ദീപാവലി; സ്വര്‍ണ വില കുതിച്ചേക്കും

ദീപാവലി; സ്വര്‍ണ വില കുതിച്ചേക്കും

ഗായത്രി-
കൊച്ചി: ആഭരണ പ്രേമികളെ ആശങ്കയിലാഴ്ത്തി രാജ്യത്ത് സ്വര്‍ണവില പുതിയ ഉയരത്തിലേക്ക്. വിവാഹ ഉത്‌സവകാല ഡിമാന്റിന്റെ പിന്‍ബലത്തില്‍ ഇന്നലെ ദേശീയ കേരള വിപണികളില്‍ വില ആറു വര്‍ഷത്തെ ഉയരത്തിലെത്തി. സംസ്ഥാനത്ത് പവന് 80 രൂപ വര്‍ധിച്ച് വില 23,760 രൂപയായി. പത്തു രൂപ വര്‍ദ്ധിച്ച് 2,970 രൂപയാണ് ഗ്രാമിന് വില.
ന്യൂഡല്‍ഹി ബുള്ള്യന്‍ വിപണിയില്‍ പത്തു ഗ്രാമിന് 125 രൂപ വര്‍ധിച്ച് വില 32,625 രൂപയിലെത്തി. ഉത്സവകാലത്തിന് മുന്നോടിയായി റീട്ടെയില്‍ കച്ചവടക്കാര്‍ സ്വര്‍ണം വാങ്ങല്‍ കൂട്ടിയതും ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ച മൂലം ഇറക്കുമതി ചെലവേറിയതും വിലയെ പുതിയ ഉയരത്തിലേക്ക് നയിക്കുകയാണ്. ഓഹരി വിപണിയുടെ തകര്‍ച്ചമൂലം നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പണമൊഴുക്കുന്നതും വിലക്കുതിപ്പുണ്ടാക്കുന്നു.
കേരളത്തില്‍ സര്‍വകാല റെക്കാഡ് ഉയരത്തില്‍ നിന്ന് 480 രൂപ മാത്രം അകലെയാണ് പവന്‍ വില. 2012 സെപ്തംബറില്‍ പവന്‍വില റെക്കാഡുയരമായ 24,240 രൂപ രേഖപ്പെടുത്തിയിരുന്നു. ഈമാസം മാത്രം പവന്‍വിലയില്‍ ആയിരം രൂപയും ഗ്രാമിന് 125 രൂപയുമാണ് ഉയര്‍ന്നത്. 2018ല്‍ ഇതുവരെ പവന് 2,000 രൂപയും ഗ്രാമിന് 250 രൂപയും കൂടി.
ദീപാവലി ആഘോഷങ്ങള്‍ പടിവാതിലില്‍ എത്തിയതിനാല്‍ അതിന് മുമ്പായി സ്വര്‍ണവില കുറയാന്‍ സാധ്യതയില്ല. വിവാഹഉത്‌സവകാല ഡിമാന്‍ഡേറിയതും വിലക്കുതിപ്പിന് കളമൊരുക്കും. സ്വര്‍ണവില ഗ്രാമിന് ഈയാഴ്ച തന്നെ 3,000 രൂപ കവിഞ്ഞേക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES