ഹജ്ജ് തീര്‍ത്ഥാടനത്തിന് വീണ്ടും കപ്പല്‍ സര്‍വിസ്

ഹജ്ജ് തീര്‍ത്ഥാടനത്തിന് വീണ്ടും കപ്പല്‍ സര്‍വിസ്

ഫിദ-
കോഴിക്കോട്: കാല്‍ നൂറ്റാണ്ടു കാലത്തെ ഇടവേളക്കു ശേഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് കപ്പല്‍ സര്‍വിസ് വീണ്ടും ആരംഭിക്കുന്നു. സര്‍വിസ് നടത്താന്‍ സന്നദ്ധതയുള്ള കമ്പനികളില്‍നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി താല്‍പര്യപത്രം ക്ഷണിച്ചു. മുംബൈയില്‍നിന്ന് ജിദ്ദയിലേക്കും തിരിച്ചും അഞ്ചു വര്‍ഷത്തേക്ക് സര്‍വിസ് നടത്താന്‍ ഒരുക്കമുള്ളവരെയാണ് പരിഗണിക്കുക. 4000, 4500 പേര്‍ക്ക് സൗകര്യമുള്ളതും 1000,1250 പേര്‍ക്ക് യാത്ര ചെയ്യാവുന്നതുമായ രണ്ടു തരം കപ്പലുകളാണ് പരിഗണനയിലുള്ളത്. ജൂലൈ സെപ്റ്റംബര്‍ മാസങ്ങളിലാണ് ഹജ്ജ് സര്‍വിസ് നടത്തേണ്ടത്.
കപ്പല്‍ സര്‍വിസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ ഹജ്ജ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി സൗദി അറേബ്യയിലെ ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സാലിഹ് ബിന്‍ താഹിറുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതു സംബന്ധിച്ച് സൗദിയുടെ പച്ചക്കൊടി ലഭിച്ചതിനാലാണ് കപ്പല്‍യാത്ര പുനരാരംഭിക്കാന്‍ നീക്കം തുടങ്ങിയത്. സര്‍വിസിന് സന്നദ്ധരാകുന്ന കമ്പനികള്‍ വര്‍ഷത്തില്‍ 200 കോടി രൂപയുടെ ടേണ്‍ ഓവര്‍ ഉള്ളവരും രണ്ടു കപ്പലെങ്കിലും സ്വന്തമായി ഉള്ളവരുമാവണം. കപ്പലുകള്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തവയും അത്യാധുനിക സൗകര്യമുള്ളവയും അന്താരാഷ്ട്ര നിലവാരത്തിലുള്ളവയും ആവണം. യാത്രക്കപ്പല്‍ സര്‍വിസില്‍ മൂന്നുവര്‍ഷമെങ്കിലും പരിചയമുള്ളവര്‍ ആകണം. അപേക്ഷിക്കുന്ന കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിന്റെയും സൗദി സര്‍ക്കാറിന്റെയും കരിമ്പട്ടികയില്‍ പെട്ടതാവരുത്.
ആദ്യകാലത്ത് ഇന്ത്യയില്‍നിന്ന് ഹജ്ജിന് പോവാന്‍ കപ്പല്‍ മാത്രമായിരുന്നു ആശ്രയം. പിന്നീടാണ് വിമാന സര്‍വിസ് ആരംഭിച്ചത്. വിമാന യാത്രക്ക് ചെലവ് വളരെ കൂടുതലായതിനാല്‍ ഭൂരിഭാഗം തീര്‍ഥാടകരും കടല്‍ യാത്രയാണ് തിരഞ്ഞെടുത്തത്. ഏറെക്കാലം സമാന്തരമായി രണ്ട് സര്‍വിസും തുടര്‍ന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെ 1993ലാണ് കപ്പല്‍ സര്‍വിസ് അവസാനിപ്പിച്ചത്. സര്‍വിസ് നടത്താന്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഷിപ്പിങ് കോര്‍പറേഷന്റെ പക്കല്‍ ആവശ്യത്തിന് കപ്പലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ത്തിയത്.
വിമാന യാത്രക്ക് നല്‍കിവന്ന സബ്‌സിഡി ഘട്ടംഘട്ടമായി പിന്‍വലിക്കുകയും വിമാന യാത്രനിരക്ക് കുത്തനെ കൂട്ടുകയും ചെയ്തതോടെ ഹജ്ജ് യാത്രച്ചെലവ് താങ്ങാവുന്നതിലും അപ്പുറമായി. സബ്‌സിഡി പിന്‍വലിക്കുമ്പോള്‍ ചെലവ് കുറഞ്ഞ യാത്രക്ക് കപ്പല്‍ സര്‍വിസ് പരിഗണിക്കുന്നതിന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കപ്പല്‍യാത്രക്ക് കമ്പനികളില്‍നിന്ന് താല്‍പര്യപത്രം ക്ഷണിച്ചത്.

Post Your Comments Here ( Click here for malayalam )
Press Esc to close