സ്റ്റൈല്‍ മന്നനെ കൂട്ടുപിടിച്ച് തമിഴകം കീഴടക്കാന്‍ ബിജെപി

സ്റ്റൈല്‍ മന്നനെ കൂട്ടുപിടിച്ച് തമിഴകം കീഴടക്കാന്‍ ബിജെപി

ഗായത്രി
ചെന്നൈ: സ്റ്റൈല്‍ മന്നന്‍ രജനീകാന്തിനെ കൂട്ടുപിടിച്ച് തമിഴകം പിടിച്ചെടുക്കാന്‍ ബിജെപി ഒരുങ്ങുന്നു. കര്‍ണാടകയില്‍ ലക്ഷ്യം കണ്ടതോടെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തന്റെ അടുത്ത നീക്കം തമിഴകത്തേക്ക് കേന്ദ്രീകരിച്ചത്. ദ്രാവിഡ മണ്ണില്‍ വേരുറപ്പിക്കാന്‍ ബി.ജെ.പി പലതവണ ശ്രമംനടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. 1998 മുതല്‍ 2004 വരെ ദ്രാവിഡ കക്ഷികളുമായി മാറിമാറി കൂട്ടുക്കെട്ടുണ്ടാക്കി നേട്ടംകൊയ്‌തെങ്കിലും തുടര്‍ച്ചയുണ്ടായില്ല. ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുന്നത് തിരിച്ചറിഞ്ഞ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ബി.ജെ.പിയെ കൈവിടുകയായിരുന്നു.
2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് ബി.ജെ.പി മഴവില്‍മുന്നണിയുമായി രംഗത്തിറങ്ങിയെങ്കിലും കന്യാകുമാരിയില്‍നിന്ന് പൊന്‍ രാധാകൃഷ്ണന്‍ മാത്രമാണ് ജയിച്ചുകയറിയത്. ദ്രാവിഡ കക്ഷികളില്‍നിന്നും ജാതിസംഘടനകളില്‍നിന്നും പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കാന്‍ ശേഷിയുള്ള നേതാവിന്റെ അഭാവം ബി.ജെ.പി നേതൃത്വത്തെ കുഴക്കുന്നുണ്ട്. രജനീകാന്ത് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ ഉടന്‍ അമിത് ഷാ അദ്ദേഹത്തെ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, സ്വന്തം രാഷ്ട്രീയകക്ഷി രൂപവത്കരിച്ച് മുന്നോട്ടുപോകാനാണ് രജനി തീരുമാനിച്ചത്.
രജനീകാന്തും ബി.ജെ.പിയും ഒരുമിച്ചുനീങ്ങിയാല്‍ തമിഴക ഭരണം പിടിക്കാമെന്ന് തമിഴ് വാരികയായ തുഗ്ലക്കിന്റെ എഡിറ്ററും സംഘ്പരിവാര്‍ ബുദ്ധിജീവിയുമായ എസ്. ഗുരുമൂര്‍ത്തി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് രജനീകാന്ത് വ്യക്തമാക്കിയിട്ടില്ല. അതേസമയം, 2021ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തബന്ധമാണ് രജനീകാന്തിന്. രജനീകാന്ത് സ്വന്തമായി പാര്‍ട്ടി രൂപവത്കരിച്ച് ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യത രാഷ്ട്രീയനിരീക്ഷകരും തള്ളിക്കളയുന്നില്ല.

 

Post Your Comments Here ( Click here for malayalam )
Press Esc to close