കേരളത്തെ പുതുക്കിപ്പണിയാന്‍ ജാക്വിലിനൊപ്പം ഋതിക്കും

കേരളത്തെ പുതുക്കിപ്പണിയാന്‍ ജാക്വിലിനൊപ്പം ഋതിക്കും

ഗായത്രി-
കൊച്ചി: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് സന്നദ്ധ സംഘടനയായ ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ നടപ്പിലാക്കുന്ന ‘റീബില്‍ഡ് കേരള’ മിഷനില്‍ ജാക്വിലിന്‍ ഫെര്‍ണ്ടാസിനൊപ്പം ഹൃത്വിക് റോഷനും കൈകോര്‍ക്കും. ജാക്വിലിന്‍ നേതൃത്വം നല്‍കുന്ന പദ്ധതിക്കു വേണ്ടി ‘ജാക്വിലിന്‍ ബില്‍ഡ്‌സ്’ എന്ന പേരില്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ തമിഴ്‌നാട്ടില്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനായി നടപ്പിലാക്കിയ ‘ജാക്വിലിന്‍ ബില്‍ഡ്‌സ്’പരിപാടിയുടെ രണ്ടാം ഘട്ടമാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി കേരളത്തില്‍ നടപ്പാക്കുന്നത്.
ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിലാണ് ജാക്വലിന് പിന്തുണയുമായി ഹൃത്വിക് രംഗത്ത് വന്നത്. ശ്രദ്ധ കപൂര്‍, അക്ഷയ് കുമാര്‍, ജോണ്‍ എബ്രഹാം, അര്‍ജുന്‍ കപൂര്‍ എന്നിവര്‍ ‘റീബില്‍ഡ് കേരള’ മിഷനില്‍ പങ്കെടുക്കാനുള്ള സന്നദ്ധത നേരത്തേ അറിയിച്ചിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും പൂര്‍ണമായോ ഭാഗികമായോ നശിച്ച 6000 വീടുകളുടെ പുനര്‍നിര്‍മാണവും അറ്റകുറ്റപ്പണികളുമാണ് ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഏറ്റെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബറില്‍ പ്രളയബാധിത പ്രദേശങ്ങള്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസ് സന്ദര്‍ശിക്കുകയും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുകയും ചെയ്യും.
കേരളത്തിന്റെ പുനര്‍മാണത്തിനായി കൈകോര്‍ക്കാന്‍ ആരാധകരോട് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രളയദുരന്തത്തില്‍ വന്‍തോതില്‍ നാശനഷ്ടം നേരിട്ട കേരളത്തിലെ ജനങ്ങളുടെ ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് രാജ്യത്തിന്റെയാകെ പിന്തുണ ആവശ്യമുണ്ടെന്ന് ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. വീടുകളുടെ നിര്‍മാണ പ്രവര്‍ത്തനത്തില്‍ താനും സന്നദ്ധ പ്രവര്‍ത്തകയായി പങ്കെടുക്കുമെന്ന് അവര്‍ അറിയിച്ചു.
പ്രളയദുരിതാശ്വാസത്തിന്റെ ആദ്യ ഘട്ടമായി ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി ഇന്ത്യ 93,889 കുടുംബങ്ങള്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close