ഐടി പാര്‍ക്കുകള്‍ തേടി കൂടുതല്‍ കമ്പനികള്‍ കേരളത്തിലേക്ക്

ഐടി പാര്‍ക്കുകള്‍ തേടി കൂടുതല്‍ കമ്പനികള്‍ കേരളത്തിലേക്ക്

ഗായത്രി
കൊച്ചി: ഐ.ടി മേഖലക്ക് പ്രതീക്ഷയേകി സംസ്ഥാനത്തെ വിവിധ ഐ.ടി പാര്‍ക്കുകളില്‍ കൂടുതല്‍ കമ്പനികളെത്തുന്നു. റെക്കാഡ് വേഗത്തിലാണ് സൈബര്‍ പാര്‍ക്കുകളിലെ സ്ഥലം കമ്പനികള്‍ സ്വന്തമാക്കുന്നത്. ഐ.ടി മേഖലയിലുണ്ടായ കുതിപ്പും സൗഹൃദ അന്തരീക്ഷവുമാണ് കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഇടം തേടി കമ്പനികള്‍ ക്യൂവിലാണ്. ഇവിടെ ഒന്നാംഘട്ടത്തില്‍ 104 കമ്പനികളും മൂന്നാംഘട്ടത്തില്‍ 97 കമ്പനികളും സ്ഥലത്തിനായി ക്യൂവിലുണ്ട്. രണ്ടു വര്‍ഷത്തിനിടെ 45 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐ.ടി പാര്‍ക്കുകളില്‍ കമ്പനികള്‍ ഏറ്റെടുത്തത്. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജ്യോതിര്‍മയി, കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സഹ്യ എന്നീ കെട്ടിടങ്ങളില്‍ സ്ഥലത്തിനായി നിരവധി കമ്പനികളാണെത്തുന്നത്. ഒന്‍പത് നില കെട്ടിടമായ ജ്യോതിര്‍മയിയുടെ ആറു നിലകളും കമ്പനികള്‍ ഏറ്റെടുത്തു.
പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ 2019 ഏപ്രിലോടെ രണ്ടു ലക്ഷം ചതുരശ്ര അടി സ്ഥലം തയ്യാറാകും. ഇതോടെ ഇവിടെ കൂടുതല്‍ കമ്പനികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ടെക്‌നോപാര്‍ക്കിലെ ഗായത്രി എന്ന കെട്ടിടത്തിന് മുകളിലായി 25,000 ചതുരശ്രഅടി സ്ഥലം ഒരുക്കി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കായി നല്‍കി. പാര്‍ക്ക് സെന്ററിന് താഴെയായി 10,000 ചതുരശ്ര അടിയും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിയും ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കും പൂര്‍ണ സജ്ജമാകുന്നതോടെ കൂടുതല്‍ കമ്പനികള്‍ സംസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷ.

Post Your Comments Here ( Click here for malayalam )
Press Esc to close