ബിഎസ്4 വാഹനങ്ങളുടെ വില്‍പ്പന 2020 വരെ മാത്രം

ബിഎസ്4 വാഹനങ്ങളുടെ വില്‍പ്പന 2020 വരെ മാത്രം

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: രാജ്യത്ത് ഭാരത് സ്‌റ്റേജ് (ബി.എസ്) 4 ചട്ടം അനുശാസിക്കുന്ന വാഹനങ്ങളുടെ വില്പന 2020 ഏപ്രില്‍ ഒന്നിനകം അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി. മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ മലിനീകരണ നിയന്ത്രണ മാനദണ്ഡമാണ് ഭാരത് സ്‌റ്റേജ്. അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള യൂറോ സ്റ്റന്‍ഡേര്‍ഡിന് തുല്യമായ ‘ഇന്ത്യന്‍’ ചട്ടമാണിത്.
ബി.എസ്4ല്‍ നിന്ന് നേരിട്ട് ബി.എസ്6ലേക്ക് 2020 ഏപ്രിലോടെ ഇന്ത്യ മാറുമെന്ന് കേന്ദ്രസര്‍ക്കാര്‍ 2016ല്‍ വ്യക്തമാക്കിയിരുന്നു. ബി.എസ്5ലേക്ക് ഇന്ത്യ കടക്കില്ല. 2017 ഏപ്രിലിലാണ് ഇന്ത്യ ബി.എസ്4ലേക്ക് ചുവടുവച്ചത്. ബി.എസ്4ല്‍ നിന്ന് ബി.എസ്6ലേക്ക് അതിവേഗം കടക്കാനുള്ള കേന്ദ്ര നിര്‍ദേശത്തിനെതിരെ വാഹന നിര്‍മ്മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഇന്നലെ ജസറ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ മൂന്നാംഗ ബെഞ്ചിന്റെ ഉത്തരവുണ്ടായത്.
ബി.എസ്6ലേക്ക് മാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ബി.എസ്4 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ 2020 മാര്‍ച്ച് 31വരെ കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ടെന്നും അതുകൊണ്ട്, ഈ എന്‍ജിന്‍ ശ്രേണിയിലെ വാഹനങ്ങള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വാഹന നിര്‍മ്മാതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.എന്‍.എസ്. നഡ്കര്‍ണി, ബി.എസ്4 വാഹനങ്ങള്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് മൂന്നു മുതല്‍ ആറുമാസം വരെ അധികസമയം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് വ്യക്തമാക്കി.
ബി.എസ്4 അധിഷ്ഠിത നാലുചക്ര വാഹനങ്ങള്‍ക്ക് 2020 ജൂണ്‍ വരെയും ഹെവി വാഹനങ്ങള്‍ക്ക് സെപ്തംബര്‍ 30 വരെയും സമയം അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, വിഷയത്തില്‍ കോടതിയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറി അപരാജിത സിംഗ്, സര്‍ക്കാര്‍ നീക്കത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്നാണ്, ശുദ്ധമായ ഇന്ധനത്തിലേക്ക് രാജ്യം നീങ്ങേണ്ടത് കാലഘട്ടത്തിന്റെ അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ സമയം അനുവദിക്കാനാവില്ലെന്ന് കോടതി ഉത്തരവിട്ടത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.