്ളി, പാലാ, പാമ്പാടി, തിരുവാതുക്കല്‍, വാകത്താനം, നെടുങ്കുന്നം, എറണാകുളം ചെട്ടിച്ചിറ, ഹൈക്കോടതി കവല, കടവന്ത്ര, കതൃക്കടവ്, കൂത്താട്ടുകുളം, പാമ്പാക്കുട, പനമ്പള്ളി നഗര്‍, പിറവം, തേവര, തൃശൂര്‍ അമല നഗര്‍, കോഴിക്കോട് അരയിടത്തുപാലം, തിരുവണ്ണൂര്‍ എന്നിവിടങ്ങളിലാണ് ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ് വിതരണം.
മത്സ്യഫെഡിന്റെ അന്തിപ്പച്ച മൊബൈല്‍ ഫിഷറീസ് യൂണിറ്റിലും ഫീസ്റ്റ് ഓഫ് സെവന്‍ ഫിഷസ് ലഭിക്കും. അഡ്വാന്‍സ് ബുക്കിംഗ് സൗകര്യവുമുണ്ട്. ഫോണ്‍: തിരുവനന്തപുരം 9526041320, 9526041090, കൊല്ലം 9526041258, 9526041389, കോട്ടയം 9526041296, എറണാകുളം 9526041117, തൃശൂര്‍ 9526041397, കോഴിക്കോട് 9526041499.

 

കേരളത്തിന് പ്രളയ സെസ് ചുമത്തുന്ന കാര്യം ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

ഗായത്രി-
തിരു: കേരളത്തിന് പ്രളയ സെസ് ചുമത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിനായുള്ള ഉപസമിതി റിപ്പോര്‍ട്ട് ജിഎസ്ടി കൗണ്‍സില്‍ പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് മുഴുവനായും കുറക്കാനുള്ള തീരുമാനത്തെ കേരളം എതിര്‍ക്കും. സാധാരണക്കാരെ ബാധിക്കുന്ന ഉത്പന്നങ്ങളുടെ നിരക്ക് കുറയ്ക്കാം, എന്നാല്‍ ആഡംബര ഉത്പന്നങ്ങളുടെ നികുതി കുറക്കേണ്ടതില്ലെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.
ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് മുഴുവനായും കുറക്കാനുള്ള തീരുമാനത്തെ കേരളം എതിര്‍ക്കും. സാധാരണക്കാരെ ബാധിക്കുന്ന ഉത്പന്നങ്ങളുടെ നിരക്ക് കുറയ്ക്കാം, എന്നാല്‍ ആഡംബര ഉത്പന്നങ്ങളുടെ നികുതി കുറക്കേണ്ടതില്ലെന്നും ഐസക്ക് കൂട്ടിച്ചേര്‍ത്തു.

 

കാസ്റ്റിംഗ് കൗച്ച് പരസ്യമായ രഹസ്യം

ഗായത്രി-
മീടു കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനമാണെന്ന് തമിഴ് ഗ്ലാമര്‍ താരമായ നമിത. നമ്മുടെ രാജ്യത്ത് ധാരാളം കാപട്യങ്ങളുണ്ട്. ശബരിമല പൂജയും അമ്മന്‍പൂജയും നടത്തുന്നവര്‍ വീട്ടില്‍ ഭാര്യയോടും അമ്മയോടും സഹോദരിയോടും ബഹുമാനമില്ലാതെ പെരുമാറുന്നു, അവരെ ഉപദ്രവിക്കുന്നു’. കാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയില്‍ പരസ്യമായ രഹസ്യമാണ്. യുവതികള്‍ മാത്രമല്ല യുവാക്കളും ഇതിന് ഇരയാണ്. അധികം ആളുകളും തുറന്ന് പറയുന്നില്ല എന്ന് മാത്രം. ‘എനിക്കറിയാം, മിക്ക ആളുകളും വേഷങ്ങള്‍ ലഭിക്കാനായി ഇതിനോടെല്ലാം കഷ്ടപ്പെട്ട് കോംപ്രമൈസ് ചെയ്യുകയാണ്’ നമിത കൂട്ടിച്ചേര്‍ത്തു.
എല്ലാവര്‍ക്കും ബാഹുബലിയും 2.0യും പോലെയുള്ള ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. ‘സ്‌മോള്‍ ബജറ്റ് സിനിമയെ ഞാന്‍ ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും’. ആരും രജനീകാന്തും കമല്‍ ഹാസനുമായി ജനിക്കുന്നില്ല’. എല്ലാവര്‍ക്കും ഒരുപാട് പണം സമ്പാദിക്കാനാകില്ലെന്നും .നമിത പറഞ്ഞു.
മോഹന്‍ലാല്‍ നായകനായ പുലിമുരുഗനിലൂടെയാണ് നമിത മടങ്ങിയെത്തിയത്. പിന്നീട് അവര്‍ വീണ്ടും ബിഗ് സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷയായി. എന്നാല്‍ മിനി സ്‌ക്രീനില്‍ താരം നിറഞ്ഞു നിന്നു. ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ് നമിത. അകംഭാവം എന്ന തമിഴ് സിനിമയിലാണ് നമിത അഭിനയിക്കുക.

പ്രശസ്ത നാടക സംവിധായകനും നടനുമായ കെഎല്‍ ആന്റണി അന്തരിച്ചു

ഫിദ-
കൊച്ചി: പ്രശസ്ത നാടക സംവിധായകനും നടനുമായ കെഎല്‍ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എല്‍. ആന്റണി സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ ഫഹദിന്റെ അച്ഛനായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഈ ലോകം എന്ത് മനോഹരമാണെന്ന്’ മഹേഷിന് കാണിച്ച കൊടുത്തത് ചാച്ചനാണ്. മലയാളികള്‍ കണ്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത അനേകം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് കെ.എല്‍ ആന്റണി. ഗപ്പി, ജോര്‍ജേട്ടന്‍സ് പൂരം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ പത്ത് ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ആന്റണിയുടെ അഭിനയ സപര്യക്ക് അമ്പത് വര്‍ഷത്തെ പഴക്കമുണ്ട്. ചെറുപ്പം മുതല്‍ തന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹത്തിന് ജീവിത സഖിയെയും ലഭിച്ചത് നാടകത്തില്‍ നിന്ന് തന്നെയാണ്. നാടക നടിയായ ലീന അദ്ദേഹത്തിന്റെ ജീവിതത്തിലെ മാത്രമല്ല വേദിയിലെയും കൂട്ടായിരുന്നു. മാനുഷ പുത്രന്‍, ചങ്ങല, അഗ്‌നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഏറ്റവും ശ്രദ്ധേയനാക്കിയത് ‘അമ്മയും തൊമ്മനും’ എന്ന നാടകമാണ്. രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള അമ്മയും തൊമ്മനും’ നാടകത്തില്‍ തൊമ്മനായി കെ.എല്‍ ആന്റണിയും അമ്മയായി അദ്ദേഹത്തിന്റെ ഭാര്യ ലീനയും അഭിനയിച്ചു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. കെ.എല്‍ ആന്റണി സ്വന്തമായി പത്ത് നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 1979 ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പിന്നീട് തന്റെ ജീവിതപങ്കാളിയായ ലീനയെ അദ്ദേഹം ആദ്യമായി കാണുന്നത്. മക്കള്‍: അമ്പിളി, നാന്‍സി, ലാസര്‍ ഷൈന്‍.

 

ക്രിസ്തുമസ് റിലീസ് – ആറ് ചിത്രങ്ങള്‍

ക്രിസ്തുമസ് ഫെസ്റ്റിവലിന് മുന്നോടിയായി ആറ് സിനിമകള്‍ ഇന്ന് റിലീസ് ചെയ്തു. പൈലറ്റ് സിനിമയെന്ന നിലയില്‍ മോഹന്‍ലാലിന്റെ ഒടിയന്‍ കഴിഞ്ഞ ദിവസം വന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഞാന്‍ പ്രകാശന്‍, പ്രേതം 2, എന്റെ ഉമ്മാന്റെ പേര് എന്നീ ചിത്രങ്ങള്‍ എത്തിയത്.
കന്നഡത്തില്‍ നിര്‍മ്മിച്ച് മലയാളത്തില്‍ ഡബ്ബ് ചെയ്ത യഷിന്റെ കെ ജി എഫ്, ധനുഷിന്റെ തമിഴ് ചിത്രം മാരി 2, ഷാരൂഖാന്റെ സീറോ എന്നിവയും വെള്ളിയാഴ്ച റിലീസ് ചെയ്തു. മൊത്തം ആറ് സിനിമകള്‍.
റിലീസ് മത്സരത്തില്‍ മൂന്നു മലയാള ചിത്രങ്ങള്‍ക്കും നല്ല അഭിപ്രായം നേടാനായെങ്കിലും കളക്ഷന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ ശ്രീനിവാസന്‍-ഫഹദ് ഫാസില്‍ ചിത്രം ഞാന്‍ പ്രകാശിന്‍ തന്നെ. പതിനെട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം സത്യനും ശ്രീനിവാസനും കൈകോര്‍ക്കുന്ന സിനിമ. ഒരു ഇന്ത്യന്‍ പ്രണയ കഥക്ക് ശേഷം ഫഹദ് ഫാസില്‍ അഭിനയിക്കുന്ന സത്യന്‍ സിനിമ. ഇനീഷ്യല്‍ കളക്ഷനില്‍ മറ്റ് സിനിമകളെ അപേക്ഷിച്ചു വളരെ മുന്നിലാണ്.

പെന്‍ഷന്‍ തുക 2000 രൂപയാക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പദ്ധതിപ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക ഇരട്ടിപ്പിച്ച് 2000 രൂപയാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയില്‍. പദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം രൂപവത്കരിച്ച ഉന്നതാധികാര സമിതി അറിയിച്ചതാണിത്.
സര്‍വിസില്‍നിന്ന് പിരിയുമ്പോള്‍ കമ്യൂട്ട്‌ചെയ്ത തുക, പ്രതിമാസ പെന്‍ഷനില്‍നിന്ന് തിരിച്ചുപിടിച്ച് കഴിയുമ്പോള്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യവും സമിതിയുടെ പരിഗണനയിലുണ്ട്. യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാനുള്ള നിര്‍ദേശം ധനപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് നടപ്പാക്കാന്‍ പ്രയാസമുണ്ട്. എംപ്ലോയിസ് പെന്‍ഷന്‍ സ്‌കീമിലെ അംഗങ്ങള്‍ക്കെല്ലാം ഇ.എസ്.ഐ മെഡിക്കല്‍ ആനുകൂല്യം നല്‍കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണെന്ന് സമിതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സമിതിയുടെ റിപ്പോര്‍ട്ട് അടുത്തദിവസംതന്നെ സര്‍ക്കാറിന് സമര്‍പ്പിക്കും.
പെന്‍ഷന്‍ സ്‌കീം പരിഷ്‌കരിക്കണമെന്ന പ്രേമചന്ദ്രന്റെ സ്വകാര്യ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് സമിതി രൂപവത്കരിക്കാന്‍ തീരുമാനമായത്. സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പ്, നിരീക്ഷണങ്ങള്‍ എം.പിയുമായി ചര്‍ച്ച ചെയ്യണമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തൊഴില്‍മന്ത്രാലയ ആസ്ഥാനത്തു നടന്ന ചര്‍ച്ചയിലാണ് പെന്‍ഷന്‍ തുക ഉയര്‍ത്താനുള്ള നിര്‍ദേശം സമിതി മുന്നോട്ടുവെച്ചത്.
മിനിമം പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യത കാലയളവ് പുനഃപരിശോധിക്കുക, കമ്യൂട്ടേഷന്‍ ആനുകൂല്യം, മരണാനന്തര സഹായം ലഭിക്കുന്ന പദ്ധതി എന്നിവ പുനഃസ്ഥാപിക്കുക, ക്ഷാമബത്തയുമായി ബന്ധപ്പെടുത്തി പെന്‍ഷന്‍ പുനര്‍ നിര്‍ണയിക്കുക, കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കി വിധി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ പ്രേമചന്ദ്രന്‍ ഉന്നയിച്ചു. ഉന്നതാധികാര സമിതി അധ്യക്ഷയായ അഡീഷനല്‍ ലേബര്‍ സെക്രട്ടറി അനുരാധ പ്രസാദ്, അംഗങ്ങളായ ആര്‍.കെ. ഗുപ്ത, വൃജേഷ് ഉപാധ്യായ, രവി വിജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിസ ഇളവ്; ഇന്ത്യ-ബഹ്‌റൈന്‍ കരാര്‍ പ്രാബല്യത്തില്‍

അളക ഖാനം-
മനാമ: നയതന്ത്ര, സ്‌പെഷല്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് വിസ ഇളവ് നല്‍കുന്നതിന് ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള കരാര്‍ നടപ്പാക്കിത്തുടങ്ങി. നയതന്ത്ര ബന്ധവും സഹകരണവും ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നേരത്തെ കരാര്‍ ഒപ്പിട്ടത്. ഈ വര്‍ഷം ജൂലൈ 15ന് ഒപ്പുവെച്ച കരാര്‍ കഴിഞ്ഞ ദിവസം മുതലാണ് പ്രാബല്യത്തിലായത്. ബഹ്‌റൈനും ഇന്ത്യക്കുമിടയില്‍ ബന്ധം ശക്തമാകാനും നിക്ഷേപ സംരംഭങ്ങള്‍ വര്‍ധിക്കാനും ഇത് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.