പെന്‍ഷന്‍ തുക 2000 രൂപയാക്കും

പെന്‍ഷന്‍ തുക 2000 രൂപയാക്കും

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ട് പദ്ധതിപ്രകാരമുള്ള ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ തുക ഇരട്ടിപ്പിച്ച് 2000 രൂപയാക്കുന്ന കാര്യം കേന്ദ്രത്തിന്റെ പരിഗണനയില്‍. പദ്ധതി സമഗ്രമായി പരിഷ്‌കരിക്കുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം രൂപവത്കരിച്ച ഉന്നതാധികാര സമിതി അറിയിച്ചതാണിത്.
സര്‍വിസില്‍നിന്ന് പിരിയുമ്പോള്‍ കമ്യൂട്ട്‌ചെയ്ത തുക, പ്രതിമാസ പെന്‍ഷനില്‍നിന്ന് തിരിച്ചുപിടിച്ച് കഴിയുമ്പോള്‍ പൂര്‍ണ പെന്‍ഷന്‍ പുനഃസ്ഥാപിക്കുന്ന കാര്യവും സമിതിയുടെ പരിഗണനയിലുണ്ട്. യഥാര്‍ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കാനുള്ള നിര്‍ദേശം ധനപരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് നടപ്പാക്കാന്‍ പ്രയാസമുണ്ട്. എംപ്ലോയിസ് പെന്‍ഷന്‍ സ്‌കീമിലെ അംഗങ്ങള്‍ക്കെല്ലാം ഇ.എസ്.ഐ മെഡിക്കല്‍ ആനുകൂല്യം നല്‍കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണെന്ന് സമിതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. സമിതിയുടെ റിപ്പോര്‍ട്ട് അടുത്തദിവസംതന്നെ സര്‍ക്കാറിന് സമര്‍പ്പിക്കും.
പെന്‍ഷന്‍ സ്‌കീം പരിഷ്‌കരിക്കണമെന്ന പ്രേമചന്ദ്രന്റെ സ്വകാര്യ പ്രമേയത്തിന്മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് സമിതി രൂപവത്കരിക്കാന്‍ തീരുമാനമായത്. സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുമ്പ്, നിരീക്ഷണങ്ങള്‍ എം.പിയുമായി ചര്‍ച്ച ചെയ്യണമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തൊഴില്‍മന്ത്രാലയ ആസ്ഥാനത്തു നടന്ന ചര്‍ച്ചയിലാണ് പെന്‍ഷന്‍ തുക ഉയര്‍ത്താനുള്ള നിര്‍ദേശം സമിതി മുന്നോട്ടുവെച്ചത്.
മിനിമം പെന്‍ഷന്‍ ലഭിക്കാനുള്ള യോഗ്യത കാലയളവ് പുനഃപരിശോധിക്കുക, കമ്യൂട്ടേഷന്‍ ആനുകൂല്യം, മരണാനന്തര സഹായം ലഭിക്കുന്ന പദ്ധതി എന്നിവ പുനഃസ്ഥാപിക്കുക, ക്ഷാമബത്തയുമായി ബന്ധപ്പെടുത്തി പെന്‍ഷന്‍ പുനര്‍ നിര്‍ണയിക്കുക, കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വിജ്ഞാപനം ഇറക്കി വിധി നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ പ്രേമചന്ദ്രന്‍ ഉന്നയിച്ചു. ഉന്നതാധികാര സമിതി അധ്യക്ഷയായ അഡീഷനല്‍ ലേബര്‍ സെക്രട്ടറി അനുരാധ പ്രസാദ്, അംഗങ്ങളായ ആര്‍.കെ. ഗുപ്ത, വൃജേഷ് ഉപാധ്യായ, രവി വിജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post Your Comments Here ( Click here for malayalam )
Press Esc to close