പ്രളയ സെസ് പിരിക്കുന്നത് ജൂലൈയിലേക്ക് നീട്ടി

പ്രളയ സെസ് പിരിക്കുന്നത് ജൂലൈയിലേക്ക് നീട്ടി

ഫിദ-
കൊച്ചി: നിയമത്തിലെ അവ്യക്തത കാരണം പ്രളയ സെസ് പിരിക്കുന്നത് ജൂലൈയിലേക്ക് നീട്ടി. ജൂണ്‍ ഒന്നുമുതല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും അടിസ്ഥാനവിലയില്‍ ഒരു ശതമാനം സെസ് പരിക്കാന്‍ വിജ്ഞാപനമിറങ്ങിയിരുന്നു. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങള്‍ക്ക് കാല്‍ശതമാനവും സെസ് ചുമത്തിയിരുന്നു. ഇതാണ് ജൂലൈ ഒന്നുമുതല്‍ പിരിക്കാനായി നീട്ടിവെച്ചതെന്ന് ജി.എസ്.ടി. വകുപ്പ് അറിയിച്ചു.
വിജ്ഞാപനമിറങ്ങിയശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തില്‍ സെസ് ചുമത്തുന്നതിനുള്ള തടസ്സം ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോഴത്തെ രീതിയില്‍ നടപ്പാക്കിയാല്‍ സെസിന് പുറമേ നികുതിയും കൂടും. ഇത് ഇരട്ടനികുതിക്ക് തുല്യമാവും. സെസ് ചുമത്തുന്നതിന് പൊതുവേയുണ്ടാക്കിയ ഈ വ്യവസ്ഥ പ്രളയ സെസിന് ബാധകമല്ലെന്ന് വ്യക്തമാക്കി ജി.എസ്.ടി കൗണ്‍സില്‍ വിജ്ഞാപനമിറക്കിയാലേ സെസ് പരിക്കാനാവൂ. ഇതിനായി ജി.എസ്.ടി കൗണ്‍സിലിനോട് സംസ്ഥാനം ആവശ്യപ്പെട്ടു.
അഞ്ചുശതമാനത്തിനുമുകളില്‍ നികുതിയുള്ള ചരക്കുകള്‍ക്കും എല്ലാ സേവനങ്ങള്‍ക്കും അടിസ്ഥാനവിലയില്‍ ഒരു ശതമാനം സെസ് ചുമത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചത്. അതായത് 12 ശതമാനം നികുതിയുള്ള ഒരു സാധനത്തിന്റെ നികുതി 13 ശതമാനമാവും.
എന്നാല്‍ ജി.എസ്.ടി. നിയമത്തിലെ നിര്‍വചനമനുസരിച്ച് സെസ് കൂടിച്ചേരുന്നതാണ് അടിസ്ഥാനവില. അതിനുമുകളിലാണ് നികുതി കണക്കാക്കുന്നതും. അടിസ്ഥാനവില നൂറ്‌രൂപയാണെങ്കില്‍ ഒരു ശതമാനം സെസുകൂടി ചേരുമ്പോള്‍ 101 രൂപയാവും. ഈ നൂറ്റിയൊന്നുരൂപയുടെ നികുതി ഉപഭോക്താവ് നല്‍കേണ്ടിവരും. സെസ് വിലയുമായി ബന്ധിപ്പിക്കാതിരുന്നാല്‍ ഒരുശതമാനം മാത്രമേ അധികബാധ്യതയുണ്ടാവൂ.

Post Your Comments Here ( Click here for malayalam )
Press Esc to close