പ്രണയത്തില്‍ മേമ്പൊടി ചേര്‍ത്ത് ഇഷ്‌ക്

പ്രണയത്തില്‍ മേമ്പൊടി ചേര്‍ത്ത് ഇഷ്‌ക്

ഫിദ-
സമൂഹിക പ്രസക്തിയുള്ള ഒരു വിഷയം പ്രണയത്തിന്റെ മോമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന സിനിമയാണ് ഇഷ്‌ക്. ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സച്ചിദാനന്ദന്‍ എന്ന സച്ചിയുടേയും എംഎ വിദ്യാര്‍ഥിനിയായ വസുധയുടേയും പ്രണയവും പിന്നീടുള്ള സംഭവവികാസങ്ങളുമാണ് ഇഷ്‌ക് പറയുന്നത്. എന്നാല്‍ കണ്ടുമടുത്ത ക്ലീഷേകളല്ല ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. അവിടെയാണ് തിരക്കഥയുടേയും സംവിധാനത്തിന്റേയും മികവ് എടുത്ത് പറയേണ്ടത്. കണ്ടും കേട്ടും പരിചയമുള്ള സാധാരണ പ്രണയ കഥയില്‍ തുടങ്ങുന്ന ഇഷ്‌ക് ഒരു ഘട്ടത്തില്‍ ഗൗരവസ്വഭാവമുള്ളതായി മാറുന്നു.
തമാശയും സ്‌നേഹവുമെല്ലാം കൂടിക്കലര്‍ന്ന കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. വീട്ടിലെ സാദാസംസാരങ്ങളില്‍ തുടങ്ങുന്ന, മൊബൈലില്‍ കുത്തിക്കളിക്കുന്ന, അമ്മയോടും പെങ്ങളോടും കുറുമ്പ് പറയുന്ന, അടികൂടുന്ന നായകന്‍ സച്ചിക്ക് അടുത്ത വീട്ടിലെ പയ്യന്‍ എന്ന ഫീല്‍ ഉണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. സച്ചിയുടെ പ്രണയത്തിലേക്ക് കടക്കുന്ന കഥ പിന്നീട് പ്രണയം പറഞ്ഞ് ‘നട്ടെല്ലുള്ളൊരു’ വിഷയത്തെ കൈകാര്യം ചെയ്യുന്നു. അടുത്തിടെ വാര്‍ത്തകളിലിടം നേടിയ പല സംഭവവികാസങ്ങളുടേയും പശ്ചാത്തലത്തില്‍ ഇഷ്‌ക് പറയുന്ന കഥ പ്രസക്തമാണ്
സ്‌ക്രീനില്‍ എത്തുന്ന കഥാപാത്രങ്ങളെല്ലാം അവരവരുടെ വികാരങ്ങള്‍ പ്രേക്ഷകരിലേക്കും പകരുന്നുണ്ട്. പ്രണയമോ സങ്കടമോ സമ്മര്‍ദ്ദമോ പേടിയോ ആവട്ടെ അവര്‍ അനുഭവിക്കുന്ന കാണികളിലേക്കും വ്യാപിക്കുന്നുണ്ട്.ചിത്രത്തിന്റെ ഒരുഘട്ടത്തില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പിടുന്ന നായകനും നായികക്കുമൊപ്പം കാണികളും ഒന്നു നിവര്‍ന്നിരുന്നു പോവും, ആശ്വസിച്ചുപോവും.
ഷൈന്‍ ടോം അവതരിപ്പിച്ച വില്ലന്‍ കഥാപാത്രമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. ഷൈനിന്റെ കരിയറില്‍ നിര്‍ണായകമാണ് ആല്‍വിന്‍ എന്ന കഥാപാത്രം. ഒരുഘട്ടം കഴിഞ്ഞാല്‍ ഷെയ്‌നും ഷൈനുമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. സഹതാരങ്ങളായ ലിയോണയും ജാഫര്‍ ഇടുക്കിയും മാലാ പാര്‍വതിയും സ്വാസികയും സ്വന്തം വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. സിദ് ശ്രീരാം പാടിയ പറയുവാനേറെ അടക്കം ജെയ്ക്‌സ് ബിജോയിയുടെ സംവിധാനത്തിലുള്ള എല്ലാ ഗാനങ്ങളും മികച്ചതാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close