Month: October 2018

ഇന്ത്യയില്‍ കോടീശ്വരന്മര്‍ വര്‍ധിക്കുന്നു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോടീശ്വരന്മര്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നാലുവര്‍ഷത്തിനിടെ വന്‍ വര്‍ധനയാണ് ഇക്കാര്യത്തിലുണ്ടായിട്ടുള്ളതെന്നാണ് വിവരം. കേന്ദ്ര സര്‍ക്കരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. വര്‍ഷം തോറും ഒരുകോടിയിലധികം വരുമാനമുള്ളവരുടെ എണ്ണത്തിലാണ് വര്‍ധനവ്.
നികുതി അടച്ചവരുടെ കണക്കാണ് പുറത്ത് വന്നിട്ടുള്ളത്. 2017-18ല്‍ നികുതിയടച്ചവരില്‍ 1,40,139 ആളുകളാണ് തങ്ങള്‍ക്ക് ഒരുകോടിയിലധികം രൂപ വരുമാനമുള്ളതായി കാണിച്ചിരിക്കുന്നത്. നാലുവര്‍ഷം മുമ്പ് ഇത് 88,649 പേര്‍ മാത്രമായിരുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയെ എല്ലാം ഉള്‍പ്പെടുത്തിയുള്ളതാണ് കണക്ക്.

റേഷന്‍ ഇ പോസ്; പുതിയ സര്‍വര്‍ നവംബര്‍ മുതല്‍

ഫിദ-
കൊച്ചി: ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഇപോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ സെര്‍വര്‍ ഇന്‍സ്റ്റാലേഷന്‍ അവസാനഘട്ടത്തില്‍. ഈ മാസം അവസാനവാരത്തില്‍ പുതിയ സെര്‍വര്‍ ഉപയോഗിച്ച് റേഷന്‍ വിതരണം നടത്താനാവുമെന്ന് പൊതുവിതരണ വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. പഴയ സെര്‍വറില്‍ നിന്നും ഇപോസ് മെഷീന്‍ ഡാറ്റ പുതിയ സെര്‍വറിലേക്ക് മാറ്റുന്ന പ്രക്രിയയാണ് നിലവില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച തുടങ്ങിയ പ്രക്രിയ അടുത്ത ആഴ്ച ആദ്യം അവസാനിക്കും.
നവംബറില്‍ പൂര്‍ണമായും പുതിയ സെര്‍വറിലായിരിക്കും പ്രവര്‍ത്തനം. ഇപോസ് ഡാറ്റ മാറ്റുന്നതിനായി നാല് ദിവസം റേഷന്‍ വിതരണം മുടക്കേണ്ടിയിരുന്നു. എന്നാല്‍, വിതരണം മുടക്കാതെ പഴയ സെര്‍വറില്‍ നിന്നും ഇപോസ് ഡാറ്റയുടെ കോപ്പി എടുത്ത് സാവധാനം പുതിയതിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എങ്കിലും ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം റേഷന്‍ വിതരണം മടങ്ങിയേക്കാം. ഞായര്‍ അടക്കം അവധി ദിനങ്ങളില്‍ മുടക്കം വരുത്തി ചെയ്യുന്നതിനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ ഒരു പ്രവൃത്തിദിനത്തിലും റേഷന്‍ വിതരണം മുടങ്ങാനും ഇടയുണ്ട്. 80 ലക്ഷത്തില്‍ അധികം വരുന്ന റേഷന്‍കാര്‍ഡുകളിലെ വിവരങ്ങള്‍ വെബ്‌സൈറ്റും ആധാര്‍നമ്പറും അടക്കം പുതിയതിലേക്ക് മാറ്റി.
ശനിയാഴ്ച മാത്രം അഞ്ചുലക്ഷം പേര്‍ ഇപോസ് ഉപയോഗിച്ച് റേഷന്‍ വാങ്ങിയിട്ടുണ്ട്. പഴയ സെര്‍വറില്‍ ഒരു ദിവസം ഒമ്പത് ലക്ഷം പേര്‍ വരെ റേഷന്‍ വാങ്ങിയിട്ടുണ്ട്. ഇത്രധികം പേര്‍ റേഷന്‍വാങ്ങാന്‍ വരുമ്പോഴാണ് പഴയ െസര്‍വര്‍ പണിമുടക്കുന്നത്. പുതിയ സര്‍വറില്‍ ഒമ്പത് ലക്ഷത്തിന്റെ ഇരട്ടിക്ക് ഒരേസമയം അരി വാങ്ങാനാവും. എത്ര പേര്‍ വന്നാലും വിതരണം സുഗമമാക്കുന്നതിന് അഞ്ചരക്കോടി മുടക്കി ‘ലോഡ് ബാലന്‍സര്‍’എന്ന സംവിധാനം വിദേശത്തുനിന്നും വാങ്ങിയ സെര്‍വറിലുണ്ട്.
സംസ്ഥാനത്തെ പതിനാലായിരത്തിലേറെ റേഷന്‍ കടകളും ഫുഡ് കോര്‍പറേഷന്‍ സംഭരണശാലകളും താലൂക്ക്, ജില്ല പൊതുവിതരണ വകുപ്പ് ഓഫിസുകളും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ഇപോസ് മെഷീനുകളും കമ്പ്യൂട്ടര്‍ ശൃംഖലകളും നിലവില്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലെ സെര്‍വറിന്റെ നിയന്ത്രണത്തിലാണ്.

ഇന്ധന വില കുറഞ്ഞു

ഗായത്രി-
കൊച്ചി: രാജ്യത്ത് ഇന്ധന വില കുറഞ്ഞു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് ലിറ്ററിന് 27 പൈസയുമാണ് കുറഞ്ഞത്. പെട്രോളിന് 81.34 രൂപയും ഡീസലിന് 74.92 രൂപയുമാണ് ഡല്‍ഹിയിലെ വില. നികുതിയുടെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഇന്ധന വിലയില്‍ മാറ്റമുണ്ടാകും.
മുംബൈയില്‍ ലിറ്ററിന് 30 പൈസ കുറഞ്ഞ് പെട്രോളിന് 86.91 രൂപയും 28 പൈസ കുറഞ്ഞ് ഡീസലിന് 78.54 രൂപയുമാണ്.
ഒക്ടോബര്‍ നാലിന് ഇന്ധനവിലയില്‍ 2.50 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, 1.50 രൂപയുടെ കുറവ് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്.

 

പ്രളയം; സൗജന്യ അരിവിതരണം ഡീസംബര്‍ വരെ

ഗായത്രി-
കൊച്ചി: പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് ഡിസംബര്‍വരെ സൗജന്യമായി അഞ്ച് കിലോ വീതം അരി നല്‍കും. സെപ്തംബറിലും ഒക്ടോബറിലും സൗജന്യമായി അരി നല്‍കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍, പ്രളയത്തെത്തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് തുടര്‍ന്നും സഹായം ഉറപ്പുവരുത്താനാണ് ഡിസംബര്‍വരെ നീട്ടുന്നത്. സംസ്ഥാനത്തിന് അധികമായി ലഭിച്ച അരിവിഹിതത്തില്‍നിന്നാണ് സൗജന്യ അരി നല്‍കുക. മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് നിലവില്‍ സൗജന്യ അരിയും ധാന്യങ്ങളും ലഭിക്കുന്നുണ്ട്.
പ്രളയബാധിത മേഖലയിലെ ദുര്‍ബലവിഭാഗങ്ങള്‍ക്കും സാമ്പത്തികമായി പിന്നോക്കംനില്‍ക്കുന്നവര്‍ക്കും 500 രൂപ വിലവരുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റും നല്‍കുന്നുണ്ട്. അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ ആറ് ഇനങ്ങളടങ്ങിയ കിറ്റുകള്‍ സപ്ലൈകോ തയ്യാറാക്കി. കലക്ടര്‍മാരുടെ നേതൃത്വത്തില്‍ റവന്യൂ വകുപ്പ് നല്‍കുന്ന കണക്കനുസരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുക. റേഷന്‍ മുന്‍ഗണനാ പട്ടികയിലുള്ളവര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍, അഗതികള്‍, വിധവകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് കിറ്റ് നല്‍കും.

നസ്രിയ നസീം ഉടന്‍ തമിഴിലേക്കില്ല

ഫിദ-
സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയ നസ്രിയ നസീം ഉടന്‍ തമിഴിലേക്കില്ല. അജിത്തിനെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് നസ്രിയയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
വിവാഹശേഷം നാലുവര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്രിയ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടയിലൂടെയാണ് മടങ്ങി വന്നത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിലിന്റെ ട്രാന്‍സിലും നസ്രിയ നായികയായെത്തുന്നുണ്ട്.

 

ഏത്തവാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഗായത്രി-
കൊച്ചി: ഏത്തക്കായുടെ വില കുത്തനെ താഴ്ന്നതോടെ വാഴകര്‍ഷകരുടെ നിലനില്‍പ് തന്നെ അപകടത്തിലായി. പ്രളയം വന്നതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഏത്തക്കായുടെ വിലയിടിവ്. രണ്ടു മാസക്കാലയളവില്‍ പകുതിയോളമാണ് വില താഴ്ന്നത്.
ഏത്തപ്പഴത്തിന് പരമാവധി 35 രൂപയാണ് വിപണിയിലെ വില. ഏത്തക്കായക്ക് 25 രൂപയും. ഇത് വില്‍ക്കുന്ന വിലയാണ്. കര്‍ഷകന് കിട്ടുന്നത് 2025 രൂപ മാത്രമാണ്.
സാധാരണ ഒരു കുലക്ക് ശരാശരി ആറു കിലോ തൂക്കം വരും. ഇതിന് കര്‍ഷകനു കിട്ടുന്നതാകട്ടെ 150 രൂപയും.
ഒരു വാഴക്ക് പരിപാലനവും വളവും ഉള്‍പ്പെടെ 150 രൂപയെങ്കിലും ചെലവു വരുമ്പോഴാണ് ഈ വില ലഭിക്കുന്നത്. കിലോക്ക് 35 രൂപ എങ്കിലും കിട്ടിയാലെ പിടിച്ചു നില്‍ക്കാനാകുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.
വയനാട്, തൃശൂര്‍ മേഖലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ വരവ് തുടങ്ങിയതോടെയാണ് ഏത്തക്കായുടെ വില ക്രമാതീതമായി ഇടിഞ്ഞത്. പ്രളയത്തില്‍ വെള്ളത്തിലായ ഒട്ടനവധി കര്‍ഷകരെ വലിയ കഷ്ടത്തിലാക്കിയിരിക്കുകയാണ് വിലയിടിവ്.
വലിയ തോട്ടങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ വിളവ് ഒന്നിച്ചെടുക്കുന്നതും വിലയിടിവിന് കാരണമായിട്ടുണ്ട്. പലരും തോട്ടങ്ങള്‍ മൊത്തമായെടുത്ത് കര്‍ഷകരെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നുണ്ടത്രെ.
എന്നാല്‍ ഏത്തക്കായുടെ മറ്റ് ഉത്പന്നങ്ങള്‍ക്ക് വിലയിടിവ് ഒട്ടും ബാധകമായിട്ടില്ലതാനും. ചിപ്‌സ് കമ്പനികള്‍ ഏത്തക്കാ തോട്ടങ്ങളില്‍ നിന്ന് വിപണി വിലയെക്കാളും വളരെ താഴ്ത്തിയാണ് വാങ്ങുന്നത്. ഇതിലൂടെ കമ്പനികള്‍ വന്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ കനത്ത നഷ്ടമാണ് നേരിടുന്നത്.
അതേസമയം പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് പലര്‍ക്കും ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലത്രെ. പലരും അപേക്ഷകള്‍ നല്കി കാത്തിക്കുകയാണ്.
ചിപ്‌സ് കമ്പനികള്‍ പോലുള്ള വന്‍കിടക്കാര്‍ മൊത്തമായി തോട്ടങ്ങള്‍ എടുക്കുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ വില ലഭിക്കുന്ന അവസ്ഥയുണ്ട്. ഇതിന് മാറ്റമുണ്ടാകണം. ഹോര്‍ട്ടകോര്‍പ്പ് പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിപണിയില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് താങ്ങാകണം. പണിക്കൂലി, വളത്തിന്റെ വില എന്നിവ വളരെ ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന നിലയിലാണ്.
പച്ചക്കായക്കും ഏത്തപ്പഴത്തിനും വിലയില്ലെങ്കിലും ചിപ്‌സിനും പഴംപൊരിക്കും വിലയില്‍ ഒരു കുറവുമില്ല. നാട്ടിന്‍ പുറങ്ങളില്‍ പഴംപൊരിക്ക് ഒരെണ്ണത്തിന് 10 രൂപയാണെങ്കില്‍ നഗരങ്ങളില്‍ ഒരെണ്ണത്തിന് പതിനഞ്ച് രൂപ വരെയെത്തും. ഒരു കിലോ ഏത്തപ്പഴത്തില്‍ നിന്ന് കുറഞ്ഞത് 15 പഴംപൊരിയെങ്കിലും ഉണ്ടാക്കാം. ചിപ്‌സിനും തീവില തന്നെ. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ഒരിക്കലും ലഭിക്കാറില്ല.

ഫെയര്‍ഫാക്‌സ് ഇന്ത്യക്ക് കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍

ഗായത്രി-
തൃശൂര്‍: കനേഡിയന്‍ കോടീശ്വരനായ പ്രേം വാട്‌സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്‌സ് ഇന്ത്യക്ക് കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ കൈമാറുന്ന പ്രക്രിയ പൂര്‍ത്തിയായതായി ബാങ്ക് അധികൃതര്‍. 18 മാസം കൊണ്ടായിരിക്കും ബാങ്കിന്റെ ഓഹരികള്‍ ഘട്ടംഘട്ടമായി ഫെയര്‍ഫാക്‌സിന്റെ ഉടമസ്ഥതയിലാകുക. ഓഹരികളുടെ നിര്‍ണായകമായ ഒരു ഭാഗം ഏറ്റെടുത്തു കൊണ്ടുള്ള ഫെയര്‍ഫാക്‌സിന്റെ കടന്നുവരവ് ബാങ്കിന്റെ സേവനങ്ങള്‍ കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് വഴിയൊരുക്കും. ഭാവിയിലെ വളര്‍ച്ചയെയും സഹായിക്കും. ഓഹരി കൈമാറ്റത്തിലൂടെ ലഭിക്കുന്ന ഫണ്ട് വഴി ബാങ്കിന്റെ ഇന്ത്യയിലുടനീളമുള്ള പ്രവര്‍ത്തനം വിപുലമാക്കും.

മുന്‍ എസ്.ബി.ഐ മേധാവി അരുന്ദതി ഭട്ടാചാര്യ റിലയന്‍സില്‍

രാംനാഥ് ചാവ്‌ല-
മുംബൈ: മുന്‍ എസ്.ബി.ഐ തലവ അരുന്ദതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു. കമ്പനിയുടെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായാണ് അരുന്ദതിയുടെ നിയമനം. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലാണ് റിലയന്‍സ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒക്‌ടോബര്‍ 17 മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. കമ്പനി ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് അരുന്ദതി ഭട്ടാചാര്യയെ സ്വന്ത്രത അഡീഷണല്‍ ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞയാഴ്ച അരുന്ദതി ഭട്ടാചാര്യയെ ക്രിസ് കാപ്പിറ്റല്‍ എന്ന സ്ഥാപനം ഉപദേശകയായി നിയമച്ചതിന് പിന്നാലെയാണ് റിലയന്‍സും അവര്‍ക്ക് പദവി നല്‍കിയത്.
1977ല്‍ എസ്.ബി.ഐയില്‍ പ്രൊബേഷണറി ഓഫീസറായാണ് അരുന്ദതി ഭട്ടാചാര്യ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2013ലാണ് അവര്‍ എസ്.ബി.ഐയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത്. 40 വര്‍ഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ഒക്‌ടോബറിലാണ് അരുന്ദതി ഭട്ടാചാര്യ എസ്.ബി.ഐയില്‍ നിന്ന് വിരമിച്ചത്.

ദിലീപ് അമ്മയില്‍ നിന്ന് രാജിവെച്ചു: മോഹന്‍ലാല്‍

ഗായത്രി-
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചതായി പ്രസിഡന്റ്് മോഹന്‍ലാല്‍. കഴിഞ്ഞ പത്താം തീയതിയാണ് താന്‍ ആവശ്യപ്പെട്ട പ്രകാരം രാജിവെച്ചത്. ദിലീപിന്റെ രാജി താന്‍ ചോദിച്ചു വാങ്ങിയതാണെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
കൊച്ചിയില്‍ ചേര്‍ന്ന എം.എം.എം.എ അവെയ്‌ലബിള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം ഭാരവാഹികള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഡബ്ല്യുസിസി അംഗങ്ങളെ മോഹന്‍ലാല്‍ വീണ്ടും നടിമാര്‍ എന്ന് ഉപയോഗിച്ചതും ശ്രദ്ധേയമായി. അവരുടെ പേര് പറയുന്നില്ല, അവരെ നടിമാര്‍ എന്നു തന്നെ വിളിക്കാം എന്നും മോഹന്‍ലാല്‍ പറഞ്ഞു.
ദിലീപിന്റെ രാജിക്കാര്യത്തില്‍ എല്ലാവരുടേയും സമ്മതം ആവശ്യമായതിനാലാണ് തീരുമാനം വൈകിയത് എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്ത

 

രൂപ കരുത്തുനേടുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: ക്രൂഡ് ഓയില്‍വില കുറഞ്ഞതിന്റെ ചുവടുപിടിച്ച് രൂപ കരുത്തുനേടി. ഡോളറിന്റെ വില 73.48 രൂപയിലേക്കു താണു. 35 പൈസ കുറവ്.
ബ്രെന്റെ ഇനം ക്രൂഡിന്റെ വില വീപ്പക്ക് 80 ഡോളറിലേക്കു വീണ്ടും താണതാണ് ഇതിനു സഹായകമായത്. അമേരിക്കയും സൗദി അറേബ്യയും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തില്‍ അയവു വന്നതാണു ക്രൂഡ് വില താഴാന്‍ കാരണം.
ക്രൂഡ് വില താഴ്ന്നു നിന്നാല്‍ ഇന്ത്യക്കു വ്യാപാരകമ്മിയും കറന്റ് അക്കൗണ്ട് കമ്മിയും കുറയും. ഈ പ്രതീക്ഷയിലാണ് രൂപയ്ക്കു നിരക്ക് ഉയര്‍ന്നത്.
ഓഹരിവിപണി ഇന്നലെയും ഉയര്‍ന്നു. തിങ്കളാഴ്ച 131.52 പോയിന്റ് കയറിയ സെന്‍സെക്‌സ് ഇന്നലെ 297.38 പോയിന്റ് (0.85 ശതമാനം) കയറി 35,162.48ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി തലേന്നത്തെ 40 പോയിന്റിന്റെ കൂടെ 72.25 പോയിന്റ് കൂടി !ഉയര്‍ന്ന് 10,584.75ല്‍ ക്ലോസ് ചെയ്തു.