ആധാറില്ലാതെ സിം രജിസ്‌ട്രേഷന്‍

ആധാറില്ലാതെ സിം രജിസ്‌ട്രേഷന്‍

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി:
പുതിയ മൊബൈല്‍ സിം അനുവദിക്കുന്നതിനും പഴയതു പുതുക്കുന്നതിനും ആധാര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലിക്കോം കമ്പനികളോടു നിര്‍ദേശിച്ചു. ആധാര്‍ മൊബൈല്‍ വെരിഫിക്കേഷന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന സുപ്രീം കോടതിയുടെ സെപ്റ്റംബറിലെ വിധിയുടെ അടിസ്ഥാനത്തിലാണു നടപടി. സ്വകാര്യ കമ്പനികള്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നതിനാണ് സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയത്.
ആധാറിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍ (ഇകെവൈസി) ഉപയോഗിക്കുന്നതു വിലക്കുന്നത് ഉള്‍പ്പെടെയുള്ള ടെലിക്കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ പുതിയ നിര്‍ദേശങ്ങള്‍ നവംബര്‍ അഞ്ചുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് തങ്ങളുടെ ഡിജിറ്റല്‍ നടപടിക്രമങ്ങളില്‍ മാറ്റംവരുത്തണമെന്ന് കേന്ദ്രം കമ്പനികളോടു നിര്‍ദേശിച്ചു.
പുതിയ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ ആ സമയത്തെ ചിത്രവും മറ്റു ഡിജിറ്റല്‍ രേഖകളും ടെലിക്കോം മന്ത്രാലയം ഏര്‍പ്പെടുത്തുന്ന ആപ്പില്‍ ചേര്‍ക്കാനാണു നിര്‍ദേശം. ഈ നടപടിയോടെ മുഴുവന്‍ നടപടിക്രമങ്ങളും പേപ്പര്‍ രഹിതമാകും. ഇതോടൊപ്പം സിം കാര്‍ഡ് നല്‍കുന്ന ഏജന്റ് വഴി ഒടിപി സംവിധാനവും സിം രജിസ്റ്റര്‍ ചെയ്യുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നാണ് കമ്പനികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ പറയുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close