Month: May 2018

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി സര്‍ക്കാര്‍ പുനപരിശോധിക്കുന്നു

തിരു: പങ്കാളിത്ത പെന്‍ഷന്‍ പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിക്കുന്ന കമ്മിഷനെ സംബന്ധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ധനസെക്രട്ടറി മനോജ് ജോഷിക്ക് മന്ത്രി തോമസ് ഐസക്ക് നിര്‍ദ്ദേശം നല്‍കി. സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട വിദഗ്ദ്ധര്‍ ആരൊക്കെ, പരിഗണനാവിഷയങ്ങള്‍ എന്തൊക്കെ എന്നിവയെക്കുറിച്ചാണ് ധനസെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ധനകാര്യ വിഭവ സെക്രട്ടറി സഞ്ജയ് കൗശിക്കിന് ധനസെക്രട്ടറി മനോജ് ഫയല്‍ അയച്ചു. പദ്ധതി പുനപരിശോധിക്കുമെന്ന് നിയമസഭയില്‍ ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
2014 ഏപ്രില്‍ മുതല്‍ സര്‍വീസില്‍ പ്രവേശിച്ചവരാണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ ഇതിനെ ആദ്യം മുതല്‍ തന്നെ ഇടത് തൊഴിലാളി സംഘടനകള്‍ എതിര്‍ത്തിരുന്നു. 2013ല്‍ 10 ദിവസം പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ ഇടത് സംഘടനകള്‍ പണിമുടക്കും നടത്തിയിരുന്നു. പദ്ധതി പിന്‍വലിക്കുകയെന്നത് ഇടത് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദ്ധാനങ്ങളിലും ഉള്‍പ്പെട്ടിരുന്നു.

കര്‍ണാടക തെരഞ്ഞെടുപ്പ്; ഓഹരി വിപണിയില്‍ കുതിപ്പ്

ഫിദ
കൊച്ചി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഭൂരിപക്ഷം നേടിയതോടെ ഓഹരി വിപണി കുതിച്ചുയര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ഉയര്‍ന്ന് 35,991ലാണ് വ്യാപാരം നടക്കുന്നത്. ജനുവരിയില്‍ കുറിച്ച സര്‍വകാല റെക്കാഡായ 500 നോടടുത്തെത്തിക്കഴിഞ്ഞു വ്യാപാരം. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,900ത്തിലാണ് വ്യാപാരം നടക്കുന്നത്.
ബി.എസ്.ഇയിലെ 961 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണ്. പവര്‍ ഗ്രിഡ് കോര്‍പ്, ഒ.എന്‍.ജി.സി, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, റിലയന്‍സ്, ടി.സി.എസ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്.ബി.ഐ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്
ടാറ്റ മോട്ടോഴ്‌സ്, സിപ്ല, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ടി.സി, മാരുതി സുസുകി, സണ്‍ ഫാര്‍മ, വിപ്രോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലുള്ളത്.

പാക്കിസ്ഥാനില്‍ ‘റാസി’ക്കും വിലക്ക്

അളക ഖാനം
ആലിയ ഭട്ടിനെ നായികയാക്കി മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത റാസി എന്ന ചിത്രത്തിന് പാക്കിസ്ഥാനില്‍ വിലക്ക്. പാക് സൈനികോദ്യോഗസ്ഥനെ വിവാഹം ചെയ്ത ഇന്ത്യന്‍ യുവതി പിന്നീട് ഇന്ത്യന്‍ ചാരയായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതയാകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ പാക്കിസ്ഥാനെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചാണ് പാക് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞതത്രെ. ഹരീന്ദര്‍ സിക്കയുടെ കോളിംഗ് സെഹ്മത് എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
ഇതേ കാരണത്താല്‍ തന്നെ പാക്കിസ്ഥാനിലെ വിതരണക്കാരും ചിത്രത്തോട് മുഖം തിരിച്ചിരുന്നു. അതേസമയം ഇത് ഒരു യുദ്ധചിത്രമല്ലെന്നും വ്യക്തിബന്ധങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും റാസിയില്‍ അഭിനയിച്ച നടന്‍ വിക്കി കൗശല്‍ ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ബ്രിട്ടനിലെ സമ്പന്നരില്‍ ഹിന്ദുജ സഹോദരന്മാര്‍ക്ക് രണ്ടാം സ്ഥാനം

അളക ഖാനം
ലണ്ടന്‍: ബ്രിട്ടനിലെ ശതകോടീശ്വരന്മാരില്‍ ഹിന്ദുജ സഹോദരന്മാര്‍ക്ക് രണ്ടാം സ്ഥാനം. ബ്രിട്ടനിലെ ധനികരുടെ വാര്‍ഷിക പട്ടികയിലാണ് ഹിന്ദുജ ഗ്രൂപ്പ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. കെമിക്കല്‍ സംരംഭകനായ ജിം റാറ്റ്ക്ലിഫാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം 17ാം സ്ഥാനത്തായിരുന്നു റാറ്റ്ക്ലിഫ്.
സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റില്‍ ശ്രീചന്ദ് ഹിന്ദുജ, ഗോപിചന്ദ് ഹിന്ദുജ എന്നിവര്‍ക്ക് 2064 കോടി പൗണ്ടാണ്( ഏകദേശം 1,65,000 കോടി രൂപ) ആസ്തി. അതേസമയം, റാറ്റ്ക്ലിഫിന് 2105 കോടി പൗണ്ട്( ഏകദേശം 1,68,000 കോടി രൂപ) ഉണ്ട്. വ്യവസായിയും മാധ്യമ ഉടമയുമായ സര്‍ ലെന്‍ ബ്ലാവറ്റ്‌നിക് 1526 കോടി പൗണ്ടുമായി മൂന്നാം സ്ഥാനത്തെത്തി.
യുകെയിലെ 1000 ധനികരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യന്‍വംശജരായ 47 പേരുണ്ട്. ഉരുക്കു വ്യവസായി ലക്ഷ്മി മിത്തല്‍ 1466 കോടി പൗണ്ടുമായി അഞ്ചാം സ്ഥാനത്തുണ്ട്.

പെട്രോള്‍ ഡീസല്‍ വില വര്‍ധിച്ചു

ഗായത്രി
കൊച്ചി: മൂന്നാഴ്ചത്തെ ഇവേളക്ക് ശേഷം പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ എണ്ണക്കമ്പനികള്‍ വര്‍ധന വരുത്തി. പെട്രോളിന് ലിറ്ററിന് 17 പൈസയും ഡീസലിന് ലിറ്ററിന് 23 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 78.78 രൂപയും ഡീസലിന് 71.75 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.52 രൂപയായി. ഡീസല്‍ ലിറ്ററിന് 70.56 രൂപയാണ് വില.
കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 26 മുതല്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്‌കരിച്ചിരുന്നില്ല. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില ബാരലിന് രണ്ടുവര്‍ഷത്തെ ഉയരമായ 75 ഡോളറിലാണ് ഇപ്പോഴുള്ളത്. ഏപ്രില്‍ 26 മുതല്‍ ഇതിനകം പ്രതിദിന വില നിര്‍ണയ രീതിയനുസരിച്ച് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയ്ക്കടുക്ക് വര്‍ധിക്കേണ്ടതായിരുന്നു. ഇക്കാലയളവില്‍ അന്താരാഷ്ട്ര തലത്തില്‍ പെട്രോള്‍ വില ബാരലിന് 2.9 ഡോളറും ഡീസല്‍ വില 2.64 ഡോളറും കൂടിയിട്ടുണ്ട്. ഇതിന് ആനുപാതികമായ വര്‍ധനയാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്.

നടന്‍ കലാശാല ബാബു അന്തരിച്ചു

ഫിദ
കൊച്ചി: പ്രശസ്ത സിനിമസീരിയല്‍ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.35ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്.
1977ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ആദ്യകാലത്ത് കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപും അദ്ദേഹം തുടങ്ങിയിരുന്നു.

വാള്‍മാര്‍ട്ടിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്‌തേക്കും

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: അമേരിക്കന്‍ റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുത്ത ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയിലെ ഒന്നാംസ്ഥാനക്കാരായ ഫഌപ്കാര്‍ട്ട് ഓഹരി വിപിണയില്‍ ലിസ്റ്റ് ചെയ്‌തേക്കും. നാല് വര്‍ഷം കൊണ്ട് കമ്പനിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും ഓഹരി വിപണയില്‍ ലിസ്റ്റ് ചെയ്യുകയെന്ന് വാള്‍മാര്‍ട്ട് വ്യക്തമാക്കി. യു.എസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷന് ഇത് സംബന്ധിച്ച അപേക്ഷ നല്‍കിയിട്ടുണ്ട്.
ഏകദേശം 1.07 ലക്ഷം കോടി രൂപ്ക്കാണ് ഫഌപ് കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങിയത്. 200 കോടി ഡോളറിന്റെ പുതിയ ഓഹരികളും ഫഌപ്കാര്‍ട്ടില്‍ വാള്‍മാര്‍ട്ട് കൊണ്ടുവരും. ആഗോള ഓണ്‍ലൈന്‍ വ്യാപാര രംഗത്തെയും വാള്‍മാര്‍ട്ടിന്റെയും ഏറ്റവും വലിയ ഏറ്റെടുക്കല്‍ നടപടിയായിരുന്നു ഇത്. ഫഌപ്കാര്‍ട്ടിലുള്ള 20.8 ശതമാനം ഓഹരികള്‍ സോഫ്റ്റ് ബാങ്ക് വിറ്റൊഴിയും. കൈവശമുള്ള 5.5 ശതമാനം ഓഹരികള്‍ വിറ്റൊഴിഞ്ഞ് ഫഌപ്കാര്‍ട്ടിന്റെ സഹസ്ഥാപകനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സച്ചിന്‍ ബന്‍സാല്‍ കമ്പനിയില്‍ നിന്ന് രാജിവ്ക്കും.സഹ സ്ഥാപകരിലൊരാളായ ബിന്നി ബന്‍സാല്‍, മറ്റു നിക്ഷേപകരായ ടെന്‍സെന്റ്, ടൈഗര്‍ ഗ്‌ളോബല്‍ മാനേജ്‌മെന്റ് എന്നിവര്‍ക്കൊപ്പം വാള്‍മാര്‍ട്ടിന്റെ പ്രതിനിധികളും ഇനി ഫഌപ്കാര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തും. ബിന്നി ബന്‍സാല്‍ 5.1 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്കും ടൈഗര്‍ ഗ്‌ളോബല്‍ 20.6 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനത്തിലേക്കും പങ്കാളിത്തം താഴ്ത്തും.

 

കത്രീനക്ക് ഒരു ആഗ്രഹമുണ്ട്

രാംനാഥ് ചാവ്‌ല
ബോളിവുഡ് സുന്ദരി കത്രീന കൈഫിന് ഒരു ആഗ്രഹമുണ്ട്. എന്താണെന്ന് അറിയേണ്ടേ..? ഇപ്പോള്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്. തനിക്ക് ഉറ്റ സുഹൃത്ത് ആലിയ ഭട്ടുമൊത്ത് ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് കത്രീന അഭിമുഖത്തില്‍ പറഞ്ഞത്. അത് തന്റെ വലിയൊരു മോഹമാണ്. അത് വ്യത്യസ്തമായ അനുഭവമായിരിക്കും. ആലിയയും ഇത്തരമൊരു ആഗ്രഹം പങ്കുവച്ചിരുന്നു. ഇതേ തുടര്‍ന്ന് നിര്‍മ്മാതാവും സംവിധാനയകനുമായ ആദിത്യ ചോപ്രയുമായി താന്‍ സംസാരിക്കുകയും ചെയ്തു.
ശക്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഉടനുണ്ടാകുമെന്ന പ്രതീക്ഷയും തനിക്കുണ്ടെന്നും താരം പറഞ്ഞു. കത്രീനയുടെ കമന്റ് വന്നയുടന്‍ നിരവധി പേരാണ് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്. ഇരുവരും ഒന്നിച്ചാല്‍ പ്രേക്ഷകര്‍ക്ക് ഒരു മികച്ച ചിത്രം ലഭിക്കുമെന്നാണ് ചിലര്‍ പറഞ്ഞ അഭിപ്രായം. തങ്ങളുടേതായ പ്രോജക്ടുകളുമായി തിരക്കിലാണ് ഇരുവരും. ഷാരൂഖ് ഖാന്‍ നായകനാകുന്ന സീറോയില്‍ അഭിനയിക്കുകയാണ് കത്രീന. ബ്രഹ്മാസ്ത്രയാണ് ആലിയയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ഏതായാലും കത്രീനയുടെ അഭിമുഖം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കും

ഫിദ
കൊച്ചി: സംസ്ഥാനത്തു വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 13 രൂപയാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കും. മന്ത്രി പി.തിലോത്തമനുമായി കുപ്പിവെള്ളം നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണു തീരുമാനം. നേരത്തേ 12 രൂപക്കു വില്‍ക്കാന്‍ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ സമ്മതിച്ചിരുന്നു. എന്നാല്‍, കുപ്പിയുടെ വില കൂടിയെന്ന കാരണത്താല്‍ വില 15 രൂപയാക്കണമെന്ന് നിര്‍മാതാക്കള്‍ അവര്‍ ഇന്നലെ അഭ്യര്‍ഥിച്ചു. കുപ്പിവിലയിലെ നാമമാത്ര വര്‍ധനയുടെ പേരില്‍ വന്‍വിലവര്‍ധന അനുവദിക്കാനാവില്ലെന്നു മന്ത്രി നിലപാടെടുത്തതോടെ 13 രൂപക്കു വില്‍ക്കാമെന്ന് അസോസിയേഷന്‍ സമ്മതിച്ചു.
വ്യാപാരി സംഘടനാ പ്രതിനിധികള്‍ യോഗത്തിന് എത്തിയില്ല. എന്നാല്‍, 12 രൂപക്കു വെള്ളം വില്‍ക്കാന്‍ തയാറാണെന്നു വ്യാപാരിവ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദീന്‍ സമ്മതിച്ചായി മന്ത്രി അറിയിച്ചു.
കേരളത്തിലെ കുപ്പിവെള്ളം നിര്‍മാതാക്കളാണ് വില കുറക്കാന്‍ സമ്മതിച്ചത്. മറ്റു കമ്പനികള്‍ വില കുറക്കാന്‍ തീരുമാനിച്ചിട്ടില്ല.

ഇന്ധന വിലയില്‍ മാറ്റമില്ല

ഫിദ
കൊച്ചി: ഇന്ധന വിലയില്‍ ഇന്നും മാറ്റമില്ല. ഏപ്രില്‍ 24നാണ് അവസാനമായി ഇന്ധന വിലയില്‍ മാറ്റം രേഖപ്പെടുത്തിയത്. അന്ന് ഡീസലിന് 19 പൈസയും പെട്രോളിനു 14 പൈസയും വര്‍ധിച്ചിരുന്നു. കേരളത്തില്‍ ഡീസല്‍ വില ഇപ്പോള്‍ സര്‍വകാല റിക്കാര്‍ഡിലാണ്.
തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയില്‍ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയില്‍ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഡീസല്‍ കൊച്ചിയില്‍ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണു വില