വിഷ്ണു പ്രതാപ്-
ടൊയോട്ടയുടെ പടക്കുതിര എന്ന വിശേഷണമുള്ള എസ്‌യുവിയാണ് ഫോര്‍ച്യൂണര്‍. പൊതുവെ തലയെടുപ്പ് കൂടിയ ഈ വാഹനത്തിന്റെ സ്‌പോര്‍ട്ടി പതിപ്പ് ടൊയോട്ട അവതരിപ്പിച്ചു. ഫോര്‍ച്യൂണര്‍ ടിആര്‍ഡി സ്‌പോര്‍ട്ടിവോ എന്നറിയപ്പെടുന്ന ഈ വാഹനം വൈകാതെ എത്തിത്തുടങ്ങും.
ടൊയോട്ടയുടെ റേസിംഗ് ഡെവലപ്പ്‌മെന്റ് വിഭാഗമാണ് സ്‌പോര്‍ട്ടീവോ പുറത്തിറക്കുന്നതെന്നാണ് സൂചന. ഫോര്‍ച്യൂണറിന്റെ ഉയര്‍ന്ന വകഭേദമായിരിക്കും സ്‌പോര്‍ട്ടീവോയുടെ കുപ്പായമണിയുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തായ്‌ലാന്റില്‍ അവതരിപ്പിച്ച സ്‌പോര്‍ട്ടീവോയില്‍ നിന്ന് മാറ്റം വരുത്തിയായിരിക്കും ഇന്ത്യന്‍ പതിപ്പ് എത്തുക.
ഈ വാഹനത്തിന്റെ എക്സ്റ്റീരിയറാണ് സ്‌പോര്‍ട്ടിവോ എന്ന പേരിന് ഈ വാഹനത്തെ യോഗ്യമാക്കുന്നത്. വശങ്ങളില്‍ നല്‍കിയിരിക്കുന്ന ഗ്രാഫിക്‌സുകളും റെഡ് സ്പ്രിങ്ങ് നല്‍കിയിട്ടുള്ള സസ്‌പെന്‍ഷനും വലിയ ബ്രേക്ക് ഡിസ്‌കും 20 ഇഞ്ച് വലിപ്പമുള്ള ബ്ലാക്ക് അലോയി വീലുകളുമാണ് സ്‌പോര്‍ട്ടി ലുക്ക് നല്‍കുന്നത്.
വീതിയേറിയ മസ്‌കുലര്‍ ബമ്പറും നീളമുള്ള എന്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പും ക്രോമിയം ഫിനീഷിങ്ങിലുള്ള വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്ലും ബ്ലാക്ക് ഫിനീഷ് എയര്‍ ഡാമുമാണ് മുന്‍വശത്തെ ആകര്‍ഷകമാക്കുന്നത്. ഗ്രില്ലിന് താഴെയായി ചുവപ്പ് നിറത്തില്‍ ടിആര്‍ഡി ബാഡ്ജിങ്ങും നല്‍കിയിട്ടുണ്ട്.
റെഡ് ആന്‍ഡ് ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഇന്റീരിയറാണ് സ്‌പോര്‍ട്ടിവോയെ ആകര്‍ഷകമാക്കുന്നത്. ബ്ലാക്ക് ഡാഷ്‌ബോര്‍ഡില്‍ റെഡ് ലൈനുകള്‍ നല്‍കിയിരിക്കുന്നതും ടിആര്‍ഡി ബാഡ്ജിങ് ഇന്‍സ്ട്രുമെന്റ് കണ്‍സോളും പുതുമയാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റും പഴയ മോഡലില്‍ നിന്ന് പറിച്ചുനട്ടവയാണ്.