ലാഭം നേടിയിട്ടും കിട്ടാക്കടം വഴി ബാങ്കുകള്‍ നഷ്ടത്തിലേക്ക്

ലാഭം നേടിയിട്ടും കിട്ടാക്കടം വഴി ബാങ്കുകള്‍ നഷ്ടത്തിലേക്ക്

ഫിദ-
തൃശൂര്‍: രാജ്യം ഇന്ന് ബാങ്ക് ദേശസാത്കരണ സുവര്‍ണ ജൂബിലി ദിനം ആചരിക്കുമ്പോള്‍ പൊതുമേഖല ബാങ്കുകളുടെ നിലനില്‍പ്പ് ‘കൃത്രിമമായി സൃഷ്ടിക്കപ്പെട്ട’ പ്രതിസന്ധിയില്‍. രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ കിട്ടാക്കടക്കെണിയില്‍പെട്ട് ലയനവും സ്വകാര്യവത്കരണ ഭീഷണിയും നേരിടുമ്പോള്‍ ലാഭം നേടിയിട്ടും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതായാണ് കണക്കുകള്‍.
2013’14 മുതല്‍ 2017’18 വരെയുള്ള അഞ്ച് സാമ്പത്തിക വര്‍ഷങ്ങളില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ 7,17,586 കോടി രൂപ പ്രവര്‍ത്തനം ലാഭം നേടിയപ്പോള്‍ ഇതില്‍നിന്ന് കിട്ടാക്കടം വഴിയുണ്ടായ നഷ്ടം നികത്താനായി മാറ്റേണ്ടി വന്നത് 7,57,778 കോടി രൂപയാണ്. അതായത്, വന്‍കിട കുത്തകകള്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനാല്‍ ഉണ്ടായ കിട്ടാക്കടം. ‘നിഷ്‌ക്രിയ ആസ്തി’ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഈ കടത്തിന്റെ നഷ്ടം നികത്താന്‍ ലാഭത്തിന് പുറമെ ആസ്തിയില്‍നിന്ന് പോലും വക മാറ്റേണ്ടി വന്നു.
2013’14ല്‍ പൊതുമേഖല ബാങ്കുകള്‍ 1,27,653 കോടി രൂപ പ്രവര്‍ത്തന ലാഭം നേടിയതില്‍ കിട്ടാക്കടത്തിനായി മാറ്റിയത് 90,634 കോടിയാണ്. ആ വര്‍ഷത്തെ ബാങ്കുകളുടെ അറ്റാദായം 37,019 കോടിയാണ്. 2014’15ല്‍ 1,38,440 കോടിയാണ് പ്രവര്‍ത്തന ലാഭം. എന്നാല്‍ ലാഭത്തിന്റെ 72.88 ശതമാനം വരുന്ന തുകയായ 1,00,900 കോടി രൂപ കിട്ടാക്കടത്തിലേക്ക് മാറ്റി. ആ വര്‍ഷം അറ്റാദായം 37,540 കോടിയായിരുന്നു. 201516 മുതലാണ് അറ്റാദായം നഷ്ടത്തിലേക്ക് വഴി മാറിയത്. 1,36, 926 കോടി രൂപ ലാഭമുണ്ടാക്കിയിട്ടും ബാങ്കുകള്‍ 17,992 കോടി രൂപ നഷ്ടം വരുത്തി.
പ്രവര്‍ത്തന ലാഭത്തിന്റെ 113.13 ശതമാനം; 1,54,918 കോടി രൂപയാണ് കിട്ടാക്കടത്തിനായി മാറ്റിയത്. 2016’17ല്‍ നഷ്ടം 11,388 കോടിയായിരുന്നു. അതേവര്‍ഷം 1,58,982 കോടി പ്രവര്‍ത്തന ലാഭം നേടിയെങ്കിലും 107.16 ശതമാനം വരുന്ന 1,70,370 കോടിയാണ് കിട്ടാക്കടം നികത്താന്‍ ഉപയോഗിച്ചത്. 2017’18 നഷ്ടം 85,371 കോടിയിലേക്ക് കുതിച്ചുയര്‍ന്നു. ആ വര്‍ഷം പ്രവര്‍ത്തന ലാഭം 1,55,585 കോടി നേടിയെങ്കിലും അതിന്റെ 154.87 ശതമാനം വരുന്ന 2,40,956 കോടി രൂപ കിട്ടാക്കടത്തിലേക്ക് നീക്കിവെച്ചു. സുപ്രീം കോടതി പറഞ്ഞിട്ടും കിട്ടാക്കടം വരുത്തിയവരുടെ പേരുവിവരം വെളിപ്പെടുത്താന്‍ റിസര്‍വ് ബാങ്ക് ഇനിയും തയാറാകുന്നതുമില്ല.

Post Your Comments Here ( Click here for malayalam )
Press Esc to close