Month: October 2018

ലൈംഗികാതിക്രമ പരാതിയില്‍ ഗൂഗിള്‍ 48 ജീവനക്കാരെ പുറത്താക്കി

അളക ഖാനം
കാലിഫോര്‍ണിയ: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ 48 ജീവനക്കാരെ പുറത്താക്കിയതായി ഗൂഗിള്‍. ഇതില്‍ 13 പേര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും അപമര്യാദയായി പെരുമാറുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജീവനക്കാര്‍ക്കയച്ച കത്തില്‍ ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കി.
ലഭിക്കുന്ന പരാതികള്‍ കൃത്യമായി അന്വേഷിക്കുകയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കി. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് പുറത്താക്കിയവര്‍ക്ക് യാതൊരു വിധ നഷ്ടപരിഹാരവും നല്‍കിയിട്ടില്ലെന്നും പിച്ചെ വ്യക്തമാക്കി.
2004ല്‍ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ നിന്ന് പുറത്താക്കിയ ആന്‍ഡ്രോയിഡ് ഉപജ്ഞാതാവായ ആന്റി റൂബിന് 90 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഷ്ടപരിഹാരം നല്‍കിയ സമാനമായ മറ്റു രണ്ട് സംഭവങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഗൂഗിള്‍ നിലപാട് വ്യക്തമാക്കിയത്.

ബിഎസ്4 വാഹനങ്ങളുടെ വില്‍പ്പന 2020 വരെ മാത്രം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് സ്‌റ്റേജ് (ബി.എസ്) 4 ചട്ടം അനുശാസിക്കുന്ന വാഹനങ്ങളുടെ വില്പന 2020 ഏപ്രില്‍ ഒന്നിനകം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമാണ് ഭാരത് സ്‌റ്റേജ്. അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള യൂറോ സ്റ്റന്‍ഡേര്‍ഡിന് തുല്യമായ ‘ഇന്ത്യന്‍’ ചട്ടമാണിത്.
ബി.എസ്4ല്‍ നിന്ന് നേരിട്ട് ബി.എസ്6ലേക്ക് 2020 ഏപ്രിലോടെ ഇന്ത്യ മാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ 2016ല്‍ വ്യക്തമാക്കിയിരുന്നു. ബി.എസ്5ലേക്ക് ഇന്ത്യ കടക്കില്ല. 2017 ഏപ്രിലിലാണ് ഇന്ത്യ ബി.എസ്4ലേക്ക് ചുവടുവച്ചത്. ബി.എസ്4ല്‍ നിന്ന് ബി.എസ്6ലേക്ക് അതിവേഗം കടക്കാനുള്ള കേന്ദ്ര നിര്‍ദേശത്തിനെതിരെ വാഹന നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഇന്നലെ ജസറ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
ബി.എസ്6ലേക്ക് മാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ബി.എസ്4 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ 2020 മാര്‍ച്ച് 31വരെ കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും അതുകൊണ്ട്, ഈ എന്‍ജിന്‍ ശ്രേണിയിലെ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വാഹന നിര്‍മ്മാതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.എന്‍.എസ്. നഡ്കര്‍ണി, ബി.എസ്4 വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് മൂന്നു മുതല്‍ ആറുമാസം വരെ അധികസമയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
ബി.എസ്4 അധിഷ്ഠിത നാലുചക്ര വാഹനങ്ങള്‍ക്ക് 2020 ജൂണ്‍ വരെയും ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ 30 വരെയും സമയം അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി അപരാജിത സിംഗ്, സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ്, ശുദ്ധമായ ഇന്ധനത്തിലേക്ക് രാജ്യം നീങ്ങേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടത്.

രണ്‍വീര്‍-ദീപിക വിവാഹം പൊടിപൊടിക്കും

രാംനാഥ് ചാവ്‌ല-
മുംബൈ: രണ്‍വീര്‍ സിംഗ്-ദീപികാ പദുകോണ്‍ താരവിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. അല്‍പ്പം വൈകിയെങ്കിലും വിവാഹാഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ തന്നെയാണ് താരങ്ങളുടെ തീരുമാനം. നവംബര്‍ 14,15 തീയതികളിലായി വിവാഹം നടക്കുമെന്ന് ഇരുവരും കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചിരുന്നു.
ഇറ്റലിയിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. രണ്ട് വ്യത്യസ്ത ചടങ്ങുകള്‍, സംഗീത്, വിരുന്ന് സത്കാരം എന്നിങ്ങനെയാണ് ആഘോഷ പരിപാടികള്‍. നവംബര്‍ 13ന് നടക്കുന്ന ‘സംഗീത്’ ചടങ്ങുകളോടെ വിവാഹാഘോഷങ്ങള്‍ തുടങ്ങും. തുടര്‍ന്ന് 14ന് കന്നഡ ആചാരപ്രകാരം രണ്‍വീര്‍ ദീപികയുടെ കഴുത്തില്‍ താലി ചാര്‍ത്തും. 15ാം തീയതി വടക്കേ ഇന്ത്യന്‍ ആചാരപ്രകാരം ഇരുവരും വീണ്ടും വിവാഹിതരാകും.
കര്‍ണാടക സ്വദേശിയായ ദീപികയുടെയും സിന്ധിപഞ്ചാബി കുടുംബത്തില്‍ നിന്നുള്ള രണ്‍വീറിന്റെയും കുടുംബങ്ങള്‍ തമ്മില്‍ തീരുമാനിച്ചുറപ്പിച്ചതാണ് ചടങ്ങുകള്‍. ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന വിവാഹ ചടങ്ങില്‍ സിനിമാ ലോകത്തു നിന്നു ആരും എത്താന്‍ സാദ്ധ്യതയില്ലെന്നാണ് വിവരം. സുഹൃത്തുക്കള്‍ക്കായി മുംബയിലെ ഗ്രാന്‍ഡ് ഹയാത് ഹോട്ടലില്‍ ഡിസംബര്‍ ഒന്നിന് വിവാഹ സത്കാരം നടക്കും.

പ്രളയ ബാധിത വായ്പ; അവസാന തീയതി നവംബര്‍ 30 ആണ്

ഗായത്രി-
കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ച 1,259 റെവന്യൂ വില്ലേജുകളില്‍ ഉള്‍പ്പെട്ട വായ്പാ ഇടപാടുകാര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി അംഗീകരിച്ച ഇളവുകളും പുതിയ വായ്പ്പകളും ലഭ്യമാകുന്നതിനുള്ള അപേക്ഷകള്‍ അതത് ബാങ്കുകളില്‍ നവംബര്‍ 15നകം സമര്‍പ്പിക്കണമെന്ന് സമിതി കണ്‍വീനറായ കനറാ ബാങ്ക് ജനറല്‍ മാനേജര്‍ അറിയിച്ചു. ആശ്വാസ പദ്ധതികള്‍ നടപ്പാക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്.

പന്തളം എന്നൊരു രാജ്യവുമുണ്ട്, അന്തസ്സുള്ളൊരു രാജവംശവുമുണ്ട്

 

സിപിഎഫ് വേങ്ങാട്-
ശബരിമല വിഷയവുമായി ബന്ധപ്പെട്ട വാദങ്ങളും തര്‍ക്കങ്ങളും കേരളത്തിലെമ്പാടും പൊടിപൊടിക്കുകയാണല്ലോ ഈ കുത്തൊഴുക്കില്‍ കലക്ക് വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരും കുറവല്ല. ശബരിമലയുമായി ബന്ധപ്പെട്ട എന്തും ചൂടേറിയ ചര്‍ച്ചയായി മാറുന്ന ഇക്കാലത്ത് അതിനാണ് പലരും ശ്രമിച്ചു കാണുന്നത്.
കഴിഞ്ഞ ദിവസം എഴുത്തുകാരനും ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറുമായ ടി.ടി ശ്രീകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പന്തളം കൊട്ടാരത്തെ കുറിച്ചൊരു പോസ്റ്റിട്ട സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പന്തളത്തെ രാജകുടുംബത്തെ പരിഹസിക്കുക എന്നത് എന്റെ ലക്ഷ്യമല്ലെന്നും പക്ഷെ ചരിത്രം വളച്ചൊടിക്കാന്‍ മുതിരുമ്പോള്‍ അതെക്കുറിച്ച് എതിര്‍ വാദങ്ങള്‍ പറയാതിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അഭിപ്രായപ്പെട്ടാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ചുരുക്കം ഇതാണ്
‘ഒന്നാമതായി പന്തളം രാജവംശം എന്നൊന്ന് കേരളചരിത്രത്തില്‍ ഇല്ല. മാര്‍ത്താണ്ഡവര്‍മ്മ വേണാടിനു വടക്കോട്ടുള്ള പ്രദേശങ്ങള്‍ പിടിച്ചടക്കിയത് എങ്ങനെയാണ് എന്ന് നമുക്കറിയാം. ദേശിങ്ങനാടുമായി (കൊല്ലം) യുദ്ധം ഉണ്ടായി. തെക്കുംകൂര്‍, വടക്കുംകൂര്‍ എന്നിവരുമായി യുദ്ധം ഉണ്ടായി. കായംകുളം, ഇളയിടത് സ്വരൂപം (കൊട്ടാരക്കര) എന്നിവരുമായി യുദ്ധം ഉണ്ടായി. ചെമ്പകശ്ശേരി (അമ്പലപ്പുഴ) യുമായി യുദ്ധം ഉണ്ടായി. ഈ പ്രദേശങ്ങള്‍ എല്ലാം മാര്‍ത്താണ്ഡവര്‍മ്മ പിടിച്ചടക്കി. കൊച്ചി പിടിച്ചടക്കിയില്ലെങ്കിലും കൊച്ചിയുമായി യുദ്ധവും മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് അനുകൂലമായ ഉടംപടിയുമുണ്ടായി. പക്ഷെ ഇതിലൊന്നും നാം മാര്‍ത്താണ്ഡവര്‍മ്മ പന്തളം പിടിച്ചതായി കേള്‍ക്കുന്നില്ല. കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു രാജ്യമോ രാജാവോ ഉണ്ടായിരുന്നില്ല.
പിന്നെ ഇത് വെറും കെട്ടുകഥ ആണോ അല്ല. പാണ്ഡ്യദേശത്ത് നിന്ന് തിരുമല നായക്കനെ പേടിച്ചു ജീവരക്ഷക്ക് അഭയാര്‍ഥികളായി വന്നവരാണ് പൂഞ്ഞാര്‍, പന്തളം പ്രദേശങ്ങളില്‍ അവിടുത്തെ ജന്മികളുടെ കാരുണ്യത്തോടെ സ്വന്തം ക്ഷത്രിയ വംശ ബന്ധം ഉയര്‍ത്തിക്കാട്ടി വസ്തുവകകള്‍ സമ്പാദിച്ചു കഴിഞ്ഞു പോന്നിരുന്നത്. ഈ ക്ഷത്രിയ വംശ ബന്ധം അംഗീകരിച്ചു കൊടുത്തു എന്നതല്ലാതെ ഇവരുടെ പ്രദേശത്തെ പിടിച്ചടക്കേണ്ട ഒരു രാജ്യമായി മാര്‍ത്താണ്ഡവര്‍മ്മ പരിഗണിച്ചിരുന്നില്ല എന്നാണു മനസ്സിലാവുന്നത്.’
സര്‍… അങ്ങയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു കുറച്ചു കാര്യം ഇവിടെ കുറിക്കട്ടെ. അറിവിന്റെ കാര്യത്തില്‍ താങ്കളുടെ അയലത്ത് പോലും നില്‍ക്കാനുള്ള കഴിവില്ലെങ്കിലും ഒരു ചരിത്ര ഗവേഷകന്‍ എന്ന നിലയില്‍ താങ്കളുടെ അഭിപ്രായത്തോട് ഒട്ടും യോജിക്കാനാവുന്നില്ല. അതുകൊണ്ട് തന്നെ പന്തളവുമായി ഞാന്‍ കണ്ടെത്തിയ കാര്യം ഇവിടെ കുറിക്കട്ടെ.
പാണ്ഡ്യ രാജ്യത്ത് നിന്നെത്തിയ പന്തളം കുടുംബം രാജവംശമായിരുന്നില്ലെന്നും ജന്മികുടുംബം മാത്രമായിരുന്നുവെന്നാണ് താങ്കള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന അവകാശ വാദം.
സര്‍… രാജവംശങ്ങളുടെ പിറവിയെ കുറിച്ച് അന്വേഷണം നടത്തുന്ന സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും കേരളീയ സമൂഹത്തില്‍ സ്വരൂപങ്ങള്‍ (രാജവംശങ്ങള്‍) ഉണ്ടായത് ഭൂ സ്വത്തുകളുടെ അടിസ്ഥാനത്തിലാണെന്ന് കണ്ടെത്താന്‍ ഒരു വിഷമവുമില്ല. സാമ്പത്തികമായി ഉയര്‍ന്ന കുടുംബങ്ങള്‍ കുടുതല്‍ ഭൂമി വാങ്ങിയും പിടിച്ചെടുത്തും ശക്തമാരായി വളര്‍ന്നു. സൈന്യം ഇല്ലാത്തത് കൊണ്ട് ഒരു വംശം രാജവംശമല്ലാതായിപ്പോവുമോ.. നമ്മള്‍ വീട് പണികഴിപ്പിച്ചാലും പണം കൊടുത്ത് വീട് വാങ്ങിയാലും നമ്മുടെ സ്വന്തം വീട് തന്നെയല്ലേ…
പിന്നെ മാര്‍ത്താണ്ഡ വര്‍മ്മ പന്തളത്തെ ആക്രമിക്കാതിരുന്നത് അവര്‍ സ്വന്തമായി സൈന്യം പോലുമില്ലാത്ത രാജ്യമായത് കൊണ്ടാണെന്നും താങ്കള്‍ പറയുന്നു.
സര്‍…അത് സൈന്യമില്ലാതിരുന്ന രാജംവംശം ആയതുകൊണ്ടായിരുന്നില്ല. മറിച്ച് തിരുവിതാംകൂറും പന്തളവും തമ്മലുള്ള ഊഷ്മളമായ ബന്ധം കൊണ്ട് തന്നെയാണ്. ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചാണ് പന്തളം ഒരു രാജ്യമല്ലെന്ന വാദവുമായി താങ്കള്‍ രംഗത്ത് വന്നത്.
സര്‍…തിരുവിതാംകൂറുമായുള്ള ബന്ധമാണ് മാര്‍ത്താണ്ഡവര്‍മ്മയെ പന്തളം രാജ്യം ആക്രമിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ച കാര്യമെന്ന് പ്രധാനപ്പെട്ട ചിരിത്ര ഗ്രന്ധങ്ങളിലെല്ലാം തന്നെ സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. താങ്കള്‍ക്കും അക്കാര്യം അറിയാമായിരിക്കും എങ്കിലും അക്കാര്യം ഇവിടെ വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ.

(1)  കേരളത്തില്‍ ഏറെ കാലം താമസിച്ച ഡച്ചു പാതിരിയായ ജേക്കബ് കാന്റര്‍ വിഷര്‍ തന്റെ കത്തുകളില്‍ (Letters From Malabar) ഇക്കാര്യം വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. വിഷറുടെ കത്തുകള്‍ക്ക് വിശദീകരണ കുറിപ്പെഴുതിയ കെ പി പത്മനാഭ മേനോന്‍ തന്റെ ‘History of Kerala’ എന്ന ഗ്രന്ഥത്തില്‍ 84ാം പേജില്‍ ഇക്കാര്യം വിവരിക്കുന്നുണ്ട്.

(2)  ടി കെ വേലുപ്പിള്ളയുടെ ‘Travancore state Manual’ എന്ന ഗ്രന്ഥത്തില്‍ പറയുന്ന കാര്യം നോക്കാം…
‘They had possession on both sides of the Ghats. They were always friendly to the kings of Travancore and their co operation was of great advantage to MarthandaVarma for the subjection of Kayamakulam…Page-544.’
( അവര്‍ക്ക് പശ്ചിമ ഘട്ടത്തിന്റെ ഇരുവശങ്ങളിലും ഭൂമി ഉണ്ടായിരുന്നു. തിരുവിതാംകൂറുമായി നല്ല ബന്ധം നിലനിര്‍ത്തിയിരുന്നവരായിരുന്നു ഇവര്‍. ഇവരുടെ ഉറച്ച പിന്തുണയാണ് മാര്‍ത്താണ്ഡവര്‍മ്മക്ക് കായംകുളം പിടിച്ചെടുക്കാന്‍ സഹായികമായത്.)

(3)  ഇനി പ്രമുഖ ചരിത്രകാരനായ എ ശ്രീധരമേനോന്‍ പറയുന്ന കാര്യം നോക്കാം…
‘MarthandaVarma didn’t annex Pandalam as its ruler helped him in the complains against Kayamkulam- A Survey of Kerala History, A Sreedhara Menon Page -164.’
( കായംകുളം പിടിച്ചെടുക്കാന്‍ സഹായിച്ചതുകൊണ്ടാണ് മാര്‍ത്താണ്ഡ വര്‍മ്മ പന്തളത്തെ ആക്രമിക്കാതിരുന്നത്.)

മേല്‍പ്പറഞ്ഞ ഉദ്ദരണികളില്‍ നിന്നും മാര്‍ത്താണ്ഡവര്‍മ്മ പന്തളം ആക്രമിക്കാതിരിക്കാന്‍ കാരണം അവരുമായുള്ള നല്ല ബന്ധവും കായംകുളം പിടിച്ചടക്കാന്‍ മാര്‍ത്താണ്ഡവര്‍മ്മയെ സഹായിച്ചതുകൊണ്ടും മാത്രമാണ് എന്ന കാര്യം വ്യക്തമായല്ലോ
സര്‍… പന്തളം ഒരു രാജ്യമായിരുന്നെന്നും അവിടെ അന്തസ്സുള്ള രാജവംശം ഉണ്ടായിരുന്നെന്നും ഇതില്‍ നിന്നും സാമാന്യ ബുദ്ദിയുള്ള ആര്‍ക്കും മനസിലാക്കാവുന്നതാണ്. പിന്നെ എന്തിന് വെറുതെ ഒരു കോലാഹലം…ചരിത്രം താങ്കളെ കുറ്റക്കാരനല്ലെന്ന് വിധിക്കാതിരിക്കട്ടെ.

For more articles of CPF Vengad visit: http://cpfvengad.blogspot.com/ 

രൂപ പിടിച്ചു നിന്നു; വിപണി താഴോട്ടു പോയി

രാംനാഥ് ചാവ്‌ല-
മുംബൈ: മറ്റു രാജ്യങ്ങളിലെ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും താഴോട്ടുപോയി. എന്നാല്‍, ക്രൂഡ് ഓയില്‍ വില വീണ്ടും താണത് രൂപയെ താങ്ങിനിര്‍ത്തി. വിദേശത്തു സ്വര്‍ണവില കയറിയതിന്റെ പ്രതിഫലനം ഇവിടെയുണ്ടായി.
തലേന്ന് അമേരിക്കയിലും ഇന്നലെ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഓഹരികള്‍ക്കു തളര്‍ച്ചയായിരുന്നു. ചൈനയിലെ പ്രധാന സൂചികയായ ഷാങ്ഹായ് കോംപസിറ്റ് 2.26 ശതമാനം താണു. തലേന്നത്തെ നാലു ശതമാനം കുതിപ്പ് ഒരു അപവാദം മാത്രമായി. ജപ്പാനിലെ നിക്കൈ സൂചിക 2.69 ശതമാനവും കൊറിയയിലെ കോസ്പി 2.56 ശതമാനവും ഹോങ്കോംഗിലെ ഹാങ്‌സെങ്ങ് മൂന്നു ശതമാനവും ഇടിഞ്ഞു. യൂറോപ്പിലെ പ്രധാന സൂചികകളെല്ലാം ഒരു ശതമാനത്തിലധികം താണു.ബിഎസ്ഇ സെന്‍സെക്‌സ് ഏഴുമാസത്തെ താഴ്ചയിലെത്തി 287.15 പോയിന്റ് (0.84 ശതമാനം) നഷ്ടത്തില്‍ 33,880.25 ലാണു സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 98.45 പോയിന്റ് (0.96 ശതമാനം) താണ്10,146.8ല്‍ അവസാനിച്ചു.
സൗദി അറേബ്യ ഖഷോഗി പ്രശ്‌നത്തില്‍ വിഷമസന്ധിയിലായതോടെ അമേരിക്കന്‍ ശാസനകള്‍ക്കു വഴിപ്പെടേണ്ട നിലയിലായി. അടുത്ത നാലിന് ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള അമേരിക്കന്‍ ഉപരോധം നിലവില്‍ വരും. അതുവഴി ഉണ്ടാകുന്ന കുറവ് നികത്താന്‍ ക്രൂഡ് ഉത്പാദനം കൂട്ടുമെന്ന് സൗദി എണ്ണകാര്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു.

ഇനി ജിയോ പേയ്‌മെന്റ് ബാങ്കും

രാംനാഥ് ചാവ്‌ല-
മുംബൈ:
ജിയോ പ്രവര്‍ത്തനംതുടങ്ങിയതുപോലെ വന്‍ഓഫറുകളുമായി ജിയോ പേയ്‌മെന്റ് ബാങ്ക് അവതരിപ്പിക്കാനൊരുങ്ങുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരിക്കും പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവനക്കാര്‍ക്കിടയില്‍ ജിയോ പേയ്‌മെന്റ് ബാങ്കിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ജിയോയുടെ രണ്ടാം പാദ പ്രവര്‍ത്തനഫലം പുറത്തുവിടുന്നതോടൊപ്പം പേയ്‌മെന്റ് ബാങ്കിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. നിലവില്‍ എട്ട് സ്ഥാപനങ്ങള്‍ക്കാണ് പേയ്‌മെന്റ് ബാങ്ക് തുടങ്ങാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുള്ളത്.
അനുമതി ലഭിച്ചതിനുശേഷം ഭാരതി എയര്‍ടെല്‍ ആണ് 2016 നവംബറില്‍ ആദ്യമായി പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. 2017 മെയില്‍ പേ ടിഎമ്മിന്റെ ബാങ്കും പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ ജൂണിലാണ് ഫിനോ പെയ്‌മെന്റ് ബാങ്ക് ആരംഭിച്ചത്.

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു

ഫിദ-
കൊച്ചി: ഇറച്ചിക്കോഴിയുടെ ചില്ലറ വില്‍പ്പന വില കുതിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കോഴി വില 160 രൂപ കടന്നു. ഇതിനു മുമ്പ് സംസ്ഥാനത്ത് 140 രൂപയില്‍ കൂടുതല്‍ വില ഉയര്‍ന്നിട്ടില്ല. രണ്ടാഴ്ചമുമ്പുവരെ 8590 രൂപ നിരക്കിലായിരുന്നു കോഴി വില. ഇതാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 5060 രൂപയോളം വര്‍ധിച്ചത്. തമിഴ്‌നാട്ടില്‍ ഫാമിലെ മൊത്തവില കിലോയ്ക്ക് 116 രൂപയാണ്. ഇന്ധനവില വര്‍ധിച്ചതോടെ ചരക്ക്കൂലിയിലുണ്ടായ വര്‍ധന മൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്നതിന് ചെലവ് ഏറുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ക്കുള്ളില്‍ മാത്രം വന്‍ വര്‍ധനയാണ് ഉണ്ടായത്. മഹാനവമി, വിജയദശമി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏതാനും ദിവസങ്ങളായി അവധിയായതിനാല്‍ അവിടെ നിന്നുള്ള ഇറച്ചിക്കോഴി വരവ് കുറഞ്ഞതും വിലവര്‍ധനവിന് കാരണമായി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 50 ശതമാനം ഫാമുകള്‍ക്കും നാശം സംഭവിച്ചിരുന്നു. വെള്ളം കയറി ലക്ഷക്കണക്കിനു കോഴിക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങി. ഈ കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തേണ്ട കാലയളവാണിപ്പോള്‍.
സംസ്ഥാനത്ത് ആഴ്ചയില്‍ 60 ലക്ഷം ഇറച്ചിക്കോഴികളാണ് ആവശ്യമായി വരുന്നത്. നിലവില്‍ ഇതിന്റെ പകുതി ഉത്പാദനം മാത്രമാണ് നടക്കുന്നത്. പ്രളയത്തെ തുടര്‍ന്നു നശിച്ച ഫാമുകളില്‍ ഭൂരിഭാഗവും ഇനിയും പ്രവര്‍ത്തനസജ്ജമാക്കാനായിട്ടില്ല. ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് കര്‍ഷകരെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി വില കുത്തനെയിടിഞ്ഞതിനാല്‍ ഫാമുകളില്‍ ഉത്പാദനം കുറച്ചതും ഇറച്ചിക്കോഴി ക്ഷാമത്തിന് കാരണമാകുകയും വിലവര്‍ധനവിന ഇടയാക്കുകയും ചെയ്തു. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാര്‍ജ്, മരുന്ന് തുടങ്ങിയവ ഉള്‍പ്പെടെ ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കണമെങ്കില്‍ ശരാശരി 75 രൂപവരെ ചെലവുവരുന്നുണ്ടെന്നും കിലോയ്ക്ക് 100 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമെ കര്‍ഷകനു നഷ്ടമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂവെന്നുമാണ് കോഴിക്കര്‍ഷകര്‍ പറയുന്നത്.

എത്തിഹാദ് വിമാനത്തില്‍ യുവതിക്ക് സുഖപ്രസവം

രാംനാഥ് ചാവ്‌ല-
മുംബൈ: വിമാനത്തില്‍ യുവതി പ്രസവിച്ചതിനെ തുടര്‍ന്ന് ഇത്തിഹാദ് എയര്‍വെയ്‌സ് മുംബൈയില്‍ അടിയന്തരമായി ഇറക്കി. ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനം അബുദാബിയില്‍നിന്നും ജക്കാര്‍ത്തക്കുപോവുകയായിരുന്നു.യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കരീബിയന്‍ ഉടായിപ്പുമായി സുഡാനി പയ്യന്‍

ഫിദ-
സുഡാനി ഫ്രം നൈജീരിയയിലൂടെ ശ്രദ്ധേയനായ സാമുവല്‍ റോബിന്‍സണ്‍ പ്രധാന വേഷത്തിലെത്തുന്ന പര്‍പ്പിള്‍ എന്ന ചിത്രത്തിന്റെ പേര് മാറ്റി. ഒരു കരീബിയന്‍ ഉടായിപ്പ് എന്നാണ് ചിത്രത്തിന് അണിയറക്കാര്‍ നല്‍കിയിരിക്കുന്ന പുതിയ പേര്. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍.വി.കെ നായര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എ. ജോജിയാണ്.
വിഷ്ണു വിനയന്‍, വിഷ്ണു ഗോവിന്ദ്, ഋഷി പ്രകാശ്, മറീന മൈക്കിള്‍, നിഹാരിക തുടങ്ങിയവരാണ് ഈ കാമ്പസ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ഛായാഗ്രഹണം: വേണുഗോപാല്‍, എഡിറ്റിംഗ്: സന്ദീപ് നന്ദകുമാര്‍, ഗാനരചന: ഹരിനാരായണന്‍. സംഗീതം: 4 മ്യൂസിക്, ചാരുഹരിഹരന്‍. സൂണ്‍ ഇന്‍ തിയേറ്റേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.