സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിക്കുന്നു

ഫിദ-
കൊച്ചി: ഇറച്ചിക്കോഴിയുടെ ചില്ലറ വില്‍പ്പന വില കുതിക്കുന്നു. സംസ്ഥാനത്ത് പലയിടങ്ങളിലും കോഴി വില 160 രൂപ കടന്നു. ഇതിനു മുമ്പ് സംസ്ഥാനത്ത് 140 രൂപയില്‍ കൂടുതല്‍ വില ഉയര്‍ന്നിട്ടില്ല. രണ്ടാഴ്ചമുമ്പുവരെ 8590 രൂപ നിരക്കിലായിരുന്നു കോഴി വില. ഇതാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 5060 രൂപയോളം വര്‍ധിച്ചത്. തമിഴ്‌നാട്ടില്‍ ഫാമിലെ മൊത്തവില കിലോയ്ക്ക് 116 രൂപയാണ്. ഇന്ധനവില വര്‍ധിച്ചതോടെ ചരക്ക്കൂലിയിലുണ്ടായ വര്‍ധന മൂലം ഇതരസംസ്ഥാനങ്ങളില്‍ നിന്നു കൊണ്ടുവരുന്നതിന് ചെലവ് ഏറുകയാണ്.
കഴിഞ്ഞ ഒരാഴ്ച്ക്കുള്ളില്‍ മാത്രം വന്‍ വര്‍ധനയാണ് ഉണ്ടായത്. മഹാനവമി, വിജയദശമി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏതാനും ദിവസങ്ങളായി അവധിയായതിനാല്‍ അവിടെ നിന്നുള്ള ഇറച്ചിക്കോഴി വരവ് കുറഞ്ഞതും വിലവര്‍ധനവിന് കാരണമായി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ 50 ശതമാനം ഫാമുകള്‍ക്കും നാശം സംഭവിച്ചിരുന്നു. വെള്ളം കയറി ലക്ഷക്കണക്കിനു കോഴിക്കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങി. ഈ കുഞ്ഞുങ്ങള്‍ വളര്‍ച്ചയെത്തേണ്ട കാലയളവാണിപ്പോള്‍.
സംസ്ഥാനത്ത് ആഴ്ചയില്‍ 60 ലക്ഷം ഇറച്ചിക്കോഴികളാണ് ആവശ്യമായി വരുന്നത്. നിലവില്‍ ഇതിന്റെ പകുതി ഉത്പാദനം മാത്രമാണ് നടക്കുന്നത്. പ്രളയത്തെ തുടര്‍ന്നു നശിച്ച ഫാമുകളില്‍ ഭൂരിഭാഗവും ഇനിയും പ്രവര്‍ത്തനസജ്ജമാക്കാനായിട്ടില്ല. ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് കര്‍ഷകരെ ഇതില്‍ നിന്നു പിന്തിരിപ്പിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകളായി വില കുത്തനെയിടിഞ്ഞതിനാല്‍ ഫാമുകളില്‍ ഉത്പാദനം കുറച്ചതും ഇറച്ചിക്കോഴി ക്ഷാമത്തിന് കാരണമാകുകയും വിലവര്‍ധനവിന ഇടയാക്കുകയും ചെയ്തു. കോഴിക്കുഞ്ഞിന്റെ വില, തീറ്റ, തൊഴിലാളികളുടെ വേതനം, വൈദ്യുതി ചാര്‍ജ്, മരുന്ന് തുടങ്ങിയവ ഉള്‍പ്പെടെ ഒരു കിലോ കോഴിയിറച്ചി ഉത്പാദിപ്പിക്കണമെങ്കില്‍ ശരാശരി 75 രൂപവരെ ചെലവുവരുന്നുണ്ടെന്നും കിലോയ്ക്ക് 100 രൂപയെങ്കിലും ലഭിച്ചെങ്കില്‍ മാത്രമെ കര്‍ഷകനു നഷ്ടമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂവെന്നുമാണ് കോഴിക്കര്‍ഷകര്‍ പറയുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close