Month: January 2018

ഓഫര്‍ പെരുമഴ സൃഷ്ടിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം

വിഷ്ണു പ്രതാപ്
മുംബൈ: ടെലികോം മേഖല പൂര്‍ണമായും പിടിച്ചടക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ഓഫര്‍ പ്രഖ്യാപനങ്ങള്‍ തുടരുന്നു. ഏറ്റവും പുതിയ പ്രഖ്യാപനത്തോടെ ഐഡിയ, എയര്‍ടെല്‍ കമ്പനികളുടെ ഓഹരികള്‍ക്ക് വന്‍ ഇടിവുണ്ടായി. ഐഡിയ സെല്ലുലാറിന്റെ ഓഹരികള്‍ 5.38 ശതമാനവും ഭാരതി എയര്‍ടെലിന്റെ ഓഹരികള്‍ 6.51 ശതമാനവും ഇന്നലെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരാരംഭത്തില്‍ താഴ്ന്നു. വ്യാപാരം അവസാനിക്കുന്‌പോള്‍ ഭാരതി എയര്‍ടെല്‍ 4.4 ശതമാനവും ഐഡിയ സെല്ലുലാര്‍ അഞ്ചു ശതമാനവും നഷ്ടത്തിലാണ്.
ജിയോ തങ്ങളുടെ ഡാറ്റാ ഓഫറുകളുടെ പ്രതിദിന ഉപയോഗപരിധി ഒരു ജിബിയില്‍നിന്ന് 1.5 ജിബി ആയി ചൊവ്വാഴ്ച ഉയര്‍ത്തിയതാണ് മറ്റു ടെലികോം കന്പനികളെ പ്രതിരോധത്തിലാക്കിയത്. ഇതോടെ ഉപയോക്താക്കളില്‍നിന്നുള്ള ശരാശരി വരുമാനത്തില്‍ വീണ്ടും കുറവുണ്ടാകുമെന്നതാണ് ഓഹരിവിപണിയില്‍ പ്രതിഫലിച്ചത്.
16 കോടി വരിക്കാരുള്ള മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ 149, 349, 399, 449 രൂപയുടെ പ്ലാനുകള്‍ക്കാണ് ഒരു ജിബിയില്‍നിന്ന് 1.5 ജിബി ഡാറ്റാ പുതുക്കി നല്‍കുന്നത്. !യഥാക്രമം 29 ദിവസം, 70 ദിവസം, 84 ദിവസം, 91 ദിവസം എന്നിങ്ങനെയാണ് ഈ ഓഫറുകളുടെ കാലാവധി.

ബേങ്കിംഗ് സംവിധാനം മികവുറ്റതാക്കാന്‍ കേന്ദ്രം

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: കിട്ടാക്കടം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ 250 കോടി രൂപക്കു മുകളിലുള്ള ബാങ്ക് വായ്പകള്‍ പ്രത്യേകം നിരീക്ഷിക്കുമെന്ന് കേന്ദ്രം.
രാജ്യത്തെ 21 പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താന്‍ നടപ്പുവര്‍ഷം 88,000 കോടി രൂപ സമാഹരിക്കുന്നതടക്കം, ബാങ്കിങ് രംഗത്തെ പരിഷ്‌കരണ കര്‍മരേഖയുടെ വിശദാംശങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പുറത്തിറക്കി.
പൊതുമേഖല ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്താന്‍ 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി കഴിഞ്ഞ ഒക്‌ടോബറില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ച് 15 വര്‍ഷം വരെ കാലാവധിയുള്ള 80,000 കോടി രൂപയുടെ ബോണ്ട് നടപ്പു സാമ്പത്തികവര്‍ഷം ഇറക്കും. ബജറ്റ് സഹായമായി 8139 കോടി രൂപ ലഭ്യമാക്കും. മൂലധനശേഷി വര്‍ധിപ്പിക്കുന്നതിന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 8800 കോടി നല്‍കും. ബാങ്ക് ഓഫ് ബറോഡക്ക് 5375 കോടി, യൂനിയന്‍ ബാങ്കിന് 4524 കോടി, യൂക്കോ ബാങ്ക് 6507 കോടി, പഞ്ചാബ് നാഷനല്‍ ബാങ്ക് 5473 കോടി എന്നിങ്ങനെ വെവ്വേറെ വിഹിതം നിശ്ചയിച്ചിട്ടുണ്ട്. ധനമന്ത്രാലയം രൂപപ്പെടുത്തിയ പരിഷ്‌കരണ പാക്കേജ് അംഗീകരിക്കുന്ന മുറക്കാണ് ബാങ്കുകള്‍ക്ക് സഹായം ലഭിക്കുക.
മൂലധനശേഷി വര്‍ധിപ്പിക്കുന്നതിനൊപ്പം 30 കര്‍മപദ്ധതികള്‍ അടങ്ങുന്ന പരിഷ്‌കരണ പാക്കേജാണ് മുന്നോട്ടുവെക്കുന്നത്. ബാങ്കിങ് സേവനം കൂടുതല്‍ ലഭ്യമാക്കാനും മികവുറ്റതാക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ വിശദീകരിച്ചു.
ഓരോ ഗ്രാമത്തിലും അഞ്ചു കി.മീറ്റര്‍ പരിധിക്കുള്ളില്‍ ബാങ്കിങ് സേവനം, ഇലക്‌ട്രോണിക് പണമിടപാടില്‍ പണം ചോര്‍ന്നാല്‍ 10 ദിവസത്തിനകം റീഫണ്ട്, എ.ടി.എം ഇല്ലാത്ത ജില്ലകളില്‍ സഞ്ചരിക്കുന്ന എ.ടി.എം തുടങ്ങി വിവിധ വാഗ്ദാനങ്ങളുണ്ട്.

മാധവിക്കുട്ടിയായി വേഷമിടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം: മഞ്ജു

ഗായത്രി
ആമിയില്‍ മാധവിക്കുട്ടിയായി വേഷമിടാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം എത്ര വലിയ ഭാഗ്യമാണന്നെ് മഞ്ജു വാര്യര്‍. മാധവിക്കുട്ടിയെ ലോകമെമ്പാടുമുള്ള എഴുത്തുകാരും വായനക്കാരും എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നേരിട്ടറിഞ്ഞത് റൈറ്റേഴ്‌സ് ഫെസ്റ്റിവലില്‍ പങ്കെടുത്തപ്പോഴാണ്. അപ്പോഴാണ് തനിക്ക് കൈവന്ന ഭാഗ്യത്തിന്റെ ആഴം യഥാര്‍ഥ അര്‍ഥത്തില്‍ തിരിച്ചറിയാന്‍ കഴിഞ്ഞതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ വുമണ്‍ റൈറ്റേഴ്‌സ് ഫെസ്റ്റിവല്‍ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയായിരുന്നു മഞ്ജുവാര്യര്‍.

 

റബര്‍ വില ഇടിഞ്ഞു

ഫിദ
കോട്ടയം: സംസ്ഥാനത്ത് റബര്‍ വില ഇടിഞ്ഞു. 126 രൂപ വിലക്കാണ് വ്യാപാരികള്‍ റബര്‍ വാങ്ങുന്നത്. രാജ്യാന്തര വിപണിയില്‍ 113 രൂപയാണ് വില. ആര്‍.എസ്.എസ്5 ഗ്രേഡ് റബറിന് 118 രൂപയാണ് ഇന്നത്തെ വില. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.
രാജ്യാന്തര, ആഭ്യന്തര വിപണികളെ വില തകര്‍ച്ച റബര്‍ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനിച്ചപ്പോള്‍ തന്നെ വില തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ വിപണിയില്‍ ദൃശ്യമായിരുന്നു. ഇത് പുതുവര്‍ഷത്തിലും തുടരുകയായിരുന്നു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 140 രൂപ വില സ്ഥിരതാ പദ്ധതിയും കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്തില്ല. വന്‍കിട കമ്പനികള്‍ ഉയര്‍ന്ന വിലയില്‍ റബര്‍ വാങ്ങാന്‍ തയാറാകാത്തിരുന്നത് റബര്‍ മേഖലക്ക് തിരിച്ചടിയായി.
റബര്‍ കര്‍ഷകര്‍ നേരിടുന്ന വില പ്രതിസന്ധി പരിഹരിച്ചു വരുന്നതായി റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ജയസൂര്യന്‍ പറഞ്ഞു. കര്‍ഷകര്‍ ലഭിക്കേണ്ട കുടിശിക തുക ബാങ്ക് വഴി വിതരണം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 43 കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്താന്‍ വൈകിയതാണ് നിലവില പ്രതിസന്ധിക്ക് കാരണമായതെന്നും അഡ്വ. ജയസൂര്യന്‍ വ്യക്തമാക്കി.

നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം

രാംനാഥ് ചാവ്‌ല
ദാവോസ്: ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. ആഗോള കമ്പനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെ (സി.ഇ.ഒ) സര്‍വ്വേയിലാണ് അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത്. ലണ്ടന്‍ ആസ്ഥാനമായ പ്രൈസ് വാട്ടര്‍ഹൗസ് കോഓപ്പേര്‍സ് എന്ന സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്.
പ്രസ്തുത സര്‍വ്വേ പ്രകാരം അമേരിക്ക, ചൈന, ജര്‍മ്മനി, യു.കെ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ആകര്‍ഷകമായ നിക്ഷേപക അന്തരീക്ഷം ഒരുക്കുന്നതില്‍ ഇന്ത്യ്ക്ക് വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ജപ്പാനെ മറികടന്ന് കൊണ്ടാണ് ഇന്ത്യയുടെ ഈ നേട്ടമെന്നതാണ് മറ്റൊരു പ്രത്യേകത.
നാല്‍പ്പത്തി എട്ടാമത് ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദേര മോദിക്ക് പുതിയ സര്‍വ്വേ ഫലം മുതല്‍ കൂട്ടാകും. സമ്മേളനത്തില്‍ ലോക രാജ്യങ്ങളെ നിക്ഷേപങ്ങള്‍ക്കായി ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എന്നിവര്‍ ഉള്‍പ്പടെ എഴുപതോളം ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
അതിനിടക്ക്, ഈ വര്‍ഷം ഇന്ത്യയുടെതാണെന്ന് വ്യക്തമാക്കി രാജ്യന്തര നാണ്യനിധി (ഐ.എം.എഫ്) പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും. 2018ല്‍ 7.4 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നതെന്ന് ഐ.എം.എഫ് അഭിപ്രായപ്പെട്ടു.

 

രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതായി സര്‍വേ

വിഷ്ണു പ്രതാപ്
ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതായി പുതിയ സര്‍വേ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം രാജ്യം ആര്‍ജിച്ച സമ്പത്തില്‍ 73 ശതമാനവും വെറും ഒരു ശതമാനം ആളുകളുടെ കൈകളിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് രാജ്യാന്തര അവകാശ സംഘടനയായ ‘ഓക്‌സ്ഫാം’ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ വര്‍ഷം രാജ്യം ആര്‍ജിച്ച സമ്പത്തില്‍ 58 ശതമാനമായിരുന്നു ഒരു ശതമാനം പേരിലേക്ക് മാത്രമായി പോയത്. ആഗോള കണക്കു വച്ചുനോക്കുമ്പോള്‍ ഇത് 50% അധികമാണെന്നും ഓക്‌സ്ഫാം ചൂണ്ടിക്കാട്ടുന്നു.
അതേസമയം, രാജ്യത്തെ പകുതിയോളം വരുന്ന 67 കോടി ദരിദ്രരില്‍ സമ്പത്ത് വര്‍ധന ഒരു ശതമാനം മാത്രമാണെന്നും ഓക്‌സ്ഫാം പറയുന്നു. ലോക സാമ്പത്തിക ഫോറം വാര്‍ഷിക സമ്മേളനം ദാവോസില്‍ ചേരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ആഗോളതലത്തിലെടുക്കുമ്പോള്‍ ധനത്തിന്റെ കുമിഞ്ഞുകൂടല്‍ വര്‍ധിക്കുകയാണ്. 82% സമ്പത്തും എത്തിയിരിക്കുന്നത് ഒരു ശതമാനം പേരില്‍ മാത്രമാണ്. എന്നാല്‍ 3.7 ബില്യണ്‍ വരുന്ന ദരിദ്രരുടെ ആസ്തിയില്‍ ഒട്ടും വളര്‍ച്ചയുണ്ടായിട്ടില്ല. വര്‍ധിച്ചുവരുന്ന വരുമാന, ലിംഗ അസമത്വത്തില്‍ ലോക നേതാക്കള്‍ ചര്‍ച്ച ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയാണെന്നും ഓക്‌സ്ഫാം വ്യക്തമാക്കി.

അടുത്ത ബജറ്റ് ജനകീയമാകില്ല: പ്രധാനമന്ത്രി

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് അത്ര ജനകീയമാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റില്‍ സാധാരണക്കാരന്‍ സൗജന്യങ്ങളും ഇളവുകളും പ്രതീക്ഷിക്കുമെന്നത് ഒരു ഐതിഹ്യം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാര്‍ വികസന അജന്‍ഡയുമായി മുന്നോട്ടു പോകും. ഇന്ത്യയെ ലോകത്തെ ദുര്‍ബലമായ അഞ്ച് രാജ്യങ്ങളില്‍ നിന്നും മോചിപ്പിക്കും. സര്‍ക്കാരിന്റെ സാമ്പത്തിക നവീകരണ നയങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ച അദ്ദേഹം നോട്ടുനിരോധനം വന്‍ വിജയമാണെന്ന് പറഞ്ഞു. ബജറ്റുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ പൂര്‍ണമായും ധനമന്ത്രിയുടെ ചുമതലയാണെന്നും അതില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും മോദി വ്യക്തമാക്കി.

 

പ്രഭാസിന്റെ വിവാഹം ഈ വര്‍ഷം തന്നെ

രാംനാഥ് ചാവ്‌ല
ബാഹുബലി ഫെയിം പ്രഭാസിന്റെ വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് സൂചന. പ്രഭാസിന്റെ അമ്മാവനായ കൃഷ്ണം രാജുവാണ് ഇക്കാര്യത്തെ കുറിച്ച് സുചന നല്‍കിയത്. എന്നാല്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചെങ്കിലും, ആരെയാണ് പ്രഭാസ് വിവാഹം കഴിക്കുക എന്നത് സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഇനിയും കാത്തിരിക്കണം. വധുവിനെ കുറിച്ച് ഒരു പരാമര്‍ശം ബന്ധുക്കളോ പ്രഭാസോ നടത്തിയിട്ടില്ല.
പ്രഭാസിന്റെ വിവാഹത്തെക്കുറിച്ചുളള വാര്‍ത്തകള്‍ പരക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അതിനിടക്ക് അനുഷ്‌ക ഷെട്ടിയുമായി താരത്തിന്റെ വിവാഹം നടക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങി. അനുഷ്‌കയുടെ പിറന്നാളിന് ആഡംബര കാര്‍ സമ്മാനമായി പ്രഭാസ് നല്‍കിയതും, പ്രഭാസിന്റെ പിറന്നാളിന് ഡിസൈനര്‍ വാച്ച് അനുഷ്‌ക സമ്മാനമായി നല്‍കിയതും ഗോസിപ്പ് വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ ഇതു സംബന്ധിച്ച് ഉയര്‍ന്ന റൂമറുകള്‍ ഇരുവരും നിഷേധിക്കുകയായിരുന്നു.

 

തിരുവമ്പാടിയില്‍ ഭാവനക്ക് പ്രണയ സാഫല്യം

ഗായത്രി
തൃശൂര്‍: നടി ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്ര നടയില്‍ വച്ച് കന്നഡ സിനിമാ നിര്‍മ്മാതാവ് നവീന്‍ ഭാവനയുടെ കഴുത്തില്‍ താലി കെട്ടി. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഇന്ന് വൈകിട്ട് ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വിരുന്ന് ഒരുക്കുന്നുണ്ട്.
ആറ് വര്‍ഷമായി നവീനും ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത്. കഴിഞ്ഞ ദിവസം ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര ഉള്‍പ്പെടെ നിരവധി പേര്‍ ഭാവനക്ക് വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നു.
ഇന്നലെ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന് രമ്യാ നമ്പീശന്റെ നേതൃത്വത്തിലുള്ള താരങ്ങള്‍ വന്നിരുന്നു. നടിമാരായ ഷഫ്‌ന, മൃദുല, ശ്രിത ശിവദാസ്, ഗായിക സയനോര എന്നിവരാണ് മെഹന്ദി ചടങ്ങിനെത്തിയത്.

ജിഎസ്ടി; 49 ഇനം സേവനങ്ങളുടെയും സാധനങ്ങളുടെയും നികുതി കുറച്ചു

രാംനാഥ് ചാവ്‌ല
ന്യൂഡല്‍ഹി: 49 ഇനം സേവനങ്ങളുടെയും സാധനങ്ങളുടെയും നികുതി കുറച്ചു. 29 കരകൗശല വസ്തുക്കളുടെ നികുതി എടുത്തുകളഞ്ഞു. ഇന്നലെ ചേര്‍ന്ന ചരക്കുസേവന നികുതി (ജിഎസ്ടി) കൗണ്‍സിലിലെ പ്രധാന തീരുമാനമാണിത്.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ കൗണ്‍സിലിന്റെ തീരുമാനങ്ങള്‍ 25നു നടപ്പില്‍ വരും. ഇലക്‌ട്രോണിക് (ഇ) വേ ബില്‍ ഫെബ്രുവരി ഒന്നിനു നടപ്പാക്കാന്‍ തീരുമാനിച്ചു. 15 സംസ്ഥാനങ്ങളില്‍ ഇതിന് ഒരുക്കം പൂര്‍ത്തിയായി.
ഭൂമിയും പെട്രോളിയം ഉത്പന്നങ്ങളും ജിഎസ്ടിയുടെ കീഴിലാക്കാനുള്ള സമ്മര്‍ദം കേന്ദ്രം തുടര്‍ന്നു. അടുത്ത സമ്മേളനത്തിലാകും ഇക്കാര്യത്തില്‍ തീരുമാനം.
ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിനു മുന്പ് മറ്റു ചില നികുതി നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാന്‍ പത്തു ദിവസത്തിനുള്ളില്‍ കൗണ്‍സില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സമ്മേളിക്കും. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പണ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു. പരിഷ്‌കാരമാര്‍ഗങ്ങള്‍ നന്ദന്‍ നിലേകനി വിശദീകരിച്ചു. മൂന്നു റിട്ടേണുകള്‍ ഒന്നാക്കുന്നതു ചര്‍ച്ച ചെയ്‌തെങ്കിലും ധാരണയായില്ല.
സംസ്ഥാനാന്തര വ്യാപാരത്തിന് ഈടാക്കുന്ന ഇന്റഗ്രേറ്റഡ് (ഐ) ജിഎസ്ടി കേന്ദ്രവും സംസ്ഥാനങ്ങളും തുല്യമായി വീതം വയ്ക്കാന്‍ ധാരണയായി. 35,000 കോടി രൂപ ഇങ്ങനെ വീതിക്കാനുണ്ട്.
രത്‌നങ്ങളുടെയും വിലയേറിയ മറ്റു കല്ലുകളുടെയും ജിഎസ്ടി മൂന്നു ശതമാനത്തില്‍നിന്നു കാല്‍ശതമാനമാക്കി. സ്വര്‍ണനികുതിയില്‍ മാറ്റമില്ല. ഉപയോഗിച്ച എസ്‌യുവികള്‍ക്കും വലിയ കാറുകള്‍ക്കും 28 ശതമാനമായിരുന്ന ജിഎസ്ടി 18 ശതമാനമാക്കി. ഉപയോഗിച്ച മറ്റുവാഹനങ്ങളുടേത് 12 ശതമാനമായി കുറച്ചു. ആംബുലന്‍സുകള്‍, പത്തും പതിമ്മൂന്നും സീറ്റുള്ള വാഹനങ്ങള്‍ എന്നിവയ്ക്കുണ്ടായിരുന്ന അഞ്ചു ശതമാനം കോംപന്‍സേഷന്‍ സെസ് എടുത്തുകളഞ്ഞു. അവയ്ക്ക് 28 ശതമാനം ജിഎസ്ടി മാത്രം തുടരും. ജലസേചനത്തിനുള്ള സ്‌പ്രേയറുകള്‍, ഡ്രിപ് ഇറിഗേഷന്‍ സിസ്റ്റം, സ്പ്രിങ്കല്‍ തുടങ്ങിയ ഏതാനും ഇനങ്ങളുടെ ജിഎസ്ടി 18ല്‍നിന്നു 12 ശതമാനമാക്കി.ബയോ ഡീസലിനു 18ല്‍നിന്നു 12 ശതമാനമാക്കിയപ്പോള്‍ അതുപയോഗിക്കുന്ന ബസിനു ജിഎസ്ടി 28ല്‍നിന്നു 18 ശതമാനമാക്കി. എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്കുകളിലെ പ്രവേശന ടിക്കറ്റിനുണ്ടായിരുന്ന 28 ശതമാനം നികുതി 18 ശതമാനമായി കുറച്ചു.