ഫിദ-
കൊച്ചി: പച്ചക്കറിയുടെ വില ദിവസേന കുതിച്ചുയരുന്നു. തക്കാളി, ബീന്‍സ്, കാരറ്റ്, പച്ചമുളക്, ചെറിയ ഉള്ളി തുടങ്ങിയവക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില കത്തിക്കയറിയത്. മറ്റിനം പച്ചക്കറികളുടെ വിലയിലും കാര്യമായ മാറ്റമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിലാണ് വിലയില്‍ വലിയതോതിലുള്ള വര്‍ധന ഉണ്ടായത്.
കിലോക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ ഇരട്ടിയിലധികം തുക കൊടുക്കണം. 80 രൂപയാണ് വ്യാഴാഴ്ച ഒരുകിലോ ബീന്‍സിന്റെ വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി. 30 രൂപയുണ്ടായിരുന്ന പച്ചമുളകിന് 70 രൂപയെത്തി. മിതമായ വില ഉണ്ടായിരുന്നപ്പോള്‍ അത്യാവശ്യം കച്ചവടവുമുണ്ടായിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലെ വിലവര്‍ധന കച്ചവടത്തെ ബാധിച്ചു. കുറഞ്ഞ അളവിലാണ് ആളുകള്‍ പച്ചക്കറികള്‍ വാങ്ങുന്നത്.
കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നാണ് ജില്ലയിലേക്ക് പച്ചക്കറി എത്തിക്കുന്നത്. അവിടെ ഉത്പാദനം കുറഞ്ഞതാണ് വിലവര്‍ധനക്കു കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. ആദ്യം ജലക്ഷാമം കാരണം കര്‍ണാടകയിലും തമിഴ്‌നാട്ടിലുമെല്ലാം കൃഷിനനക്കാന്‍ സാധിക്കാതെയായി. ഇത് ഉത്പാദനം കുറയാന്‍ കാരണമായി. കര്‍ണാടകയില്‍ ദിവസങ്ങള്‍ക്കുമുമ്പ് തുടര്‍ച്ചയായി പെയ്ത മഴയും കൃഷിനാശത്തിന് കാരണമായി.
മഴ ലഭിക്കുന്നുണ്ടെങ്കിലും പകല്‍സമയത്തെ ശക്തമായചൂട് പച്ചക്കറി കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട്. തക്കാളി, വെണ്ടക്ക, മല്ലിച്ചപ്പ്, ബീന്‍സ് തുടങ്ങിയവയൊക്കെ വേഗത്തില്‍ കേടായിപ്പോകുന്നതായി കച്ചവടക്കാര്‍ പറഞ്ഞു. മല്ലിച്ചപ്പും വെണ്ടയുമൊക്കെ ഒരുദിവസംകൊണ്ടുതന്നെ നാശമാവും. പച്ചക്കറി വാടിപ്പോയാല്‍ ആവശ്യക്കാരില്ലാതാവും. ഇത് കച്ചവടക്കാര്‍ക്ക് നഷ്ടമുണ്ടാക്കുകയും ചെയ്യും.
പച്ചക്കറിക്ക് വില കൂടിയപോലെതന്നെ പഴവര്‍ഗങ്ങള്‍ക്കും വില വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ പഴത്തിന്റെ വില്‍പ്പനയെ വിലവര്‍ധന കാര്യമായി ബാധിച്ചിട്ടില്ല. നോമ്പുകാലമായതിനാല്‍ പഴങ്ങള്‍ക്ക് ചെലവുണ്ട്. ശക്തമായ വേനലും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായി.
നേന്ത്രപ്പഴത്തിന് കിലോയ്ക്ക് 65 രൂപയാണ് വില. ഉത്പാദനം കുറഞ്ഞതോടെയാണ് നേന്ത്രപ്പഴത്തിന്റെ വില കുതിച്ചുയര്‍ന്നത്. മുന്തിരിക്ക് 80 മുതല്‍ 90 രൂപവരെയാണ് വില. ആപ്പിളിന് 150 രൂപ മുതലാണ് വില. ഓറഞ്ചിന് 120 രൂപയും ചെറുനാരങ്ങയ്ക്ക് 100 രൂപയുമാണ് വില.