രൂപ പിടിച്ചു നിന്നു; വിപണി താഴോട്ടു പോയി

രൂപ പിടിച്ചു നിന്നു; വിപണി താഴോട്ടു പോയി

രാംനാഥ് ചാവ്‌ല-
മുംബൈ: മറ്റു രാജ്യങ്ങളിലെ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയും താഴോട്ടുപോയി. എന്നാല്‍, ക്രൂഡ് ഓയില്‍ വില വീണ്ടും താണത് രൂപയെ താങ്ങിനിര്‍ത്തി. വിദേശത്തു സ്വര്‍ണവില കയറിയതിന്റെ പ്രതിഫലനം ഇവിടെയുണ്ടായി.
തലേന്ന് അമേരിക്കയിലും ഇന്നലെ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ഓഹരികള്‍ക്കു തളര്‍ച്ചയായിരുന്നു. ചൈനയിലെ പ്രധാന സൂചികയായ ഷാങ്ഹായ് കോംപസിറ്റ് 2.26 ശതമാനം താണു. തലേന്നത്തെ നാലു ശതമാനം കുതിപ്പ് ഒരു അപവാദം മാത്രമായി. ജപ്പാനിലെ നിക്കൈ സൂചിക 2.69 ശതമാനവും കൊറിയയിലെ കോസ്പി 2.56 ശതമാനവും ഹോങ്കോംഗിലെ ഹാങ്‌സെങ്ങ് മൂന്നു ശതമാനവും ഇടിഞ്ഞു. യൂറോപ്പിലെ പ്രധാന സൂചികകളെല്ലാം ഒരു ശതമാനത്തിലധികം താണു.ബിഎസ്ഇ സെന്‍സെക്‌സ് ഏഴുമാസത്തെ താഴ്ചയിലെത്തി 287.15 പോയിന്റ് (0.84 ശതമാനം) നഷ്ടത്തില്‍ 33,880.25 ലാണു സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 98.45 പോയിന്റ് (0.96 ശതമാനം) താണ്10,146.8ല്‍ അവസാനിച്ചു.
സൗദി അറേബ്യ ഖഷോഗി പ്രശ്‌നത്തില്‍ വിഷമസന്ധിയിലായതോടെ അമേരിക്കന്‍ ശാസനകള്‍ക്കു വഴിപ്പെടേണ്ട നിലയിലായി. അടുത്ത നാലിന് ഇറാന്റെ എണ്ണ കയറ്റുമതിക്കുള്ള അമേരിക്കന്‍ ഉപരോധം നിലവില്‍ വരും. അതുവഴി ഉണ്ടാകുന്ന കുറവ് നികത്താന്‍ ക്രൂഡ് ഉത്പാദനം കൂട്ടുമെന്ന് സൗദി എണ്ണകാര്യമന്ത്രി ഇന്നലെ പ്രഖ്യാപിച്ചു.

Post Your Comments Here ( Click here for malayalam )
Press Esc to close