കണ്ണൂര്‍-ദൂബായ് ഗോ എയര്‍ സര്‍വീസ് നാളെ മുതല്‍

കണ്ണൂര്‍-ദൂബായ് ഗോ എയര്‍ സര്‍വീസ് നാളെ മുതല്‍

ഫിദ-
കൊച്ചി: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ദുബായിയില്‍ നിന്നുള്ള ആദ്യ വിമാന സര്‍വീസ് വ്യാഴാഴ്ച രാത്രി വൈകി ആരംഭിക്കും. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ മികച്ച വിമാനക്കമ്പനികളിലൊന്നായി വളര്‍ന്ന ഗോ എയര്‍ ആണ് ദുബായ് കണ്ണൂര്‍ റൂട്ടില്‍ ആദ്യ സര്‍വീസ് നടത്തുന്നത്. രാത്രി 12.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെടുന്ന വിമാനം വെള്ളിയാഴ്ച പുലര്‍ച്ച 5.35ന് കണ്ണൂരിലെത്തും.
ഇപ്പോള്‍ കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും മസ്‌കത്തിലേക്കും സര്‍വീസ് നടത്തുന്ന ഗോ എയര്‍ അധികം വൈകാതെ കുവൈത്ത് സിറ്റി, സൗദിയിലെ ദമ്മാം എന്നിവിടങ്ങളിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന് ഗോ എയര്‍ ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ ദാസ് ഗുപ്ത പത്രസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരില്‍നിന്ന് എന്നും വൈകീട്ട് 7.05ന് പുറപ്പെടുന്ന വിമാനം രാത്രി 9.15ന് ദുബായില്‍ എത്തിച്ചേരും. ഒരു ഭാഗത്തേക്ക് 335 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. നേരത്തേ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കണ്ണൂരില്‍നിന്ന് ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഗോ എയറിന് ആഭ്യന്തര സര്‍വീസുകളുണ്ട്. വൈകാതെ മുംബൈയിലേക്കും സര്‍വീസ് ആരംഭിക്കും.
ദുബായ് ആസ്ഥാനമായുള്ള അല്‍ നബൂദ ഗ്രൂപ്പ് എന്റര്‍െ്രെപസസിന്റെ ട്രാവല്‍ ആന്റ് ടൂറിസം ബിസിനസ് സ്ഥാപനമായ അല്‍ നബൂദ ട്രാവല്‍ ആന്‍ഡ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ കണ്ണൂര്‍ സര്‍വീസ് ആരംഭിക്കുന്നത്. ഗോ എയര്‍ സര്‍വീസുകളുള്ള ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളെയും ബന്ധപ്പെട്ടുകൊണ്ട് യാത്രകള്‍ ക്രമീകരിക്കാന്‍ യു.എ.ഇ.യില്‍ നിന്നുള്ള യാത്രികര്‍ക്ക് സാധിക്കും. ഇന്ത്യയിലെ 25 നഗരങ്ങളിലേക്കും ഫുക്കറ്റ്, മാലി, അബുദാബി, മസ്‌കറ്റ്, ബാങ്കോക്ക്, ദുബായ് എന്നീ വിദേശനഗരങ്ങളിലേക്കും ഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്. നിത്യവും 285 സര്‍വീസുകളാണ് ഗോ എയര്‍ എല്ലായിടത്തേക്കുമായി നടത്തുന്നത്.
ഈയിടെയാണ് കമ്പനി 51ാമത് വിമാനം സ്വന്തമാക്കിയത്. ഓരോ മാസവും ഒരു പുതിയ വിമാനം വീതം ഈ നിരയിലേക്ക് കൂട്ടിച്ചേര്‍ക്കാനാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ വിമാനങ്ങളും കൂടുതല്‍ സെക്ടറുകളിലേക്ക് സര്‍വീസുകളും യാത്രക്കാര്‍ക്ക് കൂടുതല്‍ മികച്ചത് തരഞ്ഞെടുക്കാനുള്ള അവസരവും യാഥാര്‍ഥ്യമാവുമെന്ന് അര്‍ജുന്‍ ദാസ് ഗുപ്ത പറഞ്ഞു. 13 വര്‍ഷം കൊണ്ട് 73.3 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ ഗോ എയറിന് സാധിച്ചിട്ടുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 100 ദശലക്ഷം യാത്രക്കാര്‍ എന്ന ലക്ഷ്യം കൈവരിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

Post Your Comments Here ( Click here for malayalam )
Press Esc to close