റേഷന്‍ ഇ പോസ്; പുതിയ സര്‍വര്‍ നവംബര്‍ മുതല്‍

റേഷന്‍ ഇ പോസ്; പുതിയ സര്‍വര്‍ നവംബര്‍ മുതല്‍

ഫിദ-
കൊച്ചി: ഭക്ഷ്യസുരക്ഷ പദ്ധതിയില്‍ ഇപോസ് മെഷീനുകള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള പുതിയ സെര്‍വര്‍ ഇന്‍സ്റ്റാലേഷന്‍ അവസാനഘട്ടത്തില്‍. ഈ മാസം അവസാനവാരത്തില്‍ പുതിയ സെര്‍വര്‍ ഉപയോഗിച്ച് റേഷന്‍ വിതരണം നടത്താനാവുമെന്ന് പൊതുവിതരണ വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നു. പഴയ സെര്‍വറില്‍ നിന്നും ഇപോസ് മെഷീന്‍ ഡാറ്റ പുതിയ സെര്‍വറിലേക്ക് മാറ്റുന്ന പ്രക്രിയയാണ് നിലവില്‍ പുരോഗമിക്കുന്നത്. കഴിഞ്ഞ ആഴ്ച തുടങ്ങിയ പ്രക്രിയ അടുത്ത ആഴ്ച ആദ്യം അവസാനിക്കും.
നവംബറില്‍ പൂര്‍ണമായും പുതിയ സെര്‍വറിലായിരിക്കും പ്രവര്‍ത്തനം. ഇപോസ് ഡാറ്റ മാറ്റുന്നതിനായി നാല് ദിവസം റേഷന്‍ വിതരണം മുടക്കേണ്ടിയിരുന്നു. എന്നാല്‍, വിതരണം മുടക്കാതെ പഴയ സെര്‍വറില്‍ നിന്നും ഇപോസ് ഡാറ്റയുടെ കോപ്പി എടുത്ത് സാവധാനം പുതിയതിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. എങ്കിലും ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസം റേഷന്‍ വിതരണം മടങ്ങിയേക്കാം. ഞായര്‍ അടക്കം അവധി ദിനങ്ങളില്‍ മുടക്കം വരുത്തി ചെയ്യുന്നതിനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ചിലപ്പോള്‍ ഒരു പ്രവൃത്തിദിനത്തിലും റേഷന്‍ വിതരണം മുടങ്ങാനും ഇടയുണ്ട്. 80 ലക്ഷത്തില്‍ അധികം വരുന്ന റേഷന്‍കാര്‍ഡുകളിലെ വിവരങ്ങള്‍ വെബ്‌സൈറ്റും ആധാര്‍നമ്പറും അടക്കം പുതിയതിലേക്ക് മാറ്റി.
ശനിയാഴ്ച മാത്രം അഞ്ചുലക്ഷം പേര്‍ ഇപോസ് ഉപയോഗിച്ച് റേഷന്‍ വാങ്ങിയിട്ടുണ്ട്. പഴയ സെര്‍വറില്‍ ഒരു ദിവസം ഒമ്പത് ലക്ഷം പേര്‍ വരെ റേഷന്‍ വാങ്ങിയിട്ടുണ്ട്. ഇത്രധികം പേര്‍ റേഷന്‍വാങ്ങാന്‍ വരുമ്പോഴാണ് പഴയ െസര്‍വര്‍ പണിമുടക്കുന്നത്. പുതിയ സര്‍വറില്‍ ഒമ്പത് ലക്ഷത്തിന്റെ ഇരട്ടിക്ക് ഒരേസമയം അരി വാങ്ങാനാവും. എത്ര പേര്‍ വന്നാലും വിതരണം സുഗമമാക്കുന്നതിന് അഞ്ചരക്കോടി മുടക്കി ‘ലോഡ് ബാലന്‍സര്‍’എന്ന സംവിധാനം വിദേശത്തുനിന്നും വാങ്ങിയ സെര്‍വറിലുണ്ട്.
സംസ്ഥാനത്തെ പതിനാലായിരത്തിലേറെ റേഷന്‍ കടകളും ഫുഡ് കോര്‍പറേഷന്‍ സംഭരണശാലകളും താലൂക്ക്, ജില്ല പൊതുവിതരണ വകുപ്പ് ഓഫിസുകളും തമ്മില്‍ ബന്ധിപ്പിച്ചിട്ടുള്ള ഇപോസ് മെഷീനുകളും കമ്പ്യൂട്ടര്‍ ശൃംഖലകളും നിലവില്‍ തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലെ സെര്‍വറിന്റെ നിയന്ത്രണത്തിലാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.