Month: January 2018

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു

വിഷ്ണു പ്രതാപ്
മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പകള്‍ക്കുള്ള അടിസ്ഥാന പലിശ നിരക്ക് കുറച്ചു. നിലവിലെ വായ്പക്കാര്‍ക്ക് അടിസ്ഥാന നിരക്ക് 8.95 ശതമാനത്തില്‍നിന്ന് 8.65 ശതമാനമായാണ് കുറച്ചത്. ബി.പി.എല്‍.ആര്‍ 13.70 ശതമാനത്തില്‍നിന്ന് 13.40 ആയും കുറച്ചു. ഓരോന്നിനും 30 പോയന്റ് എന്ന തോതിലാണ് കുറവ്.
രാജ്യത്തെ 80 ലക്ഷം പേര്‍ക്ക് നടപടിയുടെ പ്രയോജനം ലഭിക്കും. പൊതുമേഖലയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ എസ്.ബി.ഐ നിരക്ക് കുറച്ചതോടെ മറ്റു ബാങ്കുകളും ഈ വഴിക്ക് നീങ്ങും. ഭവനവായ്പ നടപടി നിരക്കുകള്‍ ഒഴിവാക്കിയത് മാര്‍ച്ച് വരെ തുടരും. മറ്റു ബാങ്കുകളില്‍നിന്ന് എസ്.ബി.ഐയിലേക്ക് വായ്പ മാറ്റാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഈ ഇളവ് അനുവദിക്കും.

പുതിയ എലിപ്പെട്ടിയുമായി റാറ്റോസോണിക്

ഗായത്രി
കൊച്ചി: പുതിയ മോഡല്‍ എലിപ്പെട്ടി തയാര്‍. നിലവിലുള്ള എലിപ്പെട്ടികളില്‍ ഒരു എലി മാത്രം കുടുങ്ങാനുള്ള സാധ്യതയാണുള്ളത്. പെട്ടിക്കുള്ളില്‍ കുടുങ്ങുന്ന എലികള്‍ രക്ഷപ്പെടാന്‍ കാട്ടിക്കൂട്ടുന്ന പരാക്രമങ്ങള്‍ മറ്റ് എലികള്‍ കാണുകയും ഇതുവഴി ലഭിക്കുന്ന അപായസൂചന മൂലം പിന്നീടായാലും എലിപ്പെട്ടികളില്‍ കയറാന്‍ മടിക്കുകയും ചെയ്യുകയാണു പതിവ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണു കൊച്ചിയിലെ കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ ഇലക്‌ട്രോ പ്രൊഡക്ട്‌സ് ഫാക്ടറിയുടെ ഗവേഷണവിഭാഗം പുതിയ ഉപകരണം വികസിപ്പിച്ചത്. മള്‍ട്ടി ക്യാച്ച് റാറ്റ് ട്രാപ്പര്‍ എന്നാണു റാറ്റോസോണിക് എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കിയിരിക്കുന്ന ഉപകരണത്തിന്റെ പേര്. ട്രാപ്പിംഗ്, കളക്ഷന്‍ എന്നീ രണ്ടു ചേംബറുകളും ഒരു ടണലുമാണ് ഇതിനുള്ളത്.
ട്രാപ്പിംഗ് ചേംബറിലൂടെ എലികള്‍ ഉള്ളില്‍ പ്രവേശിക്കുന്നതോടെ വാതില്‍ അടയും. ഇവിടെനിന്നു രക്ഷപ്പെടാനുള്ള തന്ത്രപ്പാടില്‍ എലികള്‍ എത്തിച്ചേരുക കളക്ഷന്‍ ചേംബറിലാണ്. ഇതില്‍ അകപ്പെടുന്ന എലികള്‍ക്കു പിന്നീടു രക്ഷപ്പെടാനാവില്ല. ട്രാപ്പിംഗ് ചേംബറും കളക്ഷന്‍ ചേംബറും തമ്മിലുള്ള അകലം സ്ഥലലഭ്യതയനുസരിച്ചു വര്‍ധിപ്പിക്കാം. വ്യവസായകേന്ദ്രങ്ങളിലും ഫാക്ടറികളിലും ഈ ഉപകരണം വളരെ ഫലപ്രദമാകുമെന്നും ദിവസേന പത്ത് എലികളെ വരെ ഈ വിധം പിടികൂടാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

എടിഎം സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും

വിഷ്ണു പ്രതാപ്
മുംബൈ: പരിപാലന ചെലവും ഇന്റര്‍ബാങ്ക് ഇടപാട് ചെലവും വര്‍ധിച്ചതിനെ തുടര്‍ന്ന് എടിഎം സേവന നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും.
സേവന നിരക്ക് വര്‍ധിപ്പിക്കാന്‍ അനുവദിക്കണമെന്ന് ബാങ്കുകള്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടതായാണ് സൂചന.
നോട്ട് അസാധുവാക്കലിനുശേഷം എടിഎം ഇടപാടുകള്‍ കുറഞ്ഞതിനെതുടര്‍ന്ന് പരിപാലന ചെലവ് കൂടിയതാണ് കാരണം.
അക്കൗണ്ടുള്ള ബാങ്കിന്റെതല്ലാതെയുള്ള എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ തമ്മില്‍ നല്‍കുന്ന ഇടപാടിനുള്ള നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകളുമായി ചര്‍ച്ച ചെയ്ത പെയ്മന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് നിരക്ക് വര്‍ധപ്പിക്കണമെന്ന ആവശ്യവുമായി ആര്‍ബിഐയെ സമീപിച്ചത്.
സ്വകാര്യ ബാങ്കുകളില്‍നിന്നാണ് ഈ ആവശ്യം ആദ്യമുയര്‍ന്നത്. അതേസമയം, വന്‍കിട പൊതുമേഖല ബാങ്കുകള്‍ ഇതിനെതിരെ രംഗത്തെത്തിയതായാണ് സൂചന. ഇത് കനത്ത ബാധ്യത വരുത്തുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.
സുരക്ഷാ സംവിധാനമൊരുക്കുന്നതിനും നോട്ട് അസാധുവാക്കലിനുശേഷം പുതിയ വലിപ്പത്തിലുള്ള നോട്ടുകള്‍ നിറയ്ക്കുന്നതിനുവേണ്ടി എടിഎമ്മുകളിലെ ട്രേകളുടെ വലിപ്പം പരിഷ്‌കരിക്കുന്നതിനും ഭീമമായ തുക ചെലവാക്കേണ്ടിവന്നതായി ബാങ്കുകള്‍ പറയുന്നു.

ഇലക്‌ട്രോണിക് വേ ബില്‍ ഫെബ്രുവരിയില്‍

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി:
ഇതര സംസ്ഥാനങ്ങളിലേക്ക് ചരക്കുകടത്തിനുള്ള ഇലക്‌ട്രോണിക് വേ ബില്‍ (ഇ വേ ബില്‍) സംവിധാനം പ്രാബല്യത്തിലേക്കെന്നു സൂചന. ഫെബ്രുവരി ഒന്നു മുതല്‍ ബില്‍ പ്രാബല്യത്തിലാകും. ജൂലൈയില്‍ നിലവില്‍ വന്ന ചരക്ക് സേവന നികുതിയുടെ(ജിഎസ്ടി) ഭാഗമായാണ് ഇ വേ ബില്‍ നടപ്പാക്കുന്നത്.
ഇലക്‌ട്രോണിക് ബില്‍ നിലവില്‍ വന്നാല്‍ 50,000 രൂപക്ക് മുകളിലുള്ള മുഴുവന്‍ ചരക്ക് കടത്തിന്റെയും വിവരങ്ങള്‍ സര്‍ക്കാറിന് ലഭ്യമാകും. വില്‍ക്കുന്നയാളും വാങ്ങുന്നയാളും ഫയല്‍ ചെയ്യുന്ന നികുതി അടവുകളില്‍ കാണിക്കുന്ന ചരക്കില്‍ വ്യത്യാസം വന്നാല്‍ വെട്ടിപ്പ് ഉടന്‍ കണ്ടെത്താനാകും.

നോട്ട് അസാധുവാക്കല്‍ ബാധിച്ചത് ദിവസ വേതനക്കാരെ

അളക ഖാനം
ന്യൂഡല്‍ഹി:
നോട്ട് അസാധുവാക്കല്‍ ഏറ്റവുമധികം ബാധിച്ചത് ദിവസവേതനക്കാരെ. 2017ലെ ആദ്യ മൂന്നുമാസങ്ങളില്‍ 53,000 തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. തൊഴില്‍മന്ത്രാലയത്തിന് കീഴിലെ ലേബര്‍ ബ്യൂറോ നടത്തിയ അവസാന പാദ തൊഴില്‍ സര്‍വേ അനുസരിച്ചാണ് ഈ കണക്ക്. അതേസമയം ഉല്‍പാദനമേഖലയിലും ഐ.ടി മേഖലയിലും 1.85 ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിക്കുകയാണുണ്ടായത്.
സ്ഥിരജോലിക്കാര്‍ 1.97 ലക്ഷവും കരാര്‍ ജോലിക്കാര്‍ 0.26 ലക്ഷവും വര്‍ധിച്ചു. വര്‍ധിച്ച 1.85 ലക്ഷം തൊഴിലവസരങ്ങളില്‍ 15,000 സ്വയംതൊഴില്‍ കണ്ടെത്തിയവരും 1.70 ലക്ഷം മറ്റ് തൊഴിലാളികളുമാണ്. വനിതാ തൊഴിലാളികള്‍ 59,000, പുരുഷതൊഴിലാളികള്‍ 1.26 ലക്ഷം എന്നിങ്ങനെയാണ് വര്‍ധന. എട്ടു തൊഴില്‍മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു സര്‍വേ.