ഓമാനിലെ വിപണികളില്‍ പെരുന്നാള്‍ തിരക്ക്

ഓമാനിലെ വിപണികളില്‍ പെരുന്നാള്‍ തിരക്ക്

അളക ഖാനം-
മസ്‌കത്ത്: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ നാല് ചൊവ്വാഴ്ചയാണ് പൊതു അവധി ആരംഭിക്കുക. ജൂണ്‍ ആറ് വ്യാഴാഴ്ച വരെ അവധിയായിരിക്കും.
വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധികൂടി ചേര്‍ത്ത് തുടര്‍ച്ചയായ അഞ്ചു ദിവസത്തെ അവധിയാണ് ലഭിക്കുക. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞാണ് ഒമാനില്‍ റമദാന്‍ ആരംഭിച്ചത്. ജൂണ്‍ അഞ്ചിനോ ആറിനോ ആയിരിക്കും ഒമാനില്‍ ചെറിയ പെരുന്നാള്‍.
പെരുന്നാള്‍ വിളിപ്പാടകലെയെത്തിയതോടെ വിപണിയിലും തിരക്ക് അനുഭവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. മത്ര സൂഖിലെ ഹോള്‍സെയില്‍, റീട്ടെയില്‍ മാര്‍ക്കറ്റുകളില്‍ കഴിഞ്ഞ വാരാന്ത്യം മുതല്‍ നല്ല തിരക്കുണ്ട്. നോമ്പുതുറക്കുശേഷമാണ് ആളുകള്‍ കൂടുതലായി എത്തുന്നത്.
നോമ്പിനൊപ്പം കടുത്ത വേനല്‍ച്ചൂടും മൂലമാണ് ആളുകള്‍ ഷോപ്പിംഗ് രാത്രിയിലേക്കു മാറ്റുന്നത്. സന്ധ്യക്കുശേഷം ഈ ഭാഗത്തെ റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പെരുന്നാള്‍ സീസണായതോടെ മത്രയില്‍ കച്ചവട സ്ഥാപനങ്ങള്‍ പുലര്‍ച്ച രണ്ടിനാണ് അടക്കുന്നത്. വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വില്‍ക്കുന്ന കടകളിലാണ് ഇപ്പോള്‍ കൂടുതല്‍ തിരക്ക്. പരമ്പരാഗത ഒമാനി വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സൂഖുകളിലും തിരക്കേറെയാണ്.
ഉപഭോക്താക്കളായി കൂടുതല്‍ എത്തിത്തുടങ്ങിയതോടെ പാര്‍ക്കിംഗ് പ്രശ്‌നവും മത്രയില്‍ രൂക്ഷമാണ്. പാര്‍ക്കിങ് ലഭിക്കാതെ പലരും ചുറ്റിക്കറങ്ങുന്നതും പതിവ് കാഴ്ചയാണ്. ഹൈപ്പര്‍മാര്‍ക്കറ്റുകളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്. റമദാന്‍ ആരംഭം മുതല്‍ ഒമാനിലെ എല്ലാ പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളും വിവിധ ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ അവധി കണക്കിലെടുത്ത് മലയാളി കുടുംബങ്ങളില്‍ പലരും നാട്ടിലേക്കു പോയി. ചിലര്‍ അടുത്ത ദിവസങ്ങളിലായി പോകും. പെരുന്നാള്‍ അടുത്തതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ മാനംമുട്ടെ ഉയര്‍ന്നിരിക്കുകയാണ്. കൊച്ചിക്ക് ജൂണ്‍ മൂന്ന്, നാല്, അഞ്ചു തീയതികളില്‍ ഒമാന്‍ എയറില്‍ ഒരു വശത്തേക്ക്് 346 റിയാലാണ് ടിക്കറ്റ് നിരക്ക്.

 

Post Your Comments Here ( Click here for malayalam )
Press Esc to close