പുതുവര്‍ഷത്തില്‍ ബാങ്കിടപാട് മുടങ്ങിയേക്കാം

പുതുവര്‍ഷത്തില്‍ ബാങ്കിടപാട് മുടങ്ങിയേക്കാം

ഫിദ-
കൊച്ചി: മാഗ്‌നറ്റിക് സ്ട്രിപ് അടിസ്ഥാനമാക്കിയുള്ള ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ 2018 ഡിസംബര്‍ 31 വരെ മാത്രമേ നടത്താന്‍ കഴിയൂ എന്നാണ് നിര്‍ദേശം. ഡെബിറ്റ് കാര്‍ഡുകളിലെയും ക്രെഡിറ്റ് കാര്‍ഡുകളിലെയും വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് പണം തട്ടുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് മാഗ്‌നറ്റിക് സ്ട്രിപ് അടിസ്ഥാനമാക്കിയുള്ള കാര്‍ഡുകളുടെ ഉപയോഗത്തിന് 2015 മുതല്‍ റിസര്‍വ്ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി തുടങ്ങിയത്.
2015 സെപ്റ്റംബര്‍ ഒന്നു മുതല്‍ വിതരണം ചെയ്യുന്ന ബാങ്ക് കാര്‍ഡുകള്‍ ചിപ് അടിസ്ഥാനത്തിലുള്ളത് ആയിരിക്കണമെന്ന് റിസര്‍വ് ബാങ്ക് മൂന്നു വര്‍ഷം മുമ്പാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. അതിനുമുമ്പ് വിതരണം ചെയ്ത മാഗ്‌നറ്റിക് സ്ട്രിപ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ച് അവയും ചിപ് അടിസ്ഥാനത്തിലുള്ളതാക്കി മാറ്റണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 70 ശതമാനം പഴയ കാര്‍ഡുകള്‍ മാത്രമാണ് ഇത്തരത്തില്‍ പുതുക്കി നല്‍കിയത് എന്നാണ് ബാങ്കുകള്‍ വിശദീകരിക്കുന്നത്.മാഗ്‌നറ്റിക് സ്ട്രിപ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകള്‍ കടകളിലും മറ്റും പി.ഒ.എസ് മെഷീനുകളില്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമല്ല.
അതേസമയം, ചിപ് അടിസ്ഥാനത്തിലുള്ള കാര്‍ഡുകള്‍ ആണെങ്കില്‍ വ്യക്തിഗത തിരിച്ചറിയല്‍ നമ്പര്‍കൂടി ടൈപ് ചെയ്താലേ ഇടപാടുകള്‍ സാധ്യമാവൂ.
അതിനാല്‍തന്നെ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ അത് ഉപയോഗിച്ച് ഇടപാടുകള്‍ നടത്തി പണം തട്ടാനാവില്ല. മാത്രമല്ല, മാഗ്‌നറ്റിക് സ്ട്രിപ്അടിസ്ഥാനത്തിലുള്ള കാര്‍ഡുകളില്‍നിന്ന് വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ എളുപ്പവുമാണ്.
മാഗ്‌നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ക്ക് 2018 ഡിസംബര്‍ 31 വരെ മാത്രമേ കാലാവധിയുള്ളൂ എന്ന് റിസര്‍വ്ബാങ്ക് പ്രഖ്യാപിച്ചതോടെ ബാങ്കുകള്‍ നെട്ടോട്ടത്തിലാണ്. ഒരു വര്‍ഷത്തിനിടെ സ്ട്രിപ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരു പ്രാവശ്യമെങ്കിലും ഇടപാട് നടത്തിയവര്‍ക്കെല്ലാം തങ്ങള്‍ പുതിയ കാര്‍ഡുകള്‍ അയച്ചുകൊടുത്തിട്ടുണ്ട് എന്നാണ് പ്രമുഖ ദേശസാത്കൃത ബാങ്ക് വിശദീകരിക്കുന്നത്.
എന്നാല്‍, ഇത്തരം കാര്‍ഡ് ഉപയോഗിച്ച് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എല്ലാ മാസവും ഇടപാട് നടത്തിയിട്ടും ചിപ് കാര്‍ഡായി പുതുക്കി ലഭിച്ചിട്ടില്ലെന്ന് ഇടപാടുകാരും പറയുന്നു. റിസര്‍വ് ബാങ്ക് നിശ്ചയിച്ച തീയതിക്ക് ഒരാഴ്ച മാത്രം അവശേഷിക്കെ ബാക്കിയുള്ള മുഴുവന്‍ ഇടപാടുകാര്‍ക്കും കാര്‍ഡ് പുതുക്കിനല്‍കുക സാധ്യമല്ല. അതുകൊണ്ടുതന്നെ തീയതി നീട്ടണമെന്ന ആവശ്യം പൊതുമേഖല ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ മുന്നില്‍ വെച്ചിട്ടുണ്ട്.
എന്നാല്‍, വിവിധ മുന്‍കരുതലുകള്‍ എടുത്തിട്ടും ബാങ്ക് കാര്‍ഡ് ഉപയോഗിച്ചുള്ള പണം തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനിയും കാലപരിധി നീട്ടുന്നത് യുക്തിസഹമല്ല എന്ന നിലപാടിലാണ് റിസര്‍വ്ബാങ്ക്. ഏതായാലും സ്വന്തം കാര്‍ഡ് ഒന്ന് പരിശോധിച്ച് ആവശ്യമെങ്കില്‍ നേരിട്ട് ബാങ്കിലെത്തിയോ ഓണ്‍ലൈനായോ പുതുക്കുന്നതിന് അപേക്ഷ നല്‍കാം.

 

Post Your Comments Here ( Click here for malayalam )
Press Esc to close