Month: May 2018

ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു

ഗായത്രി
കൊച്ചി: ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വര്‍ധനവ് തുടരുന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 20 പൈസയുമാണ് വര്‍ധിച്ചത്. 81.62 രൂപയാണ് തിരുവനന്തപുരത്തെ പെട്രോള്‍ വില. ഡീസല്‍ വില 74.36 രൂപയായി. കൊച്ചിയില്‍ പെട്രോളിന് 80.20 രൂപയും ഡീസലിന് 72.95 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 80.32 രൂപയും ഡീസലിന് 73.26 രൂപയുമാണ്.
ഒപെക് രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചതിനാല്‍ ക്രൂഡോയില്‍ വില വര്‍ധിക്കുന്നതാണ് ഇന്ധനവിലവര്‍ധനക്ക് കാരണം.

വീര്‍ ദ വെഡ്ഡിംഗിന് ‘എ’ സര്‍ട്ടിഫിക്കറ്റ്

രാംനാഥ് ചാവ്‌ല
തങ്ങളുടെ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് കിട്ടുമ്പോള്‍ പരാതി പറയുകയും സെന്‍സര്‍ ബോര്‍ഡിനെ കുറ്റം പറയുകയും ചെയ്യുന്നവരാണ് സംവിധായകരും നിര്‍മ്മാതാക്കളുമൊക്കെ. പക്ഷേ കരീന, സോനം, സ്വരാ ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍ നായികമാരാകുന്ന വീര്‍ ദ വെഡ്്ഡിംഗ് എന്ന ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കാന്‍ പോകുന്നതെന്നറിഞ്ഞതോടെ അതീവ സന്തോഷത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ കുടുംബ പ്രേക്ഷകര്‍ കയറില്ലയെന്നതാണ് സാധാരണ നിര്‍മ്മാതാക്കളെ നിരാശരാക്കുന്ന കാര്യം പക്ഷേ ഇവിടെ തങ്ങള്‍ ലക്ഷ്യമിടുന്നത് ഇന്നത്തെ യുവ തലമുറയെയാണെന്ന് സോനത്തിന്റെ സഹോദരിയും നിര്‍മ്മാതാവുമായ റിയ കപൂറും എക്താ കപൂറും വ്യക്തമാക്കി. ‘എ’സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നതെങ്കില്‍ സീനുകള്‍ക്ക് കത്രിക വെക്കുന്നത് കുറയുമെന്നതു തന്നെയാണ് സന്തോഷത്തിന് കാരണം. ഇതോടെ തങ്ങളുടെ സിനിമ അതു പോലെ പ്രേക്ഷകരിലേക്കെത്തിക്കാമെന്ന് ഇവര്‍ പറയുന്നു.
നാലു നായികമാരുടെയും ഗ്ലാമര്‍ രംഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗമുള്ള ഡയലോഗുകളുമാണ് ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാരണം. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് കൈമാറിയിട്ടില്ല. ശശാങ്ക ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 1ന് തീയറ്ററുകളിലെത്തും.

മാന്‍ ബുക്കര്‍ പുരസ്‌കാരം ഓള്‍ഗ ടോക്കര്‍ചുക്കിന്

അളക ഖാനം
ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ‘ഫ്‌ളൈറ്റ്‌സ്’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. സമ്മാനത്തുകയായ 67,000 ഡോളര്‍ പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി ടോക്കര്‍ചുക് പങ്കിട്ടു.
1990കളില്‍ സാഹിത്യരംഗത്തെത്തിയ ടോക്കര്‍ചുക്കിന് ഒട്ടേറെ ദേശീയ, അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എട്ട് നോവലും രണ്ടു ചെറുകഥ സമാഹാരവും രചിച്ചു. െ്രെപമിവെല്‍ ആന്റ്് അദെര്‍ ടൈംസ്, ദ ബുക്ക്‌സ് ഓഫ് ജേക്കബ്, റണ്ണേഴ്‌സ്, ഹൗസ് ഓഫ് ഡേ ഹൗസ് ഓഫ് നൈറ്റ് എന്നിവയാണ് ശ്രദ്ധേയ രചനകള്‍. നിരവധി ഭാഷകളിലേക്ക് ടോക്കര്‍ചുക്കിന്റെ സൃഷ്ടികള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
2005ലാണ് മാന്‍ ബുക്കര്‍ അന്താരാഷ്ട്ര സമ്മാനം ഏര്‍പ്പെടുത്തിയത്.

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

ഗായത്രി
പാലക്കാട്: നടന്‍ വിജയന്‍ പെരിങ്ങോട് (66)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലരക്ക് പെരിങ്ങോട്ടുള്ള വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സിനിമയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ് ആയി തുടങ്ങി അഭിനയരംഗത്തേക്ക് എത്തിയ വിജയന്‍ 40ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സ 1983ല്‍ പി എന്‍ മേനോന്‍ സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. മീശ മാധവന്‍, കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടാളം, കഥാവശേഷന്‍, അച്ചുവിന്റെ അമ്മ, വടക്കുന്നാഥന്‍, സെല്ലൂലോയ്ഡ്, രക്ഷാധികാരി ബൈജു ഒപ്പ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

വണ്‍ പ്ലസ് 6 സ്മാര്‍ട്ട് ഫോണ്‍ ഇനി ഇന്ത്യന്‍ വിപണിയിലും

ഗായത്രി
കൊച്ചി: വണ്‍ പ്ലസ് 6 സ്മാര്‍ട്ട് ഫോണ്‍ ഇനി ഇന്ത്യന്‍ വിപണിയിലും. മൊത്തമായും ഗ്ലാസ് കൊണ്ട് നിര്‍മിച്ച ഫോണിന്റെ ഡിസ്േപ്ല ഐ ഫോണ്‍ എക്‌സ് സ്‌ക്രീന്‍ പോലെയാണ്. ആറ് ജിബി റാം, 64 ജിബി സ്‌റ്റോറേജിന് വില 34,999 രൂപയാണെങ്കില്‍ എട്ട് ജിബി, 128 ജിബിയുടെ വില 39,999 രൂപയാണ്. ഭാവിയില്‍ 256 ജിബി സ്‌റ്റോറേജും ലഭിക്കും. ഇതോടൊപ്പം പുറത്തിറക്കിയ വയര്‍ലെസ് ഇയര്‍ ഫോണിന്റെവണ്‍ പ്ലസ് ബുള്ളറ്റ്‌വില 3,999 രൂപയാണ്. രാജ്യത്തെ എട്ടു നഗരങ്ങളിലെ സ്‌റ്റോറുകള്‍ വഴി മേയ് 21 മുതല്‍ ഫോണുകള്‍ ലഭ്യമാകും.
രണ്ട് സിമ്മുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫോണില്‍ നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ ആണ്. ഇത് ആന്‍ഡ്രോയ്ഡ് പി.യിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും. 6.28 ഇഞ്ച് വലിപ്പമുള്ള ഓപ്റ്റിക് അമോലെഡ് സ്‌ക്രീന്‍, ഗോറില്ല ഗ്ലാസ്5, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845, പിന്നില്‍ രണ്ട് ക്യാമറ, മുന്നില്‍ 16 മെഗാ പിക്‌സല്‍ ക്യാമറ, സ്ലോമോഷന്‍ റെക്കോഡിങ്, ഫേസ് അണ്‍ലോക്ക്, എന്‍.എഫ്.സി. സപ്പോര്‍ട്ട്, 3300 എം.എ.എച്ച്. ബാറ്ററി എന്നിവയെല്ലാമുള്ള ഫോണിന്റെ ഭാരം 177 ഗ്രാം ആണ്. പുതിയ ഫോണ്‍ നിലവിലെ മറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് കനത്ത തിരിച്ചടിയാവുമെന്നാണ് കരുതുന്നത്.

ഫേസ്ബുക്ക് അക്കൊണ്ട് പോലുമില്ലാതെ ബോളിവുഡിന്റെ സ്വന്തം ബെബോ

വിഷ്ണു പ്രതാപ്
സോഷ്യല്‍ മീഡിയകളില്‍ തനിക്ക് വലിയ താല്‍പ്പര്യമില്ലെന്ന് ബോളിവുഡില്‍ ബെബോ എന്ന് ഓമനപ്പോരുള്ള കരീന കപൂര്‍.
ഇനി അത് ഉണ്ടാവുമെന്നും തോന്നുന്നില്ല. സ്വന്തം ജീവിതത്തില്‍ ഏറെ സ്വകാര്യത ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. എനിക്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ സ്വന്തമായി അക്കൗണ്ട് ഇല്ലെന്നത് ശരിയാണ്. പക്ഷേ എന്റെ ജീവിതം അവിടെയുണ്ട്. ആ തരത്തില്‍ ഞാനത് ആസ്വദിക്കുന്നുമുണ്ട്. സ്വന്തമായി അവിടെ ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും കരീന മറുപടി പറഞ്ഞു.
ഒരു ചിത്രത്തിന്റെ സെറ്റിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സോഷ്യല്‍ മീഡിയായില്‍ സജീവമായിട്ടുള്ളവരാണ് ഒട്ടുമിക്ക എല്ലാ നടീ നടന്മാരും. എന്നാല്‍ കരീന കപൂറിന് ഒരു ഫേസ്ബുക്ക് അക്കൗണ്ട് പോലുമില്ല.

 

സ്റ്റൈല്‍ മന്നനെ കൂട്ടുപിടിച്ച് തമിഴകം കീഴടക്കാന്‍ ബിജെപി

ഗായത്രി
ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ കൂട്ടുപിടിച്ച് തമിഴകം പിടിച്ചെടുക്കാന്‍ ബിജെപി ഒരുങ്ങുന്നു. കര്‍ണാടകയില്‍ ലക്ഷ്യം കണ്ടതോടെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്റെ അടുത്ത നീക്കം തമിഴകത്തേക്ക് കേന്ദ്രീകരിച്ചത്. ദ്രാവിഡ മണ്ണില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി പലതവണ ശ്രമംനടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 1998 മുതല്‍ 2004 വരെ ദ്രാവിഡ കക്ഷികളുമായി മാറിമാറി കൂട്ടുക്കെട്ടുണ്ടാക്കി നേട്ടംകൊയ്‌തെങ്കിലും തുടര്‍ച്ചയുണ്ടായില്ല. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുന്നത് തിരിച്ചറിഞ്ഞ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ബി.ജെ.പിയെ കൈവിടുകയായിരുന്നു.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി മഴവില്‍മുന്നണിയുമായി രംഗത്തിറങ്ങിയെങ്കിലും കന്യാകുമാരിയില്‍നിന്ന് പൊന്‍ രാധാകൃഷ്ണന്‍ മാത്രമാണ് ജയിച്ചുകയറിയത്. ദ്രാവിഡ കക്ഷികളില്‍നിന്നും ജാതിസംഘടനകളില്‍നിന്നും പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള നേതാവിന്റെ അഭാവം ബി.ജെ.പി നേതൃത്വത്തെ കുഴക്കുന്നുണ്ട്. രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ ഉടന്‍ അമിത് ഷാ അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, സ്വന്തം രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് മുന്നോട്ടുപോകാനാണ് രജനി തീരുമാനിച്ചത്.
രജനീകാന്തും ബി.ജെ.പിയും ഒരുമിച്ചുനീങ്ങിയാല്‍ തമിഴക ഭരണം പിടിക്കാമെന്ന് തമിഴ് വാരികയായ തുഗ്ലക്കിന്റെ എഡിറ്ററും സംഘ്പരിവാര്‍ ബുദ്ധിജീവിയുമായ എസ്. ഗുരുമൂര്‍ത്തി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് രജനീകാന്ത് വ്യക്തമാക്കിയിട്ടില്ല. അതേസമയം, 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തബന്ധമാണ് രജനീകാന്തിന്. രജനീകാന്ത് സ്വന്തമായി പാര്‍ട്ടി രൂപവത്കരിച്ച് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത രാഷ്ട്രീയനിരീക്ഷകരും തള്ളിക്കളയുന്നില്ല.

 

കെറി ജയിംസ് മാര്‍ഷലിന്റെ പെയിന്റിംഗ് 2.11 കോടി ഡോളറിനു ലേലം കൊണ്ടു

അളക ഖാനം
ഷിക്കാഗോ: പ്രശസ്ത അമേരിക്കന്‍ ചിത്രകാരന്‍ കെറി ജയിംസ് മാര്‍ഷലിന്റെ പെയിന്റിംഗ് 2.11 കോടി ഡോളറിനു(142.99 കോടി രൂപ) ലേലത്തില്‍ വിറ്റു. ‘പാസ്റ്റ് ടൈംസ്’ എന്നറിയപ്പെടുന്ന ചിത്രമാണ് റിക്കാര്‍ഡ് തുക്ക്ക് വിറ്റത്. ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍കാഴ്ച്ചകളാണ് ചിത്രത്തിലൂടെ മാര്‍ഷല്‍ കാണിക്കുന്നത്.
ഷിക്കാഗോയിലെ മെട്രോ പോളിറ്റന്‍ പീര്‍ എക്‌പൊസിഷന്‍ അഥോറിറ്റിയാണ്(എംപിഇഎ) ചിത്രം ലേലത്തില്‍ വച്ചത്. ചിത്രം സ്വന്തമാക്കിയ വ്യക്തിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 1997ല്‍ ലോസ് ആഞ്ചലസിലെ കൊപ്ലിന്‍ ഗാലറിയില്‍ നിന്ന് 25,000 ഡോളര്‍ മാത്രം മുടക്കിയായിരുന്നു എംപിഇഎ ചിത്രം വാങ്ങിയത്.

 

ഗ്ലാമര്‍ നൃത്തം എനിക്കിഷ്ടപ്പെട്ട ഐറ്റം

ഫിദ
മാദക നൃത്തങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരുടെ ഹരമായി മാറിയ താരമാണ് മലൈക്കാ അറോറ. അമ്മയായ ശേഷവും വീണ്ടും അഭിനയരംഗത്തേക്ക് എത്തിയ ഇവരുടെ ലക്ഷ്യബോധം മറ്റു നടിമാരില്‍നിന്നും വിഭിന്നമാണ്.
നമുക്ക് ഏതാണ് കൂടുതല്‍ ഇണങ്ങുന്നത് അത് തുടര്‍ന്ന് ചെയ്യുന്നതില്‍ എന്താണ് തെറ്റ്. ഗ്ലാമര്‍ നൃത്തം എനിക്കിഷ്ടപ്പെട്ട ഒരു ഐറ്റമാണ്. ഈ നൃത്തം കാണുന്നവര്‍ക്ക് മാത്രമല്ല, നൃത്തം ചെയ്യുന്നവര്‍ക്കും അതൊരു സന്തോഷമാണ്.
സഹജമായ സൗന്ദര്യമാണ് എപ്പോഴും സുരക്ഷിതം. കൃത്രിമമായി സൗന്ദര്യം വീണ്ടെടുക്കല്‍ എപ്പോഴും അപകടം തന്നെയാണ്. ദൈവം തന്ന സൗന്ദര്യം പോരാതെ, ലോകസുന്ദരിയാകാന്‍ ശ്രമിച്ച് ശരീരത്തില്‍ പ്ലാസ്റ്റിക്കും ലോഹവസ്തുക്കളും കുത്തിനിറച്ച് ഒടുവില്‍ മാരകമായ ഒരവസ്ഥയില്‍ വിദേശ സര്‍ജന്മാരെ സന്ദര്‍ശിക്കാന്‍ പോകുന്ന ഒരവസ്ഥ ബോളിവുഡിലുണ്ട്. കൃത്രിമ സൗന്ദര്യം ലാമിനേഷന്‍ ചെയ്തതുപോലെ തല്‍ക്കാലം തിളങ്ങും. പിന്നീട് അത് നമ്മെ മോശമായ ആരോഗ്യ നിലയിലേക്ക് എത്തിക്കുമെന്നും മലൈക പറഞ്ഞ

ഐടി പാര്‍ക്കുകള്‍ തേടി കൂടുതല്‍ കമ്പനികള്‍ കേരളത്തിലേക്ക്

ഗായത്രി
കൊച്ചി: ഐ.ടി മേഖലക്ക് പ്രതീക്ഷയേകി സംസ്ഥാനത്തെ വിവിധ ഐ.ടി പാര്‍ക്കുകളില്‍ കൂടുതല്‍ കമ്പനികളെത്തുന്നു. റെക്കാഡ് വേഗത്തിലാണ് സൈബര്‍ പാര്‍ക്കുകളിലെ സ്ഥലം കമ്പനികള്‍ സ്വന്തമാക്കുന്നത്. ഐ.ടി മേഖലയിലുണ്ടായ കുതിപ്പും സൗഹൃദ അന്തരീക്ഷവുമാണ് കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഇടം തേടി കമ്പനികള്‍ ക്യൂവിലാണ്. ഇവിടെ ഒന്നാംഘട്ടത്തില്‍ 104 കമ്പനികളും മൂന്നാംഘട്ടത്തില്‍ 97 കമ്പനികളും സ്ഥലത്തിനായി ക്യൂവിലുണ്ട്. രണ്ടു വര്‍ഷത്തിനിടെ 45 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ടി പാര്‍ക്കുകളില്‍ കമ്പനികള്‍ ഏറ്റെടുത്തത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജ്യോതിര്‍മയി, കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സഹ്യ എന്നീ കെട്ടിടങ്ങളില്‍ സ്ഥലത്തിനായി നിരവധി കമ്പനികളാണെത്തുന്നത്. ഒന്‍പത് നില കെട്ടിടമായ ജ്യോതിര്‍മയിയുടെ ആറു നിലകളും കമ്പനികള്‍ ഏറ്റെടുത്തു.
പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 2019 ഏപ്രിലോടെ രണ്ടു ലക്ഷം ചതുരശ്ര അടി സ്ഥലം തയ്യാറാകും. ഇതോടെ ഇവിടെ കൂടുതല്‍ കമ്പനികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ടെക്‌നോപാര്‍ക്കിലെ ഗായത്രി എന്ന കെട്ടിടത്തിന് മുകളിലായി 25,000 ചതുരശ്രഅടി സ്ഥലം ഒരുക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കായി നല്‍കി. പാര്‍ക്ക് സെന്ററിന് താഴെയായി 10,000 ചതുരശ്ര അടിയും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിയും ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കും പൂര്‍ണ സജ്ജമാകുന്നതോടെ കൂടുതല്‍ കമ്പനികള്‍ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.