മെന്‍ ടുവിനെ പിന്തുണച്ച് പൂജാ ബേദി

മെന്‍ ടുവിനെ പിന്തുണച്ച് പൂജാ ബേദി

രാംനാഥ് ചാവ്‌ല-
മെന്‍ ടൂ ക്യാമ്പയിനെ പിന്തുണച്ച് മുന്‍ ബോളിവുഡ് നടിയും കോളമിസ്റ്റുമായ പൂജാ ബേദി. മീ ടൂ എന്ന പേരില്‍ തുടങ്ങിയ പ്രചാരണം അതിന്റെ ദൗത്യം നിറവേറ്റിക്കൊണ്ട് ഇന്നും തുടരുന്നുണ്ടെങ്കിലും ഒരു പുതിയ പ്രസ്ഥാനം ഇപ്പോള്‍ ഉദയം ചെയ്തിരിക്കുന്നു. ഒറ്റനോട്ടത്തില്‍ അതു മീ ടൂവിന് എതിരാണെന്നു തോന്നാമെങ്കിലും അങ്ങനെയല്ല. മീ ടൂവിന്റെ അത്ര ശക്തമല്ലെങ്കിലും മെന്‍ ടൂവും പ്രബലമായിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ മുറിവുകളെ കുറിച്ചു പറയുന്നതു പോലെ പുരുഷന്‍മാര്‍ അവരുടെ നിരപരാധിത്വം തെളിയിക്കട്ടെ. നീതി പുലരാനും സമത്വം നിലനില്‍ക്കാനും അതു നല്ലതാണ്.
മീ ടൂ യഥാര്‍ഥത്തില്‍ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല. സ്ത്രീകളാണ് മീ ടൂ പ്രചാരത്തിലാക്കിയതെങ്കിലും പുരുഷന്‍മാര്‍ക്കും അവരുടെ സങ്കടങ്ങള്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കാം. നീതി തേടാം. എങ്കിലും മീ ടൂ സ്ത്രീ കേന്ദ്രീകൃതമായതു കൊണ്ടാണ് ഇപ്പോള്‍ മെന്‍ ടൂ ഉദയം ചെയ്തിരിക്കുന്നത്. കള്ളക്കേസില്‍ കുടുക്കപ്പെട്ട പുരുഷന്‍മാരുണ്ട്. സത്യം പുറത്തു വരുന്നതിനു മുമ്പേ ആരോപണത്തിന്റെ നിഴലിലായവര്‍. കൈവിലങ്ങ് അണിയിക്കപ്പെട്ടവര്‍. ശിക്ഷ അനുഭവിക്കേണ്ടി വന്നവര്‍. തെളിവുകളുടെ അഭാവത്തില്‍ പോലും എല്ലാവരുടെയും മുമ്പില്‍ അന്തസ്സ് നഷ്ടപ്പെട്ട അത്തരക്കാരില്‍ ചിലര്‍ക്കെതിരെയുണ്ടായിരുന്നത് കള്ളത്തെളിവുകള്‍.
തെറ്റായി ഉണ്ടാക്കപ്പെട്ട തെളിവുകള്‍. ശിക്ഷ പോലും അനുഭവിച്ചു കഴിഞ്ഞതിനു ശേഷമായിരിക്കും പലര്‍ക്കും നീതി കിട്ടിയിട്ടുണ്ടാകുക. അത്തരക്കാരാണ് ഇപ്പോള്‍ സത്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ മെന്‍ ടൂ ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരട്ടെ. അതൊരിക്കലും സ്ത്രീകള്‍ക്ക് എതിരെയല്ല. മറിച്ച് കള്ളത്തെളിവുകളുമായി രംഗത്തു വരുന്നവര്‍ക്ക് എതിരെ മാത്രമാണ്. അതിനാല്‍ മെന്‍ ടൂ സ്ത്രീകള്‍ക്ക് എതിരായ പ്രസ്ഥാനമാണെന്ന് വിധിയെഴുതേണ്ടതുമില്ല. മീ ടൂ തുടരട്ടെ…മെന്‍ ടൂവും. സൂര്യനും ചന്ദ്രനും ലോകത്തെ പൂര്‍ണമാക്കുന്നതു പോലെ…

Post Your Comments Here ( Click here for malayalam )
Press Esc to close