Month: July 2019

കരുത്തുറ്റ ബ്രാന്‍ഡുകളില്‍ ഐ.ഒ.സിക്ക് മൂന്നാം റാങ്ക്

ഗായത്രി-
കൊച്ചി: രാജ്യത്തെ കരുത്തുറ്റ ബ്രാന്‍ഡുകളില്‍ മൂന്നാം റാങ്കും എണ്ണവാതക മേഖലയില്‍ ഒന്നാം റാങ്കും നേടി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി). ലണ്ടന്‍ കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സ് നടത്തിയ വാര്‍ഷിക സര്‍വേയിലാണ് ഇന്ത്യന്‍ ഓയിലിന്റെ ഈ നേട്ടം.വിപണി നിക്ഷേപം, ഓഹരി, ബിസിനസ് രംഗത്തെ പ്രകടനം എന്നിവയില്‍ ഇന്ത്യന്‍ ഓയില്‍ ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സില്‍ (ബി.എസ്.ഐ) 100ല്‍ 84.6 പോയന്റാണ് നേടിയത്. കഴിഞ്ഞ വര്‍ഷം ബി.എസ്.ഐ 77.2 ആയിരുന്നു.
ബ്രാന്‍ഡ് ഫിനാന്‍സ് ഇന്ത്യ 100ല്‍ 2019ലെ റാങ്കിങ്ങില്‍ 100 ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടും. 6,05,924 കോടി വിറ്റുവരവും 16,894 കോടി അറ്റാദായവും 2018-19ല്‍ കൈവരിച്ച ഐ.ഒ.സി ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പറേറ്റുകളിലൊന്നാണ്.

പ്രിയരാമന്‍ ബിജെപിയിലേക്ക്

ഫിദ-
ചെന്നൈ: തെന്നിന്ത്യന്‍ നടി പ്രിയാരാമന്‍ ബിജെപിയിലേക്ക്. കഴിഞ്ഞദിവസം തിരുപ്പതിയില്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ശേഷമാണു പ്രിയാരാമന്‍ ബിജെപിയില്‍ ചേരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതത്രെ. പാര്‍ട്ടിയില്‍ ചേരുന്നതിനു മുന്നോടിയായി നടി ബിജെപിയുടെ ആന്ധ്രാപ്രദേശ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി. സത്യമൂര്‍ത്തി ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, ഇതുവരെ അംഗത്വം സ്വീകരിച്ചിട്ടില്ല. തൊട്ടടുത്തു തന്നെ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
നരേന്ദ്ര മോദിയുടെ വികസന അജണ്ടയില്‍ ആകൃഷ്ടയായാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്നും ഏതെങ്കിലും സ്ഥാനമാനങ്ങള്‍ തന്റെ ലക്ഷ്യമല്ലെന്നും പ്രിയാരാമന്‍ പറഞ്ഞു. ചെന്നൈയില്‍ താമസിക്കുന്നതിനാല്‍ പ്രവര്‍ത്തനമേഖല തമിഴ്‌നാട്ടിലായിരിക്കുമോ എന്നു തീരുമാനിക്കേണ്ടതൃ ബിജെപി നേതൃത്വമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മലയാളം ഉള്‍പ്പെടെ നിരവധി തെന്നിന്ത്യന്‍ അഭിയിച്ചിട്ടുള്ള പ്രിയാരാമന്‍ തമിഴ് നടന്‍ രഞ്ജിത്തുമായുള്ള വിവാഹബന്ധം 2014ല്‍ വേര്‍പെടുത്തിയിരുന്നു.

കണ്ണൂര്‍-ദൂബായ് ഗോ എയര്‍ സര്‍വീസ് നാളെ മുതല്‍

ഫിദ-
കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദുബായിയില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് വ്യാഴാഴ്ച രാത്രി വൈകി ആരംഭിക്കും. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ മികച്ച വിമാനക്കമ്പനികളിലൊന്നായി വളര്‍ന്ന ഗോ എയര്‍ ആണ് ദുബായ് കണ്ണൂര്‍ റൂട്ടില്‍ ആദ്യ സര്‍വീസ് നടത്തുന്നത്. രാത്രി 12.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച പുലര്‍ച്ച 5.35ന് കണ്ണൂരിലെത്തും.
ഇപ്പോള്‍ കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും മസ്‌കത്തിലേക്കും സര്‍വീസ് നടത്തുന്ന ഗോ എയര്‍ അധികം വൈകാതെ കുവൈത്ത് സിറ്റി, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍നിന്ന് എന്നും വൈകീട്ട് 7.05ന് പുറപ്പെടുന്ന വിമാനം രാത്രി 9.15ന് ദുബായില്‍ എത്തിച്ചേരും. ഒരു ഭാഗത്തേക്ക് 335 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കണ്ണൂരില്‍നിന്ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയറിന് ആഭ്യന്തര സര്‍വീസുകളുണ്ട്. വൈകാതെ മുംബൈയിലേക്കും സര്‍വീസ് ആരംഭിക്കും.
ദുബായ് ആസ്ഥാനമായുള്ള അല്‍ നബൂദ ഗ്രൂപ്പ് എന്റര്‍െ്രെപസസിന്റെ ട്രാവല്‍ ആന്റ് ടൂറിസം ബിസിനസ് സ്ഥാപനമായ അല്‍ നബൂദ ട്രാവല്‍ ആന്‍ഡ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. ഗോ എയര്‍ സര്‍വീസുകളുള്ള ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളെയും ബന്ധപ്പെട്ടുകൊണ്ട് യാത്രകള്‍ ക്രമീകരിക്കാന്‍ യു.എ.ഇ.യില്‍ നിന്നുള്ള യാത്രികര്‍ക്ക് സാധിക്കും. ഇന്ത്യയിലെ 25 നഗരങ്ങളിലേക്കും ഫുക്കറ്റ്, മാലി, അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക്, ദുബായ് എന്നീ വിദേശനഗരങ്ങളിലേക്കും ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. നിത്യവും 285 സര്‍വീസുകളാണ് ഗോ എയര്‍ എല്ലായിടത്തേക്കുമായി നടത്തുന്നത്.
ഈയിടെയാണ് കമ്പനി 51ാമത് വിമാനം സ്വന്തമാക്കിയത്. ഓരോ മാസവും ഒരു പുതിയ വിമാനം വീതം ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ വിമാനങ്ങളും കൂടുതല്‍ സെക്ടറുകളിലേക്ക് സര്‍വീസുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ചത് തരഞ്ഞെടുക്കാനുള്ള അവസരവും യാഥാര്‍ഥ്യമാവുമെന്ന് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു. 13 വര്‍ഷം കൊണ്ട് 73.3 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ ഗോ എയറിന് സാധിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

നടി ഇഷ ഗുപ്തക്കെതിരെ മാനനഷ്ടക്കേസുമായി യുവ വ്യവസായി

രാംനാഥ് ചാവ്‌ല-
ബോളിവുഡ് നടി ഇഷ ഗുപ്തക്കെതിരെ മാനനഷ്ടക്കേസുമായി യുവ വ്യവസായി രംഗത്ത്. താന്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന തരത്തില്‍ നടി വ്യാജപ്രചരണം നടത്തിയെന്നാണ് ഡല്‍ഹി സ്വദേശിയായ വ്യവസായി ഇഷക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഇഷ അപമര്യാദയായി പെരുമാറുന്ന യുവാവിന്റേതെന്ന തരത്തില്‍ ഒരു വീഡിയോ പുറത്ത് വിട്ടത്. സുഹൃത്തുക്കളോടൊപ്പം ഡിന്നറിന് എത്തിയപ്പോള്‍ യുവാവ് നടിയോട് മോശമായി പെരുമാറിയെന്ന് കുറിച്ചു കൊണ്ടാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ഇഷ വീഡിയോ പുറത്തു വിട്ടത്. ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാല്‍സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസ്സിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം. ഇങ്ങനെയാണ് ഇഷ വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
ഈ വീഡിയോ വൈറലായതോടെയാണ് യുവാവ് താരത്തിനെതിരെ പരാതി നല്‍കിയത്. നടിയുടെ വ്യാജ പ്രചരണം മൂലം സുഹൃത്തുക്കളില്‍ നിന്നും കുടുംബക്കാരില്‍ നിന്നും നിരവധി ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നുവെന്നും ഇത് മനോവേദനയുണ്ടാക്കുന്നുവെന്നുമാണ് യുവാവ് പരാതിയില്‍ പറയുന്നത്. നടിയെ വിചാരണ ചെയ്ത് ശിക്ഷിക്കണമെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പരാതി പരിഗണിച്ച കോടതി ആഗസ്റ്റ് 28ന് വാദം കേള്‍ക്കും.
ജന്നത്ത് 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ തുടക്കം കുറിച്ച താരമാണ് ഇഷ ഗുപ്ത. തുടര്‍ന്ന് സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു.

 

 

നിസ്സാന്‍ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു

അളക ഖാനം-
ടോക്യോ: ജപ്പാനീസ് വാഹന നിര്‍മാതാക്കളായ നിസ്സാന്‍ ആഗോള വ്യാപകമായി 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ 4,800 പേരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് വീണ്ടും ജോലിക്കാരെ കുറക്കുന്നത്. 1,39,000 പേരാണ് കമ്പനിക്ക് ജീവനക്കാരായുണ്ടായിരുന്നത്. നിസ്സാന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പത്തുവര്‍ഷത്തെ താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു. ചെലവ് കുറച്ച് വരുമാനം കൂട്ടാന്‍ കമ്പനി കടുത്ത നിലപാടെടുക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുഎസിലും യൂറോപ്പിലും കമ്പനിയുടെ വാഹന വില്‍പ്പനയില്‍ കനത്ത ഇടിവുണ്ടായിരുന്നു. സാമ്പത്തിക തിരിമറിയെതുടര്‍ന്ന് മുന്‍ തലവനായിരുന്ന കാര്‍ലോസ് ഘോഷിനെ അറസ്റ്റ് ചെയ്തതും കമ്പനിയെ ബാധിച്ചു.

 

ചെറുതല്ല എന്നാല്‍ വലുതും

ഗായത്രി-
ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ ഷോര്‍ട്ട് ഡ്രെസ്സിലെ ചിത്രത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി മീര നന്ദന്‍ ഇന്‍സ്റ്റഗ്രാമില്‍. സിനിമയില്‍ നിന്നും താല്‍കാലിക ഇടവേളയെടുത്ത് ദുബായില്‍ ആര്‍.ജെ ആയി ജോലി നോക്കുകയാണ് താരം. ചുവപ്പു നിറത്തിലുള്ള ഒരു ഫ്രോക്ക് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച മീരക്ക് വലിയ രീതിയില്‍ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.
തന്റെ വസ്ത്രത്തിന്റെ പേരില്‍ പലരും തന്നെ സമൂഹമാധ്യമങ്ങളില്‍ ആക്രമിക്കുന്നു വന്നും അനാവശ്യവിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നതെന്നും മീര പറയുന്നു.
‘കഴിഞ്ഞ ഏതാനും ദിവസങ്ങളായി എന്റെ ചിത്രത്തിനു മേല്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി. ചില രീതിയില്‍ നിങ്ങളില്‍ ചിലര്‍ക്ക് അത് നീരസമുളവാക്കി. നെഗറ്റീവ് ഫീഡ്ബാക്കുകളോ അനാവശ്യവിമര്‍ശനമോ എന്തോ ആയിക്കോട്ടെ, എന്റ ജീവിതവും ഞാന്‍ ചെയ്യുന്നതിനെ മാനിക്കുകയും എന്റെ വ്യക്തിപരമായ അതിര്‍ വരമ്പുകള്‍ ഭേദിക്കപ്പെടാതിരിക്കുകയും ചെയ്യണം എന്നേ എനിക്ക് പറയാനുള്ളൂ. ഞാന്‍ ധരിച്ച, തീരെ ചെറുതായിരുന്നില്ല., ഒരുപാട് വലുതും. വളരെ മോശമായ രീതിയിലുള്ള കമന്റുകളാണ് തന്റെ ചിത്രത്തിനു താളെ പോസ്റ്റ് ചെയ്യുന്നത്. പുതിയ തലമുറയിലെ ആളുകളെ വസ്ത്രത്തിന്റെ പേരില്‍ മാത്രം വിലയിരുത്തുന്നതിന്റെ അര്‍ഥം മനസിലാകുന്നില്ലെന്നും മീര കുറിച്ചു.

 

ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥ്വിരാജ്

ഫിദ-
ഞാന്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണെന്ന് നടന്‍ പൃഥ്വി രാജ്. സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജ് പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പു തന്നെ അത് നിര്‍ത്തി സിനിമാ അഭിനയത്തിലേക്ക് വന്ന ഒരു വ്യക്തിയാണ്. അതുകൊണ്ട് ഒരു അക്കാദമിക് കരിയര്‍ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാന്‍ ഒരു ഉത്തമ ഉദാഹരണമല്ല എന്നു കരുതുന്ന ആളാണ് താനെന്നും പൃഥ്വി പറഞ്ഞു. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ഹൈബി ഈഡന്‍ എം.പി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വി. എറണാകുളം സെന്റ് തെരേസാസ് കോളേജിലായിരുന്നു ചടങ്ങ്.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് മുന്നില്‍ ഒരു ദൗത്യമുണ്ടാകും. എനിക്ക് മുന്നിലുള്ള ദൗത്യം ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയില്‍ നന്നായി അഭിനയിക്കുക എന്നതാണ്. തന്നിരിക്കുന്ന അക്കാദമിക് മെറ്റീരിയില്‍ നന്നായി പഠിച്ച് അതില്‍ നൈപുണ്യം നേടുക എന്നതാണെന്ന് നിങ്ങളുടെ കടമയെന്ന് പൃഥ്വി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് പൃഥ്വി പറഞ്ഞു. ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയില്‍ ഉപേക്ഷിച്ച്, സിനിമയാണ് തന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോള്‍, പോടാ എന്നല്ല, നിനക്കതാണ് പാഷനെങ്കില്‍ രണ്ട് വര്‍ഷം നീ കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്ക് എന്നാണ് അമ്മ തന്നോട് പറഞ്ഞത്. എല്ലാവര്‍ക്കും അതുപോലുള്ള രക്ഷകര്‍ത്താക്കള്‍ ഉണ്ടാകട്ടെയെന്നും വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം ആശംസ നേര്‍ന്നു. പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിലുളള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതെന്നും പൃഥ്വി വിമര്‍ശിച്ചു.

 

‘സ്ത്രീ’ കുടുംബ സദസ്സുകള്‍ ഒന്നടങ്കം കണ്ടിരിക്കേണ്ട ചിത്രം

അജയ് തുണ്ടത്തില്‍-
സര്‍വ്വാഭരണ വിഭൂഷിതയായ ഒരു സ്ത്രീക്ക് അര്‍ദ്ധരാത്രിയില്‍ സ്വതന്ത്രയായി നടന്നു പോകുവാന്‍ കഴിയുന്ന രാജ്യത്തിലാണ് യഥാര്‍ത്ഥ ഭരണനിര്‍വ്വഹണം സാധ്യമാകുന്നത്. ആ കാലത്തിനായി നാം അണിചേരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന ചിത്രമാണ് സ്ത്രീ. കണ്ടവര്‍ കണ്ടവര്‍ ഒരേ സ്വരത്തില്‍ പറയുന്നു, ‘നല്ല ചിത്രം, കുടുംബ സദസ്സുകള്‍ ഒന്നടങ്കം കണ്ടിരിക്കേണ്ട ചിത്രം’
ബാനര്‍, നിര്‍മ്മാണം – ശ്രീജിത്ത് സിനിമാസ്, സംവിധാനം – ആര്‍ ശ്രീനിവാസന്‍, തിരക്കഥ, സംഗീതം – പായിപ്പാട് രാജു, ഛായാഗ്രഹണം – വിശ്വനാഥന്‍, കിഷോര്‍ലാല്‍, എഡിറ്റിംഗ് വിഷ്ണു കല്യാണി, ഗാനരചന – കൃഷ്ണമൂര്‍ത്തി, രാജ് മോഹന്‍ കൂവളശ്ശേരി, ആലാപനം – രവിശങ്കര്‍, രഞ്ജിനി സുധീരന്‍, ബാബു ജോസ്, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ – സതീഷ് മരുതിങ്കല്‍, പ്രോജക്ട് ഡിസൈനര്‍ – ലാല്‍ രാജന്‍, വി എസ് സുധീരന്‍, ദര്‍ശന സനീഷ്, സഹസംവിധാനം – അഖിലന്‍ ചക്രവര്‍ത്തി, ശ്രീജിത്ത് ശ്രീകുമാര്‍, സൗണ്ട് പ്രീമിക്‌സ് – സതീഷ് ബാബു, ശങ്കര്‍ദാസ് വി സി, സറൗണ്ട് മിക്‌സിംഗ് – അനൂപ് തിലക്, സൗണ്ട് റിക്കോര്‍ഡിസ്റ്റ് – രാജീവ് വിശ്വംഭരന്‍, ചാനല്‍ പ്രൊമോഷന്‍ – റഹീം പനവൂര്‍, കല – ജെ ബി ജസ്റ്റിന്‍, സ്റ്റുഡിയോ – എച്ച് ഡി സിനിമാക്കമ്പനി, ചിത്രാഞ്ജലി, കളറിസ്റ്റ് – മഹാദേവന്‍, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍.
സനീഷ് വി, ഇന്ദ്രന്‍സ്, അശോകന്‍, കലാധരന്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, സുധാകരന്‍ ശിവാര്‍ത്ഥി, തമലം ശ്രീകുമാര്‍, ഡോ.ആര്‍ എസ് പ്രദീപ് നായര്‍, അഖിലന്‍ ചക്രവര്‍ത്തി, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍ , മഹേഷ്, പ്രദീപ് രാജ്, സോണിയ മല്‍ഹാര്‍, പ്രിയാവിഷ്ണു, സുഷമ അനില്‍, ബീയാട്രീസ് ഗോമസ്, ആനി വര്‍ഗ്ഗീസ്, അഭിരാമി, ഹര്‍ഷിത നായര്‍ ആര്‍ എസ് എന്നിവരഭിനയിക്കുന്നു.

 

 

വിശ്വപാത പുരോഗമിക്കുന്നു

അജയ് തുണ്ടത്തില്‍-
ആത്മ നൊമ്പരത്തിന്റെയും വ്യാകുലതകളുടെയും ജീവിതപാഥേയം പേറുന്നവര്‍ക്ക് സാന്ത്വനത്തിന്റെ കുളിര്‍കാറ്റ് പകരുവാന്‍ സഹായിക്കുന്ന പശ്ചിമഘട്ട-സഹ്യാദ്രി ഗിരിശൃംഗമായ തെക്കന്‍കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തെ ഇതിവൃത്തമാക്കി ഒരുക്കുന്ന ‘വിശ്വപാത’യുടെ ചിത്രീകരണം പുരോഗമിക്കുന്നു.
ഇന്ദ്രന്‍സ്, സജിസൂര്യ, ബിനു, ഡോ. ദിവ്യ, ഹരികൊല്ലം, ചെമ്പില്‍ അശോകന്‍, കുമരകം രഘുനാഥ്, സേതുലക്ഷ്മി, വിജയകുമാരി, പൂജപ്പുര രാധാകൃഷ്ണന്‍, ബോബന്‍ ആലുംമൂടന്‍, മനുരാജ്, അമ്പൂരി ജയന്‍, പ്രമോദ് മണി, രാജാമണി. ആര്‍, കെസ്സിയ, കല്യാണി, ഫാദര്‍ പി. ഇഗ്‌നേഷ്യസ്, ഇഗ്‌നേഷ്യസ്, ബാബു സൂര്യ, ണട രഹ്‌ന, പ്രിയന്‍ഷ മതിലകം, ആന്‍സില്‍ എന്നിവര്‍ അഭിനയിക്കുന്നു.
ബാനര്‍ – സമന്വയ വിഷന്‍സ്, നിര്‍മ്മാണം – സജി സൂര്യ, സംവിധാനം – വി.വി. വില്‍ഫ്രഡ്, ഛായാഗ്രഹണം – ഗുണ അനുരാഗ്, അലക്‌സ്, വിനോദ് ജി. മധു, കോ-ഡയറക്ടര്‍ – ജിതേഷ് കരുണാകരന്‍, കഥ, തിരക്കഥ, സംഭാഷണം – ഷാജി മതിലകം, എഡിറ്റിംഗ് – വിജില്‍. എഫ് എക്‌സ്, പ്രൊ: കണ്‍ട്രോളര്‍ – കിച്ചി പൂജപ്പുര, ഗാനരചന – വെരി. റവ. മോണ്‍:- ഡോ. വിന്‍സന്റ് കെ. പീറ്റര്‍, സംഗീതം – വില്യം ആറാട്ടുകുഴി, ആലാപനം – കാവാലം ശ്രീകുമാര്‍, വിധു പ്രതാപ്, പുഷ്പവതി, ഇമാനുവല്‍ ഹെന്റി, അനൂപ് കോവളം, കവിത – ഗാഥ മതിലകം, പശ്ചാത്തല സംഗീതം – ശ്യാം മോഹന്‍ എം.എം, എക്‌സി: പ്രൊഡ്യൂസേഴ്‌സ് – ക്രിസ്തുദാസ്, സേവ്യര്‍ ഏഴാകോട്, ആര്‍. രാജാമണി എല്‍ഐസി പാറശ്ശാല, ഷാജി മുതിയവിള, ആക്ഷന്‍ – അഷ്‌റഫ് ഗുരുക്കള്‍, അസ്സോ: ഡയറക്ടര്‍ – ശരത് ബാലകൃഷ്ണന്‍, കല – ഷിലിന്‍, ബിജുവിതുര, സന്തോഷ്, രാജീവ് എടക്കുളം, സംവിധാന സഹായികള്‍ – മുകേഷ് മനോഹര്‍, സനീഷ് മുള്ളരിക്കുടി, പ്രമോദ് മണി, ഹരി, ചമയം – വിനോദ്, കോസ്റ്റ്യും – രാധാകൃഷ്ണന്‍ അമ്പാടി, സ്റ്റില്‍സ് – സാബു, ക്രീയേറ്റീവ് ഹെഡ് & കോ-ഓര്‍ഡിനേഷന്‍ – വെരി. റവ: ഫാദര്‍ വിന്‍സന്റ് കെ. പീറ്റര്‍, പബ്ലിസിറ്റി ഡിസൈനര്‍ – ശ്രീരാജ് എസ്.ആര്‍, കളറിസ്റ്റ് – ആര്‍. മുത്തുരാജ്, സ്റ്റുഡിയോ – ചിത്രാഞ്ജലി, സൗണ്ട്മാക്‌സ് (തിരുവനന്തപുരം), ടി.ഓ.ടി. സ്റ്റുഡിയോ (എറണാകുളം), വി.എഫ്.എക്‌സ്-പ്രസാദ്, എഡ്വേര്‍ഡ്, ഷിജി വെമ്പായം, പിആര്‍ഓ – വാഴൂര്‍ ജോസ്, അജയ് തുണ്ടത്തില്‍.

ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. 28 പോയന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സ് സൂചികയില്‍ വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ നഷ്ടത്തിലായി. 55 പോയന്റ് നഷ്ടത്തില്‍ 37967ലാണ് സെന്‍സെക്‌സില്‍ വ്യാപാരം നടക്കുന്നത്. 16 പോയന്റ് താഴ്ന്ന് 11330ലുമാണ് നിഫ്റ്റിയില്‍ ട്രേഡിംഗ്.
ബിഎസ്ഇയിലെ 536 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 472 ഓഹരികള്‍ നഷ്ടത്തിലുമാണ്. വാഹനം, ലോഹം വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. ഐടി, ഫാര്‍മ, എഫ്എംസിജി, ഇന്‍ഫ്ര ഓഹരികള്‍ നേരിട നേട്ടത്തിലാണ്. ഐഷര്‍ മോട്ടോഴ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍, സിപ്ല, വോള്‍ട്ടാസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. യെസ് ബാങ്ക്, ഡിഎച്ച്എഫ്എല്‍, സീ എന്റര്‍ടെയ്ന്‍മെന്റ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്ത്യബുള്‍സ് ഹൗസിങ്, ഐഒസി, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.