Month: January 2018

ഹ്രസ്വകാല വായ്പാ പദ്ധതിയുമായി കെഎഫ്‌സി

ഗായത്രി
തിരു: ജിഎസ്ടിയില്‍ റീഫണ്ട് ലഭിക്കാന്‍ കാലതാമസം നേരിടുന്ന വ്യവസായികള്‍ക്കും കയറ്റുമതിക്കാര്‍ക്കും പ്രതിസന്ധി തരണം ചെയ്യാന്‍ കെഎഫ്‌സി ഹ്രസ്വകാല വായ്പാ പദ്ധതി ആവിഷ്‌കരിച്ചു. ഈ പദ്ധതിപ്രകാരം 15 കോടി രൂപ വരെ 9.5 ശതമാനം പലിശനിരക്കില്‍ വായ്പ ലഭ്യമാക്കും. സിബില്‍ റേറ്റിംഗില്‍ 650ന് മുകളിലുള്ളവരാണ് കെഎഫ്‌സിയുടെ വായ്പാ നേടാന്‍ അര്‍ഹതയുള്ളത്. റീഫണ്ട് തുകയുടെ 75 ശതമാനമാണ് വായ്പ.

എസ്.ബി.ഐ മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കുന്നു

വിഷ്ണു പ്രതാപ്
മുംബൈ: വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‍സ് നിബന്ധന എസ്.ബി.ഐ ഒഴിവാക്കുന്നു.നഗര പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 3000 രൂപ മിനിമം നിലനിറുത്തണമെന്ന എസ്.ബി.ഐയുടെ നിബന്ധനയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. മിനിമം ബാലന്‍സ് നിബന്ധന 1000 രൂപയാക്കി നിജപ്പെടുത്താനാണ് സ്‌റ്റേറ്റ് ബാങ്കിന്റെ നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗികമായ വിശദീകരണം എസ്.ബി.ഐയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല.
മിനിമം ബാലന്‍സ് നിലനിര്‍ത്തിയില്ലെന്ന കാരണത്താല്‍ ഉപഭോക്താക്കളെ കൊളളയടിച്ച് പൊതുമേഖലാബാങ്കുകള്‍. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുളള എട്ടുമാസക്കാലം 2320 കോടി രൂപയാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയത്. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മാത്രം 1771 കോടി രൂപ ഈടാക്കി.
ജൂലായ്‌സെപ്തംബര്‍ പാദത്തിലെ അറ്റാദായത്തേക്കാള്‍ വലിയതുകയാണ് മിനിമം ബാലന്‍സ് പിഴയിനത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയ്ക്ക് ലഭിച്ചത്. 1581 കോടി രൂപ അറ്റാദായമായി ലഭിച്ചപ്പോള്‍, മിനിമം ബാലന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ട് ഉടമകളില്‍ നിന്ന് 1771 കോടി രൂപയാണ് എസ്.ബി.ഐ ഈടാക്കിയത്.
അഞ്ചുവര്‍ഷത്തെ ഇടവേളക്ക് ശേഷം മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയ എസ്.ബി.ഐ, ബേസിക് സേവിങ്‌സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളെയും മാത്രം ഒഴിവാക്കി. നാല്‍പത്തിരണ്ട് കോടി അക്കൗണ്ടുകളാണ് എസ്.ബി.ഐക്കുളളത്.

പരേഖിന്റെ ശമ്പളം 17.3 കോടി രൂപ

അളക ഖാനം
ബംഗലൂരു: കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് സിഇഒ ആയി ചുമതലയേറ്റ സലീല്‍ പരേഖിന് ഇന്‍ഫോസിസ് നല്‍കുന്നത് 17.3 കോടി രൂപ. ചുമതലേക്കുന്നതിന്റെ ബോണസായി 9.75 കോടി രൂപയുള്‍പ്പെടെ ആദ്യവര്‍ഷം ആകെ നല്‍കുന്ന ശമ്പളമാണിത്. 2021 മാര്‍ച്ചില്‍ ഇത് 35.25 കോടി രൂപയായി ഉയരും. പക്ഷേ, കമ്പനിക്ക് മികച്ച മുന്നേറ്റം നല്‍കാന്‍ ടെക് കമ്പനിയായ കാപ് ജെമിനിയില്‍നിന്നെത്തിയ പരേഖിനു കഴിയണമെന്നു മാത്രം.
അഞ്ചു വര്‍ഷത്തെ കാലാവധിയില്‍ ചൊവ്വാഴ്ചയാണ് പരേഖ് ഇന്‍ഫോസിസിന്റെ സിഇഒ ആയി ചുമതലയേറ്റത്. അതേസമയം, മുന്‍ സിഇഒ വിശാല്‍ സിക്കയ്ക്കു നല്കിയ ശമ്പളത്തിലും താഴെയാണ് പരേഖിനു ലഭിക്കുക. സിക്കയ്ക്ക് ആദ്യവര്‍ഷം 48 കോടി രൂപയും പിന്നീട് 70 കോടി രൂപയും നല്‍കിയിരുന്നു.

 

പുതിയ മാരുതി സ്വിഫ്റ്റിന്റെ ബുക്കിംഗ് തുടങ്ങി

വിഷ്ണു പ്രതാപ്
മുംബൈ: ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിപണിയില്‍ അവതരിക്കാനൊരുങ്ങുന്ന മാരുതി സുസുകിയുടെ ഹാച്ച്ബാക്ക് മോഡല്‍ സ്വിഫ്റ്റിന്റെ ബുക്കിംഗുകള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പ് ചില ഡീലര്‍ഷിപ്പുകള്‍ പുതിയ സ്വിഫ്റ്റിന്റെ ബുക്കിംഗുകള്‍ സ്വീകരിച്ചുതുടങ്ങിയിരുന്നു. എങ്കിലും ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച് ആദ്യമോ മാത്രമേ വിതരണം ചെയ്തുതുടങ്ങൂ.
ഇപ്പോള്‍ പുറത്തിറങ്ങുന്ന സ്വിഫ്റ്റിന്റെ എന്‍ജിന്‍ ഓപ്ഷനുകളായ 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ത്തന്നെയാണ് പുതിയ സ്വിഫ്റ്റും എത്തുക. ഒപ്പം ഓട്ടോമാറ്റിക് വേരിയന്റുമുണ്ടാകും.

നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപ പരിധി രണ്ട് ലക്ഷമാക്കും

ന്യൂഡല്‍ഹി: 80സി പ്രകാരം ആദായ നികുതിയിളവ് ലഭിക്കുന്നതിനുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് രണ്ട് ലക്ഷമാക്കിയേക്കും.
സ്വര്‍ണം ഉള്‍പ്പടെയുള്ള ഉത്പാദന ക്ഷമതയില്ലാത്ത ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് പകരം സാമ്പത്തിക ഉന്നമനത്തിന് ഉതകുന്ന പദ്ധതികളില്‍ നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണിത്.
പ്രൊവിഡന്റ് ഫണ്ട്, അഞ്ച് വര്‍ഷ കാലയളവുള്ള ബാങ്ക് സ്ഥിര നിക്ഷേപം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ടാക്‌സ് സേവിങ് മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയിലെ നിക്ഷേപങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. ഇതിന്റെ പരിധിയായ 1.50 ലക്ഷം രൂപയാണ് 2 ലക്ഷം രൂപയാക്കുന്നത്.
ഭവന വായ്പയുടെ മുതലിലേക്ക് തിരിച്ചടക്കുന്ന തുക, കുട്ടികളുടെ വിദ്യാഭ്യാസ ഫീസ് തുടങ്ങിയവും 80 സി പ്രകാരം നികുതി വിമുക്തമാണ്.
പരിധി ഉയര്‍ത്തിയാല്‍, 10 ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളയാളാണ് നിങ്ങളെങ്കില്‍ രണ്ടുലക്ഷം നിക്ഷേപം കഴിഞ്ഞ് 8 ലക്ഷം രൂപയാണ് ആദായ നികുതി നല്‍കുന്നതിന്റെ വരുമാനത്തിന് പരിഗണിക്കുക.

റിസര്‍വ് ബാങ്ക് പത്തു രൂപയുടെ നോട്ട് പുറത്തിറക്കുന്നു

വിഷ്ണു പ്രതാപ്
മുംബൈ: മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും.
പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി സീരിസിലുള്ള 200 ന്റെയും 50 ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്.

സൗദി കാത്തിരിക്കുന്നു 2.0 റിലീസിനായി

അളക ഖാനം
സൗദിയിലെ തിയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ. പല സിനിമകളും റിലീസിംഗ് സമയത്തു തന്നെ കാണാമെന്നതാണ് പ്രവാസികളെ സന്തോഷത്തിലാക്കുന്നത്. രജനികാന്തിന്റെ 2.0 എന്ന സിനിമ സൗദിയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയാകും. ഏപ്രില്‍ 15 നു തമിഴ് പുത്താണ്ടിന്റെ ഭാഗമായാണ് 2.0 ലോകം മുഴുവന്‍ റിലീസ് ആവുന്നത്.
നിരവധി തമിഴ് നാട്ടുകാരും മലയാളികളും സൗദിയിലും പരിസര പ്രദേശങ്ങളിലും തിങ്ങി പാര്‍ക്കുന്നുണ്ട്. ഇത് 2 .0 വിനു വന്‍ ലാഭം നേടിക്കൊടുക്കാന്‍ സഹായകമാകും എന്ന പ്രതീക്ഷ സിനിമാ പ്രവര്‍ത്തകര്‍ക്കുണ്ട്. 1980 ലാണ് സൗദി അറേബ്യന്‍ ഗവണ്മെന്റ് തീയറ്ററുകള്‍ അടച്ചുപൂട്ടിയത്. അതിനു ശേഷം കാണികള്‍ തീയറ്റര്‍ അനുഭവം എന്താണെന്നറിയാത്തതും ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് പ്രത്യാശ നല്‍കിയ കാര്യമാണ്. സാങ്കേതിക വിദ്യയുടെ സഹായം സ്വീകരിച്ച ഈ ബിഗ് ബജറ്റ് സിനിമ സൗദിയിലെ കാണികള്‍ സ്വീകരിക്കും എന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്
ശങ്കര്‍ രജനികാന്ത് കൂട്ടുകെട്ടില്‍ 2010 ല്‍ പുറത്തിറങ്ങിയ സിനിമയാണ് യെന്തിരന്‍. ഇതിന്റെ തുടര്‍ഭാഗമായാണ് 2.0 വരുന്നത്.

ജി.എസ്.ടി ടൂറിസം മേഖലക്കും തിരിച്ചടിയായി

ഗായത്രി
തിരു: ജി.എസ്.ടി സംസ്ഥാന വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. ഹോട്ടലുകള്‍ക്കും റസ്റ്റാറന്റുകള്‍ക്കും ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി കാരണം വിദേശ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ളവ സംസ്ഥാനത്തിന് നഷ്ടപ്പെട്ടു. ജി.എസ്.ടി നിലവില്‍ വന്നശേഷമുള്ള ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ കണക്കു പ്രകാരമാണിത്. എന്നാല്‍, ജി.എസ്.ടി നിരക്ക് കുറച്ചശേഷം നേരിയ മാറ്റമുണ്ടായെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
വിദേശീയരുടെ വരവില്‍ വലിയ കുറവ് നേരിടുന്ന വേളയിലാണ് ജി.എസ്.ടിയുടെ പ്രഹരം കൂടിയുണ്ടായത്. 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 4.23 ശതമാനം വിദേശികളാണ് കേരളത്തിലേക്ക് വന്നത്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 5.23 ശതമാനമായിരുന്നിടത്താണ് ഈ സ്ഥിതി. മദ്യത്തിന്റെ ലഭ്യതക്കുറവാണ് വിദേശീയരുടെ കുറവിന് കാരണമെന്ന പ്രചാരണം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ് 2017ല്‍ ഉണ്ടായത്.
തൊട്ടു മുമ്പത്തെ വര്‍ഷം ആറു ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളാണ് എത്തിയിരുന്നതെങ്കില്‍ 2017ല്‍ 11.03 ശതമാനമായി ഉയര്‍ന്നു. കേരളത്തില്‍ താമസ സൗകര്യം ഉപയോഗപ്പെടുത്തുന്നവരെ മാത്രമാണ് സഞ്ചാരികളായി കണക്കാക്കുന്നത്.

 

സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധന

ഫിദ
കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ആറു മാസത്തില്‍ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ വന്‍ വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കാലയളവില്‍ 24 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് സ്‌പൈസസ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കയറ്റുമതി റിപ്പോര്‍ട്ടാണ് സ്‌പൈസസ് ബോര്‍ഡ് പുറത്തുവിട്ടത്. ഇക്കാലയളവിലെ മൊത്തം സുഗന്ധവ്യഞ്ജന കയറ്റുമതി 5,57,525 ടണ്ണാണ്. കഴിഞ്ഞ വര്‍ഷം 4,50,700 ടണ്ണായിരുന്നു. 8,850.53 കോടി രൂപയാണ് ഇതിന്റെ മൂല്യം. കഴിഞ്ഞ വര്‍ഷം 8,700.15 കോടി രൂപയായിരുന്നു. കയറ്റുമതി അളവില്‍ 24 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍, രൂപയുടെ മൂല്യത്തില്‍ രണ്ടു ശതമാനവും ഡോളര്‍ മൂല്യത്തില്‍ ആറു ശതമാനവും വളര്‍ച്ച നേടാനായി.
സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ ഏറ്റവും കരുത്തു കാട്ടിയ ഉത്പന്നം ചെറിയ ഏലവും വെളുത്തുള്ളിയുമാണ്. ജീരകം, അയമോദകം, കടുക്, ശതകുപ്പ, കസ്‌കസ്, കായം, പുളി എന്നിവയുടെ കയറ്റുമതി അളവിലും മൂല്യത്തിലും മികച്ച വര്‍ധനയുണ്ടായി. മൂല്യവര്‍ധിത ഉത്പന്നങ്ങളായ കറി പൗഡര്‍, പുതിന ഉത്പന്നങ്ങള്‍, സുഗന്ധവ്യഞ്ജന എണ്ണ, സത്തുകള്‍ എന്നിവയുടെ കയറ്റുമതിയും ഉയര്‍ന്നു.

 

സ്മാര്‍ട്ട് ഫോണില്‍ വിവോ മുന്നില്‍

ഫിദ
കൊച്ചി: മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ മേല്‍ത്തരം സ്മാര്‍ട്ട്‌ഫോണുകളുടെ വല്‍പ്പനയില്‍ മുന്‍പന്തിയില്‍. വിവോയുടെ പ്രീമിയം സ്മാര്‍ട്‌ഫോണ്‍ ആയ വിവോ വി7 പ്ലസ് ആണ് 20,000 രൂപ മുതല്‍ 30,000 രൂപ വരെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വില്പനയില്‍ മറ്റു ബ്രാന്‍ഡുകളെ പിന്തള്ളി ഒന്നാമതെത്തിയത്.
20,000 രൂപ മുതല്‍ 25,000രൂപ വരെ വിലയുള്ള വിഭാഗത്തില്‍ 40 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയ വിവോ 7 പ്ലസ്, 20,000 രൂപ മുതല്‍ 30,0000 രൂപ വരെ വിലയുള്ള വിഭാഗത്തില്‍ 38 ശതമാനം വിപണി വിഹിതം സ്വന്തമാക്കി.