ലൈംഗികാതിക്രമ പരാതിയില്‍ ഗൂഗിള്‍ 48 ജീവനക്കാരെ പുറത്താക്കി

ലൈംഗികാതിക്രമ പരാതിയില്‍ ഗൂഗിള്‍ 48 ജീവനക്കാരെ പുറത്താക്കി

അളക ഖാനം
കാലിഫോര്‍ണിയ: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനിടെ 48 ജീവനക്കാരെ പുറത്താക്കിയതായി ഗൂഗിള്‍. ഇതില്‍ 13 പേര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും അപമര്യാദയായി പെരുമാറുന്നതിനെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജീവനക്കാര്‍ക്കയച്ച കത്തില്‍ ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ വ്യക്തമാക്കി.
ലഭിക്കുന്ന പരാതികള്‍ കൃത്യമായി അന്വേഷിക്കുകയും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കി ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഉറപ്പുവരുത്തുന്നതില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം ജീവനക്കാര്‍ക്ക് ഉറപ്പു നല്‍കി. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് പുറത്താക്കിയവര്‍ക്ക് യാതൊരു വിധ നഷ്ടപരിഹാരവും നല്‍കിയിട്ടില്ലെന്നും പിച്ചെ വ്യക്തമാക്കി.
2004ല്‍ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ നിന്ന് പുറത്താക്കിയ ആന്‍ഡ്രോയിഡ് ഉപജ്ഞാതാവായ ആന്റി റൂബിന് 90 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കിയെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നഷ്ടപരിഹാരം നല്‍കിയ സമാനമായ മറ്റു രണ്ട് സംഭവങ്ങളും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഗൂഗിള്‍ നിലപാട് വ്യക്തമാക്കിയത്.

Post Your Comments Here ( Click here for malayalam )
Press Esc to close