ബ്രിട്ട്‌നി സ്പിയേഴ്‌സ് സംഗീത ജീവിതത്തോട് വിടപറയുന്നു

ബ്രിട്ട്‌നി സ്പിയേഴ്‌സ് സംഗീത ജീവിതത്തോട് വിടപറയുന്നു

അളക ഖാനം-
അമേരിക്കന്‍ പോപ്പ് ഗായിക ബ്രിട്ട്‌നി സ്പിയേഴ്‌സ് സംഗീത ജീവിതത്തോട് വിടപറയുന്നു. കടുത്ത വിഷാദ രോഗം ബ്രിട്ട്‌നിയുടെ മനസിന്റെ താളം തെറ്റിച്ചുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. ദീര്‍ഘകാലം ബ്രിട്ട്‌നിയുടെ മാനേജരായിരുന്ന ലാറി റുഡോള്‍ഫാണ് ബ്രിട്ട്‌നി സംഗീത പരിപാടികള്‍ അവസാനിപ്പിക്കയാണെന്ന് ലോകത്തെ അറിയിച്ചത്.
വിദഗ്ധ ചികിത്സക്കായി ബ്രിട്ട്‌നിയെ ലാസ് വെഗാസിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. വ്യക്തിപരമായ കാരണങ്ങളാലാണ് പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുന്നതെന്നും സമാധാനവും സന്തോഷവുമാണ് അവര്‍ക്ക് ഇപ്പോള്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജീവിതമാണ് പ്രധാനം. കരിയര്‍ രണ്ടാമതാണ്.
മകളെപ്പോലെയാണ് ബ്രിട്ട്‌നിയെ താന്‍ കാണുന്നതെന്നും ഇത്തരമൊരു വാര്‍ത്ത പുറത്ത് വിടുന്നതില്‍ മാനസികമായി പ്രയാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തിലെ പ്രശ്‌നങ്ങളും അവരെ മാനസികമായി തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹൃദയങ്ങള്‍ കീഴടക്കാന്‍ ബ്രിട്ട്‌നി തിരിച്ചെത്തുമെന്നാണ് അവരുടെ സുഹൃത്തുക്കളും ആരാധകരും ഒരുപോലെ പറയുന്നത്.
റെക്കോര്‍ഡിങ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ കണക്കുകള്‍ പ്രകാരം ഇവരുടെ 3.2 കോടി ആല്‍ബങ്ങളാണ് ബ്രിട്ട്‌നിയുടെതായി വിറ്റഴിയപ്പെട്ടിട്ടുള്ളത്. ലോകവ്യാപകമായി സ്പിയേര്‍സിന്റെ ആല്‍ബങ്ങളുടെ വില്പന 8.5 കോടിയാണ്.
1999ല്‍ പുറത്തിറങ്ങിയ ‘ ബേബി വണ്‍ മോര്‍ ടൈം ‘ ലോകമെങ്ങും ബ്രിട്ട്‌നിക്ക് ആരാധകരെ സമ്മാനിച്ചു. പ്രണയത്തകര്‍ച്ചയുടെ ചുഴിയില്‍ നിന്ന് ആയിരക്കണക്കിന് യുവാക്കള്‍ ബ്രിട്ട്‌നിക്കൊപ്പം ആ പാട്ട് ചേര്‍ന്ന് പാടുകയായിരുന്നു. ‘ബേബി വണ്‍ മോര്‍ ടൈമു’മായി ബ്രിട്ട്‌നി സ്പിയേഴ്‌സ് ഇനി വേദികളില്‍ എത്തില്ലെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close