കുളിര് പകരുന്ന കുറിഞ്ഞി കാഴ്ച കാണാന്‍ കൊളുക്കുമലയിലേക്ക്

കുളിര് പകരുന്ന കുറിഞ്ഞി കാഴ്ച കാണാന്‍ കൊളുക്കുമലയിലേക്ക്

ഫിദ-
ഇുക്കി: കുന്നോളം കുളിരും കുറിഞ്ഞിയുമായി കാഴ്ചയുടെ പുഷ്‌പോത്സവം തീര്‍ത്ത കൊളുക്കുമലയിലേക്ക് സഞ്ചാരികളുടെ മഹാപ്രവാഹം. 12 വര്‍ഷം മുമ്പ് മൂന്നാര്‍ രാജമലയില്‍ നീലക്കുറിഞ്ഞിയൊരുക്കിയ പുഷ്‌പോത്സവം ഇത്തവണ കൊളുക്കുമലയിലായതാണ് സഞ്ചാരികളെ അങ്ങോട്ടാകര്‍ഷിക്കുന്നത്. പ്രതികൂലകാലാവസ്ഥയും പാരിസ്ഥിതിക പ്രത്യാഘാതങ്ങളുമാണ് ഇങ്ങനൊരു സ്ഥാനചലനത്തിന് കാരണമെങ്കിലും കൊളുക്കുമലയിലെ കുറിഞ്ഞിവസന്തം സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് ഇരട്ടി മധുരമാണ്. സാഹസീകമായ ഓഫ് റോഡ് ജീപ്പ് സവാരിയും എപ്പോഴും തണുപ്പ് സൂക്ഷിക്കുന്ന പ്രത്യേക കാലാവസ്ഥയുമാണ് സമുദ്രനിരപ്പില്‍ നിന്ന് 8000 അടിക്കുമേല്‍ ഉയരമുള്ള കൊളുക്കുമലയുടെ പ്രത്യേകതകള്‍. കിഴക്കിന്റെ കാഷ്മീരമായ മൂന്നാറില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയാണ് ഈ സുന്ദരഭൂമി.
കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയില്‍ ചിന്നക്കനാലില്‍ നിന്നും സൂര്യനെല്ലിവഴി ജീപ്പില്‍ 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയത്താം. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍പ്പെടുന്ന പ്രദേശമാണെങ്കിലും വാഹനത്തില്‍ എത്തണമെങ്കില്‍ ഏകമാര്‍
ഗം സൂര്യനെല്ലിവഴി മാത്രമാണ്. അതും സിംഹപ്പാറ വരെ മാത്രം. അവിടെനിന്നും കഷ്ടിച്ച് അര കിലോമീറ്റര്‍ നടന്നാല്‍ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ വിസ്മയഭൂവിലെത്താം. പശ്ചിമഘട്ടത്തിന്റെ ഭാഗമായുള്ള കൂറ്റന്‍ മലനിരകളാല്‍ ചുറ്റപ്പെട്ട പ്രദേശം. സദാസമയും സഞ്ചാരികളെ തഴുകിത്തലോടി കടന്നുപോകുന്ന മൂടല്‍ മഞ്ഞൂപാളികള്‍. നട്ടുച്ച നേരത്തും മലനിരകള്‍ താണ്ടിയെത്തുന്ന കാറ്റിന് കോടമഞ്ഞിന്റെയും ചാറ്റല്‍മഴയുടെയും കുളിരുമുണ്ടാകും. വേനല്‍ക്കാലത്ത് കാട്ടുതീയില്‍ കത്തിയമര്‍ന്ന പുല്‍മേടുകള്‍ പുതുമഴ പെയ്തപ്പോള്‍ തളിര്‍ത്ത് മഞ്ഞകലര്‍ന്ന ഇളം പച്ചപ്പരവതാനി വിരിച്ചപോലെ പരന്നുകിടക്കുകയാണ്. അതിനിടയിലാ കുറിഞ്ഞിപ്പൂക്കള്‍ നീലകലര്‍ന്ന വയലറ്റ്‌നിറം വാരിവിതറിയിരിക്കുന്നത്. ഇത്തവണത്തെ കനത്തമഴ പൂക്കളുടെ ശോഭ കെടുത്തിയെങ്കിലും ചന്തത്തിനൊട്ടും കുറവില്ല. മലമുകളില്‍ നിന്ന് നോക്കിയാല്‍ ടോപ്പ് സ്‌റ്റേഷന്‍, കുരങ്ങിണി മലനിരകള്‍, തെക്കന്‍ തമിഴ്‌നാട്ടിലെ ജനവാസമേഖലകളായ ബോഡിനായ്ക്കന്നൂര്‍, തേനി, ബോഡിമെട്ട് തുടങ്ങിയ പ്രദേശങ്ങള്‍ക്ക് പുറമെ ഇടുക്കി ജില്ലയുടെ മിക്ക പ്രദേശങ്ങളും താഴ്‌വരയില്‍ കാണാം. പതിവിനപ്പുറം കുറിഞ്ഞിപൂക്കളുടെ സാന്നിദ്ധ്യംകൂടി ആയപ്പോള്‍ ദുര്‍ഗഡപാതതാണ്ടി ദിവസവും നൂറുകണക്കിനു സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്. സന്ദര്‍ശകരെ സഹായിക്കാന്‍ പ്രദേശത്തെ ജീപ്പ് ഉടമകളുമായി സഹകരിച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സൂര്യനെല്ലിയിലെ ഡി.ടി.പി.സി കൗണ്ടറില്‍ നിന്നും വാഹനം വാടകയ്ക്ക് എടുക്കാം. ഒരു ട്രിപ്പിന് 2000 രൂപയാണ് ചാര്‍ജ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close