പ്രശസ്ത നാടക സംവിധായകനും നടനുമായ കെഎല്‍ ആന്റണി അന്തരിച്ചു

പ്രശസ്ത നാടക സംവിധായകനും നടനുമായ കെഎല്‍ ആന്റണി അന്തരിച്ചു

ഫിദ-
കൊച്ചി: പ്രശസ്ത നാടക സംവിധായകനും നടനുമായ കെഎല്‍ ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദീലീഷ് പോത്തന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് കെ.എല്‍. ആന്റണി സിനിമയിലേക്കെത്തുന്നത്. ചിത്രത്തിലെ ഫഹദിന്റെ അച്ഛനായുള്ള അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ഈ ലോകം എന്ത് മനോഹരമാണെന്ന്’ മഹേഷിന് കാണിച്ച കൊടുത്തത് ചാച്ചനാണ്. മലയാളികള്‍ കണ്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത അനേകം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് കെ.എല്‍ ആന്റണി. ഗപ്പി, ജോര്‍ജേട്ടന്‍സ് പൂരം, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള തുടങ്ങിയ പത്ത് ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ആന്റണിയുടെ അഭിനയ സപര്യക്ക് അമ്പത് വര്‍ഷത്തെ പഴക്കമുണ്ട്. ചെറുപ്പം മുതല്‍ തന്നെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹത്തിന് ജീവിത സഖിയെയും ലഭിച്ചത് നാടകത്തില്‍ നിന്ന് തന്നെയാണ്. നാടക നടിയായ ലീന അദ്ദേഹത്തിന്റെ ജീവിതത്തിലെ മാത്രമല്ല വേദിയിലെയും കൂട്ടായിരുന്നു. മാനുഷ പുത്രന്‍, ചങ്ങല, അഗ്‌നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ ഏറ്റവും ശ്രദ്ധേയനാക്കിയത് ‘അമ്മയും തൊമ്മനും’ എന്ന നാടകമാണ്. രണ്ട് കഥാപാത്രങ്ങള്‍ മാത്രമുള്ള അമ്മയും തൊമ്മനും’ നാടകത്തില്‍ തൊമ്മനായി കെ.എല്‍ ആന്റണിയും അമ്മയായി അദ്ദേഹത്തിന്റെ ഭാര്യ ലീനയും അഭിനയിച്ചു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം കേരളത്തിലങ്ങോളമിങ്ങോളമുള്ള വേദികളില്‍ അവതരിപ്പിക്കപ്പെട്ടു. കെ.എല്‍ ആന്റണി സ്വന്തമായി പത്ത് നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. കൂടാതെ കൊച്ചിന്‍ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിച്ചിട്ടുണ്ട്. 1979 ല്‍ ആന്റണിയുടെ കൊച്ചിന്‍ കലാകേന്ദ്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴാണ് പിന്നീട് തന്റെ ജീവിതപങ്കാളിയായ ലീനയെ അദ്ദേഹം ആദ്യമായി കാണുന്നത്. മക്കള്‍: അമ്പിളി, നാന്‍സി, ലാസര്‍ ഷൈന്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close