Month: July 2019

സ്വനാശം പൂര്‍ത്തിയായി

അജയ് തുണ്ടത്തില്‍-
നമ്മുടെ നാടിന്റെ മാലിന്യകൂമ്പാരങ്ങളുടെ നേര്‍ക്കാഴ്ചകളും അതിനെ നേരിടേണ്ട പുതിയ ബോധവല്ക്കരണ രീതികളാലും നഗരത്തില്‍ കാണുന്ന മാലിന്യ കൂമ്പാരങ്ങളെല്ലാം വൃത്തിയാക്കി, ആ സ്ഥലങ്ങളിലെല്ലാം ചെടികള്‍ നട്ടുവളര്‍ത്തി പൂന്തോട്ടമാക്കി സന്തോഷം കണ്ടെത്തുന്ന ഒരു ഭ്രാന്തനിലൂടെ സഞ്ചരിക്കുന്ന ചിത്രമാണ് സ്വനാശം.
പ്രിജുകുമാര്‍ ഹൃദയ് ആയുഷ്, ആകൃഷ്ണ പ്രിജുകുമാര്‍, ആത്മകപ്രിജുകുമാര്‍, ശരണ്‍, സ്ഫടികം ജോര്‍ജ്ജ്, ചിത്രപ്രസാദ്, ശില്പമാര്‍ട്ടിന്‍, സുമ കോടനൂര്‍, സുകുദേവ്, ഗിരിദാഷ്, ഷാജിമാരാത്ത്, മണികണ്ഠന്‍ ബ്രഹ്മകുളം, ഉണ്ണികൃഷ്ണന്‍ നമ്പേക്കാട്ടില്‍, റോബിന്‍സോ, സിജോ, മല്ലിക സുകുദേവ്, ജോജു മോഹന്‍, മനുമോഹിത്, നിജി മനോജ്, ആര്‍ത്ര, അശ്വതി, ബിനീഷ്, സല്‍മോന്‍, അഷ്‌റഫ് ഗുരുക്കള്‍, ജോര്‍ജ്ജ് എന്നിവര്‍ അഭിനയിക്കുന്നു.
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – പ്രിജുകുമാര്‍ ഹൃദയ് ആയുഷ്, നിര്‍മ്മാണം – ഹിമാപ്രിജുകുമാര്‍, എക്‌സി: പ്രൊഡ്യൂസേഴ്‌സ് – അജയന്‍, പ്രഭകുമാര്‍, ഛായാഗ്രഹണം – ധനപാല്‍, ശ്യാം, നവീന്‍, റിനു, എഡിറ്റിംഗ് – മില്‍ജോജോണി, പ്രൊ: കണ്‍ട്രോളര്‍ – അനില്‍ അങ്കമാലി, ഗാനരചന – പ്രിജുകുമാര്‍ ഹൃദയ് ആയുഷ്. അനില്‍ പത്തു, സംഗീതം – നിഖില്‍പ്രഭ, ശ്രീജിത്ത്, വിനോദ് എങ്ങണ്ടിയൂര്‍, ആലാപനം – വിധു പ്രതാപ്, ശ്രേയാ ജയദീപ്, നിഖില്‍ പ്രഭ, ഗോവിന്ദ്, ശ്രുതി ശശിധരന്‍, സിബിന്‍ കുമ്പളം, വിനീത് പേരാമ്പ്ര, സനൂപ്, ചമയം – ജയമോഹന്‍, ശ്യാം ഭാസി, വസ്ത്രാലങ്കാരം – ഹിമാ പ്രിജുകുമാര്‍, കല – ഉണ്ണി, കണ്ണന്‍, ആയുഷ്, അസ്സോ: ഡയറക്ടര്‍ – ഹിമാപ്രിജുകുമാര്‍, ആക്ഷന്‍ – അഷ്‌റഫ് ഗുരുക്കള്‍, സല്‍മാന്‍, വിപിന്‍, പ്രൊ: എക്‌സി: സിജു കോടനൂര്‍, പശ്ചാത്തല സംഗീതം – നിഖില്‍പ്രഭ, ഡിസൈന്‍സ് – സന്ദീപ് പി.എസ്സ്, ഗ്രാഫിക്‌സ് – ഹരി ജി. നായര്‍, സംവിധാന സഹായികള്‍ – ബ്രിജേഷ് പ്രദീപ്, രാകുല്‍ രവീന്ദ്രന്‍, ജെറിന്‍ ജോസ്, കുമാര്‍, സ്റ്റില്‍സ് – സബിന്‍, അജയ്, സൂരജ്, രാജു, സജീഷ്, സ്റ്റുഡിയോ – ചേതന സ്റ്റുഡിയോ.

ജന്മസാഫല്യത്തിന്റെ ഓര്‍മ്മച്ചെപ്പുകള്‍

സഫിയ മുഹിയദ്ദീന്‍-
ഇന്നിന്റെ തിരക്കുകളും വിഹ്വലതകളും പലപ്പോഴും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഓര്‍മകളുടെ പച്ചപ്പിലേക്കാണ്. പകര്‍ത്തിയെഴുതപ്പെടുമ്പോള്‍ സഫലമാകുന്നത് ജന്മം തന്നെയും. ചാലിയാര്‍ സാക്ഷിയെന്ന ആദ്യ പുസ്തകത്തിലൂടെ മലിക് നാലകത്ത് ജന്മസാഫല്യത്തിന്റെ പടികളിലെത്തി നില്‍ക്കുന്നു.
ദേശചരിത്രം അടയാളപ്പെടുത്തുമ്പോള്‍ അതിന്റെ ഊടുവഴികളിലൂടെ സഞ്ചരിച്ച് കണ്ണും മനസും കാണാകാഴ്ചകളിലേക്ക് ചെന്നെത്തുമ്പോഴാണ് എഴുത്തും എഴുത്തുകാരനും വ്യത്യസ്തമാകുന്നത്. അവിടെയാണ് അരീക്കോടിന്റെ ഹൃദയം തൊട്ട എഴുത്തുകാരന്റെ വേറിട്ട കാഴ്്ച.
താളുകള്‍ മറിക്കുമ്പോള്‍ എഴുത്തുകാരനില്ല വായനക്കാരില്ല വലിയൊരു ക്യാന്‍വാസില്‍ വരച്ച മനോഹര ചിത്രമായി അരീക്കോടെന്ന ഗ്രാമം തെളിഞ്ഞു നില്‍ക്കും.അതിലലിഞ്ഞ വര്‍ണങ്ങള്‍ക്കും കുഞ്ഞു വരകള്‍ക്കും പറയാനുണ്ടൊരുപാട് കഥകള്‍. സാംസ്‌കാരികമായ ചെറുത്തുനില്‍പ്പിന്റെ കഥ കൂടിയാണ് അതെന്ന് പറയുമ്പോഴെ പൂര്‍ണതയിലെത്തുകയുള്ളൂ.
ഒരു പെരുമഴക്കാലത്ത് സഹോദരിക്കൊപ്പം ചെളിവെള്ളം തെറിപ്പിച്ച് സ്‌കൂളിലെത്തിയിടത്ത് ഓര്‍മകള്‍ ആരംഭിക്കുന്നു. പിന്നീടത് നിര്‍ത്താതെ പെയ്തു കൊണ്ടേയിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെയുള്ള ചെറുത്തു നില്‍പ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നവോത്ഥാനത്തിന്റെ അലയൊലികള്‍ ഒരു സമൂഹത്തെ സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായി ഉയരങ്ങളിലെത്തിച്ചു.
അന്യമായിപ്പോയ നാടന്‍ തനിമകളെ തേടിപ്പിടിക്കാനും എഴുത്തുകാരന്‍ മറക്കുന്നില്ല. പാലം നാടിന്റെ മുഖഛായ മാറ്റുന്നതിനപ്പുറം സംവേദന മാധ്യമമായിമാറിയ കൂവലുകള്‍ നഷ്ടമാകുന്നതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നു. വിസ്മൃതിയിലലിഞ്ഞ ആഴ്ച ചന്തകള്‍, ചൂഷണം ചെയ്യപ്പെടുന്ന വനവാസികള്‍, കച്ചവടക്കാരുടെ വില്‍പ്പന മേളങ്ങള്‍ സ്‌ക്രീനില്‍ മിന്നിമറയുന്ന ചിത്രങ്ങള്‍ പോലെ ചാലിയാര്‍ തീരം.
ചരിത്രം രേഖപ്പെടുത്താന്‍ മറന്ന ചില ജന്മങ്ങളുണ്ടാകും. അതിലൊന്നാണ് നാടിന്റെ ഗായകനായ അബു
‘ഗരീബോം കി സുനോ
വോതുമാരി സുനേഗാ”
വായനക്കു ശേഷവും ഏതോ കല്യാണ വീട്ടില്‍ നിന്ന് അപസ്മാര രോഗിയായ അബുവിന്റെ ഗാനം കേട്ടുകൊണ്ടേയിരിക്കും.
കണ്ണുനീര്‍ കൊണ്ട് കാല്‍ കഴുകിയ അരീക്കോടിന്റെ മഗ്ദ്ധലന മറിയത്തെ വരച്ചിടുമ്പോള്‍ ഗ്രാമത്തിന്റെ മറ്റൊരുമുഖം അനാവരണം ചെയ്യപ്പെടുന്നു. പൗരോഹിത്യത്തിന്റെ വിലക്കുകള്‍ ലംഘിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയ തന്റെ നാടിനെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നു.
ട്യൂട്ടോറിയല്‍ കോളേജുകളെ കുറിച്ച് മനസില്‍ പറ്റി നില്‍ക്കുന്ന ചില ഓര്‍മകള്‍ കരുണ പൂക്കുന്ന നന്മ മരങ്ങളിലൂടെ അരീക്കോടിന്റെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ മഹത്വവും കടന്ന് സ്ഥലനാമത്തെക്കുറിച്ചുള്ള അല്പം ചരിത്രത്തില്‍ നാടിന്റെ വേരുകള്‍ തേടിയുള്ള യാത്രികനായി മാറുന്നു എഴുത്തുകാരന്‍.
പഴയ കാല ഗ്രാമീണതയില്‍ തുന്നിച്ചേര്‍ക്കുന്ന ചില ചിത്രങ്ങളുമുണ്ട് ഈ ഗ്രന്ഥത്തില്‍. ബീഡി തൊഴിലാളികള്‍, തയ്യല്‍ക്കാര്‍,
ആന പാപ്പാന്‍മാര്‍…അങ്ങിനെ പോകുന്നു അവ.
അരീക്കോടിനു മേല്‍ വരച്ചിട്ട ചിത്രത്തിനും വര്‍ണമേറെയുണ്ട്. വെള്ളപ്പൊക്കവും
പട്ടിണിക്കാലത്തും നിറഞ്ഞു നിന്ന മാനവികതയും ഒരല്പം രാഷ്ട്രീയവുമെല്ലാം എഴുത്തുകാരന്‍ പറഞ്ഞു പോകുന്നു. സിലോണ്‍ റേഡിയോയും സിനിമാ ടാക്കീസും ഗോട്ടി കളിയും വായനക്കാരനും ഒരു നിമിഷം പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കും.
മലബാര്‍ കലാപത്തിലെ അരീക്കോടിന്റെ പങ്ക്. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കിയ താഴത്തങ്ങാടിക്കാര്‍. ഒടുവില്‍ കൂഫയെന്ന് വിളിച്ചത് താഴത്തങ്ങാടിക്ക് അലങ്കാരമാണോ അഭിമാനമാണോ എന്ന ചോദ്യത്തോടെ ഓര്‍മകളുടെ കുത്തൊഴുക്കിനെ ഒരിത്തിരി നേരത്തേക്ക് തടഞ്ഞു നിര്‍ത്തുന്നു. എങ്കിലും സ്വര്‍ണമുഖിയെന്ന് കൂടി അറിയപ്പെടുന്ന ചാലിയാറു പോലെ മനോഹരമായ ഭാഷ വീണ്ടും വായനക്കാരുടെ മനസ്സില്‍ ഒഴുകുക തന്നെ ചെയ്യും…

 

ഗള്‍ഫില്‍ മത്സ്യത്തിന് പൊള്ളും വില

അളക ഖാനം-
അബൂദബി: കൊടുംചൂടില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മല്‍സ്യബന്ധനം കുറഞ്ഞതും ഗര്‍ഗൂര്‍ ഫിഷിംഗ് നെറ്റ് ഉപയോഗം നിരോധിച്ചതും യു.എ.ഇയിലെ മത്സ്യവില ഗണ്യമായി ഉയരാന്‍ കാരണമാകുന്നു. വേനല്‍ ചൂടില്‍ യന്ത്ര ബോട്ടുകളില്‍ മാത്രം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകാനാവൂ എന്നതിനൊപ്പം ചൂണ്ടയും ചെറിയ വലകളും മാത്രം ഉപയോഗിച്ചു മാത്രം മീന്‍ പിടിക്കാനെ ഈ സീസണില്‍ അനുവാദമുള്ളൂ എന്നതും മല്‍സ്യ ലഭ്യത കുറയാന്‍ കാരണമായി.
പുറംകടലില്‍ വലിയ മല്‍സ്യബന്ധന ബോട്ടുകളില്‍ ഗര്‍ഗൂര്‍ കൂടുകള്‍ വെള്ളത്തിലിറക്കി മല്‍സ്യം പിടിക്കാന്‍ ഈ സീസണില്‍ അനുവാദമില്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ സ്പീഡ് ബോട്ടുകളില്‍ ചൂണ്ടയും പ്രത്യേക വടിയുമൊക്കെ ഉപയോഗിച്ചാണ് ഇപ്പോള്‍ മത്സ്യബന്ധനം നടത്തുന്നത്. സമുദ്ര മേഖലയിലെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. സമുദ്ര ഉപരിതലങ്ങളില്‍ ഈ സീസണില്‍ മല്‍സ്യങ്ങളെത്തുന്നതും വിരളം. ഉപരിതലങ്ങളില്‍ ഉയര്‍ന്നതോതില്‍ സൂര്യതാപം അനുഭവപ്പെടുന്നതിനാലാവാം കടലിനടിയിലേക്ക് കൂട്ടത്തോടെ മല്‍സ്യങ്ങള്‍ ഊളിയിടുന്നത്. കാലാവസ്ഥ മാറിയാലെ ഉപരിതലത്തിലേക്ക് മല്‍സ്യങ്ങള്‍ മടങ്ങി എത്തുകയുള്ളു.
രണ്ട് മാസം മുമ്പ് കിലോ 45 ദിര്‍ഹം വിലയുണ്ടായിരുന്ന ഹാമൂര്‍ മല്‍സ്യത്തിന് അബൂദബി മിന മാര്‍ക്കറ്റിലെ പ്രാദേശിക മീന്‍ വില്‍പന സ്റ്റാളില്‍ ഇന്നലത്തെ വില കിലോക്ക് 65 ദിര്‍ഹമായിരുന്നു. ചെമ്മീനുകള്‍ക്ക് മാത്രമാണിപ്പോള്‍ മറ്റു മല്‍സ്യങ്ങളേക്കാള്‍ വില കുറവ്. ഒമാനില്‍ നിന്നെത്തുന്ന മല്‍സ്യങ്ങള്‍ കൂടുതലായി വില്‍പന നടത്തുന്ന മിന മല്‍സ്യ മാര്‍ക്കറ്റിലെ കടകളില്‍ ഇന്നലെ ഒരു കിലോഗ്രാം ഹാമൂറിന് 40 ദിര്‍ഹമായിരുന്നു വില. ഷേരി 30, ഞണ്ട് 20, സീബ്രീം 25, സുല്‍ത്താന്‍ ഇബ്രാഹിം 20, അയ്ക്കൂറ 30, ചെമ്മീന്‍ മീഡിയം 25, വലുത് 40, കൊഞ്ച് 100, ഷാഫി 10 ദിര്‍ഹം എന്നിങ്ങനെയായിരുന്നു കിലോഗ്രാമിനുള്ള വില്‍പന വില.
എന്നാല്‍ അബുദാബിയിലെ പ്രാദേശിക സമുദ്ര മേഖലകളില്‍ നിന്നുള്ള മല്‍സ്യം മാത്രം വില്‍ക്കുന്ന കടയില്‍ ഇതിനേക്കാള്‍ വില കൂടുതലാണ്. ഫ്രഷ് മല്‍സ്യം എന്നതാണ് ഇതിനുകാരണമായി മല്‍സ്യ വ്യാപാരികള്‍ പറയുന്നത്. ഇവിടെ കിലോഗ്രാമിന് ഹാമൂര്‍ 65, സ്രാവ് 33, അയ്ക്കൂറ 50, ഷേരി 38, ജെഷ് 40, മുര്‍ജാന്‍ അഥവാ ചെമ്പല്ലി 40, സുറൈദി 60, ബിയ അഥവാ കണമ്പ് 45, സാഫി 45, ഞണ്ട് 38, നഗര്‍ 30, നെയ്‌സര്‍ 10 എന്നിങ്ങനെയായിരുന്നു ഫ്രഷ് മല്‍സ്യക്കടയിലെ വില.
മീഡിയം സൈസിലുള്ള കുബാബ് എന്ന ചൂര മല്‍സ്യം ഒരെണ്ണത്തിന് 95 ദിര്‍ഹമാണിവിടത്തെ വില. ജീവനുള്ള വലിയ കക്ക 20 ദിര്‍ഹമാണ് വില. ജീവനുള്ള കക്ക കഴുകി വെള്ളമൊഴിച്ച് തിളപ്പിച്ച് ചൂടില്‍ കക്കവിടരുമ്പോള്‍ പ്രത്യേക മസാലകളിട്ടാണ് അറബികള്‍ വെള്ളത്തോടെ സേവിക്കുന്നത്.
മിന ഫിഷ് മാര്‍ക്കറ്റിലെ ഉണക്കമീന്‍ കടകളിലും വേനല്‍ച്ചൂട് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇവിടെ ഇറാനില്‍ നിന്നെത്തുന്ന ഉണക്ക ചെമ്മീപ്പരിപ്പിന് കിലോഗ്രാമിന് 60 ദിര്‍ഹമാണ് വില. ഒമാനില്‍ നിന്നെത്തുന്ന ഉണക്ക സ്രാവിന് കിലോ ഗ്രാമിന് 25 ദിര്‍ഹവും ഫുജൈറയില്‍ നിന്നുള്ള ഉണക്ക സ്രാവിന് 22 ദിര്‍ഹവുമാണ് വില.

 

വളര്‍ച്ച മുരടിച്ച് ഉപഭോക്തൃ വിപണി

രാംനാഥ് ചാവ്‌ല-
മുംബൈ: ഗ്രാമീണമേഖലയില്‍ ഉപഭോഗം കുറയുന്നത് ഉപഭോക്തൃ ഉത്പന്ന വിപണിയെ കാര്യമായി ബാധിക്കുന്നെന്ന് പഠനം. പ്രമുഖ മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ നീല്‍സണ്‍ ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍, ജൂണ്‍ കാലയളവില്‍ മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്തൃ ഉത്പന്ന വിപണി യുടെ വളര്‍ച്ച പത്തു ശതമാനത്തിലേക്കു താഴ്ന്നു. 2018 ജൂലായ്‌സെപ്റ്റംബര്‍ കാലത്ത് 16.2 ശതമാനമായിരുന്ന സ്ഥാനത്താണിത്.
2019ല്‍ ആദ്യ ആറുമാസം മൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള വളര്‍ച്ച 12 ശതമാനം മാത്രമാണ്. 13 മുതല്‍ 14 വരെ ശതമാനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. പുതിയ കണക്കനുസരിച്ച് 2019 ല്‍ ഒമ്പതു മുതല്‍ 10 ശതമാനം വരെയായിരിക്കും ഈ രംഗത്തെ വളര്‍ച്ചനിരക്കെന്ന് നീല്‍സണ്‍ ദക്ഷിണേഷ്യ മേധാവി സുനില്‍ ഖിയാനി പറഞ്ഞു. ഭക്ഷ്യോത്പന്നങ്ങള്‍ക്ക് പത്തു മുതല്‍ 11 ശതമാനം വരെ വളര്‍ച്ചയുണ്ടാകും. എന്നാല്‍ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ഏഴുമുതല്‍ എട്ടു ശതമാനംവരെ മാത്രമായിരിക്കും വില്‍പ്പന വളര്‍ച്ച. അളവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ജനുവരി മാര്‍ച്ച് കാലത്തെ 9.9 ശതമാനത്തില്‍നിന്ന് 6.2 ശതമാനത്തിലേക്കാണ് ഇടിവ്.
ക്രമം തെറ്റിയ കാലവര്‍ഷം, വരള്‍ച്ച, കൃഷിനാശം, സര്‍ക്കാര്‍ സഹായവിതരണത്തിലെ പാളിച്ചകള്‍, ജി.ഡി.പി. വളര്‍ച്ച കുറയുന്നത്, ജി.എസ്.ടി. നടപ്പാക്കല്‍
ചെറുകിട ഉത്പാദകരെ വിപണിയിലെ മാറ്റങ്ങള്‍ വലിയ അളവില്‍ ബാധിച്ചു. ഇടിവിന്റെ 50 ശതമാനവും ഇത്തരം ചെറുകിടക്കാര്‍ക്കാണ് ഉണ്ടായിരിക്കുന്നത്. ജി.എസ്.ടി. നടപ്പാക്കിയ ശേഷം ചെറുകിട ഉത്പാദകരുടെ വിതരണത്തില്‍ വലിയ കുറവു രേഖപ്പെടുത്തിയിട്ടുണ്ട്.
വിതരണക്കാര്‍ ഇടപാടിനായി കൂടുതലും പണത്തെയാണ് ആശ്രയിച്ചിരുന്നത്. തെരഞ്ഞെടുപ്പുകാലത്ത് അധികം പണം കൊണ്ടുനടക്കാനാവുമായിരുന്നില്ല. ഇത് വില്‍പ്പന കുറയാന്‍ കാരണമായി.
ഉപഭോക്തൃ ഉത്പന്ന വിപണിയുടെ 37 ശതമാനം ഗ്രാമീണമേഖലയിലാണ്. കാര്‍ഷികമേഖലയിലെ തിരിച്ചടികള്‍ ആളുകളുടെ വരുമാനം കുറച്ചു. ഇത് വാങ്ങല്‍ശേഷിയെ ബാധിച്ചിട്ടുണ്ട്. ആകെ മൂന്നു ലക്ഷം കോടി രൂപ വരുന്നതാണ് രാജ്യത്തെ ഉപഭോക്തൃ ഉത്പന്ന വിപണി.
രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള സംസ്ഥാനങ്ങളെയാണ് മാന്ദ്യം കൂടുതല്‍ പിടികൂടിയിരിക്കുന്നത്. ഹരിയാണ, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. വരുമാനം കുറഞ്ഞതോടെ ആളുകള്‍ ചെലവുചുരുക്കലിലേക്ക് നീങ്ങിയതും മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.

വരുന്നു ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ട്ടിവോ

വിഷ്ണു പ്രതാപ്-
ടൊയോട്ടയുടെ പടക്കുതിര എന്ന വിശേഷണമുള്ള എസ്‌യുവിയാണ് ഫോര്‍ച്യൂണര്‍. പൊതുവെ തലയെടുപ്പ് കൂടിയ ഈ വാഹനത്തിന്റെ സ്‌പോര്‍ട്ടി പതിപ്പ് ടൊയോട്ട അവതരിപ്പിച്ചു. ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ട്ടിവോ എന്നറിയപ്പെടുന്ന ഈ വാഹനം വൈകാതെ എത്തിത്തുടങ്ങും.
ടൊയോട്ടയുടെ റേസിംഗ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് സ്‌പോര്‍ട്ടീവോ പുറത്തിറക്കുന്നതെന്നാണ് സൂചന. ഫോര്‍ച്യൂണറിന്റെ ഉയര്‍ന്ന വകഭേദമായിരിക്കും സ്‌പോര്‍ട്ടീവോയുടെ കുപ്പായമണിയുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തായ്‌ലാന്റില്‍ അവതരിപ്പിച്ച സ്‌പോര്‍ട്ടീവോയില്‍ നിന്ന് മാറ്റം വരുത്തിയായിരിക്കും ഇന്ത്യന്‍ പതിപ്പ് എത്തുക.
ഈ വാഹനത്തിന്റെ എക്സ്റ്റീരിയറാണ് സ്‌പോര്‍ട്ടിവോ എന്ന പേരിന് ഈ വാഹനത്തെ യോഗ്യമാക്കുന്നത്. വശങ്ങളില്‍ നല്‍കിയിരിക്കുന്ന ഗ്രാഫിക്‌സുകളും റെഡ് സ്പ്രിങ്ങ് നല്‍കിയിട്ടുള്ള സസ്‌പെന്‍ഷനും വലിയ ബ്രേക്ക് ഡിസ്‌കും 20 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് അലോയി വീലുകളുമാണ് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നത്.
വീതിയേറിയ മസ്‌കുലര്‍ ബമ്പറും നീളമുള്ള എന്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ക്രോമിയം ഫിനീഷിങ്ങിലുള്ള വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്ലും ബ്ലാക്ക് ഫിനീഷ് എയര്‍ ഡാമുമാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ഗ്രില്ലിന് താഴെയായി ചുവപ്പ് നിറത്തില്‍ ടിആര്‍ഡി ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
റെഡ് ആന്‍ഡ് ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഇന്റീരിയറാണ് സ്‌പോര്‍ട്ടിവോയെ ആകര്‍ഷകമാക്കുന്നത്. ബ്ലാക്ക് ഡാഷ്‌ബോര്‍ഡില്‍ റെഡ് ലൈനുകള്‍ നല്‍കിയിരിക്കുന്നതും ടിആര്‍ഡി ബാഡ്ജിങ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും പുതുമയാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും പഴയ മോഡലില്‍ നിന്ന് പറിച്ചുനട്ടവയാണ്.

 

ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

ഫിദ-
ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം ചോദിക്കുന്നത് മറ്റാരുമല്ല സിനിമയില്‍ കേന്ദ്ര കഥാപാത്രം അമല പോള്‍ തന്നെ. സ്ത്രീകള്‍ തമ്മില്‍ ഉമ്മ വെക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നാണ് അമല പോള്‍ ചോദിക്കുന്നത്. ആടൈയുടെ ട്രെയിലറില്‍ പെട്ടെന്ന് മാറിമറിയുന്ന ഒരു രംഗത്തിലാണ് വി.ജെ രമ്യയെ അമല പോള്‍ ചുംബിക്കുന്നത്. ആ ഷോട്ട് പെട്ടെന്ന് ഉണ്ടായതാണെന്നും അത് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നുവെന്നും അമല പോള്‍ പറഞ്ഞു.
നിങ്ങള്‍ കഥാപാത്രത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആന്തരിക അഭിനേതാവിനെ നിങ്ങളെ ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും അമല പോള്‍ പറയുന്നു. ഇവിടെ ലൈംഗികതയൊന്നുമില്ല. ആ രംഗത്തിന്റെ പശ്ചാത്തലം മനസിലാക്കാന്‍ നിങ്ങള്‍ സിനിമ കാണണമെന്നും അമല പറഞ്ഞു.

 

ലാഭം നേടിയിട്ടും കിട്ടാക്കടം വഴി ബാങ്കുകള്‍ നഷ്ടത്തിലേക്ക്

ഫിദ-
തൃശൂര്‍: രാജ്യം ഇന്ന് ബാങ്ക് ദേശസാത്കരണ സുവര്‍ണ ജൂബിലി ദിനം ആചരിക്കുമ്പോള്‍ പൊതുമേഖല ബാങ്കുകളുടെ നിലനില്‍പ്പ് ‘കൃത്രിമമായി സൃഷ്ടിക്കപ്പെട്ട’ പ്രതിസന്ധിയില്‍. രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കിട്ടാക്കടക്കെണിയില്‍പെട്ട് ലയനവും സ്വകാര്യവത്കരണ ഭീഷണിയും നേരിടുമ്പോള്‍ ലാഭം നേടിയിട്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായാണ് കണക്കുകള്‍.
2013’14 മുതല്‍ 2017’18 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ 7,17,586 കോടി രൂപ പ്രവര്‍ത്തനം ലാഭം നേടിയപ്പോള്‍ ഇതില്‍നിന്ന് കിട്ടാക്കടം വഴിയുണ്ടായ നഷ്ടം നികത്താനായി മാറ്റേണ്ടി വന്നത് 7,57,778 കോടി രൂപയാണ്. അതായത്, വന്‍കിട കുത്തകകള്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനാല്‍ ഉണ്ടായ കിട്ടാക്കടം. ‘നിഷ്‌ക്രിയ ആസ്തി’ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഈ കടത്തിന്റെ നഷ്ടം നികത്താന്‍ ലാഭത്തിന് പുറമെ ആസ്തിയില്‍നിന്ന് പോലും വക മാറ്റേണ്ടി വന്നു.
2013’14ല്‍ പൊതുമേഖല ബാങ്കുകള്‍ 1,27,653 കോടി രൂപ പ്രവര്‍ത്തന ലാഭം നേടിയതില്‍ കിട്ടാക്കടത്തിനായി മാറ്റിയത് 90,634 കോടിയാണ്. ആ വര്‍ഷത്തെ ബാങ്കുകളുടെ അറ്റാദായം 37,019 കോടിയാണ്. 2014’15ല്‍ 1,38,440 കോടിയാണ് പ്രവര്‍ത്തന ലാഭം. എന്നാല്‍ ലാഭത്തിന്റെ 72.88 ശതമാനം വരുന്ന തുകയായ 1,00,900 കോടി രൂപ കിട്ടാക്കടത്തിലേക്ക് മാറ്റി. ആ വര്‍ഷം അറ്റാദായം 37,540 കോടിയായിരുന്നു. 201516 മുതലാണ് അറ്റാദായം നഷ്ടത്തിലേക്ക് വഴി മാറിയത്. 1,36, 926 കോടി രൂപ ലാഭമുണ്ടാക്കിയിട്ടും ബാങ്കുകള്‍ 17,992 കോടി രൂപ നഷ്ടം വരുത്തി.
പ്രവര്‍ത്തന ലാഭത്തിന്റെ 113.13 ശതമാനം; 1,54,918 കോടി രൂപയാണ് കിട്ടാക്കടത്തിനായി മാറ്റിയത്. 2016’17ല്‍ നഷ്ടം 11,388 കോടിയായിരുന്നു. അതേവര്‍ഷം 1,58,982 കോടി പ്രവര്‍ത്തന ലാഭം നേടിയെങ്കിലും 107.16 ശതമാനം വരുന്ന 1,70,370 കോടിയാണ് കിട്ടാക്കടം നികത്താന്‍ ഉപയോഗിച്ചത്. 2017’18 നഷ്ടം 85,371 കോടിയിലേക്ക് കുതിച്ചുയര്‍ന്നു. ആ വര്‍ഷം പ്രവര്‍ത്തന ലാഭം 1,55,585 കോടി നേടിയെങ്കിലും അതിന്റെ 154.87 ശതമാനം വരുന്ന 2,40,956 കോടി രൂപ കിട്ടാക്കടത്തിലേക്ക് നീക്കിവെച്ചു. സുപ്രീം കോടതി പറഞ്ഞിട്ടും കിട്ടാക്കടം വരുത്തിയവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഇനിയും തയാറാകുന്നതുമില്ല.

സൗദിയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് നാലിടത്ത് വിലക്ക്

അളക ഖാനം-
റിയാദ്: സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് വിലക്ക്. ജിദ്ദ, മദീന, യാമ്പു, തായിഫ് എന്നീ വിമാനത്താവളങ്ങളിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 12വരെ വിലക്ക് തുടരുമെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു.
ഹജ്ജ് തീര്‍ത്ഥാടകരുടെ വരവോടെ പടിഞ്ഞാറന്‍ മേഖലകളിലെ വിമാനത്താവളങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഹജ്ജ് സീസണിലെ പതിവു നിയന്ത്രണത്തിന്റെ ഭാഗമായാണ് വിലക്കെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ അനധികൃത മാര്‍ഗത്തില്‍ ഹജ്ജിന് പോകുന്നത് തടയുക ലക്ഷ്യമിട്ടാണ് വിലക്കെന്നാണ് സൂചന.ആഭ്യന്തര യാത്രക്കാര്‍ക്കും തൊഴില്‍ വിസയുള്ളവര്‍ക്കും ഇവിടെ വന്നിറങ്ങുന്നതിന് തടസമില്ല. എന്നാല്‍ മക്കയില്‍ പ്രവേശിക്കുന്നതിന് ഹജ്ജ് അനുമതിപത്രം ആവശ്യമാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് അനുമതിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

മതവികാരം ആളിക്കത്തിച്ചെന്ന കേസില്‍ നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍

രാംനാഥ് ചാവ്‌ല-
മുംബൈ: സമൂഹമാധ്യമങ്ങളിലൂടെ മതവികാരം ആളിക്കത്തിച്ചെന്ന കേസില്‍ നടന്‍ അജാസ് ഖാന്‍ അറസ്റ്റില്‍. വര്‍ഗീയത സ്പര്‍ദ്ദ പടര്‍ത്തുന്ന ആശയം പ്രചരിപ്പിച്ചതിനാണ് താരത്തിനെ മുംബൈ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് മാധ്യമത്തില്‍ വര്‍ഗീയ സ്പര്‍ദ്ദ പടര്‍ത്തിയെന്നാണ് നടനെതിരെ ചുമത്തിയ കുറ്റം. കലാപത്തില്‍ പ്രതികളായവരെ പിടിക്കാന്‍ സാധിത്തില്ലെന്ന തരത്തില്‍ പോലീസിനെ അജാസ് പരിഹസിക്കുകയും ചെയ്തിരുന്നു. അന്‍സാരിയുടെ മരണ ശേഷം ഹിന്ദുക്കളെ തിരിച്ചടിക്കണമെന്ന തരത്തിലുള്ള വിഡിയോ നിരവധി സോഷ്യല്‍ മീഡിയാ സൈറ്റിലൂടെ അജാസ് പ്രചരിപ്പിച്ചിരുന്നു.
ബൈക്ക് മോഷണ കുറ്റം ആരോപിച്ച് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച തബ്രിസ് അന്‍സാരിയുടെ ജീവനു പകരം ചോദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിഡിയോയാണ് അജാസ് ഖാന്‍ പങ്കുവെച്ചത്. മുസ്ലിം സമുദായത്തിലുള്ളവര്‍ ഇതിനെതിരെ പ്രതികരിക്കണമെന്നായിരുന്നു വിഡിയോയിലൂടെ പ്രചരിച്ചത്.
നിങ്ങള്‍ തബ്രിസ് അന്‍സാരിയെ കൊന്നിരിക്കാം, പക്ഷേ നാളെ അയാളുടെ മകന്‍ പ്രതികാരം ചെയ്താല്‍ മുസ്ലിങ്ങളെല്ലാം തീവ്രവാദികളാണെന്ന് നിങ്ങള്‍ പറയരുതെന്നാണ് ടിക് ടോക്ക് വിഡിയോയിലൂടെ അജാസ് പ്രചരിപ്പിച്ചത്. അന്‍സാരിയുടെ കൊലപാതകത്തിനു പ്രതികാരം ചെയ്യാന്‍ നിയപരമായും അല്ലാതെയും ഇന്ത്യയില്‍ താമസിക്കുന്ന മുസ്ലിങ്ങളോട് തെരുവിലിറങ്ങാനും അങ്ങനെ ചെയ്താല്‍ ഇന്ത്യന്‍ രാജ്യം സ്തംഭിക്കുമെന്നും അജാസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഒരു നാള്‍ ലോകം മുഴുവന്‍ മുസ്ലിങ്ങളാകുമെന്ന് ഒര്‍ത്തോളാനായിരുന്നു അജാസിന്റെ ഭീഷണി.
ടിക് ടോക്ക് വിഡിയോയിലൂടെ പ്രശസ്തരായ ടീം 7നാണ് വിഡിയോ ചെയ്തത്. പോലീസിനെതിരേയും വിഡിയോയില്‍ പരാമര്‍ശം ഉണ്ടായിരുന്നു. വാറന്റ് ഇല്ലേ പോലീസെ എന്ന അടിക്കുറിപ്പോടെയായിരുന്നു വിഡിയോ അജാസ് ഖാന്‍ റിപോസ്റ്റ് ചെയ്തത്. അജാസ് നേരത്തേയും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

അമ്മ ഐഎഎസുകാരിയാക്കാന്‍ ആഗ്രഹിച്ചു, എത്തിയത് സിനിമാ ലോകത്ത്

രാംനാഥ് ചാവ്‌ല-
ബോളിവുഡിലെ പ്രമുഖ നടി നീന ഗുപ്ത നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിന് ശേഷമാണ് സിനിമ ലോകത്തേക്ക് എത്തിയത്. നീനയെ ഐഎഎസ് ഓഫീസര്‍ ആക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍ ബിരുദാനന്തര ബിരുദത്തിന് ശേഷം നീന എത്തിയത് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലായിരുന്നു.
സംസ്‌കൃത നാടകങ്ങളില്‍ സ്‌റ്റേജ് ടെക്‌നിക്ക് എന്നതായിരുന്നു ഗവേഷണ വിഷയം. സംസ്‌കൃതത്തില്‍ കൂടുതല്‍ പഠനം നടത്തണമെന്ന് കരുതിയിരുന്ന നീനയുടെ തീരുമാനത്തെ മാറ്റി മറിച്ചത് 1982ല്‍ പുറത്തു വന്ന ആധാര്‍ശില എന്ന ചിത്രമായിരുന്നു. സിനിമ തലക്ക് പിടിച്ചതോടെ നീന ബോംബെയിലേക്ക് എത്തുകയായിരുന്നു. അടുത്തിടെ നീന അലമാര വൃത്തിയാക്കിയപ്പോഴാണ് പഴയ കുറച്ച് ചിത്രങ്ങള്‍ കണ്ടെത്തിയത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ചിത്രങ്ങളായിരുന്നു നീന കണ്ടെത്തിയത്.
നീന തന്റെ കയ്യില്‍ കിട്ടിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. നിമിഷങ്ങള്‍ക്കകമാണ് ചിത്രങ്ങള്‍ വൈറലായത്. നീനയുടെ സീനിയര്‍ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു അനുപം ഖേറും സതീഷ് കൗശികും, നീനയുടെ ജൂനിയറായിരുന്നു സുഷ്മിത മുഖര്‍ജി. അന്നൊക്കെ ഒരിക്കലും നായികാ വേഷങ്ങള്‍ നീനക്ക് ലഭിച്ചിരുന്നില്ല. അന്ന് നായികമാരായവര്‍ ഇന്ന് ക്യാമറക്ക് പിന്നിലും നീന ക്യാമറക്ക് മുന്നിലും എത്തി.