ഏത്തവാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഏത്തവാഴ കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഗായത്രി-
കൊച്ചി: ഏത്തക്കായുടെ വില കുത്തനെ താഴ്ന്നതോടെ വാഴകര്‍ഷകരുടെ നിലനില്‍പ് തന്നെ അപകടത്തിലായി. പ്രളയം വന്നതോടെ പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് ഏത്തക്കായുടെ വിലയിടിവ്. രണ്ടു മാസക്കാലയളവില്‍ പകുതിയോളമാണ് വില താഴ്ന്നത്.
ഏത്തപ്പഴത്തിന് പരമാവധി 35 രൂപയാണ് വിപണിയിലെ വില. ഏത്തക്കായക്ക് 25 രൂപയും. ഇത് വില്‍ക്കുന്ന വിലയാണ്. കര്‍ഷകന് കിട്ടുന്നത് 2025 രൂപ മാത്രമാണ്.
സാധാരണ ഒരു കുലക്ക് ശരാശരി ആറു കിലോ തൂക്കം വരും. ഇതിന് കര്‍ഷകനു കിട്ടുന്നതാകട്ടെ 150 രൂപയും.
ഒരു വാഴക്ക് പരിപാലനവും വളവും ഉള്‍പ്പെടെ 150 രൂപയെങ്കിലും ചെലവു വരുമ്പോഴാണ് ഈ വില ലഭിക്കുന്നത്. കിലോക്ക് 35 രൂപ എങ്കിലും കിട്ടിയാലെ പിടിച്ചു നില്‍ക്കാനാകുകയുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു.
വയനാട്, തൃശൂര്‍ മേഖലകളില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ വരവ് തുടങ്ങിയതോടെയാണ് ഏത്തക്കായുടെ വില ക്രമാതീതമായി ഇടിഞ്ഞത്. പ്രളയത്തില്‍ വെള്ളത്തിലായ ഒട്ടനവധി കര്‍ഷകരെ വലിയ കഷ്ടത്തിലാക്കിയിരിക്കുകയാണ് വിലയിടിവ്.
വലിയ തോട്ടങ്ങളില്‍ നിന്ന് ഇടനിലക്കാര്‍ വിളവ് ഒന്നിച്ചെടുക്കുന്നതും വിലയിടിവിന് കാരണമായിട്ടുണ്ട്. പലരും തോട്ടങ്ങള്‍ മൊത്തമായെടുത്ത് കര്‍ഷകരെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നുണ്ടത്രെ.
എന്നാല്‍ ഏത്തക്കായുടെ മറ്റ് ഉത്പന്നങ്ങള്‍ക്ക് വിലയിടിവ് ഒട്ടും ബാധകമായിട്ടില്ലതാനും. ചിപ്‌സ് കമ്പനികള്‍ ഏത്തക്കാ തോട്ടങ്ങളില്‍ നിന്ന് വിപണി വിലയെക്കാളും വളരെ താഴ്ത്തിയാണ് വാങ്ങുന്നത്. ഇതിലൂടെ കമ്പനികള്‍ വന്‍ ലാഭം കൊയ്യുമ്പോള്‍ കര്‍ഷകര്‍ കനത്ത നഷ്ടമാണ് നേരിടുന്നത്.
അതേസമയം പ്രളയത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് പലര്‍ക്കും ഇനിയും നഷ്ടപരിഹാരം ലഭിച്ചിട്ടില്ലത്രെ. പലരും അപേക്ഷകള്‍ നല്കി കാത്തിക്കുകയാണ്.
ചിപ്‌സ് കമ്പനികള്‍ പോലുള്ള വന്‍കിടക്കാര്‍ മൊത്തമായി തോട്ടങ്ങള്‍ എടുക്കുന്നതുകൊണ്ട് കര്‍ഷകര്‍ക്ക് ഏറ്റവും കുറഞ്ഞ വില ലഭിക്കുന്ന അവസ്ഥയുണ്ട്. ഇതിന് മാറ്റമുണ്ടാകണം. ഹോര്‍ട്ടകോര്‍പ്പ് പോലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിപണിയില്‍ ഇടപെട്ട് കര്‍ഷകര്‍ക്ക് താങ്ങാകണം. പണിക്കൂലി, വളത്തിന്റെ വില എന്നിവ വളരെ ഉയര്‍ന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്ന നിലയിലാണ്.
പച്ചക്കായക്കും ഏത്തപ്പഴത്തിനും വിലയില്ലെങ്കിലും ചിപ്‌സിനും പഴംപൊരിക്കും വിലയില്‍ ഒരു കുറവുമില്ല. നാട്ടിന്‍ പുറങ്ങളില്‍ പഴംപൊരിക്ക് ഒരെണ്ണത്തിന് 10 രൂപയാണെങ്കില്‍ നഗരങ്ങളില്‍ ഒരെണ്ണത്തിന് പതിനഞ്ച് രൂപ വരെയെത്തും. ഒരു കിലോ ഏത്തപ്പഴത്തില്‍ നിന്ന് കുറഞ്ഞത് 15 പഴംപൊരിയെങ്കിലും ഉണ്ടാക്കാം. ചിപ്‌സിനും തീവില തന്നെ. എന്നാല്‍ കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ഒരിക്കലും ലഭിക്കാറില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close