ജന്മസാഫല്യത്തിന്റെ ഓര്‍മ്മച്ചെപ്പുകള്‍

ജന്മസാഫല്യത്തിന്റെ ഓര്‍മ്മച്ചെപ്പുകള്‍

സഫിയ മുഹിയദ്ദീന്‍-
ഇന്നിന്റെ തിരക്കുകളും വിഹ്വലതകളും പലപ്പോഴും നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ഓര്‍മകളുടെ പച്ചപ്പിലേക്കാണ്. പകര്‍ത്തിയെഴുതപ്പെടുമ്പോള്‍ സഫലമാകുന്നത് ജന്മം തന്നെയും. ചാലിയാര്‍ സാക്ഷിയെന്ന ആദ്യ പുസ്തകത്തിലൂടെ മലിക് നാലകത്ത് ജന്മസാഫല്യത്തിന്റെ പടികളിലെത്തി നില്‍ക്കുന്നു.
ദേശചരിത്രം അടയാളപ്പെടുത്തുമ്പോള്‍ അതിന്റെ ഊടുവഴികളിലൂടെ സഞ്ചരിച്ച് കണ്ണും മനസും കാണാകാഴ്ചകളിലേക്ക് ചെന്നെത്തുമ്പോഴാണ് എഴുത്തും എഴുത്തുകാരനും വ്യത്യസ്തമാകുന്നത്. അവിടെയാണ് അരീക്കോടിന്റെ ഹൃദയം തൊട്ട എഴുത്തുകാരന്റെ വേറിട്ട കാഴ്്ച.
താളുകള്‍ മറിക്കുമ്പോള്‍ എഴുത്തുകാരനില്ല വായനക്കാരില്ല വലിയൊരു ക്യാന്‍വാസില്‍ വരച്ച മനോഹര ചിത്രമായി അരീക്കോടെന്ന ഗ്രാമം തെളിഞ്ഞു നില്‍ക്കും.അതിലലിഞ്ഞ വര്‍ണങ്ങള്‍ക്കും കുഞ്ഞു വരകള്‍ക്കും പറയാനുണ്ടൊരുപാട് കഥകള്‍. സാംസ്‌കാരികമായ ചെറുത്തുനില്‍പ്പിന്റെ കഥ കൂടിയാണ് അതെന്ന് പറയുമ്പോഴെ പൂര്‍ണതയിലെത്തുകയുള്ളൂ.
ഒരു പെരുമഴക്കാലത്ത് സഹോദരിക്കൊപ്പം ചെളിവെള്ളം തെറിപ്പിച്ച് സ്‌കൂളിലെത്തിയിടത്ത് ഓര്‍മകള്‍ ആരംഭിക്കുന്നു. പിന്നീടത് നിര്‍ത്താതെ പെയ്തു കൊണ്ടേയിരിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെയുള്ള ചെറുത്തു നില്‍പ്പിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നവോത്ഥാനത്തിന്റെ അലയൊലികള്‍ ഒരു സമൂഹത്തെ സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായി ഉയരങ്ങളിലെത്തിച്ചു.
അന്യമായിപ്പോയ നാടന്‍ തനിമകളെ തേടിപ്പിടിക്കാനും എഴുത്തുകാരന്‍ മറക്കുന്നില്ല. പാലം നാടിന്റെ മുഖഛായ മാറ്റുന്നതിനപ്പുറം സംവേദന മാധ്യമമായിമാറിയ കൂവലുകള്‍ നഷ്ടമാകുന്നതിനെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നു. വിസ്മൃതിയിലലിഞ്ഞ ആഴ്ച ചന്തകള്‍, ചൂഷണം ചെയ്യപ്പെടുന്ന വനവാസികള്‍, കച്ചവടക്കാരുടെ വില്‍പ്പന മേളങ്ങള്‍ സ്‌ക്രീനില്‍ മിന്നിമറയുന്ന ചിത്രങ്ങള്‍ പോലെ ചാലിയാര്‍ തീരം.
ചരിത്രം രേഖപ്പെടുത്താന്‍ മറന്ന ചില ജന്മങ്ങളുണ്ടാകും. അതിലൊന്നാണ് നാടിന്റെ ഗായകനായ അബു
‘ഗരീബോം കി സുനോ
വോതുമാരി സുനേഗാ”
വായനക്കു ശേഷവും ഏതോ കല്യാണ വീട്ടില്‍ നിന്ന് അപസ്മാര രോഗിയായ അബുവിന്റെ ഗാനം കേട്ടുകൊണ്ടേയിരിക്കും.
കണ്ണുനീര്‍ കൊണ്ട് കാല്‍ കഴുകിയ അരീക്കോടിന്റെ മഗ്ദ്ധലന മറിയത്തെ വരച്ചിടുമ്പോള്‍ ഗ്രാമത്തിന്റെ മറ്റൊരുമുഖം അനാവരണം ചെയ്യപ്പെടുന്നു. പൗരോഹിത്യത്തിന്റെ വിലക്കുകള്‍ ലംഘിച്ച് സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയ തന്റെ നാടിനെ കുറിച്ചോര്‍ത്ത് അഭിമാനം കൊള്ളുന്നു.
ട്യൂട്ടോറിയല്‍ കോളേജുകളെ കുറിച്ച് മനസില്‍ പറ്റി നില്‍ക്കുന്ന ചില ഓര്‍മകള്‍ കരുണ പൂക്കുന്ന നന്മ മരങ്ങളിലൂടെ അരീക്കോടിന്റെ ഫുട്‌ബോള്‍ ചരിത്രത്തിന്റെ മഹത്വവും കടന്ന് സ്ഥലനാമത്തെക്കുറിച്ചുള്ള അല്പം ചരിത്രത്തില്‍ നാടിന്റെ വേരുകള്‍ തേടിയുള്ള യാത്രികനായി മാറുന്നു എഴുത്തുകാരന്‍.
പഴയ കാല ഗ്രാമീണതയില്‍ തുന്നിച്ചേര്‍ക്കുന്ന ചില ചിത്രങ്ങളുമുണ്ട് ഈ ഗ്രന്ഥത്തില്‍. ബീഡി തൊഴിലാളികള്‍, തയ്യല്‍ക്കാര്‍,
ആന പാപ്പാന്‍മാര്‍…അങ്ങിനെ പോകുന്നു അവ.
അരീക്കോടിനു മേല്‍ വരച്ചിട്ട ചിത്രത്തിനും വര്‍ണമേറെയുണ്ട്. വെള്ളപ്പൊക്കവും
പട്ടിണിക്കാലത്തും നിറഞ്ഞു നിന്ന മാനവികതയും ഒരല്പം രാഷ്ട്രീയവുമെല്ലാം എഴുത്തുകാരന്‍ പറഞ്ഞു പോകുന്നു. സിലോണ്‍ റേഡിയോയും സിനിമാ ടാക്കീസും ഗോട്ടി കളിയും വായനക്കാരനും ഒരു നിമിഷം പിറകിലേക്കൊന്ന് തിരിഞ്ഞു നോക്കും.
മലബാര്‍ കലാപത്തിലെ അരീക്കോടിന്റെ പങ്ക്. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കിയ താഴത്തങ്ങാടിക്കാര്‍. ഒടുവില്‍ കൂഫയെന്ന് വിളിച്ചത് താഴത്തങ്ങാടിക്ക് അലങ്കാരമാണോ അഭിമാനമാണോ എന്ന ചോദ്യത്തോടെ ഓര്‍മകളുടെ കുത്തൊഴുക്കിനെ ഒരിത്തിരി നേരത്തേക്ക് തടഞ്ഞു നിര്‍ത്തുന്നു. എങ്കിലും സ്വര്‍ണമുഖിയെന്ന് കൂടി അറിയപ്പെടുന്ന ചാലിയാറു പോലെ മനോഹരമായ ഭാഷ വീണ്ടും വായനക്കാരുടെ മനസ്സില്‍ ഒഴുകുക തന്നെ ചെയ്യും…

 

Post Your Comments Here ( Click here for malayalam )
Press Esc to close